Image

ജോലിക്കാരനെ കുടുംബക്കല്ലറിയില്‍ അടക്കുന്നത് വലിയ കാര്യമാണോ ?

ജോബിന്‍സ് തോമസ് Published on 31 May, 2021
ജോലിക്കാരനെ കുടുംബക്കല്ലറിയില്‍ അടക്കുന്നത് വലിയ കാര്യമാണോ ?
കോവിഡ് ബാധിച്ച് മരിച്ച ആരോരുമില്ലാത്ത ജോലിക്കാരനെ തങ്ങളുടെ കുടുംബക്കല്ലറയില്‍ അടക്കിയ ഒരു കുടുംബത്തിന്റെ കഥ ഇന്ന് മലയാള പത്രങ്ങള്‍ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. അപ്പോള്‍ പലരുടേയും മനസസ്സില്‍ ഉയര്‍ന്ന ചോദ്യമാണ് ഇത് ഇത്ര വലിയ കാര്യമാണോ എന്ന് . എന്നാല്‍ തങ്ങളുടെ മാതാപിതാക്കള്‍ അന്തിയിയുറങ്ങ സ്ഥലത്ത് തന്നെ ജോലിക്കാരനും അന്ത്യവിശ്രമത്തിന് അവസരമൊരുക്കിയ മക്കള്‍ ചെയ്തത് മഹത്തായ കാര്യം തന്നെയാണ്. 

ക്രൈസ്തവ കുടുംബങ്ങളെ സംബന്ധിച്ച് കുടുംബക്കല്ലറകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ പ്രിയങ്കരരായ പൂര്‍വ്വീകര്‍ അന്തിയുറങ്ങുന്ന ഇടം. മെഴുകതിരികള്‍ അണയാത്ത,  പ്രാര്‍ത്ഥനകള്‍ മുടങ്ങാത്ത കുടുംബക്കല്ലറകള്‍ ഇന്നും ഇടവക സെമിത്തേരികളിലെ സ്ഥിരം കാഴ്ചകളാണ്. ജീവിതത്തിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ദേവാലയത്തിലെത്തി പ്രാര്‍ത്ഥനകളിലൂടെ ദൈവത്തെ അറിയിച്ച ശേഷം മക്കള്‍ നേരെ പോകുന്നത് തങ്ങളുടെ മാതാപിതാക്കള്‍ ഉറങ്ങുന്ന കുടുംബക്കല്ലറകളുടെ അടുത്തേയ്ക്കാണ് അവിടെ ചെന്ന് അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനൊപ്പം തങ്ങളുടെ പ്രശ്‌നങ്ങളുടേയും പ്രതിസന്ധികളുടേയും കഥകള്‍ കൂടി അവരുടെ മുമ്പില്‍ അഴിച്ചു വയ്ക്കും അപ്പോള്‍ കിട്ടുന്ന ആശ്വാസം, അവര്‍ ഒപ്പമുണ്ടെന്ന തോന്നല്‍ പ്രതിസന്ധികളെ ചവിട്ടിമെതിച്ച് മുന്നോട്ട് പോകാന്‍ മക്കള്‍ക്ക് നല്‍കുന്ന ആത്മധൈര്യം ചെറുതല്ല.

കോവിഡ് ബാധിച്ച് മരിച്ച ദേവസ്യായെയാണ് കണ്ണൂര്‍ ചെറുപുഴ രാജഗിരി ഇടവകയില്‍ കളപ്പുരയ്ക്കല്‍ കുടുംബത്തിന്റെ കുടുംബക്കല്ലറയില്‍ സംസ്‌ക്കരിച്ചത്. കളപ്പുരയ്ക്കല്‍ മൈക്കിള്‍ - ത്രേസ്യാമ്മ ദമ്പതികള്‍ക്കൊപ്പം വളരെ ചെറുപ്പത്തിലെ ഈ കുടുംബത്തില്‍ ജോലിക്കെത്തിയതാണ് ദേവസ്യ. അവിവാഹിതനാണ് ഇദ്ദേഹം. ദേവസ്യാപ്പിയെന്നാണ് ഇദ്ദേഹത്തെ കുടുംബാംഗങ്ങള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. മൈക്കിള്‍- ത്രേസ്യാമ്മ ദമ്പതികള്‍ക്ക് പത്തുമക്കളാണ്. മാതാപിതാക്കളുടെ മരണശേഷം ദേവസ്യാപ്പിയെ കരുവഞ്ചാലിലെ അഗതി മന്ദിരത്തില്‍ പ്രത്യേക മുറിയൊരുക്കിയാണ് ഇവര്‍ സംരക്ഷിച്ചിരുന്നുത്. 

ഇദ്ദേഹം കോവിഡ് വന്നു മരിച്ചതോടെ കളപ്പുരയ്ക്കല്‍ കുടുംബത്തിലെ പത്ത് മക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി തങ്ങളുടെ കുടുംബക്കല്ലറയില്‍ സംസ്‌ക്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജോലിക്കാരനെയെന്നല്ല ബന്ധുക്കള്‍ മരിച്ചാല്‍പ്പോലും സ്വന്തം കുടുംബക്കല്ലറയില്‍ സംസ്‌ക്കരിക്കാന്‍ മടിക്കുന്ന കാലത്താണ് ജീവിതവഴിയില്‍ തങ്ങള്‍ക്കു തുണയായ ദേവസ്യാപ്പിക്ക് ഇവര്‍ എല്ലാ ബഹുമാനത്തോടും കൂടെ അന്ത്യവിശ്രമത്തിന് ഇടമൊരുക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക