Image

പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ദീപ ബിബീഷ് നായര്‍ (അമ്മു Published on 17 May, 2021
പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))
കാലത്തെഴുന്നേറ്റു നോക്കി നിന്നപ്പഴോ
കണ്ടതാ മുന്നിലെ പാടമെങ്ങും 
മഴക്കീറിന്‍ ദേഷ്യമായ് വന്നു പതിച്ചതാ
തുള്ളിക്കൊരു കുടം പേമാരിയായ്

പാടവരമ്പൊക്കെ ചേറും ചെളിയുമായ്
കായലിന്നോളങ്ങള്‍ പോലെ തോന്നും
നീര്‍ച്ചാലുകള്‍ പൊങ്ങുന്ന വെള്ളത്തിന്നപ്പുറം
കാണുന്നു കുടിലുകളങ്ങുമിങ്ങും

ഫണമുള്ള പാമ്പുപോല്‍ വളഞ്ഞു പുളഞ്ഞങ്ങൊഴുകി വരുന്നുണ്ടിതാ നദിയും
പാലമരത്തിന്റെ ചില്ലകളുമെന്റെ തേന്മാവിന്‍ കൊമ്പുമൊടിഞ്ഞുപോയി

കടപുഴകുന്ന മരങ്ങളും ദുരിതത്തിന്‍ കഥ പോലെ തോന്നുന്നൊരെന്‍ കൂരയും
നിലംപൊത്തുമെന്നുള്ള ഭീതിയില്‍ ഞാനെന്റെ ഉണ്ണിയെ വേഗം വിളിച്ചുണര്‍ത്തി

കണ്ണു തിരുമ്മിയെഴുന്നേറ്റ് നോക്കുമെന്‍ ഉണ്ണിക്കൊരായിരം സംശയങ്ങള്‍ കാണാനില്ലമ്മേ ആ പാടങ്ങളൊക്കെയും എങ്ങു പോയെന്നായി ചോദ്യമെല്ലാം

ദിനരാത്രം പെയ്‌തൊരാ മഴയിലലിഞ്ഞു പോയ് എന്നുണ്ണീയെന്നങ്ങലറിയമ്മ
എങ്ങോട്ടു പോകുമെന്നറിയില്ലയമ്മക്ക്
പേമാരിയെല്ലാം തകര്‍ത്തെറിഞ്ഞു

ഗോതമ്പിന്‍ നിറമുള്ള നെന്മണി കൊയ്യുവാന്‍ 
നേരം പുലരുവാന്‍ കാത്തിരുന്നോരിവള്‍
നാലുകെട്ടിന്‍ പടിവാതിലിലെങ്ങനെ
പോകുമിന്നരവയര്‍ നിറക്കുവാനായ്?

നെല്‍ക്കതിര്‍ കൊയ്യുമ്പോള്‍ കിട്ടുന്ന വീതമാം നെല്ലാണ് കുടിലിലെ സമ്പാദ്യവും
ഇക്കൊല്ലമെന്താണ് വേണ്ടതെന്നറിയീല
മിച്ചമൊന്നുമില്ല കയ്യിലിന്നും

കൂടെ കളിക്കുന്ന കുട്ടികള്‍ നിറമുള്ള
ചേലകളിട്ട് നടന്നീടുമ്പോള്‍, കൊതിയോടെ നോക്കുമെന്നുണ്ണിതന്‍
കണ്ണുകള്‍
അതിനുള്ള പൊരുളെനിക്കറിയാമല്ലോ?

രണ്ടുദിനമായി പോയതാണുണ്ണി തന്‍ താതനകലെയാ പട്ടണത്തില്‍,
നാലുകാലില്‍ വരാറുള്ളതാണന്തിക്ക് മോന്തിയ കള്ളിന്റെ വീര്യം കാട്ടാന്‍

ചിന്തിച്ചിരുന്നൊരാ അമ്മതന്‍ മുന്നിലായ് ഉണ്ണി വന്നെന്തോ മൊഴിയുവാനായ്
ശങ്കിച്ചു നില്‍ക്കുമെന്നുണ്ണിയെ പുല്‍കിയാ,
മൂര്‍ദ്ദാവില്‍ ചുംബിച്ചു ചേര്‍ത്തു നിര്‍ത്തി

കുഞ്ഞിക്കൈ നീട്ടിയെന്‍ മുന്നിലായെന്മകന്‍,
 പൈതലിന്‍ സമ്പാദ്യമാകും പണക്കുടുക്ക
അശ്രുകണങ്ങളെ പുഞ്ചിരി കൊണ്ടമ്മ
മറികടന്നാദ്യമായ് ജീവിതത്തില്‍.....

ദീപ ബിബീഷ് നായര്‍ (അമ്മു)

Join WhatsApp News
American Mollakka 2021-05-18 20:58:22
അസ്സലാമു അലൈക്കും ദീപ നായർ സാഹിബ (ആ ബിബീഷ് ബെണോ .. ജീബിതത്തിൽ ആവശ്യം ആവശ്യമെന്നറിയാം പക്ഷെ ഞമ്മക്ക് നീളമുള്ള പേര് ഇസ്റ്റല്ല , ദീപ നായർ, അതുമതി അതിൽ ബഹുമാനം ഉണ്ട് നായർ സാഹിബ ). "കൂടെ കളിക്കുന്ന കുട്ടികള്‍ നിറമുള്ള ചേലകളിട്ട് നടന്നീടുമ്പോള്‍, കൊതിയോടെ നോക്കുമെന്നുണ്ണിതന്‍" ഇങ്ങടെ കബിത ബായിച്ചു. ഞമ്മടെ രണ്ടാമത്തെ ബീവി ( ങാ. ഞമ്മക്ക് ബീവിമാർ മൂന്ന്, മൂത്തത് കോളജ് ബാധ്യാരാണ് (Lecturer, രണ്ടാമത്തെ ബീവി രണ്ട് ഡിഗ്രിയുണ്ട് എന്നാൽ മലയാളം പോരാ ) ചോദിച്ചു ..കുട്ടികൾ ചേലകളിട്ട് നടക്കോ, ചേലായിട്ടല്ലേ നടക്ക. ഓളുടെ ബിചാരം ചേല എന്നുവച്ചാൽ സാരി എന്നാണു.ചേലയ്ക്ക് സ്ത്രീകളുടെ വസ്ത്രം എന്നർത്ഥം അത് സാരിയുമാകാം .അവർക്ക് പുടിയില്ല. പെൺകുട്ടികളുടെ ബസ്ത്രം എന്നുണ്ടോ ? രാജു സാഹിബിനറിയാമായിരിക്കും. എന്താ ചെയ്യാ...സാഹിബേ ഇങ്ങനെ ഞമ്മന്റെ ബീവിയേയ്‌പോലുള്ളവരെ കസ്റ്റപ്പെടുത്തല്ലേ..ഉടുപ്പകളിട്ട് എന്ന് എയ്തിയാലും കൊയപ്പമില്ല. അല്ലെങ്കിൽ തന്നെ ഇങ്ങള് ഭൃത്തം നോക്കാതെ (ഞങ്ങടെ രാജു സാഹിബ് കാണണ്ട) മഴവെള്ള പാച്ചിൽ പോലെ ബരികൾ എയ്തിയിരിക്കയല്ലേ. ഇത് ഞമ്മന്റെ ബിനീതമായ അഭിപ്രായമാണ്. ഇ മലയാളി പ്രസിദ്ധീകരിക്കുമോ എന്നറിയില്ല. എന്തായാലും കബിത ബായിക്കുമ്പോൾ ആ നാല് കാലിൽ ബരുന്ന പഹയന് നാല് പൂശു കൊടുക്കാൻ തോന്നി. ഇങ്ങളുടെ കബിതയിലെ സംഭവങ്ങൾ നടക്കുന്നത് പണ്ടുകാലത്താണ് . മൂത്തുമ്മ പറഞ്ഞു തന്നതാകും. ഇങ്ങേക്കും ബിബീഷ് സാഹിബിനും കുട്ട്യോള് ഉണ്ടെങ്കിൽ അബർക്കും പടച്ചോന്റെ കൃപ ഉണ്ടാകട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക