Image

വാക്‌സിനെതിരെ പ്രചാരണം നടത്തിയ കൊളറാഡോ ഡെപ്യൂട്ടി കോവിഡിന് കീഴടങ്ങി

Published on 29 May, 2021
വാക്‌സിനെതിരെ പ്രചാരണം നടത്തിയ കൊളറാഡോ   ഡെപ്യൂട്ടി കോവിഡിന് കീഴടങ്ങി
ഡെൻവർ ഷെറീഫ് ഡിപ്പാർട്മെന്റിലെ ഡെപ്യൂട്ടി ആയിരുന്ന ഡാനിയേൽ ട്രുജിലോ (33) കോറോണവൈറസ് വാക്സിന്റെ ഫലപ്രാപ്തിയെ വിമർശിച്ചും മാസ്ക് ധരിക്കുന്നതിനെ പരിഹസിച്ചും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്ന വ്യക്തിയാണ്. എന്നാൽ, കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കോവിഡ് പിടിപെടുകയും വാക്സിൻ സ്വീകരിക്കാതിരുന്നതുകൊണ്ട് രോഗം സങ്കീർണമായി മരണപ്പെടുകയും ചെയ്തത് ഭാര്യയും രണ്ടു പൊടിക്കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന് തീരാവേദനയായി.
മേയ് 7 നു ട്രുജിലോ പങ്കുവച്ചിരുന്ന പോസ്റ്റിൽ അദ്ദേഹത്തിന്റെ ശരീരത്തിലെ പ്രതിരോധ സംവിധാനം മികച്ചതാണെന്നും വാക്സിൻ നേടേണ്ട ആവശ്യമില്ലെന്നുമാണ് കുറിച്ചിരുന്നത്. നീണ്ട ക്യുവിന് പിന്നിൽ കാത്തുനിന്ന് വാക്സിൻ സ്വീകരിക്കുന്നവരോട് അവിടെ പുതിയ ഐഫോൺ ഒന്നും വിൽക്കുന്നില്ലല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്. ആദ്യമാദ്യം ഏത് വസ്തു വിപണിയിൽ എത്തിയാലും അതിന് ഒരുപാട് കുറ്റങ്ങളും കുറവുകളും ഉണ്ടായിരിക്കുമെന്ന് ചരിത്രത്തിലെ ഉദാഹരണങ്ങളിൽ നിന്ന് വ്യക്തമാണെന്നും  അത്തരം പരീക്ഷണങ്ങൾക്ക് സ്വന്തം ശരീരം ബലികൊടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ഷെറീഫ് ഡിപാർട്മെന്റിലെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ മുൻനിര പ്രവർത്തകർക്കുള്ള മുൻഗണന പട്ടികയിൽ ഉണ്ടാതിരുന്നതിനാൽ, പ്രതിരോധ കുത്തിവയ്പ്പ് നേടുന്നതിന് വളരെ മുൻപേ അവസരം ലഭിക്കുമായിരുന്ന ആളാണ് ട്രുജിലോ. ഏപ്രിൽ 2020 മുതൽ ഇവിടെ ജയിൽപുള്ളികൾക്കിടയിൽ 1261 കോവിഡ്  കേസുകളും സ്റ്റാഫിനിടയിൽ 107 കേസുകളും  റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ജാഗ്രത ആവശ്യമാണ്. ജീവനക്കാരിൽ ആരൊക്കെ വാക്സിൻ സ്വീകരിച്ചു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ഡിപ്പാർട്മെന്റിന്റെ കൈവശമില്ല. പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കണോ  വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ജീവനക്കാരെ നിർബന്ധിക്കാറില്ലെന്നുമാണ് ഡിപ്പാർട്മെന്റ്  വക്താവിന്റെ പ്രതികരണം

കോവിഡിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിൽ വഴിത്തിരിവ്; വുഹാൻ ലാബിലെ ഗവേഷകരെ വവ്വാൽ കടിച്ചിരുന്നെന്ന് സമ്മതിച്ചതായി റിപ്പോർട്ട് 

ലോകത്ത് ആദ്യ  കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുൻപ് വുഹാൻ വൈറോളജി ലാബിലെ ഗവേഷകർക്ക് രോഗം പിടിപ്പെട്ടിരുന്നു എന്ന റിപ്പോർട്ടാണ്  കോവിഡ് ഉത്ഭവിച്ചത് ലാബിൽ നിന്നാകാമെന്ന സംശയം ബലപ്പെടുത്തിയത്. എന്നാൽ, ലാബിൽ വവ്വാലുകളെ  കൈകാര്യം ചെയ്യുന്നതിനിടയിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ മാസ്ക്, പിപിഎ കിറ്റ്, കയ്യുറ എന്നിങ്ങനെ യാതൊന്നും  ധരിക്കാതിരുന്നതാണ് ഗവേഷകർ തങ്ങൾക്ക് സംഭവിച്ച വീഴ്ചയായി ചൂണ്ടിക്കാണിച്ചത്.പരീക്ഷണത്തിനിടെ വവ്വാൽ കടിച്ചതായും ഗവേഷകർ സമ്മതിച്ചു. തായ്‌വാൻ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
 വവ്വാലിന്റെ  കടിയേൽക്കുന്ന ദൃശ്യങ്ങൾ ചൈന പുറത്തുവിട്ടിരുന്നത്രെ. ഗവേഷണത്തിൽ ഏർപ്പെടും മുൻപ് ഓരോരുത്തരും റാബീസ് വാക്സിൻ സ്വീകരിച്ചിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ഗവേഷണത്തിനിടയിൽ ഗൗരവ പ്രത്യാഘാതങ്ങൾ ഒന്നും ഉണ്ടാകാറില്ലെന്നും അതിനാൽ തന്നെ ഒരുപാട് മുൻകരുതലും ശ്രദ്ധയും ചെലുത്താറില്ലെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
വവ്വാലിനെ വച്ചുള്ള പരീക്ഷണങ്ങളും കോവിഡിന്റെ ഉത്ഭവവുമായി ബന്ധമുണ്ടോ എന്ന് ട്രംപ് ഭരണകൂടം പലകുറി സംശയം ഉന്നയിച്ചിരുന്നു.
കോവിഡിന്റെ ഉറവിടം അറിയാൻ , പ്രസിഡന്റ് ബൈഡൻ 90 ദിവസത്തെ അന്വേഷണ ഉത്തരവാണ് യു എസ് ചാരസംഘടനകൾക്ക് നൽകിയിരിക്കുന്നത്. നവംബർ 2019 ൽ വുഹാൻ ലാബിലെ മൂന്ന് ജീവനക്കാർക്ക് കോവിഡ് ബാധിച്ചിരുന്നെന്നുള്ള യു എസ് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതോടെയാണ് ബൈഡൻ അന്വേഷണം ലാബ് കേന്ദ്രീകരിച്ച് നടത്താനുള്ള  തീരുമാനം കൈക്കൊണ്ടത്. ലാബിലൂടെയാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത് എന്ന തരത്തിലെ വാർത്തകളുടെ ലിങ്കിന് ഫേസ്‌ബുക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്.

ചൈനയ്‌ക്കെതിരെ കേസെടുക്കാൻ അനുവദിക്കുന്നതിനുള്ള ബില്ലിനായി ഹൗസിലെ കക്ഷികൾ ഒരുമിച്ചു 

 കൊറോണവൈറസിന്റെ ഉത്ഭവം  മറച്ചുവെച്ചതുമൂലം ഉണ്ടായ നാശനഷ്ടങ്ങൾക്കും മറ്റും  മഹാമാരിക്ക്  ഇരയായ  കുടുംബങ്ങളെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ കേസെടുക്കാൻ അനുവദിക്കുന്നതിന് ബില്ലുകൾക്കായി ഹൗസ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും വെള്ളിയാഴ്ച  ഒത്തുചേർന്നു.

അഞ്ച് ഡെമോക്രാറ്റുകളും അഞ്ച് റിപ്പബ്ലിക്കൻമാരും ചേർന്നാണ് ഇതിനായുള്ള  ആദ്യത്തെ ബിൽ  (മേഡ് ഇൻ അമേരിക്ക എമർജൻസി പ്രിപേഡ്നസ് ആക്ട്)
അവതരിപ്പിച്ചത്. കോവിഡിന്റെ ഉറവിടം അന്വേഷിക്കാൻ 9/11 രീതിയിലുള്ള കമ്മീഷൻ സ്ഥാപിക്കും.
കഴിഞ്ഞ ഏപ്രിലിൽ റിപ്പബ്ലിക് ബ്രയാൻ ഫിറ്റ്‌സ്‌പാട്രിക്കാണ്  ഈ നിയമം ആദ്യമായി അവതരിപ്പിച്ചത്.
ബില്ലുകളെക്കുറിച്ച് അഭിപ്രായം എന്താണെന്നത് സംബന്ധിച്ച്  വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.

കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള രഹസ്യാന്വേഷണത്തിന്  ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെടുന്ന നടപടിയെ സെനറ്റ് ഏകകണ്ഠമായി അംഗീകരിച്ചതിന് ശേഷമാണ് ഉഭയകക്ഷി ശ്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്.
 നടപടി ഹൗസ്  പാസാക്കുകയും ബൈഡൻ  നിയമത്തിൽ ഒപ്പിടുകയും ചെയ്താൽ, ദേശീയ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിലേക്ക് ചൈനീസ് ലാബ് കേന്ദ്രീകരിച്ചുള്ള  അന്വേഷണച്ചുമതല കൈമാറും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക