Image

ഷൈലജ ടീച്ചര്‍ തുടക്കമിട്ടു;സഭയില്‍ കത്തിക്കയറി ബിജെപി ബാന്ധവം

ജോബിന്‍സ് തോമസ് Published on 01 June, 2021
ഷൈലജ ടീച്ചര്‍ തുടക്കമിട്ടു;സഭയില്‍ കത്തിക്കയറി ബിജെപി ബാന്ധവം
ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത് ബിജെപി ബാന്ധവത്തിന്റെ പേരില്‍. ചര്‍ച്ചയ്ക്ക് തുടക്കമിട്ട മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചറാണ് കേരളത്തില്‍ ബിജെപിയെ വളര്‍ത്തിയതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന പരാമര്‍ശം നടത്തി വെടിക്കെട്ടിന് തിരികൊളുത്തിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പിന്നാലെ സംസാരിച്ചവര്‍ രംഗത്തെത്തിയതോടെ പതിനഞ്ചാം നിയമസഭയില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ആദ്യ ഏറ്റുമുട്ടല്‍ ബിജെപി ബന്ധത്തിന്റെ പേരിലായി.

പിന്നാലെ സംസാരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നാദാപുരം, തവനൂര്‍, അടൂര്‍ എന്നീ മണ്ഡലങ്ങളുടെ പേര് എടുത്തു പറഞ്ഞായിരുന്നു എല്‍ഡിഎഫ് - ബിജെപി വോട്ടുകച്ചവടം നടന്നെന്നു സമര്‍ത്ഥിച്ചത്. പത്തോളം മണ്ഡലങ്ങളില്‍ യുഡിഎഫ് ബിജെപിയുടെ സഹായത്താലാണ് ജയിച്ചതെന്നു പറഞ്ഞ് ഇതിനെ എതിര്‍ത്ത ഭരണ പക്ഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പനച്ചിക്കാട് സേവാഭാരതി ഓഫീസ് സന്ദര്‍ശിക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് ഇതിനെ പ്രതിരോധിച്ചത്. തന്റെ മണ്ഡലത്തിലെ പനച്ചിക്കാട് ക്ഷേത്രം താന്‍ പലപ്പോഴും സന്ദര്‍ശിക്കാറുണ്ടെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. അവിടെ മാര്‍ക്‌സിസ്റ്റ് നേതാക്കളേയും കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇടതു തുടര്‍ഭരണം സംഘപരിവാറിന്റെ ആഗ്രഹമായിരുന്നുവെന്നും യഥര്‍ത്ഥത്തില്‍ ബിജെപിയെ തടഞ്ഞത് ലീഗും കോണ്‍ഗ്രസുമാണെന്നും എന്‍.ഷംസൂദ്ദിന്‍ പറഞ്ഞു. എന്നാല്‍ നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറന്നു കൊടുത്തത് കോണ്‍ഗ്രസാണെന്ന് യു. പ്രതിഭ എംഎല്‍എ ആരോപിച്ചു. ബിജെപി സഹായം ഇല്ലായിരുന്നുവെങ്കില്‍ പത്ത് സീറ്റ് യുഡിഎഫിന് കുറയുമായിരുന്നുവെന്ന് ഡി.കെ മുരളി, മാത്യു ടി. തോമസ് എന്നിവര്‍ പറഞ്ഞു. എന്നാല്‍ പിആര്‍ വര്‍ക്കും ബിജെപി ബന്ധവുമാണ് ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചതെന്ന് ടി.സിദ്ദിഖ് ആരോപിച്ചു. 

നിയമസഭിയലെ തങ്ങളുടെ മെസ്സിയായിരുന്ന എം സ്വരാജിനെ ബിജെപി വോട്ടു വാങ്ങിയാണ് കെ. ബാബു തോല്‍പ്പിച്ചതെന്ന് എ.എന്‍ ഷംസീര്‍ ആരോപിച്ചു. സി.എച്ച് . കുഞ്ചമ്പുവും എ.നൗഷാദും ഈ ആരോപണം ഉന്നയിച്ചതോടെ മറുപടിയുമായി ബാബു എണീറ്റത് തര്‍ക്കത്തിനിടയാക്കി. ഇങ്ങനെ ചര്‍ച്ചയുടെ ആദ്യ ദിനം ബിജെപി ബന്ധം എന്ന വിഷയത്തിന്റെ പേരില്‍ പോര്‍ വിളിക്കുന്ന നേതാക്കളെയാണ് സഭയ്ക്കകത്തു കണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക