Image

ഇന്ത്യയുടെ വിവിഐപി വിമാനം കണ്ണൂരിലെത്തി, തിരികെ പോയി

Published on 11 May, 2021
ഇന്ത്യയുടെ വിവിഐപി വിമാനം കണ്ണൂരിലെത്തി,  തിരികെ പോയി
കണ്ണൂര്‍: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിക്കുന്ന എയര്‍ ഇന്ത്യ വണ്‍ വിമാനം കണ്ണൂരിലെത്തി. അമേരിക്കയില്‍ നിന്നു വാങ്ങിയ പ്രത്യേക വിമാനമാണ് എയര്‍ ഇന്ത്യ വണ്‍ എന്ന ഇന്ത്യയുടെ വിവിഐപി വിമാനം. മിസൈല്‍ ആക്രമണങ്ങളെ പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള വിമാനം പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്തു 15 മിനിറ്റിനു ശേഷം ഡല്‍ഹിയിലേക്കു തന്നെ തിരികെപ്പോയി. പൈലറ്റുമാര്‍ ഉള്‍പ്പെടെ 9 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കൊറോണ സാഹചര്യത്തില്‍ തിരക്കൊഴിഞ്ഞതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളിലും എയര്‍ ഇന്ത്യ വണ്‍ പരീക്ഷണാര്‍ഥം ഇറക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കണ്ണൂരിലുമെത്തിയത്.

എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുന്നത്. നിലവില്‍ 'എയര്‍ ഇന്ത്യ വണ്‍' എന്നറിയപ്പെടുന്ന ബി 747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ സഞ്ചരിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരാണ് ഈ വിമാനങ്ങള്‍ പറത്തുന്നത്. പ്രമുഖ നേതാക്കള്‍ക്കു വേണ്ടി സര്‍വീസ് നടത്താതിരിക്കുമ്ബോള്‍ വാണിജ്യ സര്‍വീസുകള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കാറുണ്ട്.

ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ് വിമാനത്തെ ഇന്‍ഫ്രാറെഡ് പോര്‍ട്ടബിള്‍ മിസൈലുകളില്‍ നിന്നു സംരക്ഷിക്കും. ഇന്‍ഫ്രാറെഡ് സെന്‍സറുകളാണു മിസൈലിന്റെ ദിശ മനസിലാക്കുക. റഡാറുകള്‍ സ്തംഭിപ്പിക്കുന്ന ജാമറുകളും വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വിമാനത്തിനുളളില്‍ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാര്‍ത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സ സൗകര്യങ്ങള്‍, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാനുളള സൗകര്യങ്ങള്‍, ആണവ സ്ഫോടനത്തിന്റെ ആഘാതത്തില്‍ പോലും ക്ഷതമേല്‍ക്കില്ല തുടങ്ങി അമ്ബരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ വിമാനത്തിലുളളത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക