Image

സഭയില്‍ താന്‍ പിണറായി വിജയനെ കണ്ടില്ലെന്ന് കെ.കെ രമ

ജോബിന്‍സ് തോമസ് Published on 26 May, 2021
സഭയില്‍ താന്‍ പിണറായി വിജയനെ കണ്ടില്ലെന്ന് കെ.കെ രമ
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യദിവസം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മുഖങ്ങളിലൊന്നാണ് കെ.കെ രമയുടേത്. വടകരയില്‍  നിന്നും സിപിഎമ്മിനെ വെല്ലുവിളിച്ച് ജയിച്ചു വന്ന വനിത എന്നതിനപ്പുറം അമ്പത്തൊന്നു വെട്ടുകൊണ്ട് പിടഞ്ഞുമരിച്ച ടിപി ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റിന്റെ ഭാര്യ എന്നതിലാണ് കെകെ രമ ശ്രദ്ധിക്കപ്പെട്ടത്. 

സിപിഎം ആസുത്രിതമായി നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന് ആരോപണമുയരുകയും ഇന്നും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നതാണ് ടിപിയുടെ കൊലപാതകം. അതേ സിപിഎമ്മിനെ പരാജയപ്പെടുത്തി കെകെ രമ നിയമസഭയിലെത്തുമ്പോള്‍ അത് ചര്‍ച്ചായായി മാറിയില്ലെങ്കിലെ അത്ഭുതമുള്ളു. 

സത്യപ്രതിജ്ഞയ്ക്കായി ആദ്യ ദിനം തന്നെ രമ എത്തിയത് ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചുകൊണ്ടായിരുന്നു. താനല്ല ടിപി തന്നെയാണ് വിജയിച്ചതെന്നാണ് രമ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആര്‍എംപിയെ എതിര്‍ക്കുന്നവര്‍ ഒരുവശത്തിരിക്കുമ്പോള്‍ എന്തു തോന്നി എന്ന ചോദ്യത്തിന് സഭയില്‍ താന്‍ ജനപ്രതിനിധികളെ മാത്രമെ കണ്ടുള്ളുവെന്നും അവരില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ടായിരുന്നുവെന്നും ഭരണപക്ഷത്തിന് മന്ത്രിമാരുണ്ടെന്നും അവരെ കേരളത്തിന്റെ മന്ത്രിമാരായാണ് കണ്ടതെന്നും രമ പറഞ്ഞു. 

സിപിഎമ്മില്‍ നിന്നും ചിലര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനേയും രമ വിമര്‍ശിച്ചു മാര്‍ക്‌സിസം സ്വീകരിച്ചവര്‍ ആത്മിയതയിലേയ്ക്ക് പോകാറില്ലെന്നും അവരൊക്കെ പാര്‍ട്ടിയുടെ ഏത് ഘടകത്തിലാണെന്ന് അറിയല്ലെന്നും രമ പറഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷമാണെല്ലോ പിണറായിയെ കണ്ടതെന്ന ചോദ്യത്തിന് സഭയില്‍ താന്‍ പണറായിയെ കണ്ടില്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ് കണ്ടതെന്നും രമ പറഞ്ഞു. ടിപിയുടെ നാശം ആഗ്രഹിച്ചവരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ടിപി കേസില്‍ ഇനിയും ലഭിക്കാത്ത നീതി കോടതിയില്‍ നിന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമ പറഞ്ഞു. 

രമ സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കാര്യവും ഏറെ ചര്‍ച്ചായായിരുന്നു. യുഡിഎഫ് പിന്തുണയില്‍ ജയിച്ച ശേഷം എന്തുകൊണ്ടാണ് ഇങ്ങനെ ഇരിക്കുന്നതെന്ന ചോദ്യത്തിന് ആര്‍എംപിയുടെ  അസ്തിത്വവും രാഷ്ട്രീയ വ്യക്തിത്വവും സംരക്ഷിക്കുന്നതിനാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നും ഇക്കാര്യം നേരത്തെ യുഡിഎഫുമായി സംസാരിച്ചിരുന്നതായും രമ പറഞ്ഞു.

ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലായിരുന്നു കെകെ രമ എംഎല്‍എ യുടെ പ്രതികരണം എന്തായാലും ടിപി എന്ന കമ്മ്യൂണിസ്റ്റ് പോരാളിയുടെ വീറോടെയായിരിക്കും നിയമസഭയില്‍ രമയുടെ പോരാട്ടമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക