Image

ഓര്‍മ്മകളുടെ സുഖവും നഷ്ടങ്ങളുടെ നൊമ്പരവും പേറി വീണ്ടുമൊരു ജൂണ്‍ മാസം.

ജോബിന്‍സ് തോമസ് Published on 01 June, 2021
ഓര്‍മ്മകളുടെ സുഖവും നഷ്ടങ്ങളുടെ നൊമ്പരവും പേറി വീണ്ടുമൊരു ജൂണ്‍ മാസം.
മലനാട്ടിലായാലും മറുനാട്ടിലായാലും  മലയാളിയുടെ മനസ്സിലേയ്ക്ക് മധുരവും മഴയുടെ കുളിരുമുള്ള ഓര്‍മ്മകളുടെ വേലിയേറ്റം നടക്കുന്ന ദിവസമാണ് ജൂണ്‍ ഒന്ന്. സഹ്യന്റെ മടിത്തട്ടിലുറങ്ങുന്ന മലയാള മണ്ണിലേയ്ക്ക് മണ്‍സൂണ്‍ എത്തുന്നു എന്നതിനപ്പുറം പള്ളിക്കൂടം തുറക്കുന്ന ദിവസം കൂടിയാതിനാലാണ് ഈ ദിവസം മനസ്സില്‍ മായാതെ നില്‍ക്കുന്നത്. 

രണ്ടുമാസക്കാലത്തെ അവധി ആഘോഷങ്ങള്‍ക്കും ബന്ധുവീട് സന്ദര്‍ശനങ്ങള്‍ക്കുമൊക്കെ ശേഷം വീണ്ടും സ്‌കൂളിലേയ്ക്ക് തിരികെ പോകുന്ന ദിവസമാണിത്. അവധി കഴിഞ്ഞല്ലോ എന്ന ആധി ആര്‍ക്കുമില്ല. രണ്ടുമാസമായി കാണാതിരുന്ന കൂട്ടുകാരെ കണ്ട് അവധിക്കാല വിശേഷങ്ങള്‍ പങ്കുവയ്ക്കാനുള്ള തിടുക്കവും ഒപ്പം പുത്തന്‍ ക്ലാസിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടുന്നതിന്റെ സന്തോഷവും ഒക്കെ ഒത്തു ചേരുമ്പോള്‍ ജൂണ്‍ ഒന്ന് പുലരാന്‍ ഉറക്കം വരാതെ കിടന്നവരും ഒരുപാടുണ്ട്. 

ആദ്യമായി സ്‌കൂളിലേയ്ക്ക് പോകുമ്പോള്‍ ഇതുവരെ ഏപ്പോഴും ചാരത്തുണ്ടായിരുന്ന അമ്മയുടെ മടിയില്‍ നിന്നും കുറച്ചു നേരം മാറി നില്‍ക്കേണ്ടി വരുന്നതിന്റെ വിഷമവും സങ്കടവും ഒക്കെയാണ് ഈ ദിവസം ഉണ്ടാക്കുന്നത്. സ്‌കൂളിലെത്തുമ്പോള്‍ കൊട്ടും കുരവയും മിഠായിയുമൊക്കെയായി സ്വീകരിക്കാന്‍ അളുണ്ടെങ്കിലും അമ്മയെ മുറുകെപ്പിടിച്ച് കരയുന്ന വിരുതന്‍മാരും കുറവല്ല. ഇവര്‍ക്കു മുമ്പിലാണ് ഒന്നാം ക്ലാസിലെ ടീച്ചര്‍മാര്‍ തോല്‍ക്കുന്നത്.

അതിരാവിലെ മുതല്‍ തുടങ്ങുന്ന മഴയില്‍ കുട ചൂടി അമ്മയുടെ ഉമ്മയും വാങ്ങി കൂട്ടുകാരൊപ്പം സ്‌കൂളിലേയ്ക്കുള്ള യാത്രകള്‍ അവിസ്മരണീയമാണ്. സ്‌കൂളില്‍ ബെല്ലടിക്കുന്നതിന് മുമ്പ് അകത്തു കേറാനുള്ള തിടുക്കമാണ് രാവിലത്തെ യാത്രക്കെങ്കില്‍ മഴ ആസ്വദിച്ച് കൂട്ടുകാരൊത്ത് കഥകളും പറഞ്ഞ് വെള്ളവും തെറിപ്പിച്ച് അലസയാത്രയാണ് വൈകിട്ടത്തേത്. 

പിന്നീടങ്ങോട്ട് ഒരാഴ്ച പുതുമയുടേതാണ് പുത്തന്‍ യൂണിഫോം, പുത്തന്‍ പുസ്തകങ്ങള്‍, പുത്തന്‍ സ്ലേറ്റ്, ബോക്‌സ് , വാട്ടര്‍ബോട്ടില്‍, പുത്തന്‍ കുട..... അങ്ങനെ പോകുന്ന അധ്യയന വര്‍ഷത്തിലെ ആദ്യദിനങ്ങളുടെ മനോഹാരിത കൂട്ടുന്ന അലങ്കാരങ്ങള്‍. ഇന്നും സ്വന്തം കുട്ടികളുടെ പുത്തന്‍ പുസ്തകങ്ങളും പൂക്കുടയും പുത്തന്‍ യൂണിഫോമുമൊക്കെ കാണുമ്പോള്‍ പഴയ സ്‌കൂള്‍ ജീവിതത്തിലേയ്ക്ക് മനസ്സുകൊണ്ടെങ്കിലും ഒന്ന് ഓടിപ്പോകാത്ത രക്ഷിതാക്കള്‍ കുറവാണ്. 

എന്നാല്‍ ഇന്ന് കാലം മാറി കഴിഞ്ഞ വര്‍ഷം സ്‌കൂളുകള്‍ തുറന്നേ ഇല്ല. ഇതില്‍ പല കുട്ടികള്‍ക്കും സന്തോഷമാണെങ്കിലും നഷ്ടമാകുന്നത് ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിച്ചുവെയ്ക്കാന്‍ കാത്തുസൂക്ഷിക്കേണ്ട അമൂല്ല്യ നിധിയാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ക്ലാസുകള്‍ ഓണ്‍ലൈനിലുണ്ട് കൂട്ടുകാരും. എന്നാല്‍ കല്ലുപെന്‍സിലുമുതല്‍ ചോറ്റുപാത്രത്തിലെ കറികളും ചോറും വരെ പങ്കുവെയ്ക്കുന്നതിലൂടെ അറിയാതെ അവരുടെ മനസ്സില്‍ ഉടലെടുക്കുന്ന പങ്കുവയ്ക്കലിന്റെ സംസ്‌കാരം ഓണ്‍ലൈനിലൂടെ കിട്ടില്ലല്ലോ.

ആരാദ്യമെത്തുമെന്നു ചോദിച്ച് ഓടുമ്പോള്‍ ഇടയ്ക്കു വീഴുന്ന കൂട്ടുകാരനെ തിരികെ വന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച്  ഉടുപ്പിലെ മണ്ണും കാലിലെ ചോരയും തുടച്ച് കൊടുത്ത് നീയാടാ ജയിച്ചത് എന്നു പറയുമ്പോള്‍ ഉള്ളില്‍ പതിയുന്ന മുല്ല്യങ്ങളും ഓണ്‍ലൈനില്‍ കിട്ടില്ലല്ലോ. മഹാമാരിയുടെ കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് നഷ്ടമാകുന്നത് സ്‌കൂള്‍ ജീവിതത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന ഇങ്ങനെ പലതുമാണ്. 

വീണ്ടുമൊരു ജൂണ്‍മാസമെത്തുമ്പോള്‍ കുട്ടികള്‍ വീട്ടില്‍ തന്നെയാണ്. കോവിഡ് തങ്ങളുടെ പ്രിയപ്പെട്ടവരെ കവര്‍ന്നെടുത്തപ്പോള്‍ അനാഥരായ കുട്ടികളുടെ കണ്ണീര്‍ ഈ കൊച്ചു കേരളത്തിലുമുണ്ട്. കഴിഞ്ഞ ദിവസം അഛനുമമ്മയും നഷ്ടപ്പെട്ട കുട്ടികളിലൊരാള്‍ ഒരു ചാനലിനോട് പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്. അമ്മയെയാണ് കോവിഡ് വന്ന് ആദ്യം ഐസിയുവില്‍ പ്രവേശിപ്പിച്ചത്. അമ്മ ഐസിയുവില്‍ കിടക്കുമ്പോള്‍ അഛന്‍ കോവിഡ് ബാധിച്ച് മരിച്ചു. അതിനു ശേഷം അമ്മയും മരിച്ചു. ആ കുട്ടി വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു. അഛന്‍ പോയത് ഞങ്ങള്‍ക്ക് അമ്മയുണ്ട് എന്ന ആശ്വാസത്തോടെയാണ് ഐസിയുവില്‍ മരിച്ച അമ്മ പോയത് ഞങ്ങള്‍ക്ക് കൂട്ടായി അഛനുണ്ടെന്ന സമാധാനത്തിലാണ് ഞങ്ങള്‍ക്കു പക്ഷെ ഇപ്പോള്‍ ആരുമില്ല. 

ഈ ജൂണ്‍ ഒന്ന് മനസ്സിലെ ഗൃഹാതുരത്വ ഓര്‍മ്മകളുടെ സുഗന്ധം മാത്രമല്ല മറിച്ച് കുരുന്നുകളുടെ കണ്ണീരിന്റേയും നഷ്ടങ്ങളുടേയും വേദനകള്‍ തീര്‍ക്കുന്ന സങ്കടക്കടലില്‍ നിന്നും ആഞ്ഞു വിശുന്ന നൊമ്പരക്കാറ്റിന്റേതു കൂടിയാണ്. ആഗ്രഹിക്കാം അടുത്ത ജൂണ്‍ ഒന്നിനെങ്കിലും നമ്മുടെ കലാലയങ്ങല്‍ ജീവസ്സുറ്റതാവാന്‍. കുരുന്നു പൂക്കളുടെ പൂന്തോട്ടങ്ങള്‍ അക്ഷരമുറ്റങ്ങളില്‍ വിരിയാന്‍.

ഓര്‍മ്മകളുടെ സുഖവും നഷ്ടങ്ങളുടെ നൊമ്പരവും പേറി വീണ്ടുമൊരു ജൂണ്‍ മാസം. ഓര്‍മ്മകളുടെ സുഖവും നഷ്ടങ്ങളുടെ നൊമ്പരവും പേറി വീണ്ടുമൊരു ജൂണ്‍ മാസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക