Image

പിസി ചാക്കോയ്ക്ക് പിന്നാലെ ലതികാ സുഭാഷും ; കേരളത്തില്‍ എന്‍സിപിക്ക് നല്ലകാലമോ ?

ജോബിന്‍സ് തോമസ് Published on 25 May, 2021
പിസി ചാക്കോയ്ക്ക് പിന്നാലെ ലതികാ സുഭാഷും ;  കേരളത്തില്‍ എന്‍സിപിക്ക് നല്ലകാലമോ ?
ഒരു കാലത്ത് സോണിയാഗാന്ധിയുടെ വിദേശപൗരത്വം ചോദ്യം ചെയ്ത് കോണ്‍ഗ്രസിലെ ദേശീയ വാദികള്‍ ചേര്‍ന്ന് രൂപീകരിച്ച പാര്‍ട്ടിയാണ് ദേശീയവാദി കോണ്‍ഗ്രസ് അല്ലെങ്കില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ്  പാര്‍ട്ടി (എന്‍സിപി). അന്നുവരെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായി തിളങ്ങി നിന്ന ശരദ്പവാറും താരിഖ് അന്‍വറും പിഎ സാംഗ്മയും ചേര്‍ന്നാണ് ഈ പാര്‍ട്ടി രൂപീകരിക്കുന്നത്. 

ശരദ്പവാറിന്റെ തട്ടകമായ മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് എന്‍സിപി. കേരളത്തിലും രണ്ട് എംഎല്‍എമാരും ഒരു മന്ത്രിയും എല്‍ഡിഎഫ് ഘടക കക്ഷിയായ എന്‍സിപിക്കുണ്ട്. മുമ്പ് കെ.മുരളീധരനും കൂട്ടരും എന്‍സിപിയില്‍ എത്തിയ കാലഘട്ടത്തിലാണ്കേരളത്തില്‍ എന്‍സിപി അല്‍പ്പം പുഷ്ടിപ്പെടുന്നത്. എന്നാല്‍ അവര്‍ തിരിച്ച് കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറുകയും ചെയ്തു. 

എന്നാല്‍ ഈ അടുത്ത ദിവസങ്ങളില്‍ വീണ്ടും കേരളത്തില്‍ എന്‍സിപി ഒരു ചര്‍ച്ചയായി മാറുകയാണ്. കോണ്‍ഗ്രസുമായി ഇടഞ്ഞ പിസി ചാക്കോ എന്‍സിപിയില്‍ എത്തിയതോടെയാണ് ഈ ചര്‍ച്ച ആരംഭിക്കുന്നത്. ചാക്കോ എത്തിയതോടെ നിലവിലെ പ്രസിഡന്റായിരുന്നു പിതാംബരന്‍ മാസ്റ്ററെ വെട്ട് അദ്ദേഹം സംസ്ഥാന പ്രസിഡന്റായി. ചാക്കോയുടെ നീക്കങ്ങള്‍ പിഴച്ചില്ല. രാഷ്ട്രീയത്തില്‍ നിന്നുതന്നെ അപ്രസക്തനായിരുന്ന ചാക്കോ ഇപ്പോള്‍ ഭരണ കക്ഷിയിലെ മന്ത്രിസഭയില്‍ പ്രാതിനിധ്യമുള്ള ഒരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ്. 

പിസി ചാക്കോ എത്തിയപ്പോള്‍ തന്നെ ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ലതികാ സുഭാഷ് പാര്‍ട്ടിയിലെത്തിയത്. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയായിരുന്നു ലതിക സുഭാഷ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കെപിസിസി ഓഫീസിന്റെ മുറ്റത്ത് വെച്ച് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച നേതാവായിരുന്നു ലതിക. 

ഏറ്റുമാനൂരില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. ലതിക എന്‍സിപിയിലെത്തുന്നത് ലതികയോടൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകരുമായിട്ടാകുമെന്നുറപ്പ്. ഇനിയും കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയിലേയ്ക്ക് ആളുകളുടെ വരവ് പ്രതീക്ഷിക്കണം. കാരണം കേരളത്തിലേയും കേന്ദ്രത്തിലേയും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരും ഒപ്പം ബിജെപി വിരുദ്ധരുമായവര്‍ കോണ്‍ഗ്രസില്‍ ഒരുപാടുണ്ട്. 

ഇവര്‍ക്ക് ഇടതിന്റെ പ്രവര്‍ത്തവനങ്ങളോട് നിലവില്‍ എതിര്‍പ്പുമില്ല.എന്നാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇവര്‍ക്ക്‌ ചിന്തിക്കാനുമാകില്ല. അങ്ങനെ വരുമ്പോള്‍ എന്‍സിപി ഇവര്‍ക്ക് അയിത്തമില്ലാത്ത പാര്‍ട്ടിയാണ്, കോണ്‍ഗ്രസ് പാരമ്പര്യം പേറുന്ന പാര്‍ട്ടിയാണ്. അതു കൊണ്ട് കോണ്‍ഗ്രസിലെ അസംതൃപ്തരെ ഇനിയും എന്‍സിപിക്ക് പ്രതീക്ഷിക്കാം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക