Image

ഷിബു അവധിയിലോ അതോ പ്രതിഷേധത്തിലോ

ജോബിന്‍സ് തോമസ് Published on 29 May, 2021
ഷിബു അവധിയിലോ അതോ പ്രതിഷേധത്തിലോ
 നിയസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷമുണ്ടായ കാറും കോളും യുഡിഎഫ് രാഷ്ട്രീയത്തിലടങ്ങിയിട്ടില്ല. ഇതിനിടയിലാണ് മറ്റൊരു വാര്‍ത്തയെത്തുന്നത്. യുഡിഎഫിലെ പ്രബലനായ നേതാവ് ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കുക്കയാണെന്ന് കാട്ടി ആര്‍എസ്പി സംസ്ഥാന നേതൃത്വത്തിന് കത്തു നല്‍കി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെടുക്കുന്നതെന്നാണ് വിശദീകരണം. 

എന്നാല്‍ ഇന്നലെ വരെ യുഡിഎഫിന്റെ ഉറച്ച ശബ്ദമായിരുന്ന ഷിബുവിനെപ്പോലൊരാള്‍ ഇന്ന് പെട്ടന്ന് അവധിക്കപേക്ഷ നല്‍കുമ്പോള്‍ കാരണങ്ങള്‍ വ്യക്തിപരം എന്ന വിശദീകരണം പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയില്ല. മാത്രമല്ല ഷിബു ബേബി ജോണ്‍ ജയമുറപ്പിച്ച് മത്സരിച്ച ചവറ സീറ്റിലെ തോല്‍വിക്ക് ശേഷമാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്. അന്തരിച്ച എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയന്‍ പിള്ളയോടായിരുന്നു ഷിബു ബേബി ജോണ്‍ പരാജയപ്പെട്ടത്. 

തെരഞ്ഞെടുപ്പ് തോല്‍വി മുതലെ ഷിബു ബേബി ജോണ്‍ അസ്വസ്ഥനായിരുന്നു. ആര്‍എസ്പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വോട്ട് ചോര്‍ച്ചയുണ്ടായി എന്ന ആരോപണം അന്നേ ഷിബു ബേബി ജോണ്‍ ഉന്നയിച്ചിരുന്നു. ആളുകള്‍ സമുദായത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടുചെയ്യുന്ന ഉത്തരേന്ത്യന്‍ രീതിയീലാണ് കാര്യങ്ങളെന്നും ചവറയില്‍ യുഡിഎഫ് അനുഭാവികളെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞ ഷിബു സമയ ബന്ധിതമായി തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും  പറഞ്ഞിരുന്നു. 

തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ നിന്നും ഷിബു വിട്ടു നിന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തുകൊണ്ട് രാഷ്ട്രീയത്തില്‍ നിന്നുള്ള താല്‍ക്കാലിക പിന്മാറ്റം. വ്യക്തിപരമാണ് പ്രശ്‌നങ്ങള്‍ എന്നു പറയുമ്പോഴും ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നെങ്കില്‍ ഈ അവധിയെടുക്കല്‍ ഉണ്ടാകുമായിരുന്നോ ?  രാഷ്ട്രീയത്തില്‍ നിന്നു തന്നെ പിന്മാറേണ്ട വിധത്തില്‍ പ്രശ്‌നങ്ങള്‍ നിറഞ്ഞു നിന്ന സമയത്തായിരുന്നോ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ?

എന്തായാലും തന്റെ പരാജയത്തില്‍ പാര്‍ട്ടിക്കും യുഡിഎഫിനും പങ്കുണ്ടെന്ന വെളിപ്പെടുത്തലും ഒപ്പം ഇതിനോടുള്ള പ്രതിഷേധവുമാണ് ഈ അവധിയെടുപ്പിലെന്ന് വ്യക്തം. മാത്രമല്ല ആര്‍എസ്പിയെ ഏറെ നാളായി എല്‍ഡിഎഫ് നോട്ടമിടുന്നുമുണ്ട്. ഇനി ഷിബു ഒറ്റയ്ക്ക് എല്‍ഡിഎഫിലേയ്‌ക്കെത്തുമോ അതിനുള്ള നീക്കത്തിന്റെ ആദ്യഘട്ടമാണോ ഈ അവധിയെടുക്കല്‍ എന്നതും വഴിയെ കണ്ടറിയേണ്ടതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക