Image

വിഡി സതീശനെതിരെ എന്‍എസ്എസ് നേതൃത്വം ; ഇത് ചെന്നിത്തല എഫ്‌ക്ടോ

ജോബിന്‍സ് തോമസ് Published on 25 May, 2021
വിഡി സതീശനെതിരെ എന്‍എസ്എസ് നേതൃത്വം ;  ഇത് ചെന്നിത്തല എഫ്‌ക്ടോ
രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് നീക്കിയത് എന്‍എസ്എസ് നേതൃത്വത്തില്‍ മുറുമുറുപ്പുണ്ടാക്കുമെന്ന് വ്യക്തമായിരുന്നു. എന്നാല്‍ അതിന്റെ അലയൊലികള്‍ ഇത്ര വേഗം പുറത്തേയ്‌ക്കെത്തുമെന്ന് ആരും വിചാരിച്ചില്ല. എന്നാല്‍ അത് സംഭവിച്ചു വിഡി സതീശനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കെ സുകുമാരന്‍ നായര്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്.

മതസാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിലാണ് വിഡി സതീശന്‍ വിമര്‍ശിക്കുന്നതെന്നാണ് സുകുമാരന്‍ നായരുടെ ആരോപണം. ഇതാണോ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമെന്നും അദ്ദേഹം ചോദിക്കുന്നു. വിഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനമേറ്റെടുത്ത് മൂന്നു ദിവസങ്ങള്‍ക്കുള്ളിലാണ് എന്‍എസ്എസിന്റെ പടയൊരുക്കം എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്‍പ്പം കൂടി കടന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായം പ്രതിപക്ഷ നേതാവ് പറയണ്ട മറിച്ച് കെപിസിസി നേതൃത്വം പറഞ്ഞോളും എന്നും സുകുമാരന്‍ നായര്‍ പറയുന്നു.

രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ മതസാമുദായിക സംഘടനകള്‍ അഭിപ്രായം പറയുമെന്നും ശബരിമല വിഷയത്തിലും ഒപ്പം മതസംഘടനകളോടുള്ള പെരുമാറ്റത്തിലും കെപിസിസി നിലപാട് വ്യക്തമാക്കണമെന്നും സുകുമാരന്‍നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ സ്ഥാനലബ്ദിയില്‍ മതിമറന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളെന്നും വിഡി സതീശനുള്‍പ്പെടെ എല്ലാ സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിനോട് സഹായം ചോദിച്ചിരുന്നെന്നും ഇതിനു ശേഷം തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തള്ളിപ്പറയുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് സ്വീകരിച്ച നിലപാട് ഒരു പാര്‍ട്ടിക്കും എതിരായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് പരിഗണിക്കാഞ്ഞപ്പോള്‍ തന്നെ എന്‍എസ്എസിന് അതൃപ്തി ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ തിരുവഞ്ചൂരിനെ മാറ്റി ചെന്നിത്തലയെ ആഭ്യന്തര മന്ത്രിസ്ഥാനത്തെത്തിക്കുന്നതില്‍ സുകുമാരന്‍ നായര്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.  

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം വോട്ടു ചെയ്തശേഷം പുറത്തിറങ്ങിയ സുകുമാരന്‍നായര്‍ കേരളം ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന പ്രസ്താവന നടത്തിയപ്പോള്‍ ഭരണമാറ്റമുണ്ടായാല്‍ മറുവശത്ത് മുഖ്യമന്ത്രിക്കസേരയ്ക്ക് കൂടുതല്‍ സാധ്യത ചെന്നിത്തലയാക്കായിരുന്നു എന്നതിലും കാര്യങ്ങള്‍ വ്യക്തം.

കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവിനെതിരെ ഇപ്പോള്‍ വാളോങ്ങുന്ന സുകുമാരന്‍നായര്‍ ഇടതു മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഒരക്ഷരം മിട്ടിയിട്ടില്ല എന്നതാണ് കൗതുകം. ദേവസ്വമടക്കം എന്‍എസ്എസിന് താത്പര്യമുള്ള മന്ത്രിസ്ഥാനങ്ങള്‍ അപ്രതീക്ഷിതമായി മറ്റുള്ളവര്‍ക്ക് പോയപ്പോളും എന്‍എസ്എസ് അഭിപ്രായം പറഞ്ഞില്ല. 

വിഡി സതീശന്റെ പ്രതിപക്ഷ നേതാവായതിനെ ഉള്ളില്‍ അമര്‍ഷമുണ്ടെങ്കിലും സ്വാഗതം ചെയ്ത നേതാക്കള്‍ എന്‍എസ്എസിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നിലുണ്ടോ എന്ന ചോദ്യവും കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ ഉന്നയിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക