Image

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

Published on 12 May, 2021
പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)
ആ പേരാണോ എനിക്കിഷ്ടമില്ലാതിരുന്നത്.?. 
തല നിറയെ  പറ്റിപ്പിടിച്ചിരിക്കുന്നതുപോലെ തോന്നുന്ന ചുരുണ്ട മുടിയോ..?
അതോ ആ വെളളാരംകണ്ണുകളോ..?
സന്താനം എന്നു വിളിപ്പേരുളള സന്താനഗോപാലൻ
അമ്മയുടെ ഒരകന്ന ബന്ധുവായിട്ടുവരും..
വടക്കേഭാഗത്തെ കമലമ്മായീടെ മോൻ..
ചില കല്യാണങ്ങൾക്കൊക്കെ ഞാനയാളെ കണ്ടിട്ടുണ്ട്....
ഇടിച്ചുകേറി മിണ്ടാൻ വരും..
വടക്കേഭാഗമെന്നു പറഞ്ഞാൽ ഒരു ചെറിയ കുന്നിന്റെ മുകൾപ്പരപ്പാണ്... കടലിക്കുന്നിന്റെ നേരെ എതിരേനില്ക്കുന്ന ചെറിയ കുന്നിന്റെ... 
രണ്ടു കുന്നുകളുടേയും അടിവാരം ഇടിച്ചു നിരപ്പാക്കിയുണ്ടാക്കിയ വീതികുറഞ്ഞ റോഡ്, നടുവിൽ വളഞ്ഞു പുളഞ്ഞ് ഇരവിഴുങ്ങിക്കിടക്കുന്ന പാമ്പുപോലെ അനങ്ങാതെ കിടക്കും..
ആകെ ഒരൊറ്റ ബസ്സ്,  ദിവസം നാലുനേരം  അതുവഴി ട്രിപ്പടിക്കും.. 
അവരുടെ  വീട്ടിലേക്ക് ചെന്നെത്താൻ തട്ടുതട്ടായി എത്ര പടികൾ മുകളിലേക്കു
കയറണമെന്നോ..!
സൈക്കിളുളളവർ അതും ചുമന്നുകൊണ്ടാണു പടികൾ കയറുന്നത്..
കുന്നിന്റെ ഉച്ചിയാണെന്നു തോന്നിച്ചാലും  നിരപ്പായി കിടക്കുന്ന ഫലഭുയിഷ്ടമായ മണ്ണാണ്. 
അടുത്തടുത്തായി പത്തുപതിനഞ്ചു വീടുകളിൽ സന്താനത്തിന്റെ അച്ഛന്റെ ചേട്ടാനുജമ്മാരും അവരുടെ കുടുംബങ്ങളും
മാത്രമായി . നല്ല യോജിപ്പോടെ കഴിയുന്ന അവരുടേതുമാത്രമായ സാമ്രാജ്യമാണവിടം..
ഒരു കല്യാണത്തിന് ഞാനവിടെ പോയിട്ടുണ്ട്..
രാവിലത്തെ, ബസ്സിന്റെ ആദ്യത്തെ ട്രിപ്പിൽ വാതിലിനോടു ചേർന്നുളള  സീറ്റിൽ സന്താനം ഇരിപ്പുണ്ടാവും..
അലക്കിത്തേച്ച മുണ്ടും മടക്കു നിവരാത്ത മുറിക്കയ്യൻ ഷർട്ടും..
കറുത്ത കൂളിംഗ്ഗ്ളാസും..
പാറേപ്പടീന്നു കേറുന്ന ഞാൻ ആളിനെ കണ്ടുവെന്നു ബോദ്ധ്യമായാൽ കൂളിംഗ് ഗ്ളാസൂരി  ഷർട്ടിന്റെ പോക്കറ്റിൽ ഞാത്തിയിടും..
ചൊവ്വയും വെളളിയും ചന്ത ദിവസങ്ങങ്ങളിൽ ബസിലല്പം തിരക്കുണ്ടാവും. അന്ന് ഞാനിരിക്കുന്ന സീറ്റിനടുത്തായിരിക്കും നില്പ്..എന്നെ മാത്രം ശ്രദ്ധിച്ചുകൊണ്ട്..
കയ്യിൽ മടക്കിപ്പിടിച്ച അന്നത്തെ പത്രവുമുണ്ടാവും.. ടൗണിലെ സൂപ്പർമാർക്കറ്റിൽ കാഷ്യർ 
ആണെന്നറിയാം..എനിക്കു മറ്റൊരു ബസ്സിൽക്കയറി അരമണിക്കൂർകൂടി യാത്രയുണ്ട്.. ആ ബസ്സും  നീങ്ങിക്കഴിഞ്ഞാലേ സന്താനം പോകൂ..വൈകിട്ട്, എന്റെ തിരിച്ചു വരവുംകാത്ത് കുറ്റിയടിച്ചപോലെ സ്റ്റാൻഡിൽ നില്ക്കും..
ദൂരെനിന്ന് അയാളെ കാണുമ്പോഴേ എന്നിൽ അസ്വസ്ഥതയുടെ ചിറകുമുളയ്ക്കാൻ  തുടങ്ങും.....ഇയാളെന്തിനാ എന്നെ ചുറ്റിപ്പറ്റിയിങ്ങനെ നടക്കുന്നത്..
തന്റെ താല്പര്യമില്ലായ്മ പ്രകടമാക്കിയിട്ടും..
"ബസ്സിന്റെ വാതിലിനോടടുത്തുനിന്നു യായാത്ര ചെയ്യരുത്..
ബസ്സ് നിർത്തിയാലുടനെ ചാടിയിറങ്ങരുത്.."
ചെവിപ്പുറകിൽ നിന്നുളള അയാളുടെ ഉപദേശം..
ഞാനതു കേട്ടതായിപ്പോലും ഭാവിക്കാറില്ല. എന്നിട്ടും...
ഒരു ദിവസം കയ്യിരുന്ന പത്രം എനിക്കുനേരെ നീട്ടി..
"അകത്തെ പേജിൽ ഒരു നല്ല വാർത്തയുണ്ട് ഒന്നു വായിച്ചുനോക്കൂ..."
നിരസിക്കാൻ മടിച്ച് പത്രംവാങ്ങി ഉൾപ്പേജു നിവർത്തി..
"എനിക്കിഷ്ടമാണു നിന്നെ..നിനക്കും ഇഷ്ടമാണെങ്കിൽ വീട്ടിൽ
പറയാം.." 
അകംപേജിൽ സാധാരണയിലും വലിപ്പത്തിൽ വെളളപ്പേപ്പറിൽ എഴുതിയ കുറിമാനം......
എനിക്കയാളെ ഒട്ടും ഇഷ്ടമല്ലെന്ന് അപ്പോൾത്തന്നെ പറയാൻ തോന്നിയതാണ്.. 
അയാളെ നോക്കാതെ, ഒന്നും മിണ്ടാതെ, പത്രം തിരികെയേൽപ്പിച്ച് കണ്ണുകൾ പുറത്തെ കാഴ്ചയിലേക്ക് പായിച്ച്
ഞാനിരുന്നു...
അടുത്ത ദിവസങ്ങളിൽ അയാളിരിക്കുന്ന ഭാഗത്തേക്ക് അറിയാതെപോലും നോക്കിയില്ല...
പിന്നീടുളള ദിവസങ്ങളിൽ ഡ്രൈവറുടെ സീറ്റിനടുത്തായി നിൽപ്പും ഇരിപ്പും...എങ്കിലും,
ശ്രദ്ധമുഴുവനും എന്നിൽത്തന്നെ.. യാത്രയാക്കലും കാത്തുനിൽപ്പും തുടർന്നുംപോന്നു....
ഇഷ്ടപ്പെടാൻ  എന്തെങ്കിലും അയാളിൽ ഞാൻ തിരഞ്ഞു...
ഒരു പാവത്താനാണെന്നു മാത്രം തോന്നി.....
കുറച്ചു ദിവസം അങ്ങനെയങ്ങുപോയി...
തുടർച്ചയായി അയാളെ ബസ്സിൽ  കണാതെ വന്നപ്പോൾ 
ഒരു ചെറിയ വിഷമം തോന്നാതെയിരുന്നില്ല....
"ആ സന്താനഗോപാലനെ
കുറേ ദിവസമായിട്ടു ബസ്സിലു കാണുന്നില്ലല്ലോ..
എന്തു പറ്റിയതാവും..."
അമ്മയോടു തിരക്കി...
"നിന്നോടവൻ പറഞ്ഞില്ലാരുന്നോ..
യാത്ര പറയാനിവിടെ വന്നിരുന്നു..
ദുബായിലുളള ചേട്ടന്മാർ
അവനെ അങ്ങോട്ടേയ്ക്കു വിളിച്ചു.." 
പ്രത്യേകതകളൊന്നുമില്ലാതെ ദിവസങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നു...
സന്താനത്തിന്റെ വെളളാരം കണ്ണുകളുടെ
അദൃശ്യമായ കാന്തമുന എന്നിലേക്കു നീണ്ടൂവരുന്നതുപോലെ തോന്നിയിരുന്നു.. രണ്ടു വർഷം കഴിഞ്ഞിട്ടുണ്ടാവും..
നാട്ടിലേക്കുളള ആദ്യവരവു തന്നെയാവും, സന്താനം എന്റെ  ഓഫീസിലേക്കു കയറിവന്നു....ഒപ്പം വന്നയാളിനെ വെളിയിൽ നിർത്തിയിട്ട്.. 
ആളാകെ മാറിയിട്ടുണ്ട്..
പറ്റെ വെട്ടിയ മുടി ചുരുണ്ടതോ നീണ്ടതോയെന്നു തിരിച്ചറിയാതായിട്ടുണ്ട്.
മുഖത്തൊരു കട്ടിമീശയും..
കൂളിംഗ് ഗ്ളാസ്സില്ല.. 
വെളളാരംകണ്ണുകളുടെ കാന്തശക്തി അതേപടി..
"നാട്ടിലെത്തിയപ്പോൾ ആദ്യം അന്വേഷിച്ചത് തന്നെക്കുറിച്ചാണ്..
വിവാഹം കഴിഞ്ഞിട്ടില്ലെന്നറിഞ്ഞപ്പോൾ സമാധാനമായി....
ഇന്നിപ്പോഴും ഞാൻ ചോദിക്കുകയാണ്..
"എന്നെ
ഇഷ്ടപ്പെട്ടുകൂടേ.."
എന്തു പറയും..? 
ഞാനാകെ പരുങ്ങി...
സന്താനഗോപാലനെ കല്യാണം കഴിച്ച്
അയാളുടെ വെളളാരംകണ്ണുളള,  
ചുരുണ്ടു കുറ്റിച്ച മുടിയുളള കുട്ടികളെ പ്രസവിച്ച്
അയാളോടൊപ്പം ജീവിക്കേണ്ടിവരുന്ന
കാര്യം...
പെട്ടെന്നാണ്  മാത്യുസാർ
കാബിനു വെളിയിലേക്കു 
വന്നത്.. കയ്യിലൊരു ഫയലുമായി..
"ഈ ഫയൽ എത്രയും പെട്ടെന്നു തീർപ്പാക്കണം.. ഉച്ചയ്ക്കുമുൻപ്.."
ആശ്വാസം തോന്നി...
"ശരി സാർ...."
"അപ്പോൾപ്പിന്നെ..ഞാൻ.
ഇറങ്ങട്ടെ....
രണ്ടുമാസം വരെ ഞാനിവിടെയുണ്ട്.  
വീണ്ടും കാണാം.."
ഫയലിനുളളിലേക്ക്
മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുമ്പോഴും സന്താനഗോപാലന്റെ വെളളാരം കണ്ണുകൾ എന്നെ അലട്ടിക്കൊണ്ടിരുന്നു..
അയാളുടെ കണ്ണുകളിൽനിന്നും അകന്നു നിൽക്കാൻ തനിക്ക് കഴിയില്ലെന്നവൾക്കു തോന്നി..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക