Image

കോവിഡ് സൗഖ്യത്തിന് ഹോമിയോ ചികിൽസ : ആൻസി സാജൻ

Published on 28 May, 2021
കോവിഡ് സൗഖ്യത്തിന് ഹോമിയോ ചികിൽസ : ആൻസി സാജൻ
കോവിഡിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചില കാര്യങ്ങൾ ആലോചിക്കുവാൻ തോന്നുന്നു. കൃത്യമായ ഒരു മരുന്ന് പ്രയോഗിച്ച് ഈ വൈറസിനെ തുരത്താൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയാതെ വന്നിരിക്കുന്നു. മാസ്ക് അണിയലും അടച്ചുപൂട്ടലും വാക്സിനേഷനുമാണ് നിലവിൽ പ്രതിരോധ മാർഗ്ഗങ്ങൾ.വാക്സിൻ ദൗർലഭ്യംമൂലം അത് കാൽഭാഗം ജനങ്ങളിൽ പോലും എത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. ജനസംഖ്യാപ്പെരുപ്പം കൂടിയ ഇന്ത്യ പോലെയൊരു രാജ്യത്ത് രോഗവ്യാപന സാധ്യത ഉയർന്നു നിൽക്കുമ്പോഴും ഇവിടുത്തെ പൗരൻമാർക്ക് ഓരോരുത്തർക്കും വാക്സിൻ എത്ര കാലത്തിനകം ലഭ്യമാകും എന്നും ആർക്കും അറിയില്ല. നിലവിലെ വാക്സിനുകളുടെ പ്രവർത്തനശേഷിയെപ്പറ്റിയും തർക്കങ്ങളുണ്ട്. പ്രാണവായുവിനായി കിതക്കുന്ന ജനത ആശുപത്രികളിൽ പ്രവേശനമില്ലാതെ ശ്വാസകോശം ജീർണിച്ച് മരണത്തിലേക്ക് പോകുകയാണ്. ബഹുമാനിതമായ ഒരു മൃതസംസ്ക്കാരം പോലും നിസ്സഹായനായ മനുഷ്യന് നിഷേധിക്കപ്പെടുന്ന അവസ്ഥ.
നിപ്പ വന്നപ്പോഴും മഞ്ഞപ്പിത്തം പടരുമ്പോഴും കോവിഡ് സമയത്തുമൊക്കെ ഫലപ്രദമായ മരുന്ന് നിർദ്ദേശിക്കാനും ചികിൽസനടത്താനും അലോപ്പതി വൈദ്യത്തിന് കഴിയാതെ വരുമ്പോഴെല്ലാം ഹോമിയോ വിഭാഗക്കാർ തങ്ങളുടെ പക്കൽ മരുന്നുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തുന്നു. എന്നാൽ ആ വിഭാഗത്തെ അവഗണിക്കാനാണ് എല്ലാവർക്കും താൽപ്പര്യം. ആധുനിക മരുന്നുകൾ നിസ്സഹായതയോടെ നിൽക്കുന്നിടത്ത് എന്നും എപ്പോഴും പറഞ്ഞ കാര്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ഹോമിയോ ശാസ്ത്രവിഭാഗം. മരുന്നു പരീക്ഷണങ്ങൾ നടത്തി പരാജയപ്പെടുമ്പോൾ അവ പിൻവലിച്ച് അടുത്തതിറക്കി മനുഷ്യരെ പരീക്ഷണവസ്തുവാക്കുകയാണ് ആദ്യവിഭാഗം ചെയ്യുന്നത്. എന്നാൽ തങ്ങൾ മരുന്നു തരാം , അസുഖം മാറ്റാം എന്നു പറയുന്നവരെ അംഗീകരിക്കാൻ അവർ കൂട്ടാക്കുന്നുമില്ല.
കേരളത്തിൽ ഹോമിയോ മെഡിക്കൽ കോളേജുകളുണ്ട്. മികച്ച ഗവേഷണ കേന്ദ്രങ്ങളുണ്ട് , ആശുപത്രികളും ഡിസ്പൻസറികളുമുണ്ട്. ഇവയുടെയെല്ലാം നടത്തിപ്പിന്  ആളും വ്യയങ്ങളും സർക്കാർ നിർവ്വഹിക്കുന്നുമുണ്ട്.
കേരളത്തിലെ മികച്ച വിദ്യാർത്ഥികൾ അണിനിരക്കുന്ന പൊതുപ്രവേശന പരീക്ഷയിലൂടെ കടന്നു വന്ന് ബി.എച്ച്.എം.എസ്സ് ബിരുദം നേടുന്നവരാണ് ഇവിടുത്തെ ഹോമിയോ ഡോക്ടർമാർ. അവരുടെ നിർദ്ദേശങ്ങൾ  ചെവിക്കൊള്ളാനും ചർച്ച ചെയ്യാനും നടപ്പാക്കാനുമുള്ള മനസ്സ് കാണിക്കാത്തതെന്തെന്ന് മനസ്സിലാകുന്നില്ല. ഇംഗ്ലീഷ് മരുന്നുകൾ പരീക്ഷിച്ച് പരീക്ഷീണരാകാനും സാമ്പത്തിക ക്ലേശങ്ങളനുഭവിക്കാനും തയാറാകുന്ന ആളുകൾ ഈ ചികിൽസാരീതിയെ ഉപേക്ഷിക്കുന്നതെന്തുകൊണ്ടാണ് ?
നിലവിൽ കോവിഡിനെതിരെ ഹോമിയോ മരുന്നു കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി കാണാം. കോവിഡ് രോഗികളും ഇത് കഴിക്കുകയും സുഖപ്പെടുകയും ചെയ്യുന്നുണ്ടെന്ന് രഹസ്യമായ കണക്കുകൾ പറയുന്നു. വിപരീത പാർശ്വഫലങ്ങളില്ലാത്ത ഈ ചികിൽസപ്രകാരം കോവിഡിന്റെ തുടക്കം മുതൽ പ്രതിരോധ മരുന്ന് കഴിക്കുന്നവർ ധാരാളമായുണ്ട്. ഓരോ മികച്ച ഹോമിയോ ചികിൽസകർക്കും പറയാൻ അത്തരം അനുഭവങ്ങൾ ഒരുപാടുണ്ട്താനും.
പഞ്ചായത്ത് ,സന്നദ്ധ സംഘടനകൾ വീട് തോറും ഹോമിയോ മരുന്ന് വിതരണം നടത്തുന്നുണ്ടിപ്പോൾ. 
കോവിഡിന്റെ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തെ ഡോ.ബി.ആർ. ബിന്ദുവുമായി നടത്തിയ അഭിമുഖം ഇ - മലയാളിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഒരുപാട് ആളുകൾ അത് വായിക്കുകയും പങ്കുവെയ്ക്കുകയും ചെയ്തു. ഇന്ന് ഡോക്ടർ ബിന്ദുവിനെ വിളിക്കുകയുണ്ടായി. തങ്ങൾ പറഞ്ഞയിടത്ത് ഇപ്പഴും ഉറച്ചുനിൽക്കുന്നു. അംഗീകാരം പിടിച്ചടക്കാനല്ല മനുഷ്യർ മരിച്ചു വീഴുന്ന ദുരവസ്ഥ മറികടക്കാനാണ്  ശ്രമങ്ങളെന്ന് ഡോ. ബിന്ദു ഇന്നും വ്യക്തമാക്കി.
ഗവേഷണങ്ങളും ആശയ സംവാദങ്ങളുമായി സജീവമാണ് ഹോമിയോ ശാസ്ത്ര ലോകം. ഇന്ത്യയിലെ മികച്ച ചികിൽസകരുൾപ്പെട്ട അന്താരാഷ്ട്ര വെബിനാറുകൾ ദിവസേനയെന്നോണം അവർ സംഘടിപ്പിക്കുന്നുണ്ട്. ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു.
കൂടുതൽ പേർ തങ്ങളുടെ രക്ഷയ്ക്കായി ഹോമിയോ മരുന്നിൽ ആശ്രയം തേടുന്നുണ്ട്. പക്ഷേ അത് കണക്കുകളിൽ ഇടം പിടിക്കുന്നില്ല.
രോഗവ്യാപനത്തോത് കുറയുമ്പോഴും മരണനിരക്ക് കൂടുന്ന അവസ്ഥയിലാണിന്ന് കേരളവും. നീണ്ടു നിൽക്കുന്ന ലോക്ഡൗൺ സാധാരണക്കാരന്റെ ജീവിതത്തിനു ഭീഷണിയുമാണ്. നിരാശയുടെയും ആശങ്കയുടേതുമായ ഈ ഭീഷണകാലം കടന്നുപോകേണ്ടതുണ്ട്. സാമ്പത്തിക , മത താൻപ്രമാണിത്തങ്ങൾ കൈവെടിഞ്ഞ മനുഷ്യന് ശാസ്ത്ര സത്യങ്ങൾ തുണയായി നിൽക്കേണ്ടതുണ്ട്. അവയൊക്കെ പ്രയോഗത്തിലാക്കാൻ കഴിവുള്ള സർക്കാർ നടപടികളാണ് ജനം പ്രതീക്ഷിക്കുന്നത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക