Image

ഗ്രൂപ്പ് ആധിപത്യത്തിന് തടയിടാന്‍ നോക്കുന്നത് കെ.സി വേണുഗോപാലോ ?

ജോബിന്‍സ് തോമസ് Published on 01 June, 2021
ഗ്രൂപ്പ് ആധിപത്യത്തിന് തടയിടാന്‍ നോക്കുന്നത് കെ.സി വേണുഗോപാലോ ?
പുതിയ പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ചാവശ്യപ്പെട്ടിട്ടും  ഹൈക്കമാന്‍ഡ് മറിച്ചൊരു തീരുമാനമെടുത്തത് കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനാണെന്ന സംസാരമാണ് ഗ്രൂപ്പുകളുടെ അകത്തളങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്. കെപിസിസി പ്രസിഡന്റ് തീരുമാനവും ഇങ്ങനെ വന്നാല്‍ പിന്നെ തങ്ങളുെട ഗ്രൂപ്പ് രാഷ്ട്രീയം അതോടെ തീരുമെന്നറിയാവുന്നതിനാല്‍ ഇതു തടയാന്‍ പഠിച്ച പണി പതിനെട്ടും നോക്കാനുള്ള തന്ത്രപ്പാടാണ് ഗ്രൂപ്പ് നേതാക്കള്‍ നടത്തുന്നത്.

കേരളത്തിലെ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാന്‍ മുന്‍കൈ എടുക്കുന്നത് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പക്ഷം. ഇപ്പോള്‍ ഹൈക്കമാന്‍ഡില്‍ ശക്തനായ കെ.സിക്ക് എ.കെ ആന്റിണിയേക്കാള്‍ സ്വാധീന ശക്തിയുണ്ടെന്നത് ഇരുഗ്രൂപ്പുകളും സമ്മതിക്കുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് ചെന്നിത്തലയെ വെട്ടിയതില്‍ കെ.സി വേണുഗോപാലിന് നിര്‍ണ്ണായക പങ്കുണ്ടെന്നാണ് ഇവരുടെ ആരോപണം. ഒപ്പം സോണിയാ ഗാന്ധിക്കയച്ച കത്തില്‍ ചെന്നിത്തല ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ പുറത്തായതിനു പിന്നിലും ഇവര്‍ കെ.സി വേണുഗോപാലിന്റെ പങ്ക് സംശയിക്കുന്നു. 

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിന് മുന്നോടിയായി കെ.സി. വേണുഗോപാലും കെ.സുധാകരനും വി.ഡി. സതീശനും തമ്മില്‍ ദിവസങ്ങളോളം ചര്‍ച്ച നടത്തിയെന്നും എന്നാല്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും ഇക്കാര്യത്തില്‍ കാര്യമായി പരിഗണിച്ചില്ലെന്നും  ഗ്രൂപ്പുകള്‍ക്ക് പരാതിയുണ്ട്. ഇനിയും കാര്യങ്ങള്‍ ഇങ്ങനെ നീങ്ങിയാല്‍ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തെത്തുമോയെന്നും ഗ്രൂപ്പുകള്‍ ഭയക്കുന്നുണ്ട്. കേരളത്തില്‍ വി.ഡി. സതീശനും കെ.സുധാകരനും കേന്ദ്രത്തില്‍ കെ.സി. വേണുഗോപാലുമെന്ന പുതിയ അച്ചുതണ്ട് സൃഷ്ടിക്കപ്പെട്ടാല്‍ പിന്നെ ഗ്രൂപ്പുകളുടെ പ്രസക്തി അവസാനിക്കും എന്ന വ്യക്തമായ ബോധം ഗ്രൂപ്പ് നേതാക്കള്‍ക്കുണ്ട്. 

പിന്നെ എ,ഐ ഗ്രൂപ്പുകള്‍ കാണില്ലെന്നും ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരും എന്ന രണ്ടു വിഭാഗമെ സംസ്ഥാന കോണ്‍ഗ്രസിലുണ്ടാവൂ എന്നും ഗ്രൂപ്പുകള്‍ കരുന്നു. സുധാകരനോട് ശക്തമായി എതിര്‍പ്പുണ്ടെങ്കിലും പരസ്യമായി ആരുടേയും പേര് നിര്‍ദ്ദേശിക്കില്ലെന്നും അവര്‍ക്ക് സ്ഥാനം ലഭിച്ചില്ലെങ്കില്‍ അപമാനിക്കപ്പെടുന്നതിന് തുല്ല്യമാകുമെന്നുമാണ് രമേശും ഉമ്മന്‍ ചാണ്ടിയും പറയുന്നത്. എന്നാല്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാക്കളെ ഉപയോഗിച്ച് പരമാവധി കൊടിക്കുന്നില്‍ സുരേഷിനായി ഇവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. കേരളത്തിലെ കേണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ദിശ എവിടേയ്‌ക്കെന്നറിയാന്‍ കെപിസിസി പ്രസിഡന്റ്  പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരും.

Join WhatsApp News
എ സി ജോർജ്. 2021-06-02 08:01:36
ഗ്രൂപ്പുകൾ അല്ല വേണ്ടത്. കോൺഗ്രസ് ആണ് വേണ്ടത്. വളരെ നീണ്ട കാലമായി ഗ്രൂപ്പുകാരും ഗ്രൂപ്പ് ലീഡർ മാരും കോൺഗ്രസിനെ തകർത്തു കൊണ്ടിരിക്കുകയാണ്. എത്ര വമ്പൻ ആയാലും ശരി ഗ്രൂപ്പ് ലീഡർ മാരെ ബഹുമാനപുരസ്സരം മൂലക്കു ഇരുത്തണം.. ഗ്രൂപ്പിൽ ഇല്ലാത്ത ചോറു ചോറു ക്കുള്ള കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടു വരണം. ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കുക. ഇത്രയും എഴുതിയത് കൊണ്ട് എന്നോട് ദയവായി പരിഭവിക്കരുത്. അഥവാ പരിഭവിച്ചാലും എനിക്കൊന്നുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക