Image

ശീധരന്‍ പിള്ളയുടെ റിപ്പോര്‍ട്ട് മുരളീധരനേയും സുരേന്ദ്രനേയും ഉന്നം വച്ചോ ?

ജോബിന്‍സ് തോമസ് Published on 27 May, 2021
ശീധരന്‍ പിള്ളയുടെ റിപ്പോര്‍ട്ട് മുരളീധരനേയും സുരേന്ദ്രനേയും ഉന്നം വച്ചോ ?
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് കേരളത്തില്‍ ബിജെപി ഏറ്റുവാങ്ങിയത്. ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമായി എന്നു മാത്രമല്ല മറിച്ച് പലമണ്ഡലങ്ങളിലും ഉണ്ടായ വോട്ടുചോര്‍ച്ച നേതൃത്വത്തെപ്പോലും ഞെട്ടിച്ചു കളഞ്ഞു. വോട്ടു കച്ചവടമാണ് നടന്നതെന്ന ആരോപണം ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ ഉയര്‍ന്നു. 

അവലോകന യോഗങ്ങളില്‍ തലസ്ഥാനജില്ലയിലടക്കം നേതാക്കള്‍ പരസ്പരം പഴിചാരി.  എന്നിട്ടും കേന്ദ്രം മിണ്ടാതിരിക്കുന്നതെന്തേ എന്ന് എല്ലാവരും ചിന്തിച്ചിരുന്നു. കോണ്‍ഗ്രസില്‍ അഴിച്ചുപണി ആരംഭിച്ചപ്പോളും ഒന്നും സംഭവിച്ചിട്ടില്ല.എന്ന മട്ടിലായിരുന്നു സംസ്ഥാന ബിജെപി. 

എന്നാല്‍ കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരങ്ങള്‍. കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തനും മിസ്സോറാം ഗവര്‍ണ്ണറുമായ പി.എസ് ശ്രീധരന്‍ പിള്ളയോടാണ് കേന്ദ്രം റിപ്പോര്‍ട്ടാവശ്യപ്പെട്ടത്. രഹസ്യമായി തന്നെ ഇത് കേന്ദ്രത്തിന് ലഭിക്കുകയും ചെയ്തു. പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ശ്രീധരന്‍ പിള്ളയുടെ റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കള്‍ക്കും പാര്‍ട്ടി വളര്‍ത്തുന്നതിലല്ല കേന്ദ്രഭരണത്തില്‍ പങ്കുപറ്റുന്നതിലാണ് താത്പര്യമെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസില്‍ പോലും നടപടികള്‍ ആരംഭിച്ചിട്ടും ബിജെപി സംസ്ഥാന നേതൃത്വം ഇരുട്ടില്‍ തപ്പുകയാണെന്നും ബിജെപി വോട്ടു വിറ്റെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഗൗരവമുള്ളതാണെന്നും പറയുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയ കാരണവും സംസ്ഥാന നേതൃത്വത്തിന്റെ ഉദാസീനതകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 

കേന്ദ്ര ഭരണത്തിലെ പങ്കുപറ്റല്‍ എന്ന പരാമര്‍ശം കേന്ദ്രമന്ത്രി വി.മുരളീധരനേയും അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരനായ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനേയും ലക്ഷ്യം വച്ചാണെന്നാണ് വിലയിരുത്തല്‍ ഇവര്‍ രണ്ടുപേരും കേന്ദ്ര നേതൃത്വത്തിനു മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്നുറപ്പ്.

കേന്ദ്രത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപി ദേശീയ അധ്യക്ഷനുമടക്കം പ്രമുഖ നേതാക്കളെല്ലാം സംസ്ഥാനത്തെത്തിയിരുന്നു ഇവര്‍ എത്തിയ മണ്ഡലങ്ങളില്‍ പോലും വോട്ടു ചോര്‍ന്നു. ഇതാണ് രഹസ്യ റിപ്പോര്‍ട്ട് തേടാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. മത്സരിച്ച ചില സ്ഥാനാര്‍ത്ഥികള്‍ തന്നെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക