ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്ബലംകുന്നം സ്വദേശിനി രഞ്ചുവാണ് മരിച്ചത്.
മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ അരോപിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച രഞ്ചുവിന് ആശുപത്രിയില്‍ ചികിത്സ ലഭിച്ചിട്ടില്ലെന്നും ആരോഗ്യസ്ഥിതി വഷളായ ശേഷം മാത്രമാണ് മതിയായ ചികിത്സ നല്‍കിയതെന്നും രഞ്ചുവിന്റെ സഹോദരി പറഞ്ഞു.
രഞ്ചു സഹോദരിക്ക് അയച്ച വാട്സാപ്പ് സന്ദേശത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നാണ് സഹോദരി പറയുന്നത്.
നാട്ടിലെത്തിക്കണമെന്നും ചികിത്സ നാട്ടില്‍ മതിയെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കണമെന്നും മരണത്തിന് മുമ്ബ് രഞ്ചു ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസമാണ് രഞ്ചു യു.പിയില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ചത്. കോവിഡ് പോസിറ്റീവായതോടെ ഏപ്രില്‍ 17ന് ജോലി ചെയ്യുന്ന അതേ ആശുപത്രിയില്‍ തന്നെ ചികിത്സ തേടി. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി. ബുധനാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.