Image

കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് 5 രാജ്യങ്ങള്‍ക്കുകൂടി വിലക്ക്

Published on 11 May, 2021
കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് 5 രാജ്യങ്ങള്‍ക്കുകൂടി വിലക്ക്
കുവൈറ്റ് സിറ്റി: കുവൈത്തില്‍ നിലവിലുള്ള ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പെരുന്നാള്‍ ദിനത്തില്‍ തീരുമാനം പ്രാബല്യത്തില്‍ വരും. വാണിജ്യസ്ഥാപനങ്ങള്‍ രാത്രി 8മുതല്‍ രാവിലെ 5 വരെ അടച്ചിടണം.

റസ്റ്ററന്‍റുകളിലും കഫേകളിലും ടേക് എവേ മാത്രം. ഫാര്‍മസികള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ഔട്ട്ലറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മരുന്ന് ഷോപ്പുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാം.

സിനിമാശാലകളും പെരുന്നാള്‍ ദിനംതൊട്ട് പ്രവര്‍ത്തിക്കും. പ്രവേശനം കോവിഡ് വാക്‌സീന്‍ കുത്തിവച്ചവര്‍ക്ക് മാത്രമായിരിക്കും. ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇടപാടുകളെന്ന് സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം അറിയിച്ചു.

പെരുന്നാള്‍ അവധി അവസാനിക്കുന്ന 17 തൊട്ട് പൊതു/സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ 60% വരെ ജീവനക്കാരാകാം. ഈ പരിധിക്കകത്ത് നിന്ന് എത്രവരെ ജീവനക്കാര്‍ ആവശ്യമെന്നത് സംബന്ധിച്ച് ഓരോ സ്ഥാപനത്തിനും തീരുമാനമെടുക്കം. സിവില്‍ സര്‍വീസ് കമ്മിഷനുമായി ആലോചിച്ചാകണം തീരുമാനം.

കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നേപ്പാള്‍, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവ കൂടി ഉള്‍പ്പെടുത്തി.  ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മൂന്നാമത് രാജ്യത്ത് 14 ദിവസം കഴിഞ്ഞശേഷം കുവൈത്തില്‍ പ്രവേശനം നല്‍കും. ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനയാത്രയ്ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

മാര്‍ച്ച് 6നാണ് കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പുതിയ സാഹചര്യത്തില്‍ നല്‍കേണ്ട ഇളവുകള്‍ സംബന്ധിച്ച് കൊറോണയുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം പുതിയ തീരുമാനം കൈക്കൊണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക