Image

വിവാദങ്ങളിലും വിശ്വസ്തനെ കൈവിടാതെ പിണറായി

Published on 25 May, 2021
വിവാദങ്ങളിലും വിശ്വസ്തനെ കൈവിടാതെ പിണറായി
മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫുകളെ തീരുമാനിച്ച് പേരുകള്‍ പുറത്തു വിട്ടു കഴിഞ്ഞു.ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ആളുകളില്‍ മിക്കവരും തന്റെ രണ്ടാമൂഴത്തിലും പിണറായിക്കൊപ്പം ഉണ്ട്. ഇതില്‍ സിഎം രവീന്ദ്രന്റെ പേരാണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത്. 

കഴിഞ്ഞ തവണ പിണറായിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ രണ്ടു ദിവസങ്ങളിലായി മണിക്കൂറുകള്‍ ഇദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി പണമിടപാട്, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പങ്ക് എന്നിവയേക്കുറിച്ചറിയാനായിരുന്നു ചോദ്യം ചെയ്യല്‍. 

ഇഡി ചോദ്യം ചെയ്യാനായി നാല് തവണ കത്ത് നല്‍കിയിട്ടും ഹാജരാകാതിരുന്ന ഇദ്ദേഹം അഞ്ചാം തവണയാണ് ഹാജരായത്. ആദ്യം ഇഡി വിളിപ്പിച്ച ദിവസങ്ങള്‍ കേരളത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയശേഷം ഏറ്റവുമൊടുവിലാണ് ഇദ്ദേഹം ഹാജരായത്. 

ഇങ്ങനെ ഇഡി ചോദ്യം ചെയ്ത വ്യക്തി വീണ്ടും സ്റ്റാഫിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍ സിഎം രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. മാത്രമല്ല കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന സമയത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം മുഖ്യമന്ത്രിയിലേയ്‌ക്കെത്തുന്നു എന്നു വരുത്തി തീര്‍ക്കാനാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്തത് എന്നാണ് സിപിഎം വാദം. ചോദ്യം ചെയ്യല്‍ അല്ലാതെ മറ്റൊന്നും നടന്നില്ലല്ലോ എന്നും മുഖ്യമന്ത്രിയടക്കം ചോദിക്കുന്നു. 

ഈ നിയമനത്തിലൂടെ ചില സന്ദേശങ്ങളും മുഖ്യമന്ത്രി നല്‍കുന്നുണ്ട് പ്രധാനമായും മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ജനത്തെ തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു കേന്ദ്ര ഏജന്‍സികളുടെ ഉദ്ദേശ്യമെന്നും ചോദ്യം ചെയ്യപ്പെട്ടവര്‍ നിരപരാധികളാണെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു എന്ന സ്‌ന്ദേശവുമാണ് ഒന്നാമത്തേത്. 

രണ്ട്  കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്ത ഒരു വ്യക്തിയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുപ്രധാന സ്ഥാനത്ത് വീണ്ടും നിയമിക്കുന്നതിലൂടെ കേന്ദ്ര ഏജന്‍സികളോട് സന്ധിയില്ല എന്നത് ഒരിക്കല്‍ കൂടി ഉന്നി പറയുകയാണ്. ചോദ്യം ചെയ്തശേഷം മറ്റ് നടപടികളിലേയ്ക്ക് കടക്കാതിരുന്നത് വീണ്ടും ചര്‍ച്ചയാക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. എന്തായാലും അപ്രതീക്ഷിതമായ തീരുമാനമാണ് ഈ നിയമനത്തിലൂടെ സിപിഎം നടത്തിയിരിക്കുന്നത്. രണ്ടാം ടേമിലും കേന്ദ്ര എജന്‍സികളെ വെല്ലുവിളിച്ച് തന്നെ മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനമെന്നു വ്യക്തം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക