Image

ഉത്തരവാദിത്വമേറ്റെടുക്കുമ്പോഴും പാര്‍ട്ടി സംവിധാനത്തെ കുറ്റപ്പെടുത്തി ചെന്നിത്തല

ജോബിന്‍സ് തോമസ് Published on 26 May, 2021
ഉത്തരവാദിത്വമേറ്റെടുക്കുമ്പോഴും പാര്‍ട്ടി സംവിധാനത്തെ കുറ്റപ്പെടുത്തി ചെന്നിത്തല
കേരളത്തിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ചെന്നിത്തല പലതവണ പറഞ്ഞു കഴിഞ്ഞു . ഫേസ്ബുക്ക് പോസ്റ്റിലും പാര്‍ട്ടി യോഗത്തിലും പാര്‍ട്ടിയുടെ പരാജയമന്വേഷിക്കുവാന്‍ വന്ന കേന്ദ്ര സമിതിക്ക് മുന്നിലും ചെന്നിത്തല ഇത് തന്നെയാണ് പറഞ്ഞത്. 

എന്നാല്‍ പരാജയ കാരണമന്വേഷിച്ചെത്തിയ സമിതിക്ക് മുമ്പില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ പരാജയത്തില്‍ തന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു പറഞ്ഞെങ്കിലും ഉത്തരവാദിത്തം തനിക്ക് മാത്രമല്ല എന്ന് പറയാതെ പറയുകയും ചെയ്തു ചെന്നിത്തല. സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്ന് കാട്ടാന്‍ കഴിഞ്ഞു . മാധ്യമങ്ങള്‍ അത് വന്‍ പ്രാധാന്യത്തോടെ ഏറ്റെടുത്തു. സര്‍ക്കാരിന് തീരുമാനങ്ങള്‍ മാറ്റേണ്ട അവസ്ഥ പോലുമുണ്ടായി. ഇങ്ങനെയാണ് ചെന്നിത്തല തന്റെ കാര്യം അവതരിപ്പിച്ചത്. 
എന്നാല്‍ സംഘടനാ സംവിധാനത്തിലെ ദൗര്‍ബല്യവും കോവിഡും മൂലം താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ താഴ്ത്തട്ടിലുള്ള ജനങ്ങളിലേയ്ക്ക് എത്തിക്കാനായില്ലെന്നും ചെന്നിത്തല പറഞ്ഞു. ബൂത്ത് കമ്മിറ്റികള്‍ പലതും നിര്‍ജ്ജീവമാണെന്നും സ്ലിപ്പുകള്‍ പോലും വീട്ടുകളിലെത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായെന്നും ചെന്നിത്തല അന്വേഷണ സമിതിക്കു മുന്നില്‍ പറഞ്ഞു. 

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നു പറഞ്ഞാണ് ആരംഭിച്ചതെങ്കിലും തന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുകയും അത് ജനങ്ങളിലേയ്‌ക്കെത്തിക്കാന്‍ പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നും പറഞ്ഞവസാനിപ്പിക്കുമ്പോള്‍ വിരല്‍ ചൂണ്ടുന്നത് കെപിസിസിയിലേയ്ക്കാണെന്ന് വ്യക്തം. താന്‍ മാത്രം മാറിയാല്‍ പോരെന്ന സന്ദേശവും ചെന്നിത്തല ഇതിലൂടെ നല്‍കുന്നു. 

സിഎഎ വിഷയത്തില്‍ ഇടതുപക്ഷത്തിന് ഗുണമുണ്ടായെന്നും ഭരണമില്ലാത്ത കോണ്‍ഗ്രസിനേക്കാള്‍ ഭരണത്തിലുള്ള എല്‍ഡിഎഫിനേയാണ് ന്യൂനപക്ഷങ്ങള്‍ വിശ്വസിച്ചതെന്നും മുസ്ലീം വോട്ടുകള്‍ ഇടതുപക്ഷത്തേയ്ക്ക് പോയെന്നും ചെന്നിത്തല പറഞ്ഞു. ഭരണപക്ഷത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കോവിഡ് സന്നദ്ധപ്രവര്‍ത്തകരായെന്നും ഇതും ഇവര്‍ക്ക് ഗുണം ചെയ്‌തെന്നും ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക