Image

കോവിഡ്: ഇന്ത്യയിലേക്ക് അടിയന്തര സഹായവുമായി ഒമാന്‍ ചരക്കുവിമാനങ്ങള്‍

Published on 18 May, 2021
കോവിഡ്: ഇന്ത്യയിലേക്ക് അടിയന്തര സഹായവുമായി ഒമാന്‍ ചരക്കുവിമാനങ്ങള്‍
മസ്കറ്റ്: ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രവാസ സമൂഹത്തിന്റെയും സഹകരണത്തോടെ ഇന്ത്യയിലേക്ക് ആരോഗ്യ ഉപകരണങ്ങള്‍ ഉള്‍പ്പടെ അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ഒമാന്‍ എയര്‍. അടുത്ത 15 ദിവസത്തേക്കാണ് അടിയന്തര സഹായവുമായി ചരക്കുവിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുക. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പത്ത് ടണ്‍ കാര്‍ഗോ സൗജന്യമായി എത്തിക്കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.

സന്നദ്ധ സംഘടനകള്‍ക്കും ഏജന്‍സികള്‍ക്കും അവസരം ഉപയോഗപ്പെടുത്താനാകും. ഇന്ത്യയിലെ കോവിഡ് വ്യാപനവും പ്രതിസന്ധികളും കണക്കിലെടുത്താണ് ഈ സഹായങ്ങളെന്നും ഇന്ത്യയോടുള്ള ഒമാന്‍ എയറിന്റെ പ്രതിബദ്ധതയാണിതെന്നും സി ഇഒ എന്‍ജിനീയര്‍ അബ്ദുല്‍അസീസ് അല്‍ റെയ്സി പറഞ്ഞു. മഹാമാരിക്കെതിരെ പോരാടുകയാണ് ഇന്ത്യ. ഈ ഘട്ടത്തില്‍ ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലേക്കു മെഡിക്കല്‍ ഉപകരണങ്ങളും മറ്റും എത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ക്കു സഹായമായി എന്നും ഒമാന്‍ എയറുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്കുള്ള കേവിഡ് സഹായ ചരക്കുകള്‍ക്ക് അടുത്ത 15 ദിവസത്തേക്ക് കാര്‍ഗോ ഫീസില്‍ ഇളവ് വരുത്തിയിട്ടുണ്ട്. അതേസമയം, സര്‍ക്കാര്‍/ കസ്റ്റംസ് ചാര്‍ജുകള്‍ അടക്കേണ്ടത് കയറ്റിയയക്കുന്നവരുടെ ചുമതലയായിരിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക