Image

ഇന്ത്യയില്‍ പെട്ടെന്നുള്ള കോവിഡ് വ്യാപനത്തില്‍ കുംഭമേളയ്ക്ക് നിര്‍ണായക പങ്കെന്ന് റിപ്പോര്‍ട്ട്

Published on 10 May, 2021
ഇന്ത്യയില്‍ പെട്ടെന്നുള്ള കോവിഡ് വ്യാപനത്തില്‍ കുംഭമേളയ്ക്ക് നിര്‍ണായക പങ്കെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: ഹരിദ്വാറില്‍ ഏപ്രില്‍ മാസത്തില്‍ നടന്ന കുംഭമേള രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ബിബിസി റിപ്പോര്‍ട്ട്. കുംഭമേളയില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ തിരിച്ചെത്തിയതോടെ രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായി ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു 'സൂപ്പര്‍ സ്പ്രെഡര്‍' ആയി കുംഭമേള പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഹരിദ്വാറില്‍ കുഭമേളയില്‍ പങ്കെടുത്തവരില്‍ 2,642 തീര്‍ഥാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ പലരും ഉന്നതരായ മതനേതാക്കളും സന്യാസിമാരും ആയിരുന്നു. കോവിഡ് സ്ഥിരീകരിച്ച് നിരവധി സന്യാസിമാരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കുംഭമേളയില്‍ പങ്കെടുത്ത ശേഷം കോവിഡ് സ്ഥിരീകരിച്ചവരില്‍ യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, നേപ്പാളിലെ മുന്‍ രാജാവ് ജ്ഞാനേന്ദ്ര ഷാ, മുന്‍ രാജ്ഞി കോമള്‍ ഷാ എന്നിവരും ഉള്‍പ്പെടുന്നു. കോവിഡ് ബാധിച്ച് അടുത്തിടെ മരണ
പ്പെട്ട ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും റിപ്പോര്‍ട്ട് 

90 ലക്ഷത്തോളം തീര്‍ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്തതായി സംഘാടകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 12ന് നടന്ന ഗംഗാസ്‌നാനത്തില്‍ മുപ്പത് ലക്ഷത്തോളം തീര്‍ഥാടകരാണ് പങ്കെടുത്തത്. രാജ്യത്ത് കൂടുതല്‍ മാരകമായ കൊറോണ വൈറസ് വകഭേദത്തിന്റെ രണ്ടാംതരംഗം ഉണ്ടാകുമെന്ന് മാര്‍ച്ച് ആദ്യംതന്നെ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുംഭമേളയ്ക്ക് അനുമതി നല്‍കിയാല്‍ സംസ്ഥാനം പരിഹാസപാത്രമാകുമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നതായും റിപ്പോര്‍ട്ട് 

പിന്നീട് കുംഭമേള ചടങ്ങുകള്‍ മാത്രമായി നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചതെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ നടപടി ഉണ്ടായപ്പോഴേക്കും രോഗവ്യാപനം നിയന്ത്രണാതീതമായി മാറിക്കഴിഞ്ഞിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക