Image

സെന്‍തോറ്റം (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 18 May, 2021
 സെന്‍തോറ്റം  (കവിത:  വേണുനമ്പ്യാര്‍)
ഒന്ന്  

ഓം മണി പത്മേ  ഹും!
പൊതുവഴിയില്‍ ബുദ്ധനെ   കണ്ടാല്‍
മുഖത്ത് കാര്‍ക്കിച്ചു തുപ്പുക
എന്നിട്ടും അക്ഷോഭ്യനാണെങ്കില്‍
ആളെ വെട്ടിക്കൊല്ലുക


രണ്ട്  

തനിക്ക് ഒരു മൂരിയില്ലെങ്കില്‍
താന്‍ തന്നെ ഒരു മൂരിയാവുക
കയര്‍ പൊട്ടിച്ചു കാട്ടിലേക്കോടുക
തന്നെ കണ്ടെത്താനും  
ആലയിലേക്ക് തിരിച്ചു കൊണ്ടുവരാനും  
നിര്‍വ്വാണപ്പെട്ട  ഒരു ബുദ്ധന്‍ ഉയിര്‍ത്തെഴുന്നേറ്റു വരും


മൂന്ന്

മുടിയിഴകളില്‍
തഴുകുമ്പോള്‍
ആ കാറ്റിലൊരു ബുദ്ധന്‍

കണ്ണീരൊപ്പുമ്പോള്‍
മോതിരമില്ലാത്ത  
ആ വിരലിലൊരു  ബുദ്ധന്‍

ചുണ്ടോടു ചുണ്ട്  ചേര്‍ത്തണയ്ക്കുമ്പോള്‍
മനോശരീരങ്ങളെ ചുട്ടില്ലാതാക്കുന്ന
ഒരു മിന്നല്‍പ്പിണര്‍   ബുദ്ധന്‍


നാല്

പണ്ട് ഹോളണ്ട്   എന്നൊരു  നാട്ടില്‍
മഞ്ഞനിറത്തെ ജീവനോളം   പ്രണയിച്ച
ഉന്മാദിയും ദരിദ്രനുമായ  ഒരു ബോധിസത്വന്‍ ജീവിച്ചിരുന്നു

ഒരു ദിവസം  അയാള്‍  
നീലക്കറുപ്പിന്റെ പിന്നണിയില്‍
കൊച്ചു കൊച്ചു വെള്ളക്കുത്തുകള്‍  
കാന്‍വാസില്‍  വീഴ്ത്തിയതും
നക്ഷത്രപൂര്‍ണ്ണമായ ഒരു രാത്രി   പൊട്ടി വിടര്‍ന്നു
അപ്പോള്‍ നേരം പകല്‍ നാല് മണിയായിരുന്നു  
 
കോടാനുകോടി നക്ഷത്രങ്ങള്‍ക്കിടയില്‍
അന്ന് അയാള്‍  കണ്ടെത്തി
ചെറുനാരങ്ങമഞ്ഞയില്‍  തിളങ്ങുന്ന  
ഒരു കൊച്ചുനക്ഷത്രത്തെ  

 

അഞ്ച്
 
അനുഗ്രഹിക്കപ്പെട്ട ഗര്‍ഭപാത്രത്തില്‍
തഥാഗതഭ്രൂണങ്ങള്‍ കിളിര്‍ത്തു  കൊണ്ടേയിരിക്കും
നിമിഷത്തെ ഗാഢ ഗാഢം പുണരുന്നവളെ
അപാരതയില്‍ ഭോഗിക്കാം  


ആറ്

തുപ്പലിനെയും
വെട്ടുകത്തിയെയും
പ്രതിരോധിക്കുന്നവനല്ല ബുദ്ധശിശു


ഏഴ്

കനമില്ലാത്തൊരു മുഖം
കനമില്ലാത്തൊരു ചിരി
കനമില്ലാത്തൊരു മുദ്ര
പക്ഷെ കനമുള്ളൊരു മൊഴി
കരുണയുള്ളൊരു മിഴി
കൂരിരുളിലും വെളിച്ചം    പരത്തുന്നൊരു  വഴി


എട്ട്

മേശപ്പുറത്തെ ബുദ്ധപ്രതിമ
ഉള്ളതെല്ലാം  കാണാന്‍  വേണ്ടി
കണ്ണ്  പാതി ചിമ്മുന്നു

പ്രതിമക്ക് ചുറ്റും വാലുയര്‍ത്തി വലം വെക്കുന്നത്
കഴുത്തില്‍ മണിയുള്ളൊരു  കള്ളപ്പൂച്ച   :  
ഓം മണി പത്മേ  ഹും!

Join WhatsApp News
കുഞ്ഞൻ നമ്പ്യാർ 2021-05-18 17:55:16
നിർത്തരുതോ വേണു നമ്പിയാരെ?
വിദ്യാധരൻ ഫാൻക്ലബ് 2021-05-19 13:32:48
നമ്പിയാരെ ഓടിക്കണമെങ്കിൽ വിദ്യാധരൻ മാസ്റ്റർ വേണം . അദ്ദേഹത്തെ ഇപ്പോൾ കാണാനുമില്ല . എവിടെപ്പോയോ ആവോ?
Thuppan Namboothiri 2021-05-19 13:43:19
ശ്രീ നമ്പ്യാരിൽ ഒരു നല്ല കവിയുണ്ടായിരുന്നു. കഷ്ടം.. അദ്ദേഹവും ആധുനികത എന്ന ഭോഷത്വത്തിനു പുറകെ പോകുന്നു. ഇടക്കൊക്കെ സാക്ഷാൽ കുഞ്ചൻ നമ്പ്യാരെ ഓർക്കുക. ദൈവം താങ്കൾക്ക് തന്ന വരദാനം കഞ്ചാവടിച്ചു വിവരക്കേട് പറഞ്ഞ ആധുനിക വക്താക്കൾക്ക് വേണ്ടി കളയാതിരിക്കുക. നന്മകൾ ശ്രീ നമ്പ്യാർ. നിങ്ങളുടെ പേരിൽ തന്നെ വേണു ഉണ്ട്. നല്ല നാദങ്ങൾ വരട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക