Image

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

കോര ചെറിയാന്‍ Published on 11 May, 2021
ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ, യു.എസ്.എ : മാതൃരാജ്യത്തെ സ്വന്തക്കാരുടേയും സുഹൃത്തുക്കളുടേയും താറുമാറായി തകരുന്ന ജീവതത്തില്‍ വിദേശ ഭാരതീയരുടെ വിലാപവും ഉത്കണ്ഠ തയും അനിയന്ത്രിതമാകുന്നു. സ്വന്തം ഗ്രാമത്തിലേയും നഗരത്തിലേയും ആശുപത്രികളില്‍ പ്രാഥമികമായ ചികിത്സാസൗകര്യം പോലും ലഭിക്കാതെ അതിവേദനയോടെ അന്ത്യശ്വാസം വലിക്കുന്ന ശോച്യമായ സംഭവപരമ്പരകള്‍ വിവിധ മാധ്യമങ്ങളില്‍ കാണുകയും വായിക്കുകയും ചെയ്യുമ്പോള്‍ മനസ്സു തകരുന്നു. ഓക്‌സിജന്‍ കിട്ടാതെ ആംബുലന്‍സിനുള്ളില്‍ മണിക്കൂറുകള്‍ തള്ളിനീക്കുന്ന ദൃശ്യം ഇപ്പോള്‍ സാധാരണയായി.

അതിവേഗം പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ്സിന്റെ ഭീകരതയില്‍ ആയിരങ്ങള്‍ മരിച്ചുവീഴുമ്പോഴും നിവാരണ മാര്‍ഗ്ഗങ്ങളേയും നിയമ സംവിധാനങ്ങളേയും നിശ്ശേഷം നിരാകരിച്ചു ലക്ഷക്കണക്കിന് ഇന്ത്യന്‍ ജനത സാമൂഹ്യ മത ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നു. മതനേതാക്കളും ഭരണകൂടവും നിശ്ശബ്ദത പാലിക്കുന്നത് ഈ ഭീകരസ്ഥിതിയില്‍ അശേഷം അംഗീകൃതമല്ല.

കഴിഞ്ഞ ഏപ്രില്‍ നാലിന് 80 വയസ്സുള്ള വൃദ്ധപൂജാരി ഹരിദ്വാറിലെ കുംഭമേളയില്‍  സംബന്ധിച്ചശേഷം കോവിഡ്-19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ ടെന്റില്‍ ക്വാറന്റിനില്‍ ഇരിക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും ആയിരം കിലോമീറ്റര്‍ (621 മൈല്‍) ട്രെയിന്‍ യാത്രചെയ്ത് വാരണാസിയിലുള്ള ആശ്രമത്തിലേയ്ക്ക് മടങ്ങിപ്പോയി. യാത്രാമദ്ധ്യേ എത്രയോ നിരപരാധികളില്‍ വൈറസ് വ്യാപനം നടത്തിയിരിക്കുമെന്ന് അനായാസമായി അനുമാനിക്കാം.

20 ലക്ഷത്തിലധികം ഹിന്ദു ഭക്ത•ാര്‍ പങ്കെടുത്ത കുംഭമേളയില്‍ 1600 ലധികം വിശ്വാസികള്‍ക്ക് കോവിഡ്-19 പോസിറ്റീവ് ആയതായി ഹരിദ്വാറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. കെ. ജാ പത്രസമ്മേളനത്തില്‍ പ്രസ്ഥാവിച്ചു.

25-ലധികം ചുടലക്കളങ്ങളുള്ള ഇന്ത്യന്‍ തലസ്ഥാന നഗരിയില്‍ പ്രതിദിനം 400-ല്‍ലധികം പ്രായവ്യത്യാസമില്ലാതെ വേദനയോടെ വിടവാങ്ങിയ മനുഷ്യ ശരീരങ്ങള്‍ ദഹിപ്പിക്കുന്നു. ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയിരുന്ന ശ്മശാനങ്ങള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ പുഷ്പ ലതാദികള്‍ നിറഞ്ഞ പാര്‍ക്കുകള്‍ സമീപ ദിവസങ്ങള്‍ക്കുള്ളില്‍ ശവപ്പറമ്പായി മാറുമെന്ന് ഡല്‍ഹിവാസികള്‍ ഭയാനകമായി സംശയിക്കുന്നു. 

പൂര്‍ണ്ണമായും പട്ടണപ്രദേശമായ ഡല്‍ഹി സംസ്ഥാനത്തിലെ ജനസാന്ദ്രത സാധാരണ ഇന്ത്യന്‍ സ്റ്റേറ്റിലും അധികമായതിനാല്‍ കൊറോണ വൈറസ്സ് അതിശീഘ്രം വ്യാപിക്കുകയും ശുചീകരണം കുറവായതിനാല്‍ മരണനിരക്ക് കൂടുകയും ചെയ്യുന്നു. കഴിഞ്ഞ ഏപ്രില്‍ മാസം ഒന്നാം തീയതിയിലെ ജനസ്ഥിതി വിവരാനുസരണം 10 ലക്ഷം പേരില്‍ 29683 വ്യാപനവും 358 മരണവും കൃത്യമായി രേഖപ്പെടുത്തിയിരുന്നത് മെയ് മാസം 7 ന് 61885 വ്യാപനവും 894 മരണവുമായി വര്‍ദ്ധിച്ചു. 

കേരളത്തിലെ സ്ഥിതി തികച്ചും രൂക്ഷവും ദുഃഖാര്‍ത്തവുമാണ്. ഏപ്രില്‍ 1 ന് 10 ലക്ഷം മലയാളികളില്‍ 18648 വ്യാപനവും 28 മരണവുമായിരുന്നത് മെയ് 7-ാം തീയതി 50337 വ്യാപനവും 159 മരണവുമായി ഉയര്‍ന്നു. കൊറോണ വൈറസ് വ്യാപനത്തില്‍ ഹരിയാനയേയും ഡല്‍ഹിയേയും മുന്‍നിര്‍ത്തി കേരളം മൂന്നാം നിരയില്‍ എത്തിയെങ്കിലും മരണനിരക്ക് കുറഞ്ഞതില്‍ താത്കാലികമായി സമാശ്വസിക്കാം. പ്രാഥമികമായ ആശുപത്രി ആവശ്യങ്ങളുടെ അഭാവും പരിരക്ഷണക്കുറവും കോവിഡ്-19 ദിവസംപ്രതിയുള്ള മരണനിരക്ക് വര്‍ദ്ധനവിന് കാരണമാകും. 

മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സിന്റെ റിപ്പോര്‍ട്ടനുസരിച്ച് 3 കോടി 60 ലക്ഷത്തിലധികം ഇന്‍ഡ്യക്കാര്‍ വിവിധ ലോകരാഷ്ട്രങ്ങളില്‍ വിഭിന്നമായ ഔദ്യോഗിക വ്യാപാര മാര്‍ഗ്ഗങ്ങളില്‍ നിലകൊണ്ട് സ്ഥിരവാസികള്‍ ആയതിനാല്‍ ഇന്‍ഡ്യയിലെ സ്ഥിതിവിശേഷങ്ങള്‍ ആഗോളതലത്തില്‍ അറിയപ്പെടുന്നു. 2019 ലെ സെന്‍സസ് പ്രകാരം കുടിയേറ്റക്കാരായ 46 ലക്ഷം ഇന്‍ഡ്യക്കാര്‍ അമേരിക്കയിലും 7 ലക്ഷത്തിലധികം കാനഡയിലുമുണ്ട്.

സകല ലോക റെക്കാര്‍ഡുകളും ഭേദിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഇന്‍ഡ്യയില്‍ 24 മണിക്കൂറില്‍ 4,14,000 കോവിഡ് 19 വ്യാപനം നടന്നതായി വാഷിംങ്ടണ്‍ പോസ്റ്റ് ദിനപത്രം പറയുന്നു. യു. എസ്. അടക്കം പല രാജ്യങ്ങളും വ്യാപനം തടയുവാന്‍ സകല സഹായങ്ങളും നിര്‍ലോഭം അയയ്ക്കുന്നുണ്ട്. 

സാഹചര്യങ്ങള്‍ ശാന്തമായ ശേഷം സന്തോഷത്തോടെ ഉറ്റവരെയും ഉടയവരെയും കാണാമെന്ന വിദേശ ഇന്‍ഡ്യക്കാരുടെ ശുഭസ്വപ്നങ്ങളും പ്രതീക്ഷകളും ഇപ്പോള്‍ മരവിച്ച മട്ടായി.

ഇന്‍ഡ്യയുടെ അയല്‍രാജ്യങ്ങളിലും കോവിഡ്-19 ന്റെ ഭീകരതമൂലം അരക്ഷിതാവസ്ഥയിലാണ്. 2 കോടി 96 ലക്ഷത്തിലധികം ജനതയുള്ള നേപ്പാളിലെ കോവിഡ്-19 മരണവും വ്യാപനവും ഇന്‍ഡ്യക്ക് തുല്യമായിത്തന്നെ. പ്രതിദിനം 1 ലക്ഷം ജനതയില്‍ 20 കോവിഡ് ബാധിതര്‍ എന്ന നിലയില്‍നിന്നും ഉയരുന്നുണ്ട്. ഇപ്പോള്‍ ഡോക്‌ടേഴ്‌സിന്റെയും ചികിത്സാ സംവിധാനത്തിന്റെയും അഭാവത്തോടൊപ്പം ദിവസം പ്രതിയുള്ള വാക്‌സിനേഷനും ഇന്‍ഡ്യന്‍ നിരക്കില്‍നിന്നും കുറവാണ്. കരമാര്‍ഗ്ഗം മാത്രമായുള്ള ഇന്‍ഡ്യ - നേപ്പാള്‍ യാത്രാനിബന്ധനകള്‍ തികച്ചും ലഘൂകരിച്ചതിനാല്‍ ലക്ഷക്കണക്കിന് നേപ്പാളികള്‍ തൊഴില്‍ സൗകര്യാര്‍ദ്ധം ഇന്‍ഡ്യയില്‍ വരികയും തിരിച്ചുപോവുകയും ചെയ്യുന്നതിനാല്‍ കൊറേണ വ്യാപനം കുറവല്ല. 

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടിന്‍പ്രകാരം ബംഗ്ലാദേശ് വ്യാപനം മെയ് 7 വരെ 8 ലക്ഷത്തിലധികവും 11834 മരണവുമാണ്. ജനസാന്ദ്രത കൂടുതലുള്ള ബംഗ്ലാദേശിലെ ശരാശരി കോവിഡ് വ്യാപനം പ്രതിദിനം 1649 ഉം മരണം 53 ഉം ആണ്.

2 കോടി 18 ലക്ഷം ജനങ്ങളുള്ള ശ്രീലങ്കയില്‍, 2020 ഏപ്രില്‍ 8-ാം തീയതി ഒരു കോവിഡ് രോഗിമാത്രമുണ്ടായിരുന്നത്,  2021 മെയ് 7-ലെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടിന്‍ പ്രകാരം 123234 വ്യാപനവും 786 മരണവുമായി ഉയര്‍ന്നു.

ആഗോള തലത്തിലും ഇന്‍ഡ്യന്‍ സബ് കോന്റിനെന്റിലും അതിവേഗത്തില്‍ പടരുന്ന മാരകമായ കൊറോണ വൈറസിന്റെ നശീകരണവും മാനവ സമൂഹത്തിന്റെ സുരക്ഷിതത്വവും അതിവേഗത്തില്‍ ആവശ്യമാണ്. കോവിഡ്-19 ന്റെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള വേരിയന്റിന്റെ ആഭിര്‍ഭാവം അരങ്ങേറുന്നതിന് മുമ്പായി ലോകജനത ഏക നിവാരണ മാര്‍ഗ്ഗമായ വാക്‌സിനേഷന്‍ സസന്തോഷം ഏറ്റുവാങ്ങി സ്വയമായും സാമൂഹ്യമായും ജീവല്‍ സംരക്ഷണം നടത്തണം.

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക