-->

America

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

Published

on

വസന്തമാളിക

കോളേജ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ചവരുടെ പാനല്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. കോളേജിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു. കരുണ്‍ കോളേജ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. അവനെ മറ്റുള്ളവര്‍ മുകളിലേക്കുയര്‍ത്തി സിന്ദാബാദ് വിളിക്കുന്നതുകണ്ടപ്പോള്‍ കിരണിന്കിരണിന് അഭിമാനമാണ് തോന്നിയത്. അവളുടെ കണ്ണുകള്‍ തിളങ്ങി. അവനുവേണ്ടി പെണ്‍കുട്ടികള്‍ക്കിടയില്‍ പ്രചാരവേല ചെയ്യുമ്പോള്‍ തന്നെ മനസ്സിലുറച്ച കാര്യമാണ് അവന്‍ ജയിക്കുമെന്ന്. അവനുവേണ്ടി കഷ്ടപ്പെട്ടതൊന്നും അവനറിയില്ല. അറിയരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ നല്ലൊരു കര്‍ഷകനെന്നും സല്‍സ്വഭാവിയെന്നുമൊക്കെ അവന്‍ പേരെടുത്തിരുന്നു. പെണ്‍കുട്ടികളോടുള്ള പെരുമാറ്റത്തിലും അതുണ്ട്. മറ്റ് എത്രയോ ആണ്‍കുട്ടികള്‍ പെണ്‍പിള്ളാരെ കാണുമ്പോള്‍ ചൂളമടിക്കുന്നുന്നു, പ്രേമം നടിച്ച് വളയ്ക്കാന്‍ ശ്രമിക്കുന്നു. ഇതില്‍ നിന്നെല്ലാം എത്രയോ വ്യത്യസ്തനാണ് കരുണെന്ന് അവള്‍ ഒരു നിമിഷം ഓര്‍ത്തു.
കോളേജ് മൈതാനത്ത് ജയ് വിളികളുടെ ശബ്ദം ഉയര്‍ന്നുപൊങ്ങി. അതിനിടയിലേക്ക് ചെന്ന് അഭിനന്ദനമറിയിക്കാന്‍ മനസ് വന്നില്ല. വീട്ടിലെത്തിയാലും പപ്പ അവനൊപ്പമാണ്. എന്തായാലും ഇന്നധികം ക്ലാസ്സുകള്‍ കാണില്ല. ക്ലാസ്സ് മുറിയിലിരിക്കുമ്പോഴും ചിന്ത അവനെപ്പറ്റിയായിരുന്നു. പഠിക്കുന്ന സമയം അവന്‍ മനസ്സിലേക്ക് വരാതിരിക്കാന്‍ നന്നേ ശ്രമിക്കുന്നുണ്ട്. അത് പഠനത്തെ ബാധിക്കും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം അവനെ കാണാന്‍ തീരുമാനിച്ചു. കൂടുതലും അവനെ കാണുന്നത് ലൈബ്രറിയിലാണ്. ഇന്ന് അവിടെയും കണ്ടില്ല. അരുണയെക്കൂടി കാണാതെ വന്നപ്പോള്‍ ഉള്ളില്‍ സംശയമേറി വന്നു. അവളും ജയിച്ചതിന്റെ ആഹ്ലാദത്തിലാണ്. മനസ്സ് പിടഞ്ഞു. പലരോടും ചോദിച്ചു. പലയിടത്തും നോക്കി. എങ്ങും കാണാനില്ല. ഇവന്‍ എവിടെ പോയി? ഉള്ളില്‍ ആശങ്കകള്‍ നിറഞ്ഞു. അരുണ എവിടെ? പെണ്‍കുട്ടികള്‍ക്കിടയിലും കണ്ടില്ല.
അവള്‍ കോളേജിന്റെ പിറകിലുള്ള കൃഷിസ്ഥലത്തേക്കു നടന്നു. സാധാരണയായി ആരും അങ്ങോട്ടു പോകാറില്ല. അവിടെയുള്ളത് കുറെ മരങ്ങളും തരിശായി കിടക്കുന്ന ഭൂമിയുമാണ്. അവിടെയാണ് അവന്റെ പച്ചക്കറിത്തോട്ടം. ലൈബ്രറിയിലിലെങ്കില്‍ അവനെ കാണുക പച്ചക്കറിത്തോട്ടത്തിലാണ്. പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. അവന്റെ മുഖം പാവയ്ക്കകളുടെ മധ്യത്തില്‍ തെളിഞ്ഞുകണ്ടു. ഒപ്പം മറ്റു രണ്ടു കൂട്ടുകാരുമുണ്ട്. അവിടേക്ക് പോകാന്‍ മനസ് അനുവദിച്ചില്ല. ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് എന്തിന് അവിടേക്ക് പോകണം. പച്ചക്കറി തോട്ടം കാണാനാണെങ്കില്‍ ആരെയെങ്കിലും ഒപ്പം കൂട്ടിക്കൂടെയെന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചാല്‍ എന്തു മറുപടി പറയും. നെറ്റിയില്‍ പൊടിഞ്ഞു നിന്ന വിയര്‍പ്പുകണം തൂവാലയെടുത്ത് തുടച്ചുകൊണ്ട് അവന്‍ ജോലി തുടര്‍ന്നു. അങ്ങോട്ടു ചെന്നാല്‍ എന്തെങ്കിലും അസ്വാഭാവികമായി കാണുമെന്നിരിക്കെ അവള്‍ മടങ്ങിപ്പോന്നു.
മൂന്നുമണി മുതല്‍ മൈതാനത്ത് സംസ്ഥാനതല കായികമത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള പരിശീലനം നടക്കുകയാണ്. അതില്‍ ഒരാള്‍ കിരണാണ്. അഞ്ചുപേര്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. നൂറും നാനൂറും മീറ്റര്‍ ഓട്ടമത്സരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്ത് നില്കുന്നത് കിരണാണ്. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുക വളരെ ദൂരെയെങ്കിലും അതിനുള്ള ശ്രമത്തിലാണ് അവള്‍. അവള്‍ ചെരിപ്പൂരി ബൂട്‌സ് ഇടുന്ന സമയം കരുണ്‍ നടന്നുപോകുന്നത് കണ്ട് അവന്റെ പിറകെയോടി.
അവള്‍ സ്‌നേഹത്തോടെ വിളിച്ചു, ""കരുണ്‍''.
അവന്‍ തിരിഞ്ഞു നിന്നു. ആ തിളങ്ങുന്ന കണ്ണുകളിലേക്ക് അവള്‍ നിമിഷങ്ങള്‍ നോക്കി. മന്ദഹാസ്സവും പുഞ്ചികിയും അവരുടെ മുഖത്ത് പ്രകാശിച്ചു. അവള്‍ ആകെ സന്തോഷത്തിലാണ്. അവള്‍ ആവേശത്തോടെ അഭിനന്ദനമറിയിച്ചു. വെറും വാക്കുകളായിട്ടല്ല. ഹസ്തദാനം ചെയ്തുകൊണ്ടാണറിയിച്ചത്. അവനും തിരികെ നന്ദി പറഞ്ഞു.
''സത്യത്തില്‍ ഈ വിജയത്തിന് കാരണം കിരണും അരുണയുമൊക്കെയാണ്.''
അരുണയുടെ പേര് കേട്ടപ്പോള്‍ അവളുടെ മുഖത്തെ പുഞ്ചിരി മാറി. മനസ്സിന്റെ മരവിപ്പ് മാറാന്‍ നിമിഷങ്ങളെടുത്തു. വെറുതെ എന്തിനാണ് ഓരോ അര്‍ത്ഥങ്ങള്‍ ഓരോന്നിനും കൊടുക്കുന്നത് അരുണയും ഒത്തിരി കഷ്ടപ്പെട്ടതല്ലേ? അതുകൊണ്ടവന്റെ സ്വന്തമായോ? അതിന് അവളൊന്ന് ശ്രമിക്കട്ടെ. അപ്പോള്‍ ഞാനാരെന്ന് അവള്‍ അറിയും.
ഇളം വെയിലില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.
സന്തോഷത്തോടെയവന്‍ പറഞ്ഞു, ''സാറിനോട് ഈ വിജയത്തെപ്പറ്റി ഒന്നു പറയണം. ഞാന്‍ രണ്ട് ദിവസം കഴിഞ്ഞേ അങ്ങോട്ടു വരൂ. ഫോണില്‍ ഞാന്‍ വിളിച്ചുകൊള്ളാം.''
അവനൊപ്പം കുറച്ചു സമയം കൂടി ചിലവഴിച്ചാല്‍ മനസ്സിലുള്ളത് പറയാനുള്ളത് അവസരമാകുമായിരുന്നു. എത്രയോ ദിവസങ്ങളായി പ്രണയം മനസ്സിലിട്ട് തലോടുകയാണ്. എങ്ങനെയാണ് അവതരിപ്പിക്കേണ്ടത്. അതും ഒരു ചോദ്യചിഹ്നമായി മനസ്സില്‍ നില്ക്കവെ മൈതാനത്ത് നിന്നുള്ള വിളി കേട്ടു. ഒപ്പം ഓടാനുള്ളവര്‍ തയ്യാറായിരിക്കുന്നു. അവള്‍ ഒരു കള്ളച്ചിരിയോടെ യാത്ര പറഞ്ഞുപോയി.
മൈതാനത്തിന്റെ പല ഭാഗങ്ങളിലായി കുട്ടികള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ചിലര്‍ ഷോട്പുട്ട്, ഡിസ്കസ്‌ത്രോ, ജാവലിന്‍ ത്രോ ഒക്കെ പരിശീലിക്കുന്നു. മറ്റ് ചിലര്‍ ഹൈജമ്പും ലോംഗ് ജമ്പും ചാടുന്നു. കിരണും മറ്റ് രണ്ട് പെണ്‍കുട്ടികളും ഓട്ടത്തിലാണ്. മറ്റ് ദിവസങ്ങളെക്കാള്‍ കിരണ്‍ ഉന്മേഷവതിയായിരുന്നു. ഓട്ടത്തിലും അത് കാണാന്‍ കഴിഞ്ഞു. കൂട്ടുകാരെ വളരെ പിന്നിലാക്കിയാണ് നൂറും നാനൂറ് മീറ്ററും പൂര്‍ത്തിയാക്കിയത്. ഒരു സംശയത്തിന്റെ നിഴല്‍ ഒപ്പം ഓടിയവര്‍ക്കുണ്ടായി. ഇന്നത്തേതിനെക്കാള്‍ നല്ലൊരു സമയം നിനക്ക് കാഴ്ചവയ്ക്കാനാവുമെന്ന് കൂട്ടുകാര്‍ അഭിപ്രായപ്പെട്ടു. തീര്‍ച്ചയായും അതിനായി ശ്രമിക്കുമെന്നവര്‍ ഉറപ്പുകൊടുത്തു. അവര്‍ ക്ഷീണിതരായി പച്ചപ്പുല്ലില്‍ ഇരുന്നു.
എല്ലാ മനുഷ്യരും ലക്ഷ്യത്തിലെത്താന്‍ ഓടുകയാണ്. ആ ഓട്ടത്തില്‍ തളര്‍ച്ച വരും. പക്ഷേ, തളര്‍ന്ന് വീഴാന്‍ പാടില്ല. എല്ലാ ഓട്ടവും ചാട്ടവും നടത്തയും ജീവിതവും മനുഷ്യനും തമ്മിലുള്ള പോരാട്ടമാണ്. അത് ദൈവം എന്ന മഹാത്മാവ് മനുഷ്യന് കൊടുത്തിരിക്കുന്ന വഴികളാണ്. ചിലര്‍ ദുഃഖത്തിലൂടെ മറ്റ് ചിലര്‍ സന്തോഷത്തിലൂടെ സഞ്ചരിക്കുന്നു. സന്തോഷിക്കുന്ന സമ്പന്നമാരെയോര്‍ത്ത് സമ്പത്തില്ലാത്തവന്‍ എന്തിന് വിഷമിക്കണം. ഈ കൂട്ടരുടെ കണ്ണുകള്‍ അടഞ്ഞിരിക്കുകയാണ്. തുറന്ന കണ്ണുള്ളവന്‍ ജീവിക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തണം. അല്ലാതെ ഉയര്‍ന്നവന്‍, താഴ്ന്നവന്‍, ഉയര്‍ന്ന ജാതി, താണ ജാതി ഇങ്ങനെയുള്ള അന്ധമായ ചിന്തകളില്‍ മനസ് പോരാടുകയല്ല വേണ്ടത്. അദ്ധ്വാനിക്കാനും ത്യാഗം ചെയ്യാനുമുള്ള ധീരമായ മനസ്സാണാവശ്യം. ആ കൂട്ടര്‍ ഒരു തിരക്കിലും പെട്ട് ആടിയുലയുന്നവരല്ല. കൂട്ടുകാരികള്‍ മറ്റുള്ളവരുടെ കായികാഭ്യാസത്തില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ കിരണിന്റെ മനസ് പോയത് ജീവിതത്തെ കീഴ്‌പ്പെടുത്താനായിരുന്നു.
കൂട്ടുകാരികള്‍ പറഞ്ഞത് സത്യമാണ്. ഇന്നത്തേതിനെക്കാള്‍ മികച്ച സമയം കുറിക്കാന്‍ ഒരുപക്ഷേ സാധിച്ചേക്കും. പക്ഷേ, ഇന്നത്തേതിനെക്കാള്‍ വലിയൊരു സന്തോഷം വരണം. അതിനു കരുണ്‍ തന്നെ വിചാരിക്കണം. മനസ് ആഗ്രഹിച്ചാല്‍ അത് നേടിയെടുക്കുന്നതുവരെ പിന്മാറാത്ത സ്വഭാവമുള്ളവള്‍ ഈ ഓട്ടത്തിലും സ്വര്‍ണ്ണം നേടണം. കരുണിനെ കണ്ടുകഴിഞ്ഞാല്‍ വിരസത മാറി കൂടുതല്‍ ഊര്‍ജ്ജ്വസ്വലതയുള്ളവളാകുമെന്ന് ഇന്ന് ബോധ്യമായി. വരുന്ന ദിനത്തിലും ഒപ്പം അവനുണ്ടാകണമെന്നാഗ്രഹിച്ചു. അവന്‍ മത്സരം കാണാനുണ്ടാകും. എന്നിരുന്നാലും എന്റെ അടുത്തുതന്നെയുണ്ടാകണമെന്നാണ് അവനോട് പറയണം. അതെന്നില്‍ പ്രതീക്ഷ മാത്രമല്ല ഉള്ളിന്റെയുള്ളില്‍ ഊര്‍ജ്ജവും നിറയ്ക്കും. തോളില്‍ കൂട്ടുകാരികളുടെ കരസ്പര്‍ശം ഉണ്ടായപ്പോഴാണ് അവള്‍ക്ക് സ്ഥലകാലബോധം വന്നത്. അവര്‍ക്കൊപ്പം എഴുന്നേറ്റ് വീണ്ടും ഓട്ടം തുടര്‍ന്നു. ഓടി തളര്‍ന്ന് ക്ഷീണിച്ചവരുടെ മുകളിലൂടെ വെണ്മയാര്‍ന്ന സൂര്യന്റെ വെള്ളപ്പന്തല്‍ പടിഞ്ഞാറോട്ട് മന്ദം മന്ദം നീങ്ങിക്കൊണ്ടിരുന്നു.
സംസ്ഥാന കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. മത്സരാര്‍ത്ഥികള്‍ പ്രതീക്ഷകളോടെ മൈതാനത്ത് അവരുടെ സാന്നിദ്ധ്യമറിയിച്ചു. കോളേജ് ടീമിന് പ്രിന്‍സിപ്പലും മറ്റ് അദ്ധ്യാപകരും കോളേജ് ചെയര്‍മാന്‍ കരുണും ചേര്‍ന്ന് എല്ലാവിധ വിജയമംഗങ്ങളും നേര്‍ന്ന് മുന്നോട്ടു നയിച്ചു.
പച്ച പരവതാനി വിരിച്ച മൈതാനത്ത് ഇറങ്ങുന്നതിന് മുമ്പ് കിരണ്‍ കരുണിന്റെ അടുത്തെത്തി, ''കരുണ്‍ ഒരു കുപ്പി വെള്ളവുമായി ദേ അവിടെയുണ്ടാകണം.'' അവള്‍ കൈ ചൂണ്ടി പറഞ്ഞു.
അവള്‍ക്ക് ധൈര്യം കൊടുത്തുകൊണ്ടവന്‍ വെള്ളം നിറച്ച കുപ്പി വാങ്ങാനായി പുറത്തേക്കു പോയി. നാലുപാടും നിറഞ്ഞിരിക്കുന്നവരുടെ എല്ലാകണ്ണുകളും മൈതാനത്താണ്. കായികരംഗവുമായി യാതൊരു ബന്ധവുമില്ലാത്ത മന്ത്രി ഉദ്ഘാനടനച്ചടങ്ങ് നിര്‍വഹിച്ചു. ഉച്ചഭാഷിണിയിലൂടെ കളികളും കളിക്കാരുടെ പേരുകളും കോളേജുകളുടെ പേരുകളും മത്സരം തുടങ്ങുന്ന സമയവുമെല്ലാം അറിയിച്ചുകൊണ്ടിരുന്നു. അകലെയുള്ളവര്‍ മൈതാനത്ത് വന്ന് പലരുടെയും ഫോട്ടോകള്‍ കാമറയിലും മൊബൈല്‍ ഫോണിലും മറ്റും പകര്‍ത്തുന്നുണ്ടായിരുന്നു. പ്രൗഢഗംഭീരമായ അണിയിച്ചൊരുക്കിയ മൈതാനത്ത് പെണ്‍കുട്ടികളുടെ ശരീരഭംഗിയും നിക്കറണിഞ്ഞുള്ള വേഷവിതാനവും പലരെയും ആകര്‍ഷിച്ചു. അവരുടെ ഓരോ അവയവവും അവര്‍ പ്രത്യകം ശ്രദ്ധിച്ചു. വെളുത്തുറച്ച കാലുകള്‍, അരക്കെട്ട്, മസിലുകള്‍, മൃദുത്വം തോന്നുന്ന തുടകള്‍, മുടി പിന്നിയിടുന്നവര്‍, മുടി കഴുത്തിനൊപ്പം വെട്ടിയവര്‍. ഇവരുടെയിടയിലൂടെ മിന്നല്‍ വേഗത്തില്‍ നടന്നുപോകുന്ന കിരണിലാണ് യുവാക്കളുടെ കണ്ണുകള്‍ പതിഞ്ഞത്. ചിലര്‍ വികാരമൂര്‍ച്ഛയോടെ നോക്കി. അവളുടെ ശരീരഭംഗിയും വേഷവിധാനവും ആരിലും ആശയുണര്‍ത്തുന്നതാണ്.
തടിച്ചുകൊഴുത്ത ചില പെണ്‍കുട്ടികളെ കണ്ടപ്പോള്‍ അവരുടെ ചുണ്ടില്‍പുഞ്ചിരിയുണര്‍ന്നു. സുന്ദരികള്‍ക്കൊപ്പം സുന്ദരന്മാരുമുണ്ടായിരുന്നു. എല്ലാവരും കൗതുകത്തോടെ നോക്കി നില്‌ക്കേ പച്ചക്കൊടി തെളിഞ്ഞു. വെടിയുണ്ടകള്‍ ആകാശത്തേക്കുയര്‍ന്നു. യുവാക്കളുടെ ശ്രദ്ധ മുഴുവന്‍ പെണ്‍കുട്ടികളിലായിരുന്നു. പ്രോത്സാഹനവും ഏറെ കിട്ടിയത് സുന്ദരിമാര്‍ക്കു തന്നെ. അവരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചത് കിരണായിരുന്നു.
അവളുടെ മുന്നില്‍, ലക്ഷ്യസ്ഥാനത്ത് കുപ്പിയില്‍ വെള്ളവുമായി കിരണ്‍ നില്‍ക്കുന്നു, ഫിനിഷിങ് പോയിന്റും കടന്ന കുതിപ്പിലേക്ക് അവന്റെ സാന്നിധ്യം അവള്‍ക്ക് ഊര്‍ജം പകരും. കരുണിന്റെ അടുത്തേക്ക് ഓടിയെത്തിയ കിരണ്‍ അവന്റെ കൈയ്യിലിരുന്ന വെള്ളക്കുപ്പി വാങ്ങി ഒരല്പം ഉള്ളിലാക്കി മടക്കിക്കൊടുത്തു.
അവന്‍ അവളുടെ കയ്യില്‍ പിടിച്ച് അഭിനന്ദനം അറിയിച്ചു. ആ സ്പര്‍ശനവും വാക്കുകളും ഉള്ളില്‍ അത്യാനന്ദമാണ് നല്കിയത്. സത്യത്തില്‍ ദാഹമകറ്റാനല്ല അവനോട് കുപ്പിയുമായി അവിടെ നില്‍ക്കാന്‍ പറഞ്ഞത്. അവന്റെ വാക്കകള്‍ കേള്‍ക്കാനുള്ള ഒരാഗ്രഹമായിരുന്നു. മത്സരവേളകള്‍, ജീവിതദുഃഖങ്ങള്‍ രോഗങ്ങള്‍ ഇവയുടെ മദ്ധ്യത്തില്‍ മനസ്സാണ് ഏറ്റവും കൂടുതല്‍ സംഘര്‍ഷപ്പെടുക. ആ സമയം നല്ല വാക്കുകള്‍ മനസ്സിന്റെ സമനില കൈവരുത്താന്‍ സഹായിക്കും. അതൊക്കെ ജീവിത മുന്നേറ്റങ്ങള്‍ക്കും വിജയങ്ങള്‍ക്കും നിയന്ത്രണം നഷ്ടപ്പെടാതിരിക്കയും ചെയ്യും. എണ്ണമറ്റ കാഴ്ചക്കാര്‍ക്കിടയില്‍ ഒരാള്‍ ധൈര്യം പകരുന്നു. മറ്റുള്ളവര്‍ മറ്റുപലതും കണ്ടാസ്വദിക്കുന്നു.
അവന്റെ തോളില്‍ കിടന്ന തോര്‍ത്തെടുത്ത് തുടച്ചുകൊണ്ട് അവള്‍ മൈതാനത്തേക്ക് തിരികെ നടന്നു. കോളേജ് ജീവിതത്തിലെ അവസാന മത്സരമാണ് നടക്കുന്നത്. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ആദ്യമായിട്ടാണ് എന്നെക്കാള്‍ സമര്‍ത്ഥര്‍ക്കൊപ്പം ഓടാന്‍ അവസരം ലഭിക്കുന്നത്. നൂറിലും നാനൂറ് മീറ്ററിലും മറ്റുള്ളവരുടെ സമയത്തേ മറികടക്കാനായാല്‍ അതൊരു ഭാഗ്യമായിട്ടേ കാണാനാകൂ. അടുത്തു നില്ക്കുന്നവരും അത് തന്നെയാണ് ആഗ്രഹിക്കുന്നത്. ഓട്ടക്കളത്തിലെ പടക്കുതിര സോണിയ അടുത്തു നില്ക്കുന്നുണ്ട്. എല്ലാവരും അവളെയാണ് ഉറ്റുനോക്കുന്നത്. അവളുടെ കണ്ണുകളില്‍ പ്രതീക്ഷകള്‍ മാത്രമാണ്. മത്സരങ്ങള്‍ എപ്പോഴും ശരീരത്തിലൂടെ വൈദ്യുതി കടന്നുപോകുന്നപോലെയാണ്. ഓരോ മത്സരാര്‍ത്ഥികളിലും വൈദ്യുതിയുടെ വോള്‍ട്ടേജുണ്ട്. ഏറ്റവും കൂടുതല്‍ വോള്‍ട്ടേജുള്ളവര്‍ ഏറ്റവും കൂടുതല്‍ ശക്തരാണ്. ഇതില്‍ പരാജയപ്പെട്ടവരും വൈദ്യുതി ഉള്ളവരാണ്. തുലോം ചുരുക്കമാളുകള്‍ ഇതിനെ നാണക്കേടായി കാണാറുണ്ട്. അവരൊക്കെ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല. മനസ്സിനെ ആദ്യം പാകപ്പെടുത്തിയിട്ട് വേണം തീരുമാനങ്ങളെടുക്കാന്‍. ശരീരത്തെ മാത്രം പാകപ്പെടുത്തിയാല്‍ നാണക്കേടുള്ളവര്‍ ബോധംകെട്ടു വീഴും. ഇത് പേപ്പര്‍ പഠിച്ചെഴുതുന്ന പരീക്ഷയല്ല വിജയിക്കാന്‍. കഠിനമായ അധ്വാനത്തിലൂടെ കൈവരിക്കുന്ന വിജയമാണ്. ഇങ്ങനെയൊരു കായിക മത്സരത്തില്‍ പങ്കെടുക്കുകയെന്നത് സാധാരണമല്ല അസാധാരണമായ അനുഭവമാണ്. വിജയവും പരാജയവും സ്വയം ഏറ്റെടുക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്.
അങ്ങിനെ ചിന്തിച്ചുറച്ച് നിന്ന നിമിഷങ്ങളില്‍ നൂറ് മീറ്ററില്‍ മത്സരിക്കാനുള്ളവരെ ഗ്രൗണ്ടിലേക്ക് ക്ഷണിച്ചു. സ്വന്തം കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരമായതിനാല്‍ കൈയടി കൂടുതലുയര്‍ന്നു. അഞ്ച് ഇനങ്ങളില്‍ മത്സരം നടന്നിട്ടും ഒന്നിലും സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നും നേടാനായില്ല. അതില്‍ പ്രിന്‍സിപ്പല്‍ നിരാശനാണ്. ഇനിയുള്ള പ്രതീക്ഷ കിരണിലാണ്. ഇവിടുത്തെ മത്സരത്തില്‍ ആരും ഉത്തേജനമരുന്ന് കഴിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍ ആ വിഷയത്തില്‍ നിരാശപ്പെടേണ്ടി വരില്ല. അത് കഴിച്ച് കളിക്കളത്തിലിറങ്ങുന്നവന്‍ പരാജയം ഏറ്റുവാങ്ങിയവരാണ്. എപ്പോഴും ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കോളേജില്‍ വരുന്ന കിരണിനെ വിംബിള്‍ഡണ്‍ കളിക്കുന്ന വിദേശികളെക്കാള്‍ സുന്ദരിയായി കരുണിന് തോന്നി. പെണ്‍കുട്ടികള്‍ക്കും തെല്ലൊരു അസൂയ തോന്നാതിരുന്നില്ല. ചില വഷളന്മാര്‍ അടുത്തുനിന്ന് ചൂളമടിച്ചെങ്കിലും കരുണത് ശ്രദ്ധിച്ചില്ല. ചിലര്‍ക്ക് എന്തെന്നില്ലാത്ത ദേഷ്യമാണ് തോന്നിയത്. മനസ്സില്‍ പിറുപിറുത്തു. വിവരദോഷികള്‍. ഈ മനോരോഗികളുടെ തലച്ചോറിനാണ് കുഴപ്പം. ഇവനെയൊക്കെ ന്യൂറോളജി ഡോക്ടര്‍മാര്‍ ചികിത്സിച്ച് സുഖപ്പെടുത്തേണ്ടതാണ്. അതില്ലാതെ വരുമ്പോഴാണ് ഈ തലച്ചോറുകള്‍ വളര്‍ന്ന് സ്ത്രപീഡനത്തില്‍ വരെയെത്തുന്നത്. പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നത്. ആരോഗ്യമുള്ള തലച്ചോറില്ലാത്തവന്‍ സ്വന്തം പെരുമാറ്റത്തിലൂടെയെങ്കിലും അത് വെളിവാക്കേണ്ടതല്ലേ. അതിന് സാമൂഹ്യ സംസ്കാരത്തിന്റെ സാരാംശമെങ്കിലും അറിഞ്ഞിരിക്കണം. ഇവന്റെയൊക്കെ മനസ്സിന് മാറ്റമില്ലെങ്കില്‍ കിരണ്‍ കൊടുത്തതുപോലെ കരണത്തടിയാണ് കൊടുക്കേണ്ടത്.
കരുണിന്റെ ശ്രദ്ധ മുഴുവന്‍ ഓട്ടത്തിന് തയ്യാറായി നിന്ന കിരണിലാണ്. നീണ്ട നാളുകളുടെ കഠിനാദ്ധ്വാനമാണ് അവള്‍ നടത്തിയത്. അതുകൊണ്ട് വിജയം കൈവരിക്കണമെന്നില്ല. അവളെക്കാള്‍ കഠിനാദ്ധ്വാനം ചെയ്തവരും കുറഞ്ഞ സമയത്തിനുള്ളില്‍ ഓടുന്നവരും ട്രാക്കിലുണ്ട്. ഇത് എല്ലാം മത്സരാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ മനസ്സില്‍ സംഘര്‍ഷം അലയടിക്കുകയാണ്. കരുണും അതെ മാനസികാവസ്ഥയിലാണ്. അവന്‍ ആത്മാര്‍ത്ഥമായി എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാര്‍ത്ഥിച്ചു. ആ പ്രകാശവലയത്തിനുള്ളില്‍ അവളുടെ വശ്യസൗന്ദര്യം തിളങ്ങി നിന്നു. മൈതാനത്ത് ഇടത്ത് ഭാഗത്തായി ടൈ ധരിച്ചുനിന്ന താടിക്കാരന്‍ ഓട്ടക്കാരോട് തയ്യാറാകാന്‍ ആവശ്യപ്പെട്ടു. കിരണ്‍ മുന്നോട്ടുവന്ന് കുരിശുവരച്ച് കാല്‍മുട്ടുകള്‍ വളച്ച് തയ്യാറായി നിന്നു. ആ നിശബ്ദനിമിഷങ്ങളില്‍ താടിമീശക്കാരന്റെ കരം മുകളിലേക്കുയര്‍ന്നു. വെടി പൊട്ടി. എങ്ങും ആരവങ്ങള്‍ ഉയര്‍ന്നു. ആകാംക്ഷാഭരിതരായി എല്ലാവരും നോക്കി നിന്ന് കയ്യടിച്ചു.
കിരണും സോണിയ എന്ന പെണ്‍കുട്ടിയും ഒപ്പത്തിനൊപ്പമാണ് ഓടുന്നത്. ആകാംക്ഷയോടെ നിന്നവര്‍ പരിഭ്രാന്തരായി. കോളേജ് കുട്ടികള്‍ "കിരണ്‍, കിരണ്‍' എന്നാര്‍ത്തു വിളിച്ചു. കരഘോഷഷത്താല്‍ അന്തരീക്ഷം പ്രക്ഷുബ്ദമായി. കണ്ണുകള്‍ തുറന്നിരുന്നവര്‍ക്കും കിരണ്‍ തിളങ്ങുന്ന നക്ഷത്രമായി. മണ്ണില്‍ പ്രകാശിച്ചു. കിരണ്‍ സോണിയെ പരാജയപ്പെടുത്തി. കിരണ്‍ വിജയിയായി. ആരാണ് ഒന്നാമത് എത്തുകയെന്നത് ആര്‍ക്കും ഉറപ്പില്ലായിരുന്നു. കിരണിനെ സംശയത്തോടെ നോക്കിയവരുടെ കണ്ണുകളും പ്രകാശിച്ചു. അര സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് ജില്ലയുടെ താരറാണിയെ കിരണ്‍ എന്ന താരരാജ്ഞി തോല്‍പ്പിച്ചത്. എല്ലാവരും ആരാധനയോടെ നോക്കി. അവരുടെ ശ്വാസോച്ഛ്വാസം ഉയര്‍ന്നുതാണു. ശരീരം വിയര്‍ത്തു. സന്തോഷത്തിന്റെ നിശ്വാസം പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു.
എതിരാളിയായ സോണിയയെ കെട്ടിപ്പിടിച്ച് മനസ്സിന്റെ ആനന്ദം പങ്കുവച്ചു. ഒരിക്കലും സോണിയ ഇതുപോലൊരു എതിരാളിയെ പ്രതീക്ഷിച്ചിരുന്നില്ല. നാനൂറു മീറ്ററിലും ഇവള്‍ തന്നെ പരാജയപ്പെടുത്തുമോ എന്നവള്‍ ഭയന്നു.
അവള്‍ക്ക് ഒരപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ''എന്നോട് ഒരല്പം ദയ കാണിക്കണം.''
ആ മുഖത്തേക്ക് കിരണ്‍ തറപ്പിച്ചുനോക്കി. ഞാനൊരു പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് ഇതുവരെയെത്തിയത്. കൂലിപ്പണിക്കാരനായ അച്ഛനും മറ്റ് സഹോദരീ സഹോദരന്മാരും അടങ്ങുന്നതാണ് എന്റെ കുടുംബം. അറിയാമല്ലോ നമ്മുടെ സര്‍ക്കാര്‍ സംവിധാനം. ആരെയും വളര്‍ത്തിക്കൊണ്ടുവരാന്‍ ഒരു സഹായവും അവര്‍ ചെയ്യാറില്ല.''
കിരണ്‍ പെട്ടെന്ന് ചോദിച്ചു, ''എന്താണ് എന്റെ സഹായം വേണ്ടത്?''
സോണി ഹൃദയത്തില്‍ തട്ടി പറഞ്ഞു, ''നാനൂറ് മീറ്ററില്‍ എനിക്ക്  ഒന്നാം സ്ഥാനത്ത് വരണം. അങ്ങിനെ വന്നാല്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ എന്തെങ്കിലും ഒരു ജോലി കിട്ടും. ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കാനില്ലാത്തതുകൊണ്ടാണ്. എന്റെ കുടുംബത്തെ ഓര്‍ത്തെങ്കിലും ദയവായി സഹായിക്കണം. പരാജയപ്പെടുത്തരുത്.''
വളരെ വേദനയോടെയാണ് കിരണ്‍ അത് കേട്ടത്. ഒരു നിര്‍വികാരത ഉള്ളില്‍ തളംകെട്ടിക്കിടന്നു. സമൂഹത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ദ്ധിക്കയാണ്. കൈക്കൂലി ഭ്രാന്തന്മാര്‍ നാടിന്റെ ശാപമായി മാറുന്നു. സോണിയോട് എന്തെന്നില്ലാത്ത സഹതാപം തോന്നി. അവളുടെ കരം പിടിച്ചിട്ട് പറഞ്ഞു.
''സമ്മതിച്ചു, ഞാന്‍ നാനൂറ് മീറ്ററില്‍ നിന്ന് പിന്‍മാറുകയാണ്.''
അതിന്റെ കാരണക്കാരി താനാണല്ലോ എന്നോര്‍ത്ത് സോണി വിഷണ്ണയായി നോക്കി.
''അയ്യോ, ഞാന്‍ കാരണം പിന്‍മാറരുത്. എനിക്ക് ഒന്നാം സ്ഥാനത്ത് വരണം എന്ന് മാത്രമേ ഉള്ളൂ.''
അവളുടെ ദുര്‍ബല മനസ്സിനെ ബലപ്പെടുത്തിയിട്ടറിയിച്ചു, ''ഞാന്‍ പിന്മാറുന്നത് സോണിക്ക് വേണ്ടി മാത്രമല്ല, മറ്റൊരാള്‍ക്ക് കൂടി അവസരം ലഭിക്കാനാണ്. എനിക്കതില്‍ ഒരു ബുദ്ധിമുട്ടുമില്ല. എല്ലാം നന്മകളും നേരുന്നു. ധൈര്യമായി ഓടുക.''
അവള്‍ ചിരിച്ചുകൊണ്ട് കളിക്കളം വിട്ടുപോയി. സോണിക്ക് അടക്കാനാവാത്ത സന്തോഷം തോന്നി. പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏറ്റുനിന്നപ്പോഴാണ് ഒരു പ്രകാശമായി കിരണ്‍ തെളിഞ്ഞത്. ഇത്രമാത്രം മനസ്സിന് നന്മയുള്ള മനുഷ്യര്‍ ഈ രംഗത്തുണ്ടോ? അറിയില്ല. ആദ്യമായി കാണുകയാണ്. നന്മയുള്ള മനുഷ്യര്‍. സത്യം ഒരു രഹസ്യമായി മടി വയ്‌ക്കേണ്ടതല്ല. പകരം തുറന്നു പറയേണ്ട കാര്യമാണ്. എന്റെ വീട്ടില്‍ ജീവിതം എന്നും ഞങ്ങളെ കീഴടക്കുകയാണ്. സ്വതന്ത്രരാക്കാന്‍ ആരുമില്ല. സ്വാതതന്ത്ര്യത്തിന്റെ അവകാശത്തിന്റെ അവകാശികളായി കെട്ടിഘോഷിക്കപ്പെടുന്നവര്‍ക്കൊന്നും പാവപ്പെട്ടവന്റെ വേദനയറിയില്ല. പ്രാരാബ്ദങ്ങളറിയില്ല. ഭരണഘടനയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശം. അത് നിഷേധിച്ചാല്‍ ജയിലോ അല്ലെങ്കില്‍ തോക്കിന്‍കുഴലിലൂടെയുള്ള വെടിയുണ്ടകളുമാണ് ലഭ്യമാകുന്നത്. ആ വെടിയുണ്ടകളും ഇടിയും തൊഴിയും ഏറ്റുവാങ്ങി മരണഗണത്തിലേക്ക് എന്തിന് പോകണം. മരണത്തെക്കാള്‍ നല്ലത് ജീവിതമാണ്. സത്യത്തില്‍ സുന്ദരമായ ഈ ജീവിതത്തിലേക്ക് വഴികാട്ടിയായവളെ കണ്‍നിറയെ നോക്കി നിന്നു. സ്‌നേഹനിധിയായ എതിരാളി.
കോളേജ് കുട്ടികളും അദ്ധ്യാപകരും കിരണിനെ തലയുയര്‍ത്തി അത്യാഹ്ലാദത്തോടെ നോക്കി. കോളേജ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് കായിക രംഗത്ത് ഇത്ര വലിയൊരു വിജയം. കോളേജിന്റെ യശസ്സ് ഉയര്‍ത്തിയവള്‍. പെണ്‍കുട്ടികള്‍ ഓരോരുത്തരായി അവളെ വാരിപ്പുണരുകതന്നെ ചെയ്തു. പ്രിന്‍സിപ്പല്‍ ഓടിയെത്തി അവളെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. കരുണും ഓടിയെത്തി അഭിനന്ദനമറിയിച്ചു. എല്ലാവരുടെയും കണ്ണുകളില്‍ ആനന്ദാശ്രുക്കളായിരുന്നു. കാഴ്ചക്കാരായിരുന്നവര്‍ പലരും അവളുടെ അടുക്കലേക്ക് വന്നു. ആ കൂട്ടത്തില്‍ ധാരാളം പത്രക്കാരും ചാനലുകാരും ഉണ്ടായിരുന്നു. ക്യാമറകള്‍ മിന്നിമറഞ്ഞു. മാംസത്തുടിപ്പുള്ള കാലുകളും മറ്റും അവര്‍ പകര്‍ത്തിക്കൊണ്ടിരിക്കെ അവരുടെയടുത്തേക്ക് പപ്പയും മമ്മിയും വന്നത് അവളെ ആശ്ചര്യപ്പെടുത്തി. അവരോട് താനും കായികമേളയില്‍ പങ്കെടുക്കുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. മകളെ അവര്‍ ചുംബിച്ചു. ഓമന വാത്സല്യത്തോടെ മകളുടെ തലയില്‍ തലോടി. പ്രിന്‍സിപ്പലും ചാരുംമൂടനെ ഹസ്തദാനം ചെയ്തു സ്വീകരിച്ചു. മകളുടെ വിജയത്തില്‍ അഭിനന്ദനമറിയിച്ചു. ആ അഭിനന്ദനവും അഭിമാനവും ഏറ്റുവാങ്ങാന്‍ ഏറ്റവും യോഗ്യന്‍ അങ്ങ് തന്നെയെന്ന് ചാരുംമൂടന്‍ മറുപടി കൊടുത്തു.
അവളുടെ കവിളിണയും കണ്ണുകള്‍ ചുണ്ടുകള്‍ അടുത്ത് വിരിഞ്ഞു നില്ക്കുന്ന പൂവിനെ പോലെയായിരുന്നു. അരുണയും അവള്‍ക്കൊപ്പം നിന്നു. ചാനലുകാര്‍ അവളോട് ചോദ്യങ്ങള്‍ ചോദിച്ചു. അതിലൊരാള്‍ ചോദിച്ചു, ''കേരളത്തില്‍ നിന്ന് പുതിയൊരു വനിതാ ചാമ്പ്യനെ പ്രതീക്ഷിക്കാമോ?''
അവളുടെ ഉത്തരം പെട്ടെന്നായിരുന്നു, ''ഹേയ് അങ്ങനെയൊരു പ്രതീക്ഷയൊന്നും എനിക്കില്ല.''
അടുത്ത നിന്ന ചാരുംമൂടനോടും ചോദിച്ചു, ''സാറിന് നമ്മുടെ കായികരംഗത്തേപ്പറ്റി എന്താണ് പറയാനുള്ളത്? വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് വേണ്ടുന്ന പരിഗണന സര്‍ക്കാര്‍ കൊടുക്കുന്നില്ലെന്ന് പറയുന്നുണ്ടല്ലോ.''
ചാരുംമൂടന്‍ പറഞ്ഞു, ''മിടുക്കരായ കുട്ടികള്‍ ധാരാളമുണ്ട്. അവരെയൊന്നും പരിശീലിപ്പിച്ച് എത്തിച്ചുകൊടുത്താല്‍ പേപ്പറിന്റെ പണിയൊക്കെ സര്‍ക്കാര്‍ ചെയ്തുകൊടുക്കും. ആ പേരില്‍ മന്ത്രിക്ക് വിദേശയാത്രയും ചെയ്യാം. സത്യത്തില്‍ കായികരംഗത്ത് നിന്ന് ഇവര്‍ മനത്രിയാകാതെ ഈ രംഗത്ത് പുരോഗതി ഞാന്‍ കാണുന്നില്ല.''
അടുത്ത ചോദ്യം കിരണിനോടായിരുന്നു. ''നാളെ നടക്കാനിരിക്കുന്ന 400മീറ്ററിലും ഒന്നാം സ്ഥാനം നേടുമോ?''
''ഇല്ല ഞാനതില്‍ പങ്കെടുക്കുന്നില്ല....''
കേട്ടവര്‍ അവിശ്വനീയതയോടെ നോക്കിനിന്നു.
ഉത്സാഹഭരിതരായി നിന്നവരുടെ മുഖത്ത് നിരാശ നിറഞ്ഞു. പ്രിന്‍സിപ്പാളും മാധ്യമങ്ങളും മറ്റുള്ളവരും ആ മുഖത്തേക്ക് ഉറ്റുനോക്കി. എല്ലാവരുടെയും ഹൃദയം കീഴടക്കി ഒരു മിന്നല്‍പ്പിണര്‍ പോലെ മനോമുകുരത്തില്‍ തെളിഞ്ഞ് നിന്നവള്‍ക്ക് പെട്ടെന്ന് എന്താണുണ്ടായത്?
എല്ലാവരും തുറിച്ചുനോക്കിക്കൊണ്ടിരിക്കെ മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദിച്ചു, ''എന്താണ് കിരണ്‍ നാനൂറ് മീറ്ററില്‍നിന്നു പിന്‍മാറുന്നത്?''
സോണിക്ക് കൊടുത്ത വാഗ്ദാനം മനസ്സിലേക്ക് ഓടിയെത്തി. പൊട്ടിയ ജനാലപോലെ ഛിന്നഭിന്നമായി കിടക്കുന്ന ഒരു കുടുംബത്തില്‍ നിന്ന് വന്നവള്‍ക്ക് കൊടുത്ത ഉറപ്പ് തള്ളിക്കളയാനാവില്ല. ജീവിക്കാന്‍വേണ്ടി ജീവന്‍മരണപോരാട്ടം നടത്തുന്ന കുട്ടിയാണവള്‍. ഞങ്ങള്‍ ഒപ്പത്തിനൊപ്പമാണ് ഓടിയത്. ശരിയായ പരീശീലനവും നല്ല ഭക്ഷണവും ലഭിച്ചാല്‍ എന്നെക്കാള്‍ വളരെ വേഗത്തില്‍ ഓടാന്‍ കഴിവുള്ളവള്‍. സ്വന്തം ഭരണകൂടങ്ങള്‍ ഇത്തരത്തിലുള്ള കുട്ടികളോട് കാട്ടുന്ന സമീപനത്തില്‍ എതിര്‍പ്പുണ്ടെങ്കിലും എനിക്ക് സഹതാപവും അനുകമ്പയുമാണുള്ളത്. ദുഃഖങ്ങളുടെ ചുമടുപേറി കഴിവുള്ളവളെ വീണ്ടും പരാജയപ്പെടത്താന്‍ മനസ്സിന് മാത്രമല്ല ശരീരത്തിനും കഴിയില്ല. ഇനിയും മുന്നില്‍ നില്ക്കുന്നവരോട് എന്തുപറഞ്ഞാണ് രക്ഷപെടുക. അവരെല്ലാം കാതോര്‍ത്ത് നില്ക്കുകയാണ്. പറ്റുന്നവ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടണം. വാക്കുകള്‍ക്ക് പതര്‍ച്ചയുണ്ടാകരുത്. ആരെയും ആശങ്കപ്പെടുത്താന്‍ പാടില്ല. പാവങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാനോ പങ്കുവയ്ക്കുവാനോ താല്പര്യമില്ല. നിത്യവും സന്തോഷമില്ലാതെ മനസ്സമാധാനമില്ലാതെ ജീവിക്കുന്നവരുടെ സങ്കടങ്ങള്‍ക്കല്ല ഇവിടെ പ്രാധാന്യം. എന്റെ നാവില്‍ നിന്ന് വരുന്ന വാക്കുകള്‍ക്കാണ്. അതവര്‍ക്ക് നല്ലൊരു വാര്‍ത്തയാകുക മാത്രമല്ല സന്തോഷവും സമധാനവും ലഭിക്കും.
ആലോചനയില്‍ മുഴുകി നിന്നവള്‍ സമചിത്തതയോടെ മുന്നില്‍ നില്ക്കുന്നവരെ നോക്കിയറിയിച്ചു. ''കാല്‍മുട്ടിന് നല്ല വേദന. അതിനാലാണ് മത്സരത്തില്‍ നിന്ന് പിന്മാറിയത്.''
ആ വാക്കുകള്‍ അവരെ പേടിപ്പിച്ചു. പ്രിന്‍സിപ്പലും കൂട്ടുകാരും ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധം പറഞ്ഞു. കരുണും അവര്‍ക്കൊപ്പം കൂടി. കള്ളം പറഞ്ഞാലുള്ള കുറ്റം. ഇതില്‍ നിന്ന് രക്ഷപെടാന്‍ ഇനിയെന്താണ് വഴി.
സമാപനച്ചടങ്ങിനും സമ്മാനം വാങ്ങാനും ഞാനിങ്ങ് എത്തിക്കൊള്ളാം. എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തിറങ്ങിയവര്‍ക്കൊപ്പം അവള്‍ കരുണിനെ തിരഞ്ഞു. പിറകെ വരുന്നത് കണ്ടപ്പോഴാണ് സമാധാനമായത്. ഇനിയും സംഭവിക്കാനിരിക്കുന്നത് ആശുപത്രിയും ചികിത്സയുമാണ്. ഇനിയും അതില്‍ നിന്ന് എന്തുപറഞ്ഞാണ് രക്ഷപെടുക. ഏകാന്തത മൂടിയ നിമിഷങ്ങളില്‍ അവള്‍ ഒരു തീരുമാനമെടുത്തു. സത്യം തുറന്നു പറയുക, പപ്പയോടു മാത്രം. ഇന്നുവരെ പപ്പയോട് ഒരു കള്ളവും പറഞ്ഞിട്ടില്ല. എന്തിനും വളരെ ശ്രദ്ധയോടെ കേട്ട് ഉത്തരം പറയും. പലപ്പോഴും പിതാവിന്റെയും മാതാവിന്റെയും വാക്കുകള്‍ ശക്തി പകര്‍ന്ന് തന്നിട്ടുണ്ട്. നടക്കുന്നതിനിടയില്‍ കരുണും പപ്പയും മമ്മിയും കാലിന്റെ വേദനയെപ്പറ്റി ചോദിച്ചുകൊണ്ടിരുന്നു. അവള്‍ കൊടുത്ത ഉത്തരം, ഇപ്പോള്‍ വേദന പൂര്‍ണ്ണമായി മാറി എന്നു മാത്രമായിരുന്നു.
ഇതിനിടയില്‍ കരുണിന്റെ കയ്യില്‍നിന്ന് വെള്ളം വാങ്ങി കുടിച്ചു. അവളുടെ നോട്ടത്തില്‍ പ്രണയം പ്രകടമായിരുന്നു. അവന്റെ കൈക്കു പിടിച്ച് നടക്കണമെന്ന് അവള്‍ വല്ലാതെ ആഗ്രഹിച്ചു. കോളജിന് പുറത്തെത്തുന്നതിനു മുമ്പായി അവള്‍ മുറിയില്‍ വച്ചിരിക്കുന്ന ബാഗ് എടുക്കാന്‍ അകത്തേക്കു പോയി.
കരുണിനോട് ചാരുംമൂടന്‍ അറിയിച്ചു, ''കരുണ്‍ കളിസ്ഥലത്തേക്കു പൊക്കോളൂ. ഞങ്ങള്‍ ആശുപത്രിയില്‍ പൊക്കോളാം.''
അവന്‍ ആ മുഖത്തേക്ക് വല്ലാതെ നോക്കി. ആശുപത്രിയിലേക്ക് ഒപ്പം പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, അദ്ദേഹം പറയുന്നത് അനുസരിക്കാനേ നിവൃത്തിയുള്ളൂ. അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഒരു കുട്ടിയെപ്പോലെ കരുണ്‍ കളിസ്ഥലത്തിലേക്ക് നടന്നു.
ഉള്ളില്‍ ഒളിപ്പിച്ച രഹസ്യം തുറന്നുപറയാന്‍ പുറത്തേക്കു വന്ന കിരണ്‍ മുന്നില്‍ കണ്ടത് കരുണ്‍ നടന്നുപോകുന്നതാണ്. മുഖം മ്ലാനമായി മാറി. ഇവിടെ അവനെ ഒറ്റയ്ക്കു വിട്ടിട്ട് പോകാന്‍ മനസ് അനുവദിച്ചില്ല. അരുണയ്‌ക്കൊപ്പം അവന്‍ അങ്ങനെ ചുററി നടക്കാന്‍ അനുവദിക്കില്ല. പകല്‍ പപ്പായുടെ മേല്‍നോട്ടം. കോളജില്‍ വന്നാല്‍ പരുന്തിനെപ്പോലെ എത്രയോ കണ്ണുകളാണ് അവനു മേല്‍! ഇതൊക്കെ പ്രണയത്തിന്റെ പ്രത്യേകതകളായ തോന്നലുകളായിരിക്കാം. ഉള്ളില്‍ മുളയ്ക്കുന്ന പ്രണയവിത്ത്. അവള്‍ പുഞ്ചിരിതൂകി നെടുവീര്‍പ്പിട്ടു.
മാതാപിതാക്കളോട് അവള്‍ സംഭവിച്ച കാര്യം പറഞ്ഞു. മകളുടെ മഹാമനസ്കതയില്‍ പിതാവിന് സന്തോഷം തോന്നിയെങ്കിലും മാതാവിന് നല്ലൊരു അവസരം നഷ്ടപ്പെടുത്തിയതിലുള്ള ഉത്കണ്ഠയായിരുന്നു. ഓമനയ്ക്കത് വിശ്വാസിക്കാനായില്ല. വെറുതെ ഒരു കള്ളം പറഞ്ഞ് മറ്റുള്ളവരെ കബളിപ്പിക്കുന്നത് നന്നല്ലെന്നും ഓമന കൂട്ടിത്തേര്‍ത്തു. അവിടെ നിന്ന് രക്ഷപെടാന്‍ മകള്‍ കണ്ടെത്തിയ മാര്‍ഗ്ഗം ചാരുംമൂടന് രസിച്ചു. അവളുടെ ചെറിയൊരു സഹായം മൂലം സോണിയുടെ കുടുംബം രക്ഷപെടുമെങ്കില്‍ അതാണ് ഏറ്റവും വലിയ സന്തോഷം. എങ്ങിനെയായാലും സോണിയുടെ സ്വപ്നങ്ങള്‍ പൂവണിയട്ടെ എന്നുതന്നെ അവള്‍ ആഗ്രഹിച്ചു.
അവള്‍ അവരോട് യാത്ര പറഞ്ഞുപോയി.
''പപ്പാ എനിക്ക് നാളെ സോണിയുടെ നാനൂറ് മീറ്റര്‍ ഓട്ടമൊന്നു കാണണം.''
അതുപറഞ്ഞവള്‍ കളിസ്ഥലത്തേക്കു നടന്നു. സോണിയുടെ ഓട്ടത്തിന് ആവേശം പകരാനുള്ള മകളുടെ ഉത്സാഹം ആ പിതാവിനെ സന്തോഷിപ്പിച്ചു. അവള്‍ വന്നതുപോലെ മടങ്ങിപ്പോയി. അവള്‍ സ്‌നേഹിക്കാനറിയാവുന്ന കുട്ടിയാണ്. പിതാവ് അഭിമാനത്തോടെ ചിന്തിച്ചു. ഭാര്യയുടെ പ്രാര്‍ത്ഥനയുടെ ഫലവും കൂടിയാണ് അത്. സമൂഹത്തില്‍ തള്ളപ്പെട്ടവരെയെല്ലാം അദ്ദേഹം സ്‌നേഹിച്ചു. തന്നെ ഒറ്റുകൊടുത്ത യൂദാസ്ലീഹായെപ്പോലും സ്‌നേഹിതാ എന്നാണ് വിളിച്ചത്. സ്‌നേഹം പഠിക്കേണ്ടത് കുടുംബത്തില്‍ നിന്നാണ്. ആ കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയും. ആ സ്‌നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു. അത് സ്പര്‍ശിക്കുന്നില്ല. നിഗളിക്കുന്നില്ല. സ്വാര്‍ത്ഥത അന്വേഷിക്കുന്നില്ല. കുട്ടികളുടെ മുന്നില്‍ ധാരാളം തിന്മകള്‍ ഇന്ന് തുറന്നു കിടപ്പുണ്ട്. ആ വാതിലിലൂടെ കടക്കുന്നവരൊക്കം അഴുക്കും ചെളിയും പുരണ്ട ജീവിതമാണ് നയിക്കുന്നത്. ആ പാപക്കറകള്‍ കഴുകിയാലും വെളുക്കില്ല. മകളെപ്പറ്റി ഒരാഗ്രഹമേയുള്ളൂ. അവള്‍ നല്ലൊരു ഹൃദയത്തിനിനുടമയാകണം. ഇന്നവള്‍ കാട്ടിയ സ്‌നേഹവും കരുതലും ഇനിയുമുണ്ടാകട്ടെയെന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ഓമന ഇതിനകം കാറിനുള്ളില്‍ കയറിയിരുന്നിരുന്നു. അവര്‍ യാത്ര തിരിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പതനം (കവിത: സന്ധ്യ എം)

വെള്ളക്കല്ലറ (കവിത: വേണു നമ്പ്യാർ)

ലേഖയും ഞാനും വിവാഹിതരായി (കഥ : രമണി അമ്മാൾ )

തേനും ജ്ഞാനിയും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)

സംഗീതം ( കവിത: ദീപ ബി.നായര്‍(അമ്മു))

അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)

വീഡ് ആൻഡ് ഫീഡ് (കവിത: ജേ സി ജെ)

അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)

അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)

മൃദുലഭാവങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)

പാമ്പും കോണിയും : നിർമ്മല - നോവൽ - 51

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)

ഭിക്ഷ (കവിത: റബീഹ ഷബീർ)

രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)

സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)

കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)

പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)

നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)

കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)

അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

പച്ച മനുഷ്യർ (മധു നായർ, കഥ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

ജലസമാധി (കവിത: അശോക് കുമാർ. കെ)

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

View More