Image

ആണധികാര ഇടങ്ങളില്‍ ചങ്കുറപ്പോടെ പോരാടിയ ധീര വ്യക്തിത്വം: കെ.ആര്‍ ഗൗരിയമ്മയെ അനുസ്മരിച്ച്‌ കെ.കെ രമ

Published on 11 May, 2021
ആണധികാര ഇടങ്ങളില്‍ ചങ്കുറപ്പോടെ പോരാടിയ ധീര വ്യക്തിത്വം: കെ.ആര്‍ ഗൗരിയമ്മയെ അനുസ്മരിച്ച്‌ കെ.കെ രമ
കെ.ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എം.പി നേതാവും വടകര നിയുക്ത എം.എല്‍.എയുമായ കെ.കെ രമ

കെ.കെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്:

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു സമരാധ്യായത്തിനാണ് സഖാവ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ തിരശ്ശീല വീഴുന്നത്. വ്യക്തിഗത ലാഭനഷ്ടവിചാരങ്ങളെ പടിക്ക് പുറത്തുനിര്‍ത്തിയ, വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളാല്‍ കേരളത്തെ വിസ്മയിപ്പിച്ച പോരാട്ടജീവിതമാണ് സഖാവ് ഗൗരിയമ്മ.

പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത് അപൂര്‍വ്വമായിരുന്ന ഒരു കാലത്ത് നിയമ പഠനത്തില്‍ ബിരുദം നേടുകയും വലിയ പ്രൊഫഷണല്‍ സാദ്ധ്യതകളുണ്ടായിട്ടും മുഴുവന്‍ സമയ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സന്നദ്ധയാവുകയും ചെയ്ത പോരാളിയാണവര്‍.
ഐക്യ കേരള രൂപീകരണത്തിനും മുന്‍പ് തിരുവിതാം കൂര്‍ / തിരുകൊച്ചി തെരഞ്ഞെടുപ്പുകളില്‍ വലിയ ഭൂരിപക്ഷത്തിലാണവര്‍ തെരെഞ്ഞെടുക്കപ്പെട്ടത്.

1957ല്‍ ഇ.എം.എസ്. നമ്ബൂതിരിപ്പാട് മുഖ്യമന്ത്രിയായി നിലവില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ, എക്‌സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഗൗരിയമ്മ. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, 1957ലെ ഭൂപരിഷ്‌കരണ ബില്‍ എന്നിവ ആവിഷ്‌കരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മയാണ് കാര്‍ഷിക ബന്ധ ബില്ലിന്റെയും മുഖ്യശില്പി. ആദ്യ മന്ത്രിസഭയില്‍ തന്നെ ഇത്രയും പ്രാധാന്യമുളള വകുപ്പുകളും ചുമതലകളും ഏറ്റെടുക്കാനുള്ള കഴിവും പ്രാപ്തിയുമുളള സംഘാടക മികവായിരുന്നു ഗൗരിയമ്മ.

അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും വി.ടി. യുമെല്ലാം നടത്തിയ സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളുടെ തുടര്‍ച്ചയായി ഈ നിയമങ്ങളാണ് ഇക്കാണുന്ന വിധം പുരോഗമന സ്വഭാവിയായ കേരളത്തിന് അടിത്തറ പാകിയത്.

1991 ല്‍ വനിതാ കമ്മീഷന്‍ നിയമവും ഗൗരിയമ്മ നിയമസഭയില്‍ അംഗീകരിച്ച്‌ പ്രാബല്യത്തില്‍ വരുത്തി.

ആദിവാസികളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അതിലെ ആദിവാസി വിരുദ്ധതയെ ചോദ്യം ചെയ്ത , ആ ബില്ലിന്റെ സാധുതയോട് വിയോജിച്ച ഏക ജനപ്രതിനിധിയായിരുന്നു ഗൗരിയമ്മ. പക്ഷമേതായിരിക്കുമ്ബോഴും സന്ധിയില്ലാത്ത സത്യത്തിന്റെ രാഷ്ട്രീയമായിരുന്നു ഗൗരിയമ്മയുടേത്.

സമര സന്നദ്ധതയും ധീരതയും ഉന്നത വിദ്യാഭ്യാസവുമെല്ലാം കൈമുതലായുണ്ടായിരുന്ന ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല.ആണധികാര ഇടങ്ങളില്‍ ചങ്കുറപ്പോടെ പോരാടിയ ധീര വ്യക്തിത്വം ,സ്വകുടുംബ ജീവിതം പോലും ഇല്ലാതാക്കി നിലപാടിനൊപ്പം നിന്ന ആ ധീരതയോ , പതിറ്റാണ്ടുകളുടെ അനുഭവ സമ്ബത്തോ അത്തരമൊരു സന്ദര്‍ഭത്തില്‍ പരിഗണിക്കപ്പെട്ടില്ല.

അവരേറ്റു വാങ്ങിയ ഈ അവഗണനയില്‍ ഖേദത്തോടെയും കുറ്റബോധത്തോടെയുമല്ലാതെ രാഷ്ട്രീയ കേരളത്തിന് ഗൗരിയമ്മയെ ഓര്‍ക്കാനാവില്ല.

ചരിത്രമാവുന്ന ധീരജീവിതത്തിന്ആദരവോടെ വിട.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക