Image

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടി പ്രിയങ്കയ്ക്കു കിട്ടിയ ഓഫറുകള്‍

ജോബിന്‍സ് തോമസ് Published on 01 June, 2021
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടി പ്രിയങ്കയ്ക്കു കിട്ടിയ ഓഫറുകള്‍
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ മലയാള നടി പ്രിയങ്ക മത്സരിച്ചിരുന്നു. എന്നാല്‍ കുണ്ടറ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ദിവസമുണ്ടായ ചില അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വവും വിവാദമായിരിക്കുകയാണ്. കുണ്ടറയില്‍ ഇഎംസിസി പ്രസിഡന്റ് ഷിജു എം വര്‍ഗീസിന്റെ വാഹനത്തിന് നേരെ പെട്രോള്‍ ബോംബാക്രമണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് നടി പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്തത്. ഇതേ തുടര്‍ന്നാണ് ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലുള്ള സത്യങ്ങള്‍ പുറത്തു വന്നത്. 

വിവാദ ദല്ലാല്‍ നന്ദകുമാര്‍ നിര്‍ബന്ധിച്ചിട്ടാണ് താന്‍ സ്ഥാനാര്‍ത്ഥിയായതെന്നാണ് പ്രിയങ്ക പോലീസിനോട് പറഞ്ഞത്. എങ്ങനെയും വിജയിപ്പിച്ച് എംഎല്‍എ ആക്കുമെന്നായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തിനായി തന്നെ സമീപിച്ചപ്പോള്‍ നല്‍കിയ ഉറപ്പെന്നും ഇവര്‍ പറഞ്ഞു. തെരഞ്ഞടുപ്പ് ചെലവിലേയ്ക്ക് ഒരു കോടി രൂപയും പ്രചാരണാവശ്യങ്ങള്‍ക്ക് ഹെലികോപ്ടറും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും പ്രിയങ്ക പോലീസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവ് മുഴുവന്‍ വഹിച്ചത് ദല്ലാള്‍ നന്ദകുമാറാണെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. 

ഷിജു വര്‍ഗീസിനെ തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ കണ്ടുള്ള പരിചയം മാത്രമാണുള്ളതെന്ന് പ്രിയങ്ക പോലീസിനോട് പറഞ്ഞു. സോഷ്യല്‍ ഡെമോക്രാറ്റിക് ജസ്റ്റിസ് പാര്‍ട്ടിയുടെ  സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു പ്രിയങ്ക അരൂരില്‍ മത്സരിച്ചത്. ഇതേ പാര്‍ട്ടിയുടെ ബാനറിലായിരുന്നു ഷിജു വര്‍ഗ്ഗീസ് കുണ്ടറയില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പ് ദിവസം ഷിജുവിന്റെ കാറിന് നേരെ ആക്രമണം നടത്തിയത് അദ്ദേഹം തന്നയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. 

സോഷ്യല്‍ ഡെമോക്രാറ്റിക് ജസ്റ്റിസ് പാര്‍ട്ടിയുടെ വിവിധ തലത്തിലുള്ള ഭാരവാഹികളേയും സ്ഥാനാര്‍ത്ഥികളേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ സ്രോതസ്സ് സംബന്ധിച്ചാണ് അന്വേഷണം. ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ പങ്ക് സംബന്ധിച്ച് സിപിഎം കേന്ദ്രങ്ങള്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ട് ഇതുവരെ ഇദ്ദേഹം ഹാജരായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക