Image

കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം ഡോക്ടറുടെ മരണം; ഞായറാഴ്ച മാത്രം മരിച്ചത് 50 ഡോക്ടര്‍മാര്‍

Published on 18 May, 2021
കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം ഡോക്ടറുടെ മരണം; ഞായറാഴ്ച മാത്രം മരിച്ചത് 50 ഡോക്ടര്‍മാര്‍


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രധാന കോവിഡ് ചികിത്സാകേന്ദ്രങ്ങളിലൊന്നായ ഗുരു തേജ് ബഹാദുര്‍ ആശുപത്രിയിലെ ജൂനിയര്‍ റെസിഡന്റ് ഡോക്ടറായ അനസ് മുജാഹിദ് കോവിഡ് ബാധയെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോഴായിരുന്നു രോഗം മൂര്‍ച്ഛിച്ച് മുന്നണിപ്പോരാളിയായ ആ യുവാവിന്റെ മരണം. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടമായ 244 ഡോക്ടര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഡോ. അനസ്.

മേയ് പതിനാറിന് മാത്രം രാജ്യത്തുടനീളം മരിച്ചത് അമ്പത് ഡോക്ടര്‍മാരാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ പറയുന്നു. കഴിഞ്ഞ കൊല്ലം 736 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് ബാധ മൂലം ജീവഹാനി ഉണ്ടായത്. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതു വരെ മരിച്ച ഡോക്ടര്‍മാരുടെ എണ്ണം ആയിരം കടന്നിരിക്കുന്നു. 


തൊണ്ടവേദന ഉള്‍പ്പെടെ വൈറസ് ബാധയുടെ നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഡോ. അനസിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പെട്ടെന്നുള്ള രോഗമൂര്‍ച്ഛയില്‍ മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു അനസിന്റെ മരണം. ഡോ. അനസ് വാക്സിന്‍ സ്വീകരിച്ചിരുന്നില്ല. 

ആയിരത്തിലധികം ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് കണക്കെങ്കിലും യഥാര്‍ഥസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്ന് ഐഎംഎ പറയുന്നു. 3.5 ലക്ഷം അംഗങ്ങളുടെ വിവരം മാത്രമാണ് ഐ.എം.എയുടെ പക്കലുള്ളത്. അതേസമയം, ഇന്ത്യയിലുടനീളം 12 ലക്ഷം ഡോക്ടര്‍മാര്‍ പ്രവര്‍ത്തിച്ചു വരുന്നതായാണ് കണക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക