Image

കേരളം കണ്ട കരുത്തുറ്റ നായിക, വിടവാങ്ങിയത് കര്‍ഷകരുടേയും ദരിദ്രരുടേയും അത്താണി

Published on 11 May, 2021
കേരളം കണ്ട കരുത്തുറ്റ നായിക, വിടവാങ്ങിയത് കര്‍ഷകരുടേയും ദരിദ്രരുടേയും അത്താണി
ചേര്‍ത്തല: ഗൗരിയമ്മയുടെ വിയോഗത്തോടെ ഒരു കാലഘട്ടത്തിന്റെ കരുത്തുറ്റ നായികയെ ആണ് നഷ്ടമായിരിക്കുന്നത്. ചര്‍ത്തല പാണക്കാട് വിയാത്ര കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായി 1919 മിഥുനത്തിലെ തിരുവോണ നാളില്‍ പിറന്ന കെ.ആര്‍. ഗൗരിയുടെ സംഭവബഹുലമായ ജീവിതം കേരള രാഷ്ട്രീയത്തിന്റെയും കമ്യൂണിസ്റ്റ് ഇടതു പ്രസ്ഥാനങ്ങളുടെയും കൂടി ചരിത്രമാണ്.

കേരളം കണ്ട വനിതാ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും കരുത്തയായ ഗൗരിയമ്മ 46 വര്‍ഷം എംഎല്‍എയും ആറു സര്‍ക്കാരുകളിലായി 16 വര്‍ഷം മന്ത്രിയുമായിരുന്നു. റവന്യു, എക്‌സൈസ്, വ്യവസായം, ഭക്ഷ്യം, പൊതുവിതരണം, കൃഷി, സാമൂഹികക്ഷേമം, മൃഗസംരക്ഷണം തുടങ്ങി വ്യത്യസ്തമായ വകുപ്പുകള്‍ കൈകാര്യം ചെയ്ത ഗൗരിയമ്മയ്ക്കാണ് ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത എന്ന റെക്കോര്‍ഡ്.  

മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബില്‍!, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ഭൂമി പതിവു നിയമം തുടങ്ങി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു.  

വിമോചന സമരത്തെത്തുടര്‍ന്ന് ആദ്യ മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചുവിടുന്നതിനു തലേന്നാണ് ഗൗരിയമ്മയുടെ ശക്തമായ ഇടപെടല്‍കാരണം കാര്‍ഷികബന്ധ നിയമം കേരള നിയമസഭ പാസാക്കിയത്. 196769 ലെ മന്ത്രിസഭക്കാലത്ത് ഗൗരിയമ്മ നിയമസഭയിലവതരിപ്പിച്ച കേരള ഭൂപരിഷ്കരണ ഭേദഗതി ബില്ല് പാസാക്കിയത് പിന്നീടു വന്ന അച്യുതമേനോന്‍ മന്ത്രിസഭയാണ്.  

പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണു പരാജയമറിഞ്ഞത്.  

സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരായി ചേര്‍ത്തല അമ്പലപ്പുഴ താലൂക്കുകളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധവും പുന്നപ്ര–വയലാര്‍ സമരവും വെടിവയ്പ്പും ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലേക്ക് നയിച്ചു. പി. കൃഷ്ണപിള്ളയില്‍നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച ഗൗരിയമ്മ 1948ല്‍ തിരു കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.  

തുടര്‍ന്ന് 1952 ലും 54 ലും തിരു–കൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഗൗരിയമ്മ കേരളത്തിലെ ആദ്യ റവന്യൂവകുപ്പ് മന്ത്രിയായി. മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി. തോമസിനെ വിവാഹം ചെയ്തു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പമായിരുന്നു ഗൗരിയമ്മ. സിപിഐയില്‍ തുടര്‍ന്ന ടി.വി. തോമസുമായി അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതോടെ ഇരുവരും പിരിഞ്ഞു.  

1994 ജനുവരി ഒന്നിന് ഗൗരിയമ്മ സിപിഎമ്മില്‍നിന്നു പുറത്തായി. തുടര്‍ന്നു ജെഎസ്എസ് രൂപീകരിച്ചു. യുഡിഎഫിലായിരുന്ന അവര്‍ 2016ല്‍ യുഡിഎഫുമായി ഇടഞ്ഞു മുന്നണി വിട്ടു. 1957, 67, 80, 87 കാലത്തെ ഇടതുപക്ഷമന്ത്രിസഭകളിലും 20012006 കാലത്ത് എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക