Image

കന്നിവരവില്‍ സഭയുടെ കടിഞ്ഞാണെടുത്ത് രാജേഷ്

ജോബിന്‍സ് തോമസ് Published on 25 May, 2021
കന്നിവരവില്‍  സഭയുടെ  കടിഞ്ഞാണെടുത്ത് രാജേഷ്
പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 40 തിനെതിരെ 96 വോട്ടുകള്‍ക്കായിരുന്നു രാജേഷിന്റെ വിജയം. കുണ്ടറയില്‍ നിന്നുള്ള അംഗം പിസി വിഷ്ണുനാഥായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. തൃത്താലയില്‍ നിന്നാണ് രാജേഷ് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ കന്നിവരവില്‍ തന്നെ സഭയുടെ കടിഞ്ഞാണ്‍ രജേഷിന് ലഭിച്ചിരിക്കുകയാണ്. ആദ്യം മന്ത്രി സ്ഥാനത്തേയ്ക്കാണ് രാജേഷിന്റെ പേര് പരിഗണിച്ചിരുന്നതെങ്കിലും ഒടുവില്‍ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് സിപിഎം നിര്‍ദ്ദേശിക്കുകയായിരുന്നു. 

നിയമസഭയിലെ ആദ്യ അവസരത്തില്‍ തന്നെ സ്പീക്കറായവര്‍ മുമ്പുമുണ്ട്. ടിഎസ് ജോണ്‍, എസി ജോസ് എന്നിവരാണ് അവര്‍. എന്നാല്‍ ഇവര്‍ എംഎല്‍എ ആയുള്ള ആദ്യ ടേമിന്റെ അവസാന ഭാഗത്താണ് സ്പീക്കറായത്. സഭയിലേയ്ക്ക് വരുമ്പോള്‍ തന്നെ സ്പീക്കര്‍ പദവി കിട്ടുന്ന ആദ്യ അംഗമാണ് രാജേഷ്. നിയമസഭയില്‍ ആദ്യമാണെങ്കിലും മുമ്പ് 10 വര്‍ഷക്കാലം ലോക്‌സഭാംഗമായിരുന്നു രാജേഷ്. പാലക്കാട് നിന്നാണ് രാജേഷ് ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

കേരളാ നിയമസഭയുടെ 21-ാമത് സ്പീക്കറാണ് രാജേഷ്. പി ശ്രീമാരകൃഷ്ണന്റെ പിന്‍ഗാമിയായിട്ടാണ് രാജേഷ് സ്പീക്കര്‍ കസേരയില്‍ എത്തുന്നത്. പി ശ്രീരാമ കൃഷ്ണനും എംബി രാജേഷും എസ്എഫ്‌ഐ ,ഡിവൈഎഫ്‌ഐ പ്രസ്ഥാനങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. സംഘടനാപരമായി പി ശ്രീരാമകൃഷ്ണന്‍ വഹിച്ചിട്ടുള്ള പദവികളെല്ലാം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി രാജേഷും വഹിച്ചിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനത്തും അത് തന്നെ ആവര്‍ത്തിച്ചത് യാദൃശ്ചികം മാത്രം. 

സഭയ്ക്കുള്ളില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് പിന്നിലായി സജ്ജീകരിച്ച
2 ബൂത്തുകളിലായി ബാലറ്റ് പേപ്പര്‍ മുഖേനയായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇരുപക്ഷത്തും വോട്ടുകള്‍ക്ക് വിത്യാസം വരാത്തതിനാല്‍ കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായില്ല. സ്പീക്കര്‍ പദവിയിലേയ്ക്ക് ഇടത് വിജയം ഉറപ്പായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ യുഡിഎഫ് താരുമാനിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക