Image

രാഷ്ട്രീയം പറഞ്ഞാല്‍ മറുപടി നല്‍കും; സ്പീക്കറോട് നിലപാട് വ്യക്തമാക്കി സതീശന്‍

ജോബിന്‍സ് തോമസ് Published on 25 May, 2021
 രാഷ്ട്രീയം പറഞ്ഞാല്‍ മറുപടി നല്‍കും; സ്പീക്കറോട് നിലപാട് വ്യക്തമാക്കി സതീശന്‍
പതിനഞ്ചാം കേരളനിയമസഭയുടെ സ്പീക്കര്‍ അധികാരമേറ്റദിവസം സ്പീക്കറോടുള്ള നിലപാട് വ്യക്തമാക്കി പ്രതിപക്ഷം. സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് പേര് നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് എംബി രാജേഷ് പറഞ്ഞ ചില കാര്യങ്ങള്‍ക്കാണ് ഇന്ന് പ്രതിപക്ഷം മറുപടി നല്‍കിയത്. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്നാല്‍ അത് കക്ഷിരാഷട്രിയമായിരിക്കില്ല എന്നാണ് അന്ന് സ്പീക്കര്‍ പറഞ്ഞത്. 

ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷം സ്പീക്കറെ അഭിനന്ദിക്കവെ സ്പീക്കര്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നശേഷമായിരുന്നു സതീശന്റെ മറുപടി. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന സ്പീക്കറുടെ മുന്‍ പ്രസ്താവന വേദനിപ്പിച്ചെന്നും സ്പീക്കര്‍ പദവിയിലിരുന്നിട്ടുള്ള ആരും ഇങ്ങനെയൊരു പ്രസ്താവന ഇതുവരെ നടത്തിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

സഭയ്ക്ക് പുറത്ത് സ്പീക്കര്‍ രാഷ്ട്രീയം പറഞ്ഞാല്‍ അതിന് മറുപടി നല്‍കേണ്ടി വരുമെന്നും അങ്ങനെവന്നാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മറന്നുകൊണ്ട് സഭയ്ക്കകത്ത് പെരുമാറാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നും സതീശന്‍ തുറന്നടിച്ചു. എന്തായാലും സ്പീക്കര്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയും പ്രാവര്‍ത്തീകമാക്കുകയും ചെയ്താല്‍ അത് സ്പീക്കറും പ്രതിപക്ഷവും തമ്മില്‍ വരാന്‍ പോവുന്നത് അത്ര നല്ല ദിവസങ്ങളായിരിക്കില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. 

രാഷ്ട്രീയ വിഷങ്ങളില്‍  കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുകയും പാര്‍ട്ടി നിലപാടുകള്‍ക്ക് വേണ്ടി  പൊതുവിലും ചാനല്‍ചര്‍ച്ചകളിലും ശക്തമായി വാദിക്കുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്ന നേതാവാണ് എംബി രാജേഷ്. സ്പീക്കര്‍ പദവിയിലെത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ തത്ക്കാലത്തേയ്ക്ക് മാറ്റിവയ്‌ക്കേണ്ടിവരുമല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് തുടരുമെന്നും എന്നാല്‍ അത് കക്ഷിരാഷ്ട്രിയമായിരിക്കില്ലെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക