Image

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

Published on 10 May, 2021
അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)
എത്ര അമ്മമാരാണ് ലോക്ഡൗൺ പൊട്ടിച്ച് പൂത്തുല്ലസിച്ചിങ്ങനെ നിൽക്കണത്! ഞാനാ ഇറഞ്ചെരിവുകളിലൂടെ പലവട്ടം സഞ്ചരിച്ചു. പല അമ്മമാരേയും പലവട്ടം നോക്കി പുഞ്ചിരിച്ചു. ഉമ്മവെക്കാനും തലോടാനും തോന്നുന്നവർ. ഒന്നുരിയാടിപ്പോകൂ... എന്നു കൊതിപ്പിക്കുന്നവർ.
അവരെ ഒന്നാകേ ചേർത്തുപിടിച്ച് ഞാൻ അകത്തേക്കുനോക്കി. എനിക്കകമേ ഏതോ ജൈവത്വരയാലെ വളർന്നു പതുങ്ങിനില്ക്കുന്ന ഞാനെന്ന അമ്മയെ ലാളിച്ചു. ജനിച്ചതുമുതലിങ്ങോട്ട് ഉമ്മുഖുൽസു നേരിട്ട ഒരു കുത്തിവെപ്പിനും സാക്ഷിയാവാൻ കഴിയാതെ സിറിഞ്ചുമുറിയിൽനിന്നും അവളുടെ നിലവിളിയെത്താത്ത  ദൂരത്തോളം വേഗത്തിൽ നടന്നുമാറുന്ന എന്നേ ഓർത്തു. അവളുടെ  കാത്തുകുത്തുംന്നേരം ആ പ്രദേശത്തേ ഉണ്ടായിരുന്നില്ല ഞാൻ. അവളുണർന്നുകരയുന്ന രാവുകളിലൊക്കേയും ആദ്യമെഴുന്നേറ്റ് അവളെ വാരിയെടുത്തു നടക്കാനുള്ളൊരു ത്വര, ഉറങ്ങിയിട്ടും, ഉള്ളുറങ്ങിയില്ലെന്ന് ശങ്കപ്പെട്ട് നീണ്ടുപോകുന്ന കൈത്താളങ്ങൾ...
സ്നാനകേളികൾക്കിടയിലെ ജലചുംബനങ്ങൾ... തീൻകാലങ്ങളിൽ ചോറുരുളകൾക്കുമേലെ ഒരു പൊട്ടുപോലെ വെച്ചുകൊടുക്കുന്ന മീൻനുള്ളുകൾ...
അവളുടെ കുഞ്ഞുടുപ്പുകൾ അലക്കിയിടും നേരത്തെ ഇങ്കുഗന്ധങ്ങൾ...
കണ്ണെഴുതുംനേരം ശ്രദ്ധകൂർപ്പിച്ചുകൂർപ്പിച്ച് ഒരു പിടക്കലിൽ കവിളത്തുപുരളുന്ന കൺമഷി ഏല്പിക്കും നിരാശ... എന്നൊക്കെ എന്തുന്തുവിധം അമ്മത്വം എന്നിലൂടെ കടന്നുപോയി.
പിറവിക്കുംമുന്നേ നീർശയ്യയിൽക്കിടന്ന്
'പൂന്തേൻ നേർമൊഴി...
സഖീഞാൻ വിരഹം കൊണ്ടുവലഞ്ഞിടുന്നേ...' കേൾക്കുമ്പോളൊക്കെ നിറവയറിനുകുറുകേവെച്ച എന്റെ കൈക്കുടന്നയിലേക്ക് നീന്തിയെത്തി നെറുകയാലുള്ള അസാധാരണ ചുംബനങ്ങൾ! ആ ചുംബനങ്ങളുടെ തുടച്ചയെന്നോണം ഇതെഴുതുമ്പോളും ഒളിച്ചുവന്ന് പിൻകഴുത്തിൽ ചേർന്നുള്ള ഇഷ്ടങ്ങളുടെ ഒരു ഫോട്ടോ സ്നാപ്പ്...
ഒരു പെൺകുട്ടി വളർന്നുകൊണ്ടിരിക്കുമ്പോൾ അവളുടെ അച്ഛനുള്ളിലെ അമ്മത്വത്തെ ഞെക്കിക്കൊന്നുകളയേണ്ടുന്ന കാലക്രമത്തിലാണ് നമ്മുടെ ജീവിതം. അച്ഛനാൽ പീഡിപ്പിക്കപ്പെടുന്ന പെൺകുഞ്ഞുങ്ങളേക്കുറിച്ചുള്ള അശാന്തവാർത്തകൾക്കുമുന്നിൽ എത്ര അച്ഛന്മാരുടെ ഉള്ളിലെ അമ്മത്വമാണ് ഗതികെട്ട് ചത്തുമലച്ചത്! അവരുടെ വളർച്ച ദൂരെനിന്നു കാണുവാൻ മാത്രം ഉതകുന്ന വിധിയിൽ നിശബ്ദമായിപ്പോകുന്ന നിരവധിപേരെ എനിക്കറിയാം.
അമ്മ എന്നത് ഒറ്റവാക്കല്ല. അമ്മ എന്ന വാക്കിനു പിന്നാലെ കുഞ്ഞ് എന്നൊരു നിശബ്ദവാക്കുകൂടിയുണ്ട്. അച്ഛൻ എന്നത് പലപ്പോളും അങ്ങിനേയല്ല. അതൊരു ഒറ്റവാക്കാണ് മിക്കപ്പോളും. ആ ഒറ്റയാവലിന്റെ വറുതിയിൽ അയാളുടെ ഉള്ളുലപ്പുകൾ വളരേപ്പെട്ടെന്ന് അയാളിലേക്ക് വാർദ്ധക്യം കൂട്ടിക്കൊണ്ടുവരുന്നുണ്ട്. അമ്മകൂടിയാവുന്ന അച്ഛനാണ് പലപ്പോഴും കുടുതൽക്കാലം ജീവിച്ചിരിക്കുക, മണ്ണിലും മനസ്സിലും.
കുഞ്ഞുങ്ങളൊക്കേയും അമ്മദിനത്തിന് അമ്മമാരുടെ പടങ്ങളിടുമ്പോൾ ആ വീടുകളിലെ അച്ഛന്മാരൊക്കെ എങ്ങുപോയെന്നൊരു സങ്കടത്തെ കോരിയെടുത്തെന്റെ തിണ്ണയിൽ വെക്കുന്നു. മക്കളെ ഓർത്ത് വെന്തുരുകുന്ന നിരവധി ദേശങ്ങളിലെ അപ്പന്മാരും എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. നീ തണുക്കരുതെന്ന് കരുതി, കുപ്പായം അഴിച്ചുകൊടുത്ത് സ്വയം തണുത്തവർ. ആ നഗ്നതകൂടിയാണ് അമ്മയുടെ അടയാളം. എന്റെ മകളുടെ അമ്മയും ഞാൻതന്നെയാണെന്നൊരു കുറുമ്പുള്ള ഇഷ്ടം ഞാനവളോട് കാണിക്കുന്നു.
എന്റെ പ്രണയത്തിലും ഞാൻതന്നെയായിരുന്നു സ്ത്രീ. അത്രക്ക് ശരിയോടെ ഉൾക്കൊള്ളുക എന്നതിന് പെൺമയോളം നിറവ് മറ്റൊന്നിലുമില്ല. അതുതിരിച്ചറിഞ്ഞാൽ ഏതൊരച്ഛനും അമ്മയാവാൻ എളുപ്പമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക