Image

വാഹനത്തട്ടിപ്പിന്റെ പുതിയ മുഖം

ജോബിന്‍സ് തോമസ് Published on 01 June, 2021
വാഹനത്തട്ടിപ്പിന്റെ പുതിയ മുഖം
ഓരോ ദിവസവും പുത്തന്‍ മോഡല്‍ തട്ടിപ്പുകളുമായാണ് തട്ടിപ്പുകാരുടെ രംഗപ്രവേശം. പിടിക്കപ്പെടും വരെ അതുപയോഗിച്ച് പരമാവധി പണം തട്ടും. അവസാനം മുങ്ങും ഇതാണ് ഇവരുടെ പതിവ്. ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നും പുറത്തുവരുന്നത് പുതിയ മോഡലിലുള്ള ഒരു വാഹന തട്ടിപ്പിന്റെ കഥയാണ്. വിളപ്പില്‍ശാല സ്വദേശി ജിജു, പ്രകാശ് എന്നിവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇവരുടെ തട്ടിപ്പിനിരയായിയിരിക്കുന്നത് റെന്റ് എ കാര്‍ ബിസിനസ്സ് നടത്തുന്നവരാണ്. 

റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വില കൂടിയ കാറുകള്‍ വാടകയ്‌ക്കെടുത്താണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. എന്നിട്ട് ഉടമയറിയാതെ ഇത് പണയം വെയ്ക്കും. പണയം വയ്ക്കുന്നതാകട്ടെ മാര്‍വാഡികള്‍ക്കും അതുപോലെ കാറുകള്‍ പൊളിച്ചു വില്‍ക്കുന്ന ബിസിനസ്സ് നടത്തുന്നവര്‍ക്കും. ഇങ്ങനെ കിട്ടുന്ന പണത്തില്‍ നിന്നും വാഹനം വാടകയ്‌ക്കെടുക്കുന്നവര്‍ക്ക് കുറച്ച് മാസങ്ങള്‍ കൃത്യമായി പണം നല്‍കും. അതു കൊണ്ട് അവരും അന്വേഷിക്കില്ല. 

എന്നാല്‍ വാടക മുടങ്ങുകയും വാഹനം കിട്ടാതാവുകയും ഇവരെ വിളിച്ചാല്‍ എടുക്കാതെ വരികയും ചെയ്തതോടെയാണ് പലരും പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരില്‍ പ്രകാശനായിരുന്നു വാഹനം വാടകയ്‌ക്കെടുക്കുന്ന റോള്‍. ജിജു പണയം വെയ്ക്കുകയും ചെയ്യും.

ഒന്നും രണ്ടുമല്ല പലരില്‍ നിന്നും അറുപതോളം കാറുകളാണ് ഇവര്‍ വാടകയ്‌ക്കെടുത്തത്. ഇതെല്ലാം തന്നെ പണയത്തിലുമാണ്. പണയം വച്ചവരില്‍ നിന്നും 75000 രൂപമുതല്‍ മൂന്നു ലക്ഷം രൂപവരെയാണ് ഇവര്‍ വാങ്ങിയിരിക്കുന്നത്. എന്തായാലും ഇവരെ ചോദ്യം ചെയ്ത് വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. 

പുതിയ തട്ടിപ്പ് പുറത്തു വന്നതോടെ പല റെന്റ് എ കാര്‍ ഉടമകളും സ്ഥിരം കസ്റ്റമേഴ്‌സിന് മാത്രമായി തങ്ങളുടെ സേവനങ്ങള്‍ ചുരുക്കിയിട്ടുണ്ട്. ഇത് ബിസിനസ്സിനെ ബാധിക്കും എന്നതിനാല്‍ അധികം നാള്‍ ഇങ്ങനെ മുന്നോട്ട് പോകാനും കഴിയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക