Image

ന്യൂനപക്ഷ ക്ഷേമം വീണ്ടും സര്‍ക്കാരിന് കീറാമുട്ടിയാകുന്നു

ജോബിന്‍സ് തോമസ് Published on 29 May, 2021
ന്യൂനപക്ഷ ക്ഷേമം വീണ്ടും സര്‍ക്കാരിന് കീറാമുട്ടിയാകുന്നു
ഈ സര്‍ക്കാാര്‍ അധികാരത്തിലെത്തി ആദ്യം തന്നെ എടുത്ത ശ്രദ്ധിക്കപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി  ഏറ്റെടുത്തത്. മുസ്ലീം സമുദായത്തില്‍ നിന്നുള്ള മന്ത്രിമാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഈ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തപ്പോള്‍ പ്രതീക്ഷിച്ചത് ശക്തമായ പ്രതിഷേധമായിരുന്നെങ്കിലും ചില കോണുകളില്‍ നിന്നുയര്‍ന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളില്‍ ഇതൊതുങ്ങി. 

എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യം തന്നെ സര്‍ക്കാരിന് വെല്ലുവിളിയാകുന്ന വിഷയവും ന്യൂനപക്ഷ ക്ഷേമം തന്നെ ആയി മാറുകയാണ്. ന്യൂനപക്ഷ ആനുകൂല്ല്യങ്ങള്‍ നല്‍കുന്നതിലെ 80 : 20  അനുപാതം റദ്ദാക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുകയാണ്. ക്രിസ്ത്യന്‍ - മുസ്ലീം സമുദായങ്ങള്‍ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ അടക്കം വാഗ്വാദങ്ങള്‍ നടക്കുന്ന വിഷയമാണിത്. 

 രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി ഇതിനകം മാറിക്കഴിഞ്ഞതാനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏത് നിലപാടും വിവാദമാകും. ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ അത് മുസ്ലീം സമുദായത്തില്‍ നിന്നും ശക്തമായി എതിര്‍പ്പായിരിക്കും ക്ഷണിച്ചു വരുത്തുക. എല്‍ഡിഎഫ് ഘടക കക്ഷിയായ ഐഎന്‍എല്‍ ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പുന്നയിക്കാനും സാധ്യതയുണ്ട്. 

ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ അത് കോടതിയലക്ഷ്യമാവും അല്ലെങ്കില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണം. ഇത് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും എതിര്‍പ്പിനും പ്രതിഷേധത്തിനുമിടയായാക്കും. ഇങ്ങനെ ഏതു നിലപാടെടുത്താലും അത് ഒരു സമുദായത്തെ പിണക്കലും മറുസമുദായത്തെ പരസ്യമായി ഒപ്പം നിര്‍ത്തലുമാകും. 

ശബരിമല വിഷയത്തില്‍ ഇത്തരമൊരു സന്നിഗ്ദഘട്ടമുണ്ടായപ്പോള്‍ കോടതി വിധിക്കൊപ്പം നിലപാടെടുക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. അത്തരമൊരു നിലപാട് തന്നെയാണ് ഇവിടെയും സര്‍ക്കാരില്‍ നിന്നുണ്ടാകാന്‍ കൂടുതല്‍ സാധ്യത. 

നിലിവില്‍ ഈ വിഷയത്തില്‍ നിയമവകുപ്പിന്റെ ഉപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. എന്തായാലും സര്‍ക്കാരിന്റെ മധുവിധു ദിവസങ്ങളില്‍ തന്നെ ഇത്തരമൊരു കീറാമുട്ടി സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക