Image

സുരേന്ദ്രനെ വെട്ടിലാക്കി പണമിടപാട് ശബ്ദരേഖ പുറത്ത്

ജോബിന്‍സ് തോമസ് Published on 02 June, 2021
സുരേന്ദ്രനെ വെട്ടിലാക്കി  പണമിടപാട് ശബ്ദരേഖ പുറത്ത്
കൊടകര കുഴല്‍പ്പണ വിവാദത്തില്‍ വിയര്‍ത്തു നില്‍ക്കുന്ന ബിജെപിയെ വീണ്ടും വെട്ടിലാഴ്ത്തി പണമിടപാടിന്റെ ശബ്ദരേഖ പുറത്ത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ശബ്ദം തന്നെയാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് ബിജെപിയെ കൂടുതല്‍ വെട്ടിലാക്കുന്നത്. 

സികെ ജാനുവിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടിയുടെ ട്രഷററായ പ്രസീദയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും തമ്മിലാണ് സംസാരം നടക്കുന്നത്. മാര്‍ച്ച്ഏഴാം തിയതി എന്‍ഡിഎയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്താമെന്നും എന്നാല്‍ അതിനു മുമ്പ് പത്ത് ലക്ഷം രൂപ വേണമെന്നുമാണ് പ്രസീദ സുരേന്ദ്രനോട് ആവശ്യപ്പെടുന്നത്. 

കെ സുരേന്ദ്രന്‍ നടത്തിയ വിജയ് യാത്രയുടെ സമാപനം മാര്‍ച്ച് ഏഴിനായിരുന്നു ഇതിനു മുന്നോടിയായിട്ടായിരുന്നുന ഇടപാടുകളെന്നാണ് ശബ്ദരേഖയില്‍ നിന്നും വ്യക്തമാകുന്നത്. 

ആറാം തിയതി തിരുവനന്തപുരത്ത് വന്നാല്‍ മതിയെന്നും താന്‍ നേരിട്ട് പണം നല്‍കാമെന്നുമാണ് സുരേന്ദ്രന്‍ ശബ്ദരേഖയില്‍ പറയുന്നത്. ഇത് തന്റെ ശബ്ദം തന്നെയാണെന്നും സംസാരിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനോടാണെന്നും ശബ്ദരേഖ പുറത്ത് വന്നതിനു ശേഷം പ്രസീദ പ്രതികരിച്ചു. ഇതിനുശേഷവും സുരേന്ദ്രന്‍ ജാനുവിന് പണം കൊടുത്തിട്ടുണ്ടെന്നും അവര്‍ ആരോപിച്ചും 1.75 കോടി രൂപയാണ് ബത്തേരിയില്‍ തെരഞ്ഞെടുപ്പിനായി ഒഴുക്കിയതെന്നും അവര്‍ പറഞ്ഞു.

സികെ ജാനു തന്റെ പാര്‍ട്ടി എന്‍ഡിഎയില്‍ എത്താനായി ബിജെപിയോട് ആവശ്യപ്പെട്ടത് 10 കോടി രൂപയും കേന്ദ്ര മന്ത്രി സ്ഥാനവും ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളുമായിരുന്നുവെന്നും പ്രസീദ പറയുന്നു. ഈ ആവശ്യങ്ങളെല്ലാം ഒഴിവാക്കുന്നു തന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ 10 ലക്ഷം രൂപയും ബത്തേരി സീറ്റുമാണ് ഇപ്പോളത്തെ ആവശ്യമെന്നും ജാനു പറഞ്ഞതായും ശബ്ദരേഖയിലുണ്ട്. 

ഒരു മലയാളം ചാനലാണ് ശബ്ദരേഖ പുറത്തുവിട്ടത്. ഡിജിറ്റല്‍ പണമിടപാട് മാത്രമാണ് സംസ്ഥാനത്ത് നടത്തിയിട്ടുള്ളതെന്നായിരുന്നു കൊടകര കുഴല്‍പണമിടപാട് സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്. 
ശബ്ദരേഖ പുറത്തു വന്നതോടെ കൊടകരപണമിടപാടിന് ശേഷം വീണ്ടും മറ്റൊരു പണമിടപാട് ബിജെപിയെ വെട്ടിലാക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക