Image

ബാബാ രാംദേവിന് എന്തും പറയാം

ജോബിന്‍സ് തോമസ് Published on 27 May, 2021
ബാബാ രാംദേവിന് എന്തും പറയാം
അലോപ്പതിയേയും അലോപ്പതി ഡോക്ടര്‍മാരേയും ബാബാ രാംദേവ് ഒന്നടങ്കം ആക്ഷേപിച്ചതോടെ തുടങ്ങിയ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. രാജ്യം മഹാമാരിക്കെതിരെ പോരാടുമ്പോള്‍ ജീവന്‍ പോലും പണയംവെച്ച് അതിന്റെ മുന്നണിപ്പോരാളികളായി നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ രാംദേവ് ആക്രോശിക്കുമ്പോള്‍ നടപടിയില്ലാത്തതാണ് ജനത്തെ അത്ഭുതപ്പെടുത്തുന്നത്. 

സാധാരണ ഒരു ഡോക്ടര്‍ക്കെതിരെയുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് ഐഎംഎയാണ് എന്നാല്‍ ഇത്തവണ ഐഎംഎയ്‌ക്കെതിരെയാണ് രാംദേവിന്‍െ വെല്ലുവിളി. അലോപ്പതി വിഢിത്തമാണെന്നും അലോപ്പതി ചികിത്സ മൂലം ഒരുപാട് ആളുകള്‍ മരിച്ചെന്നുമായിരുന്നു രാംദേവിന്റെ ആദ്യ പ്രസ്താവന. ഇതിന്‍മേല്‍ പ്രതിഷേധം ശക്തമായപ്പോള്‍ കേന്ദ്രം ഇടപെട്ട് പ്രസ്താവന പിന്‍വലിപ്പിച്ചു. എന്നാല്‍ ഒരു പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇത്രയധികം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന നടത്തിയാല്‍ നിയമനടപടികള്‍ സാധ്യമല്ലെ എന്നാണ് ജനം ചോദിക്കുന്നത്. 

അലോപ്പതിക്കെതിരായ രാംദേവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച ഐഎംഎ പ്രസിഡന്റ് ജയലാലിനെ മതപരിവര്‍ത്തന ഗൂഢാലോചന നടത്തുന്നു എന്നാണ് രാംദേവിന്റെ സഹായി ആക്ഷേപിച്ചത്. ഇത് വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന പ്രസ്താവനയായിട്ടും നടപടിയില്ല. 

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാംപയ്ന്‍ ആരംഭിച്ചു കഴിഞ്ഞു . അറസ്റ്റ് രാം ദേവ് എന്ന പ്രചരണത്തിനെതിരെ രാംദേവ് പ്രതികരിച്ചത് നിങ്ങളുടെ പിതാക്കന്‍മാര്‍ നോക്കിയാലും എന്നെ അറസ്റ്റ് ചെയ്യാനാകില്ല എന്നാണ്. 

ഇത്തരത്തിലുള്ള ഉത്തരവാദിത്വരഹിതമായ, തെറ്റിദ്ധാരണപരത്തുന്ന, കലാപാഹ്വാനം നടത്തുന്ന പ്രസ്താവനകള്‍ ഉണ്ടായിട്ടും ആരാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നത്. എന്തിനാണ് അധകാരികള്‍ ഇദ്ദേഹത്തെ ഭയക്കുന്നത്. ഈ ചോദ്യങ്ങള്‍ക്കുത്തരം കിട്ടിയില്ലെങ്കില്‍ നടപടികളുമണ്ടായില്ലെങ്കില്‍ എന്ത് മാതൃകയാണ് അധികാരികള്‍ ഈ സമൂഹത്തിന് നല്‍കുന്നത്.

അധികാര കേന്ദ്രങ്ങളുടെ സംരക്ഷണത്തണലില്ലാത്ത സാധാരണ പൗരന്‍ അഞ്ജത കൊണ്ട് എന്തെങ്കിലും പറഞ്ഞാല്‍ പോലും നടപടിയുണ്ടാകുന്ന രാജ്യത്താണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതെന്നതാണ് ദൗര്‍ഭാഗ്യകരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക