America

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

Published

on

 
കത്തിയുരുകുന്ന വെയിൽച്ചൂടിലേക്കു നോക്കി നിശ്ചേഷ്ടയായി ആ വരാന്തയിൽ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായിരിക്കുന്നു. ചിന്തകൾ കടന്നൽ കൂടിളകിയതു പോലെ തലച്ചോറിനുള്ളിൽ മുരണ്ടു കൊണ്ടിരുന്നു. ഇടയ്ക്കിടെ ഉയരുന്ന നിശ്വാസങ്ങൾ ഏതോ നഷ്ടസ്മൃതികളുടെ പ്രതിഫലനമെന്നോണം നെഞ്ചിൻ കൂടിനെ വിറകൊള്ളിക്കുന്നുണ്ടായിരുന്നു .
 
"ദീദീജി ... ഇവിടെ ഇരിക്കുകയാണോ.... ഇന്ന് പ്രാർത്ഥനാ മന്ദിരത്തിൽ വന്നു കണ്ടില്ലല്ലോ....''
 
മുന്നിൽ പുഞ്ചിരി തൂകി നിൽക്കുന്ന കൊച്ചു പെൺകുട്ടിയെ നോക്കി വിഷാദമഗ്നമായിപുഞ്ചിരിച്ചു. എന്നിട്ടു മെല്ലെപ്പറഞ്ഞു. "ഇല്ല മോളെ എനിക്കിന്ന് വരാൻ കഴിഞ്ഞില്ല. "ഒ.കെ. ദീദി ...ഞാൻ പോണു. ഇന്ന് ദുർഗ്ഗാ ദേവിയുടെ ക്ഷേത്ര ഹാളിൽ മേഘനാ ദീദിയുടെ ഡാൻസ് പ്രോഗ്രാമുണ്ട്. "
 
മുന്നിലെ പൊട്ടിയൊലിക്കുന്ന ഓടയിലെ വെള്ളത്തിൽ വീഴാതെ അവൾ പാവാടത്തുമ്പുയർത്തി മെല്ലെ നടന്നു നീങ്ങി. അപ്പോൾ താനോർക്കുകയായിരുന്നു
 
ഇന്നിപ്പോൾ ഇവൾ ഒരനാഘ്രാത കുസുമമാണ്. പക്ഷെ നാളെയൊരിക്കൽ ഈ ഗലിയിലെ പുഴുക്കുത്തേറ്റ ഒരു പൂവായി മാറിയേക്കാം. ഈ "ഗലി "യിലെ നിയമ സംഹിതകൾ അവളേയും കാർന്നു തിന്നുന്ന നാളുകൾ വിദൂരമല്ല
 
വിടരും മുമ്പേ കൊഴിയുന്ന പൂമൊട്ടുകൾ !... നിർമ്മലവും മനോഹരവുമായ ആ പൂമൊട്ടുകളെ ആരോ ഞെട്ടടർത്തി വലിച്ചെറിയുന്ന കാഴ്ച താൻ എത്ര തവണ നിസ്സഹായയായി നോക്കി നിന്നിരിക്കുന്നു.
 
അപ്പോളോർത്തു. "നാളെ പത്താം തീയതി ആണ്. ഫൈനൽ പരീക്ഷയുടെ ഫീസടയ്ക്കേണ്ട തീയതി. അമ്മയോട് പരീക്ഷാ ഫീസ് ചോദിച്ചാൽ ചിലപ്പോൾ കേൾക്കേണ്ടി വരുന്നത് കർണ കഠോരമായ  വാക്കുകളായിരിക്കും. മറ്റു ചിലപ്പോൾ നിസ്സഹായമായ തേങ്ങിക്കരച്ചിൽ . സ്വന്തം ഇഷ്ടപ്രകാരമല്ലാതെ അവർ ഈ തൊഴിലിൽ ഏർപ്പെടേണ്ടി വന്നത് സ്വന്തം ഭർത്താവു കാരണമാണ്. പിന്നെ അതിനെച്ചൊല്ലിയുള്ള പതം പറഞ്ഞുള്ള വിലാപങ്ങളും !......
 
അല്ലെങ്കിൽ ചിലപ്പോൾ നയരൂപേണ ഉള്ള ഉപദേശങ്ങളായും അവ മാറാറുണ്ട്. 
 
"എന്തിനാ ഗൗരീ ... ഈ ഗലിയിൽ പഠിച്ചത് കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. നാളെ ആരുടെയെങ്കിലും കൈകളിൽ അമർന്ന് നീയും എന്നെപ്പോലെയാകും. ഇവിടെ നിന്ന് ഒരു രക്ഷപ്പെടൽ . അതൊരിക്കലും ഉണ്ടാവുകയില്ല മോളെ . പിന്നെ സേഠ് ജിക്ക് നിന്നിൽ ഒരു കണ്ണുണ്ട്. അയാളെ തൃപ്തിപ്പെടുത്തിയാൽ നാളെ സുഖമായിട്ട് ജീവിക്കാനുള്ള വകയുണ്ടാക്കാം. അല്ലാതെ കള്ളും കുടിച്ചു നടക്കണ നിന്റെ തന്തയുണ്ടാക്കിത്തന്നിട്ട് നീ ജീവിക്കും എന്ന് തോന്നുന്നുണ്ടോ? "
 
അത് കേൾക്കേ തീക്കണ്ണുകളോടെ താൻ അമ്മയെ സൂക്ഷിച്ചു നോക്കും. എന്നിട്ടലറിക്കൊണ്ട് പറയും
 
"അമ്മ പറയുന്നതൊരിക്കലും നടക്കാൻ പോവുന്നില്ല. ഈ ഗലിയിൽ നിന്നും രക്ഷപ്പെടാൻ എനിക്കു കഴിയും. "
 
പിന്നെ ശിരോവസ്ത്രം ഒന്നു കൂടി നെറ്റിയിലേക്ക് വലിച്ചിട്ട് അവിടെ നിന്നും എങ്ങോട്ടെന്നില്ലാതെ ഇറങ്ങി ഓടും. ഓടി ഓടി ദുർഗ്ഗാ മാതാവിന്റെ ക്ഷേത്ര നടയിലെത്തി കൈകൾ കൂപ്പി നിന്ന് പ്രാർത്ഥിക്കും.
 
"അമ്മേ ... ഈ നരകത്തിൽ നിന്നും എന്നെ രക്ഷിക്കണേ . എങ്കിൽ അമ്മയുടെ നടയ്ക്കൽ ഞാൻ ആയിരം തിരികൾ തെളിയിക്കാം ......."
 
ആ വാക്കുകൾ കേട്ടെന്നോണം ദേവിയുടെ മുഖം ജാജ്വല്യമാനമാകും . അതു കാൺകെ ശാന്തമായ മനസ്സോടെ പിന്തിരിഞ്ഞു നടക്കും.
 
"അരേ ..... തും യഹാം ബൈഠ് രഹീ ഹെ? വഹാം മാതാജി തുമേം പൂഛ്‌തീ ഹേ "
 
 
മുന്നിൽ ചമേലി മാം മുല്ലമൊട്ടുകൾ പോലെ സുന്ദരമായ പല്ലുകൾ കാട്ടി ചിരിച്ചു നില്ക്കുന്നു .
 
മാതാജീ..... അവരെക്കുറിച്ചോർക്കുമ്പോൾ തന്നെ ഭയമാണ്. ചുവന്ന പട്ടുസാരിയും , ചുവന്ന കുപ്പിവളകളുമണിഞ്ഞ് എല്ലായ്പോഴും തലയിൽ മുല്ലപ്പൂ ചൂടി, ചുണ്ടുകൾ മുറുക്കിച്ചുവപ്പിച്ചാണ് നടപ്പെങ്കിലും ആ കണ്ണുകളിലെ ക്രൗര്യം അവർക്ക് വല്ലാത്തൊരു ക്രൂരഭാവം നൽകുന്നുണ്ട് . അറുപതു പിന്നിട്ട വൃദ്ധയായിട്ടും ഇപ്പോഴും ചെറുപ്പക്കാരികളെപ്പോലെ ആണുങ്ങളുടെ മുന്നിൽ അവർ കൊഞ്ചിക്കുഴയുന്നതു കാണാം. അവർ കഴിഞ്ഞ ദിനങ്ങളിൽ അമ്മയോടു പറഞ്ഞത്രെ , തന്നെക്കാണണമെന്ന് .
 
അവർ തന്നെക്കാണുന്നത് എന്തിനാണെന്ന് അറിയാം. ഏതെങ്കിലും സേഠുമാരുടെ കാൽക്കൽ തന്നെ അടിയറവച്ച് ധാരാളം പണം വാങ്ങുകയാണ് അവരുടെ ലക്ഷ്യം.
 
ബാല്യത്തിൽ തന്നെക്കാണുവാൻ വലിയ ഭംഗിയൊന്നുമുണ്ടായിരുന്നില്ല . അതുകൊണ്ടു തന്നെ അവർ തന്നെ അത്രയൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ വളർന്നപ്പോൾ പ്രകൃതി തന്നെ അണിയിച്ചൊരുക്കി രൂപവതിയാക്കി. സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ബോധവതിയായ താൻ, പ്രായമായ ശേഷം ഇന്നുവരെ അവരുടെ മുന്നിൽപ്പെടാതെ കഴിച്ചു.
 
എന്നാൽ കുറച്ചു നാൾ മുമ്പ് ദുർഗ്ഗാ ദേവിയുടെ ക്ഷേത്രാങ്കണത്തിൽ ഏതാനും പെൺകുട്ടികളോടൊത്ത് നൃത്തം ചെയ്തു കൊണ്ടിരിക്കേ അവർ തന്നെ കണ്ടു. അപ്പോൾ ആ കണ്ണുകളിൽ മിന്നിമറഞ്ഞ കുടിലഭാവം താൻ കണ്ടതാണ്. തന്നെത്തന്നെ നോക്കിക്കൊണ്ട് അടുത്തു നിന്ന ശിങ്കിടി കൗശിക്കിനോട് അവർ എന്തോ പറയുകയും ചെയ്തു. അപ്പോൾ അയാൾ തലയാട്ടിക്കൊണ്ട് ചിരിക്കുന്നതും കൈകൾ ചിന്മുദ്രിതമാക്കിക്കൊണ്ട് "ഒന്നാന്തരം " എന്ന അർത്ഥത്തിൽ പറയുന്നതും കണ്ടു. അന്നതു കണ്ട് താൻ അറിയാതെ ഞെട്ടി. ഇനി ഒരിക്കലും അവരുടെ മുന്നിൽ ചെന്നുപെടാതെ നോക്കണം എന്ന് മനസ്സിലുറച്ചിരുന്നതാണ്.
 
പക്ഷെ ആ ശൂർപ്പണഖ തന്നെ വിടാനുള്ള ഭാവമില്ല. തന്റെ അമ്മയെ പൊലെ തന്നെ അവർ തന്നെയും കശക്കിയെറിയും. അവരുടെ രാക്ഷസ കരങ്ങളിൽ നിന്ന് രക്ഷപ്പെടണം. അതിനായിഎന്തെങ്കിലും ഒരു മാർഗ്ഗം ആലോചിക്കേണ്ടിയിരിക്കുന്നു.
 
" മാതാജി നിന്റെ പഠന കാര്യങ്ങൾ പറയുവാനാണ് നിന്നെ വിളിക്കുന്നത് "
 
അതു പറയുമ്പോൾ ചമേലി മാം തന്റെ കണ്ണുകളിൽ വിരിഞ്ഞ കൗശല ഭാവം ഒളിപ്പിക്കാൻ ശ്രമിക്കുന്നത് താൻ കണ്ടു.
 
"ഞാൻ അല്പം കഴിഞ്ഞ് വന്നോളാം... ചമേലി മാം പൊയ്ക്കോളൂ ....." അതു കേട്ട് അവർ പിന്തിരിഞ്ഞു നടന്നു.
 
ചമേലി മാം മാതാജിയുടെ അടുത്ത  ആളാണ് .   . പത്തമ്പതുവയസ്സിനടുത്തെത്തിയിട്ടും സൗന്ദര്യത്തിന് മങ്ങലേല്ക്കാത്ത അവർ മാതാജിയെ സ്വാധീനിച്ച് ധാരാളം പണം പിടുങ്ങാറുണ്ട്. ഉയർന്ന ആളുകളാണ് അവരുടെ കസ്റ്റമേഴ്സ് എല്ലാം തന്നെ. അതും മാതാജിയിലുള്ള അവരുടെ സ്വാധീനം കൊണ്ട് ലഭിക്കുന്നതാണ്.
 
''ഈ ഗലിയിൽ മാതാജിയുടെ കീഴിലുള്ള ഒരോ പെണ്ണിനും ഓരോ ഗ്രേഡാണ്... പലപ്പോഴും സൗന്ദര്യവും കലാപരമായുള്ള കഴിവുകളും നയചാതുരിയുമെല്ലാമാണ് അതിനുള്ള മാനദണ്ഡമായി കണക്കാക്കപ്പെടുന്നത്. ചമേലി മാം നന്നായി നൃത്തം ചെയ്യും. പിന്നെ ആൾക്കാരെ സ്വാധീനിക്കാനും അവർക്ക് നല്ല കഴിവാണ്. ഇതിനെല്ലാമുപരിയായി കൽക്കത്തയിൽ അവരെ ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന ഒരു വലിയ കുടുംബമുണ്ട്. എല്ലാമാസവും നല്ലൊരു തുക അവർ വീട്ടിലേക്ക് അയക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ ആ ഗലിയിലെ സ്ത്രീകളെ സ്വാധീനിച്ച് അവരുടെ പെൺമക്കളെ മാതാജിയുടെ അടുത്ത് എത്തിക്കുന്നതും അവരാണ്.....''
 
ഏതാനും ദിനങ്ങൾക്ക് മുൻപ് അടുത്ത കൂട്ടുകാരിയായ മമത പറഞ്ഞ വാക്കുകളോർത്തു .
 
ഏറെ നേരം പിന്നെ അവിടെയിരിക്കാൻ തോന്നിയില്ല. എഴുന്നേറ്റ് റൂമിൽ പോയി പുസ്തകമെടുത്തു കൊണ്ടുവന്നു. കോളേജിൽ പോയി പഠിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ വീട്ടിലിരുന്നു തന്നെയാണ് പഠനം. മുമ്പ് വിദ്യാലയത്തിൽ പോയി പഠിക്കാൻ ശ്രമിച്ചപ്പോഴൊക്കെ സഹപാഠികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും താൻ നേരിടേണ്ടിവന്ന അവഹേളനങ്ങളെക്കുറിച്ചോർത്തു. അതിൽപ്പിന്നെ അതിനു ശ്രമിച്ചിട്ടില്ല. ഇന്നിപ്പോൾ തനിക്കാവശ്യമുള്ള പുസ്തകങ്ങൾ മാനസാ ദേവി എന്ന സാമുഹിക പ്രവർത്തകയാണ് കൊണ്ടുത്തരുന്നത്.
 
"പരീക്ഷ അടുത്തുവരുന്നു. ധാരാളം പഠിക്കാനുണ്ട്. ഡിഗ്രി ഒന്നാം ക്ലാസ്സിൽ തന്നെ പാസ്സാകണം'. എങ്കിലെ നല്ല ഒരു ജോലി ലഭിക്കുകയുള്ളൂ. " .
 
കഴിഞ്ഞ പ്രാവശ്യം തന്റെ അടുത്ത് വന്നു പോകുമ്പോൾ അവർ പറഞ്ഞു.
 
പക്ഷെ...... പക്ഷെ ..ഒരു നല്ല ജോലി ........അതിനു വേണ്ടി എന്തെല്ലാം കടമ്പകൾ കടക്കണം എന്നോർത്തപ്പോൾ നെഞ്ചു വല്ലാതെ പിടച്ചു. പ്രധാന പ്രശ്നം ഈ ഗലിയിൽ നിന്ന് പുറത്തു കടക്കുകയാണ്. മാതാജിയുടെ ആൾക്കാർ എല്ലാടത്തും ഉണ്ടാകും. ഗുണ്ടകളുടെ കണ്ണുവെട്ടിച്ച് പുറത്തുകടക്കുക എളുപ്പമല്ല.
 
" ഈ ഗലിയിലെ പെണ്ണുങ്ങൾ ആരും പഠിച്ച് വലിയ ഉദ്യോഗസ്ഥരൊന്നും ആവണ്ട. എല്ലാവർക്കും ജീവിക്കാനുള്ളത് ഈ ഗലിയിൽ നിന്നു തന്നെ കിട്ടും. " മാതാജിയുടെ വാക്കുകൾ മനസ്സിലോർത്തു.
 
പക്ഷെ...പക്ഷെ... വെല്ലുവിളികളെ നേരിടാൻ താൻ ഉറച്ചു കഴിഞ്ഞു. ഈ ഗലിയിൽ നിന്നും എങ്ങനെയും പുറത്തുകടക്കണം. പുഴുത്തു നാറുന്ന ഏറെ ജീവഛവങ്ങൾ ഈ ഗലിയുടെ നാനാഭാഗത്തുമുണ്ട്. അവർക്കെല്ലാം മോചനം നൽകണം. അതു കൂടാതെ പുഴുക്കുത്തേറ്റ അനേകം പൂമൊട്ടുകളും . ഒന്ന് കരയാൻ പോലുമാവാതെ വിറങ്ങലിച്ചു പോയവർ.. ഇരുളടഞ്ഞ ഭാവിക്കു മുന്നിൽ ചതഞ്ഞരഞ്ഞ സ്വപ്നങ്ങളും പേറി ഏതോ ഇരുൾ മുറിക്കുള്ളിൽ അടയ്ക്കപ്പെട്ട അവർക്കു മുന്നിൽ ജീവിതത്തിന്റെ സുഗന്ധവാഹിയായ കാറ്റ് കടന്നെത്തണമെങ്കിൽ താനീ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചേ തീരൂ.....അതിന് അറിവിന്റെ പുതു വെളിച്ചം അവർക്കും കൂടി പകർന്നു നൽകണം.
 
പുസ്തകവുമായി അടുത്തുള്ള മൈതാനത്തേക്ക് നടന്നു. . ഗലിയിൽ നിരനിരയായിക്കാണുന്ന കെട്ടിടങ്ങൾക്കപ്പുറം പുൽമൈതാനമാണ്.അവിടെ ഓടിക്കളിക്കാറുള്ള ഏതാനും കുട്ടികൾ തന്നെക്കാണുമ്പോൾ അടുത്തെത്താറുണ്ട്... അവർക്ക് താൻ അറിവിന്റെ ബാലപാഠങ്ങൾ പകർന്നു നൽകാറുണ്ട്. പല പ്രായത്തിലുള്ള അവർ തന്റെ ചുറ്റിനും കൂടി ഇരുന്ന് വിടർന്ന കണ്ണുകളോടെ താൻ പറയുന്നത് കേട്ടു കൊണ്ടിരിക്കും.
 
അവരുടെ കൈയ്യിൽ പാOപുസ്തകങ്ങളില്ലാത്തതിനാൽ അവരുടെ പ്രായത്തിനനുസരിച്ചുള്ള പാOഭാഗങ്ങൾ പകർന്നു കൊടുക്കാനാവുന്നില്ലല്ലോ എന്ന ദുഃഖം മാത്രം തനിക്കു ബാക്കി നിന്നു. ഇന്നു പക്ഷെ മൈതാനത്തിൽ ആരേയും കാണുന്നില്ലല്ലോ?.... കത്തിക്കാളുന്ന വെയിലിൽ മേഞ്ഞു നടക്കുന്ന ഏതാനും പശുക്കൾ തന്നെക്കണ്ട് ഒന്നമറിയിട്ട് വീണ്ടും പുല്ലുതിന്നാൻ തുടങ്ങി.
 
വേനലിന്റെ തുടക്കമാവുന്നതേ ഉള്ളൂ .. എന്നിട്ടും സൂര്യൻ അതിന്റെ അഗ്നിച്ചിറകുകൾ മെല്ലെ മെല്ലെ ഭൂമിയിലേക്ക് താഴ്ത്താൻ തുടങ്ങിയിരിക്കുന്നു. എല്ലാവരും വേനൽച്ചൂടിന്റ കാഠിന്യത്താൽ ഇപ്പോൾ ഉച്ചമയക്കത്തിലാണ്ടു കിടക്കുകയായിരിക്കും. അതുകൊണ്ടായിരിക്കാം ആരേയും പുറത്തേക്ക് കാണാത്തത് .
 
അവിടെ പൂമരച്ചോട്ടിൽ പുസ്തകവുമായി ഇരിക്കുമ്പോൾ ആശ്വാസത്തിന്റെ കുളിരല മനസ്സിലേക്ക് കടന്നു വന്നു. അല്ലെങ്കിൽ പരീക്ഷ അടുത്ത ഈ സമയത്ത് ആരും അടുത്തില്ലാത്തതു തന്നെയാണ് നല്ലത്.
 
" അല്ലാ... ഗൗരീ വായനയിൽ മുഴുകി ഇരിക്കുകയാണോ ? "
 
ശബ്ദം കേട്ട് തലയുയർത്തി നോക്കി. മാനസാദേവി. .. സമൂഹിക പ്രവർത്തകയായ അവർ ഈയിടെയായി ഒളിച്ചും പാത്തുമാണ് തന്റെ അടുത്ത് എത്തുന്നത്. തങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുക അവരുടെ ഉദ്ദേശ ലക്ഷ്യങ്ങളിലൊന്നാണ്. എന്നാൽ മാതാജി അറിഞ്ഞാൽ അവരെ ആട്ടിയോടിക്കും. അതു കൊണ്ടു തന്നെ അവർ ആരും കാണാതെ പതുങ്ങിയാണ് എത്താറ്. ഏതാനും പേർ അവരുടെ വാക്കുകൾ സശ്രദ്ധം ചെവിക്കൊണ്ടിരുന്നു. എന്നാൽ ഭൂരിപക്ഷം പേരും തങ്ങൾ വീണ്പോയ ചളിക്കുണ്ടിൽ നിന്നും ഇനിയും കരകയറാനാവുകയില്ലെന്നറിഞ്ഞ് അവരെ പിന്തിരിപ്പിച്ചിരുന്നു. എന്നാൽ ഗൗരി മാത്രം അവരെ ഏറെ ആനന്ദത്തോടെ സ്വാഗതം ചെയ്തു.
 
"അല്ലാ.' .... മാനസാ ദീദീ എപ്പോൾ വന്നു. "
 
തന്റെ മുഖത്തുവിരിഞ്ഞ ആനന്ദത്തിന്റെ അലകൾ മാനസാ ദീദിയിലേക്കും പകർന്നതായി തോന്നി .അവർ പുഞ്ചിരിയോടെ തന്റെ അടുത്തിരുന്നു.
 
"ഗൗരീ..നീ പറഞ്ഞ പാഠ പുസ്തകങ്ങൾ എല്ലാം ഞാൻ കൊണ്ടു വന്നിട്ടുണ്ട്. പിന്നെ നിനക്ക് പരീക്ഷക്കുള്ള പണവും ഞാൻ ഓൺലൈനിൽ അടച്ചിട്ടുണ്ട്.. നീ എങ്ങിനെയും ഈ പരീക്ഷ പാസ്സാകണം. നീയെങ്കിലും ഈ ദുഷിച്ച അന്തരീക്ഷത്തിൽ നിന്നും പുറത്തുകടക്കണം. "
 
ആനന്ദാതിരേകത്താൽ ദീദിയെ കെട്ടിപിടിച്ചു. തന്റെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ അശ്രുധാരയെ തുടച്ചു കൊണ്ട് അവർ പറഞ്ഞു.
 
"പരീക്ഷ നീ ഓൺലൈനിൽ എഴുതിയാൽ മതി. ഇതാ അതിനുള്ള സ്മാർട്ട് ഫോൺ". "
 
അവർ നീട്ടിയ മൊബൈൽ ഫോൺ കൈ നീട്ടി വാങ്ങുമ്പോൾ ഈ ലോകം പിടിച്ചടക്കിയ ആഹ്ളാദം തോന്നി.
 
പെട്ടെന്ന് ചോദിച്ചു. " ദീദിയുടെ ഫോൺ നമ്പർ കൂടി ഒന്നു തരുമോ ?. എന്തെങ്കിലും ആവശ്യത്തിനു വിളിക്കാനാണ്.''
 
ഒരു ഫോൺ നമ്പർ നൽകി മാനസാ ദീദി പറഞ്ഞു.
 
"ഈ ഫോൺ നമ്പറിൽ വിളിച്ചാൽ ഏത് അടിയന്തിര സാഹചര്യത്തിലും ഞങ്ങളുടെ സംഘടനയുടെ ആൾക്കാർ നിന്നെ രക്ഷിക്കാൻ ഓടിയെത്തും. "
 
ഫോൺ നമ്പർ നൽകിയ ശേഷം അവർ ചുറ്റും ഭീതിയോടെ നോക്കിപ്പറഞ്ഞു .
 
 "ഇനി ഞാൻ പോകട്ടെ. ആരെങ്കിലും കണ്ടാൽ കുഴപ്പമാണ്. ഈ കോമ്പൗണ്ടിനകത്തു കണ്ടാൽ കാലു തല്ലിയൊടിക്കുമെന്നാണ് മാതാജി പറഞ്ഞിരിക്കുന്നത്. "
 
തന്നെ ആശംസിച്ച് നടന്നു നീങ്ങുന്ന ദീദിയെ കണ്ണിമയ്ക്കാതെ നോക്കി നിന്നു .
 
അല്പനേരം കൂടി അവിടെ നിന്ന് തിരിഞ്ഞു നടക്കുമ്പോൾ ചമേലി മാം തന്നെ കാത്തു നില്ക്കുന്നതു കണ്ടു. അപ്പോഴാണ് മാതാജി വിളിച്ച കാര്യം വീണ്ടും ഓർമ്മ വന്നത്.
 
" അല്ലാ നീയെവിടെയായിരുന്നു. മാതാജി നിന്നെ അന്വേഷിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായി. മാതാജിക്ക് ദേഷ്യം വന്നു തുടങ്ങിയിട്ടുണ്ട്. "ചമേലി മാം തന്നെ നോക്കിപ്പറഞ്ഞു.
 
മാതാജിക്കു ദേഷ്യം വന്നാൽ ശിക്ഷ ഉറപ്പാണ്. ഇന്നിനി തനിക്കു ലഭിക്കുന്ന ശിക്ഷ എന്തായിരിക്കും? തലമുണ്ഡനം ചെയ്യലോ അതോ കൈപൊള്ളിക്കലോ ?....വിറക്കുന്ന കാലടികളോടെ മുന്നോട്ടു നടന്നു.
 
ചമേലിയോടൊപ്പം മാതാജിയുടെ അടുത്തെത്തുമ്പോൾ അവർ കോപം കൊണ്ടു വിറക്കുന്നുണ്ടായിരുന്നു. അടുത്തു തന്നെ കൊതിയോടെ തന്നെ വീക്ഷിക്കുന്ന സേഠ് ജിയെയും കണ്ടു.
 
"ഗൗരീ...''നിന്നെ എത്ര നേരമായി ഞാൻ അന്വേഷിക്കുന്നു. നീ എവിടെയായിരുന്നു. "
 
"ഞാൻ... ഞാൻ.... ഇവിടെത്തന്നെ ഉണ്ടായിരുന്നു. "
 
"ഉം... ഇതാദ്യത്തെ പ്രാവശ്യമായതുകൊണ്ട് ഞാൻ ക്ഷമിക്കുന്നു. വളർന്ന ശേഷം ഞാൻ കാണാതെ ഒളിച്ചിരിക്കുകയായിരുന്നല്ലോ നീ. ഇനി അതു പറ്റില്ല. നീയും ഞാൻ പറയുന്നത് അനുസരിച്ചേ തീരു... "
 
പിന്നീടവർ തന്റെ അടുത്തെത്തി തന്നെ ചേർത്തുപിടിച്ചു ഓമനിച്ചു കൊണ്ട് പറഞ്ഞു .
 
" നിന്റെ സൗന്ദര്യം നിന്നെ മാടിവിളിക്കുന്നത് ഏതു സ്വർഗ്ഗത്തിലേക്കാണെന്ന് നിനക്കറിയില്ല മോളെ ..... നോക്കൂ  ഈ സേഠ് ജി നിനക്കവയെല്ലാം നൽകും."
 
ആദ്യത്തെ കോപഭാവം കൈവിട്ട് അവർ മൃദുഭാഷിണിയായിത്തീർന്നത് താൻ അത്ഭുതത്തോടെ നോക്കി നിന്നു .
 
പിന്നെ അവർ ചമേലിയെ നോക്കി പറഞ്ഞു. "നീ ഇവളെ നല്ലവണ്ണം ഒരുക്കി എന്റെ മുന്നിലെത്തിക്കണം. "
 
താൻ പതിക്കുവാൻ പോകുന്നത് ഏതു നരകത്തിലേയ്ക്കാണെന്ന് പെട്ടെന്ന് ബോധവതിയായി. എങ്ങനെയും രക്ഷപ്പെടണം . അതു മാത്രമായിരുന്നു മനസ്സിൽ .
 
ഒരു നവവധുവിനെപ്പോലെ ചമേലിമാം തന്നെ അണിയിച്ചൊരുക്കി. പിന്നെ പറഞ്ഞു.
 
"നീയിപ്പോൾ സാക്ഷാൽ ലക്ഷ്മീദേവിയെ പോലുണ്ട്. പണക്കാരനായ സേട്‌ജിയെ  നല്ലവണ്ണം തൃപ്തിപ്പെടുത്തിക്കോളു മോളെ . നിനക്കും ധാരാളം പണം സമ്പാദിക്കാം. "
 
ചമേലിമാമിന്റെ വാക്കുകൾ അവജ്ഞയോടെ കേട്ടു. പിന്നെപ്പറഞ്ഞു . 
 
"എനിക്ക് ഒന്നു ദുർഗ്ഗാദേവിയെ തൊഴണം. ആദ്യമായല്ലേ ഞാൻ ഒരു വധുവാകുന്നത് "
 
ആതു കേട്ട് ചമേലി മാം തന്റെ താടിയിൽപ്പിടിച്ച് കൊണ്ടു പറഞ്ഞു. "അരേ .....നീ അപ്പോൾ ബുദ്ധിമതി തന്നെയാണ്. ക്ഷേത്രത്തിൽ പോയി ദേവിയെ നല്ലവണ്ണം പ്രാർത്ഥിച്ചോളു"
 
കയ്യിൽ പൂത്താലമേന്തി ചമേലി മാമിനോടൊപ്പം ക്ഷേത്രനടയിലെത്തി. ദേവീസന്നിധിയിൽ താലം സമർപ്പിച്ച് തൊഴുതു നിന്നു. അപ്പോൾ ചമേലിമാം അടുത്തുള്ള പൂക്കച്ചവടക്കാരിയിൽ നിന്ന് പൂക്കൾ വാങ്ങാനായി തിരിയുന്നതു കണ്ടു..
 
പൂക്കൾ അവർക്ക് ജീവനാണെന്നറിയാം. ചുറ്റിനും നോക്കി. അങ്ങ് ദൂരെ അല്പം തുറന്നു കിടക്കുന്ന ഗേറ്റുകണ്ടു. മാനസാദീദി പോയപ്പോൾ അടക്കാൻ മറന്നതായിരിക്കും. അടുത്തു തന്നെ ഉച്ചമയക്കത്തിൽ മയങ്ങിക്കിടക്കുന്ന അംഗരക്ഷകനേയും കണ്ടു.
 
ഇതു തന്നെ രക്ഷപ്പെടുവാനുള്ള അവസരം!..... ദുർഗ്ഗാ ദേവി തനിക്ക് രക്ഷപ്പെടുവാനുള്ള ഒരു വാതിൽ തുറന്നു തന്നിരിക്കുന്നു. പെട്ടെന്ന് ഫോണിലെ മാനസാദീദി തന്ന നമ്പർ ഡയൽ ചെയ്തു. ചമേലി മാം കേൾക്കാതെ പതുക്കെ പറഞ്ഞു.
 
"ദീദി എന്നെ രക്ഷിക്കണം. ഞാൻ ഗലിയുടെ പുറത്തു കടക്കാൻ പോകുകയാണ്. നിങ്ങൾ എവിടെയാണ്."
 
"ഞാനിവിടെത്തന്നെയുണ്ട് മോളെ . നീ വേഗം വന്നോളു.ഞാൻ ജീപ്പിൽ പുറത്തു കാത്തുനില്ക്കാം. "
 
തിരിഞ്ഞു നോക്കിയപ്പോൾ ചമേലിമാം പൂക്കൾ വാങ്ങിക്കുന്ന തിരക്കിലാണ്. ദുർഗ്ഗാ ദേവിയെ ഒരു നിമിഷം മനസ്സുരുകി പ്രാർത്ഥിച്ചു
 
 "ദുർഗ്ഗാ മാം രക്ഷിക്കണേ. ഈ അവസരം പാഴാക്കാതിരിക്കാൻ എന്നെ അനുഗ്രഹിക്കണേ ..."
 
പിന്നീട് സർവ്വശക്തിയുമെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. അംഗരക്ഷകനെ ഉണർത്താതെ ഗേറ്റ് തള്ളിത്തുറന്ന് പുറത്തുകടന്നു.
 
പുറത്ത് കാത്തു നിന്ന ജീപ്പിൽ മാനസാദീദിയേയും മറ്റ് രണ്ട് സ്തീകളെയും എന്തിനും പോന്ന ഏതാനും ചില ചെറുപ്പക്കാരെയും കണ്ടു.
 
ജീപ്പിനുള്ളിൽ കയറുമ്പോൾ ചമേലി മാമിന്റെ പരിഭ്രമിച്ചുള്ള നിലവിളി കേട്ടു. ഏതാനും അംഗരക്ഷകർ ഓടിയടുക്കുന്ന ശബ്ദവും.
 
പാഞ്ഞു പോകുന്ന ജീപ്പിലിരിക്കുമ്പോൾ കത്തിക്കാളുന്ന വെയിൽ നാളങ്ങൾ തന്നെ പൊതിയുന്നു ണ്ടായിരുന്നെങ്കിലും അതൊന്നും താനപ്പോൾ അറിഞ്ഞിരുന്നില്ല.കാരണം ഉളളിൽ അപ്പോൾ നിറഞ്ഞു കവിഞ്ഞ തണുപ്പായിരുന്നു.
---------------
സുധ അജിത്.  തമ്മനം, കൊച്ചി
 
ആനുകാലികങ്ങളിൽ കഥകളും കവിതകളും ലേഖനങ്ങളും
എഴുതി വരുന്നു.  "ഉണക്കമരം" എന്ന ഒരു സമ്പൂർണ്ണ നോവൽ  ഫെബ്രുവരി-27ലെ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു
 
"സാഗര സംഗമം" എന്ന  നോവൽ   ഗൃഹശോഭ മാഗസീനിൽ പ്രസിദ്ധീകരിച്ചു വരുന്നു. കൂടാതെ " ഋതുസംക്രമം " എന്ന നോവലും "വിഷ്ണു കണ്ട പ്രളയം " എന്ന ബാലനോവലും  എഴുതിയിട്ടുണ്ട്. 2019 ലെ കേരള സാഹിത്യവേദിയുടെ തകഴി അവാർഡും , ആത്മായനങ്ങളുടെ ഖസാക്ക് അവാർഡും  "മഞ്ഞിനടിയിലെ തീജ്വാല " എന്ന 2017-ൽ പ്രസിദ്ധീകൃതമായ ചെറുകഥാ സമാഹാരത്തിന്     ലഭിച്ചിട്ടുണ്ട്. 
 
"ഒരു ലോക് ഡൗൺ കാലത്ത് " എന്ന മറ്റൊരു കഥാസമാഹാരവും അടുത്തു തന്നെ പുറത്തിറങ്ങുന്നുണ്ട്. 

Facebook Comments

Comments

 1. Khadar

  2021-06-10 12:01:48

  Beautiful story

 2. M I VARGHESE

  2021-06-06 11:50:32

  ഗലിയിലെ ജീവിത സംഘർഷങ്ങൾക്കിടയിലും പതിവ് രീതികളിൽ നിന്ന് രക്ഷെപ്പെടാനുള്ള ഗൗരിയുടെ പ്രയാണങ്ങൾ കഥാതന്തു വായുള്ള കഥ പ്രതീക്ഷയുടെ കിരണങ്ങളാൽ സമ്പുഷ്ടമാണ് Best Wishes

 3. Ajay

  2021-06-04 12:05:26

  Great. Enjoyed

 4. Ksb Murali

  2021-06-03 14:40:19

  Nice story

 5. Abraham Samuel

  2021-06-03 14:11:26

  Best wishes..

 6. P K Soman

  2021-06-03 08:18:46

  Good story. Keep it up. Expect more good stories in future. Congrats.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

View More