Image

മുല്ലപ്പള്ളിയുടെ പിണക്കവും ഓടിയൊളിക്കലുകളും

ജോബിന്‍സ് തോമസ് Published on 29 May, 2021
മുല്ലപ്പള്ളിയുടെ പിണക്കവും ഓടിയൊളിക്കലുകളും
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇങ്ങനെയൊക്കെ പിണങ്ങാമോ എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷവും മുല്ലപ്പള്ളി പിടിച്ചു നിന്നതായിരുന്നു. ഉത്തരവാദിത്വം കെപിസിസി പ്രസിഡന്റിന് മാത്രമല്ല എന്ന നിലപാടായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്. എന്നാല്‍ അപകടം മണത്തു തുടങ്ങിയത് പ്രതിപക്ഷനേതാവിന്റെ കാര്യം വന്നതോടെയാണ്. എല്ലാവരേയും അവണിച്ച് ഹൈക്കമാന്‍ഡ് തലമുറമാറ്റം എന്ന തീരുമാനം നടപ്പിലാക്കിയതോടെ ഇനി രക്ഷയില്ല എന്ന് മുല്ലപ്പള്ളിക്കും മനസ്സിലായി. 

പക്ഷെ അദ്ദേഹത്തിന് വിഷമമുണ്ടായത് അപ്പോഴല്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും പാര്‍ട്ടി സംവിധാനത്തിലെ വീഴ്ചയാണ് പരാജയത്തിന് കാരണമെന്നും എഐസിസി അനേഷണ സമിതിക്കു മുമ്പില്‍ രമേശ് ചെന്നിത്തല പറഞ്ഞതാണ് മുല്ലപ്പള്ളിയുടെ ചങ്കില്‍ കൊണ്ടത്. 'ബ്രൂട്ടസേ നീയും' എന്നു പറഞ്ഞു കൊണ്ട് മുല്ലപ്പള്ളി രാജിക്കത്ത് നല്‍കി. 

തുടര്‍ന്ന് നടന്ന യുഡിഎഫ് യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുത്തില്ല. കാരണം പറഞ്ഞതാവട്ടെ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ച സ്ഥിതിക്ക് ഇനി പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് . ഇത് തന്നെ അര്‍ത്ഥമില്ലാത്ത വാദമാണ്. കാരണം പാര്‍ട്ടിക്ക് കനത്ത പരാജയം ഉണ്ടായ സമയത്തെ കെപിസിസി പ്രസിഡന്റായിരുന്നു മുല്ലപ്പള്ളി. മാത്രമല്ല അടുത്ത പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ ചുമതല അദ്ദഹത്തിന് തന്നെയാണ്. പല ബൂത്തുകളിലും സ്ലിപ്പ് കൊടുക്കാന്‍ പോലും ആളില്ലായിരുന്നുവെന്ന മുന്‍ പ്രതിപക്ഷനേതാവ് തന്നെ ഉന്നയിച്ച ആരോപണങ്ങള്‍ ഒരുവശത്ത്, ഈ സാഹചര്യത്തില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. ഇതായിരുന്നു മുല്ലപ്പള്ളിയുടെ ആദ്യ ഓടിയൊളിക്കല്‍.

പിന്നെ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ ഹൈക്കമാന്‍ഡ്  നിയോഗിച്ച  അശോക് ചവാന്‍ സമിതിക്ക് മുമ്പില്‍ ഹാജരാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. തനിക്ക് പറയാനുള്ളത് സോണിയാഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി കൂടുതലറിയണമെങ്കില്‍ സോണിയാഗാന്ധിക്ക് കൊടുത്ത കത്തിന്റെ ഒരു കോപ്പി താരം വായിച്ച് മനസ്സിലാക്കിക്കോളാനും പറഞ്ഞു. 

കോണ്‍ഗ്രസിലായത് കൊണ്ട് ഇതൊക്കെ നടക്കും. പാര്‍ട്ടി പ്രസിഡന്റ് തന്നെ അച്ചടക്ക മാത്യക കാണിച്ച് കൊടുക്കുമ്പോള്‍ അണികളുടെ കാര്യം പറയണോ എന്തായാലും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന മുല്ലപ്പള്ളിയുടെ ഈ ഓടിയൊളിക്കലുകള്‍ ശരിയല്ല. 

Join WhatsApp News
George Neduvelil 2021-05-29 15:02:17
ജോബിൻസിൻറ്റെ കുറിപ്പിൻറ്റെ അവസാനത്തെ ഭാഗം വളരെ പ്രസക്തമാണ്. കോൺഗ്രസ്സിലായതുകൊണ്ട് ഇതൊക്കെ - ഉമ്മൻ ചാണ്ടിയുടെയും, രമേശിൻറ്റേയും, മുല്ലപ്പള്ളിയുടെയും പിത്തലാട്ടങ്ങൾ - നടക്കുന്നു. ജോബിൻസ് പറയാൻവിട്ടുപോയ ഒരു പ്രധാന കാര്യം പറയാതെ വയ്യ. കോൺഗ്രസ്സിലായതുകൊണ്ട് സോണിയായുടെയും സന്തതികളുടെയും തന്നിഷ്ടങ്ങൾ തകർക്കുന്നു. അത് പാർട്ടിയെ തകർക്കുന്നു. കോൺഗ്രസ്സിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കുടുംബവാഴ്ച്ചക്കെതിരെ ഉമ്മനോ, രമേശോ, മുല്ലപ്പള്ളിയോ വായ് തുറക്കാൻ എന്തുകൊണ്ട് ഭയപ്പെടുന്നു? അവരൊക്കെ അതിൻറ്റെ ഗുണഭോക്താക്കൾ ആയതുകൊണ്ടായിരിക്കാം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക