Image

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 11 May, 2021
മിഡാസ് ടച്ച്   (കവിത: വേണുനമ്പ്യാര്‍)
ഒന്ന്

രാജാവേ തൊടുന്നതെല്ലാം
പൊന്നാക്കല്ലേ
ഇത്തിരി വെള്ളിയും
ഇത്തിരി ചെമ്പും
ഇത്തിരി കല്ലും
ഭൂമിയില്‍ ബാക്കി വെച്ചേക്കണേ
എന്റെ കുഞ്ഞിന് അരയില്‍ കെട്ടാന്‍ ഒരു വെള്ളിയരഞ്ഞാണം
എന്റെ അപ്പന് ശുദ്ധവെള്ളം കുടിക്കാന്‍ ഒരു ചെമ്പു കൂജ
എന്റെ അപ്പൂപ്പന് വിശ്രമിക്കാന്‍ ഒരു കല്ലറ  

രണ്ട്

ഹൃദയതന്ത്രികള്‍ മീട്ടിയുണര്‍ത്തി  
ചോരയില്‍ എഴുതുക
ധമനികളിലൂടെ ഒഴുകുന്ന ചോരയെക്കാള്‍ വീര്യമുണ്ട്
കണ്പീലികളിലൂടെ ഇറ്റിറ്റു വീഴുന്ന ചുവന്ന തുള്ളികള്‍ക്ക്

ഹൃദയത്തില്‍ നിന്നും
ഹൃദയത്തിലേക്ക് പകരുമ്പോള്‍
നഷ്ടപ്പെടാന്‍ ഒന്നുമില്ല        

മൂന്ന്

പറക്കാന്‍ വിലക്കുന്ന    വിലങ്ങുകള്‍  ഓരോന്നായി പൊട്ടിച്ചെറിയാം
ഉറങ്ങുന്ന  ശബ്ദതാരാവലികള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും തീ കൊളുത്താം
സമനില തെറ്റാതിരിക്കാന്‍ ഇത്തിരി വട്ട് അഭ്യസിക്കാം
കരുണയറ്റ നിയമത്തിന്റെ കരിങ്കല്ല് കൊണ്ട് പണിത തടവറയ്ക്കു
മീതെ  ജ്വലിച്ചുയരും   വെള്ളിനക്ഷത്രത്തെ   സ്‌നേഹിക്കാം  
ജീവന്റെ ധവളപ്രഭയുമായി നമുക്ക് നമ്മെ ഒരിക്കല്‍ക്കൂടി വിളക്കിച്ചേര്‍ക്കാം
നിത്യതയുടെ താക്കോല്‍പ്പഴുതിലൂടെ വീണ്ടും ഒളിഞ്ഞു നോക്കാം    
 
ചിരിച്ചും ചിരിപ്പിച്ചും കരയാന്‍      
കരഞ്ഞും കരയിപ്പിച്ചും ചിരിക്കാന്‍ -
സര്‍ക്കസില്‍ നിന്ന്  പിരിഞ്ഞ  കോമാളികളെപ്പോലെ!

Join WhatsApp News
American Mollakka 2021-05-11 15:45:47
അസ്സലാമു അലൈക്കും ശ്രീ നമ്പ്യാർ. ഞമ്മക്ക് ഈ നമ്പ്യാർമാരോട് ബല്യ ഇസ്റ്റാണ് . ചെറുപ്പത്തിൽ കുഞ്ചൻ നമ്പ്യാരുടെ ഓട്ടം തുള്ളൽ ഞമ്മന് പെരുത്ത സന്തോശം തന്നു. ഇങ്ങടെ കബിതക്ക് അഭിപ്രായം എയ്തി മിഡാസിനെപോലെ കഴുത ചെവി ഞമ്മള് സമ്പാദിക്കുന്നില്ല.ഇങ്ങള് കബിതയുടെ സ്റ്റൈൽ എന്തിനു മാറ്റി. ഇതിൽ കുറെ തത്വങ്ങളല്ലേ. മുമ്പ് എയ്തിയപോലെ എയ്തു സാഹിബ്. പടച്ചോൻ കാക്കട്ടെ. അപ്പോളോ ദൈവം മിഡാസിനെ ശപിച്ചപോലെ ഞമ്മക്ക് കഴുത ചെവി തരല്ലേ തമ്പുരാനെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക