Image

കോവിഡ് -32 ഒഴിവാക്കുന്നതിന് കോവിഡ് -19 ന്റെ ഉറവിടം അറിയണം: മുന്നറിയിപ്പ് 

Published on 31 May, 2021
കോവിഡ് -32 ഒഴിവാക്കുന്നതിന് കോവിഡ് -19 ന്റെ ഉറവിടം അറിയണം: മുന്നറിയിപ്പ് 

ഭാവിയിൽ പകർച്ചവ്യാധികൾ തടയുന്നതിനും കോവിഡ് -32 ഒഴിവാക്കുന്നതിനും  കോവിഡ് -19 ന്റെ ഉറവിടത്തെക്കുറിച്ച് സമ്പൂർണ്ണ അന്വേഷണം നടത്തേണ്ടത് നിർണായകമാണെന്ന് ബെയ്‌ലർ കോളജ് ഓഫ് മെഡിസിനിലെ നാഷണൽ സ്‌കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ഡീൻ ഡോ. പീറ്റർ ഹോട്ടസ് വിദഗ്ദ്ധൻ ഞായറാഴ്ച മുന്നറിയിപ്പ് നൽകി.

കോവിഡ് -19 ന്റെ ഉറവിടം പൂർണ്ണമായി മനസ്സിലായില്ലെങ്കിൽ കോവിഡ് -26, കോവിഡ് -32 എന്നിവ ഉണ്ടാകുമെന്ന് ഡോ.ഹോട്ടസ് എൻ‌ബി‌സിയുടെ ' മീറ്റ് ദി പ്രസ്സിൽ' അഭിപ്രായപ്പെട്ടു.
വൈറസ് സ്വാഭാവികമായും മൃഗങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണോ  ചൈനയിലെ വുഹാനിലെ  ലാബിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണോ എന്ന കാര്യത്തിൽ സമഗ്രമായ  അന്വേഷണം നടത്തുന്നതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.

മഹാമാരിയുടെ പ്രഭവകേന്ദ്രമായി ആദ്യം ലോകം അറിഞ്ഞ ചൈനയിലെ വുഹാനിൽ,   യുഎസിൽ നിന്ന്  വിദഗ്ധസംഘത്തെ അയച്ച് ഉള്ളിലേക്ക് കയറി ഒരു അനേഷണം നടത്തി യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവരണമെന്ന ആവശ്യവും ഡോ.ഹോട്ടസ് മുന്നോട്ടുവച്ചു.പൂർണമായൊരു അന്വേഷണം ചൈന അനുവദിക്കില്ലെന്നും  എതിർക്കുമെന്നും  ഹോട്ടസ് സമ്മതിച്ചു. ഈ വർഷം ആദ്യം ലോകാരോഗ്യ സംഘടനയുടെ  ടീമിന്  ബീജിംഗിൽ നിന്നുള്ള ഇടപെടൽ കാരണം സ്വതന്ത്രമായി അന്വേഷണം നടത്താൻ സാധിക്കാതെ വന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയിലെ  മൃഗങ്ങളിലേക്കും  ജനങ്ങളിലേക്കും കടന്നുചെന്ന്  സാമ്പിളുകൾ ശേഖരിക്കുന്നതിനും  ലാബിലേക്ക്  തടസ്സമില്ലാതെ പ്രവേശിക്കുന്നതിനും, അവരുടെ തന്നെ അറിയപ്പെടുന്ന എപ്പിഡെമിയോളജിസ്റ്റുകളെയും വൈറോളജിസ്റ്റുകളെയും ഉൾക്കൊള്ളിച്ചുകൊണ്ടൊരു  സംഘത്തെ  അനുവദിക്കുന്നതിന് ചൈനീസ് സർക്കാരിന്മേൽ  സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്നും 
ഹോട്ടസ് പറഞ്ഞു. 

പൂർണമായും ഇറങ്ങിച്ചെന്നല്ലാതെ ഒരു അന്വേഷണം നടത്തിയാൽ ഉറവിടം മനസിലാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വവ്വാലുകളെ കൂടാതെ സാധ്യത തോന്നുന്ന സകല  മൃഗങ്ങളെയും ആളുകളെയും കുറിച്ച്  വിശദമായ വിശകലനം നടത്തേണ്ടി വരുമെന്നും ആ ദൗത്യം  നടപ്പിലാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ഹോട്ടസ് കൂട്ടിച്ചേർത്തു.

അബദ്ധങ്ങൾ  എക്കാലവും ഉണ്ടായിട്ടുണ്ടെന്ന് മുൻ  എഫ്ഡിഎ മേധാവിയുടെ പരാമർശം 

ലാബുകളിൽ ഗവേഷണത്തിനിടെ അബദ്ധങ്ങൾ സാധാരണമാണെന്നും ചൈനയിലായാലും യു എസിൽ ആയാലും മുൻപും പലവട്ടം ഇത്തരം പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും മുൻ എഫ് ഡി എ മേധാവി ഡോ.സ്കോട്ട് ഗോട്ലീബ് പറഞ്ഞു. കോവിഡിന്റെ ഉറവിടം ചൈനീസ് ലാബ് ആണെന്ന വാദം മുറുകുകയും സമഗ്രമായ അന്വേഷണം വേണമെന്നുള്ള ആവശ്യം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഗോട്ലീബിന്റെ ഈ പരാമർശം. മനുഷ്യനിൽ ബാധിക്കും മുൻപ് കോറോണവൈറസ് വാഹകനായി ഏതെങ്കിലും മൃഗങ്ങൾ മാറിയിരുന്നോ  എന്ന് ശക്തമായി അന്വേഷിച്ചിരുന്നെന്നും, രോഗത്തിന്റെ ഉറവിടം അങ്ങനൊരു മൃഗമാകാൻ ഒരു തരത്തിലും സാധ്യതയില്ലെന്ന നിഗമനത്തിൽ എത്തിച്ചേർന്നിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കോറോണവൈറസ് സ്വാഭാവികമായി ഉത്ഭവിച്ചതാണെന്ന് കരുതാനാകില്ലെന്ന് ഇതിനോടകം മനസിലായതായും മുൻ എഫ് ഡി എ  മേധാവി അഭിപ്രായപ്പെട്ടു. വുഹാൻ ലാബ് അല്ല കോവിഡിന്റെ ഉറവിടമെന്ന് സമർത്ഥിക്കുന്ന തെളിവുകൾ ഉണ്ടെങ്കിൽ ചൈനീസ് ഗവണ്മെന്റ് നല്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ലാബിൽ ഗവേഷണത്തിലേർപ്പെട്ടിരുന്നവരുടെ രക്ത സാമ്പിളുകൾ നൽകാൻ ചൈനീസ് സർക്കാർ വിസമ്മതിച്ചതിനെ ഗോട്ലീബ് കുറ്റപ്പെടുത്തി.
കോവിഡിന്റെ ഉറവിടം മൃഗങ്ങളായാലും ലാബായാലും കോറോണവൈറസിനെ നേരിടേണ്ടതിനെക്കുറിച്ച് ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുണ്ടെന്നും ഉത്ഭവം അറിയുന്നതുകൊണ്ട് പ്രത്യേക മെച്ചമോ മാറ്റമോ ഉണ്ടാകാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂയോർക്കിൽ മെമ്മോറിയൽ ഡേ വീക്കെൻഡിൽ കോവിഡ് കേസുകൾ കുത്തനെ താഴേക്ക് 

ന്യൂയോർക്ക് : ജനുവരിയിൽ 6000 ത്തിനും 7000 ത്തിനും ഇടയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും അനിയന്ത്രിതമായൊരു തരംഗത്തിന്റെ സൂചന ലഭിക്കുകയും ചെയ്തപ്പോൾ പകച്ചുനിന്നിടത്തുനിന്ന്, വെറും അഞ്ച് മാസങ്ങൾകൊണ്ട് അതിശയകരമായ രീതിയിലാണ് രോഗബാധ ന്യൂയോർക്ക് സിറ്റി കുറച്ചുകൊണ്ടുവന്നത്. ശനിയാഴ്ച 298 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് മേയർ ഡി ബ്ലാസിയോയുടെ ഓഫിസ് അറിയിച്ചു. വാക്സിനേഷൻ ഊർജ്ജിതമാക്കിയതിലൂടെയാണ്  ഇങ്ങനൊരു നേട്ടം കൈവരിക്കാനായത്. ഇപ്പോഴും, കൂടുതൽ ആളുകൾ പ്രതിരോധ കുത്തിവയ്പ്പ് നേടാൻ മുന്നിട്ടു വരുന്നതിനുവേണ്ടി പ്രത്യേക പദ്ധതികൾ ഒരുക്കിക്കൊണ്ട് സർക്കാർ പിന്തുണയ്ക്കുന്നു. മരണസംഖ്യ 33,000 കടന്ന ഭീതിത അവസ്ഥയിൽ നിന്ന് വ്യാഴാഴ്‌ച ന്യൂയോർക്ക് സിറ്റിയിലെ മരണനിരക്ക് വെറും പത്തായി കുറഞ്ഞു.
സംസ്ഥാനത്ത് എല്ലായിടത്തും കൂടുതൽ ആളുകൾ വാക്സിൻ നേടിയതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ടെന്ന് ഗവർണർ ആൻഡ്രൂ കോമോ അഭിപ്രായപ്പെട്ടു.ന്യൂയോർക് സിറ്റിയിലെ ആകെ ജനസംഖ്യയായ  8.3 മില്യണിൽ 4.2 മില്യൺ ആളുകൾ കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചിട്ടുണ്ട്. 3.5 മില്യൺ ജനങ്ങൾ പൂർണമായും വാക്സിൻ ഡോസുകൾ എടുത്തുകഴിഞ്ഞു.
ജൂലൈ നാലിനകം ജനസംഖ്യയുടെ 70 ശതമാനത്തെയും വാക്സിനേറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നതായാണ് പ്രസിഡന്റ് ബൈഡൻ പറഞ്ഞിരുന്നത്.എന്നാൽ, എല്ലാ സംസ്ഥാനങ്ങളും വേഗത്തിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയില്ല. യു എസിൽ ഇതുവരെ 166 മില്യൺ ജനങ്ങളാണ് കുറഞ്ഞത് ഒരു ഡോസ് സ്വീകരിച്ചിട്ടുള്ളത്.12-15 വയസ്സുകാർ കൂടി വാക്സിൻ സ്വീകരിക്കാൻ അടുത്തിടെ അർഹത നേടിയതിനാൽ  വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഉടൻ  വർധിക്കുമെന്നാണ് കരുതുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക