Image

വേദനകളെ ചിരിച്ചു തോൽപ്പിച്ചവൻ

അനിൽ പെണ്ണുക്കര Published on 15 May, 2021
വേദനകളെ ചിരിച്ചു തോൽപ്പിച്ചവൻ

വേദനകളെ ചിരിച്ച് തോൽപ്പിക്കുക എന്നുള്ളത് വല്ലാത്തൊരു കഴിവ് തന്നെയാണ്. അങ്ങനെ ജയിച്ച് നിൽക്കുന്ന നന്ദുവിന്റെ മുഖം കാണുമ്പോൾ അവൻ മരിച്ചുപോയെന്ന് വെറുതെപോലും നമുക്ക് ചിന്തിക്കാൻ കഴിയില്ല. ഓർമ്മകളിൽ എപ്പോഴും പ്രതീക്ഷകൾ മാത്രമുള്ള, ചിരി മാത്രമുള്ള അവനെ ഒരിക്കൽ പോലും സഹതാപത്തോടെ നോക്കാനോ സെന്റിമെന്റലായി അപ്പ്രോച്ച് ചെയ്യാനോ നമുക്ക് കഴിയില്ല. കാരണം സഹതാപത്തിനുമപ്പുറമാണ് സ്നേഹം. അവനൊരു എനർജി ഡ്രിങ്ക് ആണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഓരോ സർജറി കഴിയുമ്പോഴും ഓരോ ഉടുപ്പുകൾ അഴിച്ച് പുതിയ പ്രതീക്ഷകളുടെ കരകൾ തേടി അവനങ്ങനെ നടക്കും.

നന്ദുവാണ് ശരി, അല്ലെങ്കിലും നമുക്കൊരു വേദനയുണ്ടെന്ന് കരുതി അത്‌ പ്രകടിപ്പിച്ചു എന്തിനാണ് നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതം കൂടി നഷ്ടപ്പെടുത്തുന്നത്. ജീവിച്ചിരിക്കുന്ന കാലം, എത്ര സങ്കടത്തിരയാർത്തു വന്നാലും അതിനൊക്കെ മുകളിൽ ഒരു ചിരിയുടെ ബോട്ട് അങ്ങോട്ട് ഓടിക്കണം. നന്ദുവിനെപ്പോലെ. നന്ദു ഒരു അസാധ്യ മനുഷ്യനാണ് ശരീരത്തിൽ നിന്ന് വേദനയോടെ ഓരോന്നും നഷ്ടപ്പെടുമ്പോഴും അവൻ നമ്മളിലേക്കൊന്നും ഒരിക്കൽ പോലും അവന്റെ സങ്കടങ്ങളെ പകർത്തിയിട്ടില്ല. പകരം ആത്മവിശ്വാസത്തിന്റെ ഭംഗിയുള്ള ഒരു മുറി കാണിച്ചു തന്നു. ഓരോ വീഡിയോ ചെയ്യുമ്പോഴും അവനാ മുറിയിലേക്ക് നമ്മളെ ക്ഷണിച്ചു. ജീവിച്ചിരിക്കുന്നതിന്റെയും ഭംഗിയും, പ്രതീക്ഷകളുടെ അവസാനിക്കാത്ത നിലവിളികളും കാണിച്ചു തന്നു. ഒരുപക്ഷെ അവനെ ഓർക്കാൻ നമുക്കുള്ള വഴി ആ ചിരി തന്നെയായിരിക്കും.

ചില മരണങ്ങൾ നമ്മളെ ആഴത്തിൽ തൊട്ടു പോകാറുണ്ട്, എന്തിനായിരുന്നെന്ന് തോന്നാറുണ്ട്. നന്ദുവും നേരത്തെ പോയത് എന്തിനായിരുന്നു എന്ന് തന്നെയാണ് നമ്മൾ ഓർക്കുന്നത്. അവനിനിയും ഒരുപാട് പറയാനുണ്ടായിരുന്നു. ചെറിയ സങ്കടങ്ങളിൽ, വേദനകളിൽ ഇല്ലാതായിപ്പോകുന്ന നമുക്ക് വലിയ വേദനകളെ പോലും ചിരിച്ചു തോൽപ്പിച്ച അവനൊരു കരുത്തായിരുന്നു. നന്ദുവിന്റ നഷ്ടങ്ങളെക്കുറിച്ചല്ല, നന്ദുവിന്റെ ചിരിയിൽ സന്തോഷം കണ്ടെത്തിയ അവന്റെ വാക്കുകളിലൂടെ അതിജീവിച്ച മനുഷ്യരുടെ അവനില്ലാതാകുമ്പോഴുള്ള ശൂന്യതകളെയാണ് നമ്മൾ ഓർക്കേണ്ടത്. അല്ലെങ്കിലും മരിച്ചവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, ജീവിചിരിക്കുന്നവർക്ക് പക്ഷെ ഒരുപാടുണ്ടുതാനും.

കാൻസറിന്റെ നോവും നീറ്റലും അസ്സഹനീയതയുമെല്ലാം നന്ദു അതിജീവിച്ചിരുന്നത് അവന് ജീവിതത്തോടുള്ള കാഴ്ചപ്പാടിലൂടെ തന്നെയാണ്. അവന്റെ പോരാട്ടത്തിൽ അവനൊപ്പം ചേർന്ന് നിന്ന ആ അമ്മ ഇപ്പോൾ അവന്റെ ശൂന്യതകളെ എങ്ങനെ മറികടന്നിട്ടുണ്ടാകും. മരണം ഒരു തുടർച്ച മാത്രമാണെന്ന് കരുതാം. ഓർമ്മകളുടെ അപചയം മാത്രമാണെന്ന് വിശ്വസിക്കാം.

വേദനകളെ ചിരിച്ചു തോൽപ്പിച്ചവൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക