Image

ഓര്‍മയാകുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ പകരക്കാരില്ലാത്ത വിപ്ലവ നായിക

Published on 11 May, 2021
ഓര്‍മയാകുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ പകരക്കാരില്ലാത്ത വിപ്ലവ നായിക
കേരള രാഷ്ട്രീയ ചരിത്രത്തില്‍ പകരക്കാരില്ലാത്ത വിപ്ലവ നായിക   ഓര്‍മയാകുന്നു . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെ ആര്‍ ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാല്‍ അപൂര്‍ണ്ണമാണ് കേരള രാഷ്ട്രീയ ചരിത്രം. പോരാളിയെന്ന വിളിപ്പേരിനെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കി ആ ജീവിതം.

 കേരള രാഷ്ട്രീയത്തിന്റെ എക്കാലത്തെയും  മാറ്റുള്ള സ്ത്രീ ശബ്ദമായിരുന്നു കെആര്‍ ഗൗരിയമ്മ. അവര്‍ വിടവാങ്ങുന്നതോടെ കമ്മ്യൂണിസ്റ്റ് തലയെടുപ്പുള്ള നേതാവ് കൂടിയാണ് പടിയിറങ്ങുന്നത്.   സംഭവബഹുലമായ രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ട് എല്ലാ കാലത്തും അവരുടെ രാഷ്ട്രീയ ജീവിതം സമ്പന്നമായിരുന്നു. സര്‍ സിപിയോട് കലഹിച്ചും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പവും, പിന്നീട് ദാമ്പത്യം തകര്‍ന്നതും അതേ പാര്‍ട്ടിയോട് കലഹിച്ച് ഇറങ്ങിപ്പോന്നതുമെല്ലാം മറ്റൊരു നേതാവിന്റെ ജീവിതത്തില്‍ എടുത്ത് പറയാനില്ലാത്ത കാര്യമാണ്.

13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, ഭൂപരിഷ്കരണ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി കേരളത്തിന്‍റെ തലവര മാറ്റിയെഴുതിയ ഇടപെടലുകള്‍ക്ക് ഗൗരിയമ്മ തുടക്കമിട്ടു.

ചേര്‍ത്തലയിലെ പട്ടണക്കാട്ട് കളത്തിപ്പറമ്ബില്‍ കെ എ രാമന്‍, പാര്‍വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 ന് ജനനം. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും, സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി.

നിയമബിരുദം നേടിയ ശേഷം അഭിഭാഷക ജീവിതം തുടങ്ങും മുന്‍പായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയപ്രവേശം. 1948 ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1952 ലും 54 ലും തിരു-കൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്നു കെ ആര്‍ ഗൗരി. അതേ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇരുവരും രണ്ടു ചേരികളിലായി. ഗൗരിയമ്മ സിപിഎമ്മിനൊപ്പം ഉറച്ചുനിന്നു. ടിവി സിപിഐക്കൊപ്പവുമായിരുന്നു. തുടര്‍ന്ന് ഇരുവരും പിരിഞ്ഞു.

പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണു പരാജയമറിഞ്ഞത്.

1987 ല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ പക്ഷേ 1994 ല്‍ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്നു ജെഎസ്‌എസ് രൂപീകരിച്ചു. 2019 വരെ ജെഎസ്‌എസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. യുഡിഎഫിനൊപ്പം നിന്ന ഗൗരിയമ്മയെ പിന്നീട് ക്ഷണിതാവ് സ്ഥാനം നല്‍കി സിപിഐഎം എല്‍ഡിഎഫിലേക്ക് കൊണ്ടു വന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക