-->

kazhchapadu

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

Published

on

വര്‍ഷങ്ങള്‍ക്കു ശേഷം കോളജില്‍ വീണ്ടും എത്തി. മനസ്സില്‍ സന്തോഷം തിരതല്ലുകയായിരുന്നു. കോളജിന്റെ പൂന്തോട്ടത്തില്‍ ചെടികള്‍ ഏറെയും പുതിയതായിരുന്നു. പക്ഷെ, പഴയ പല ചെടികളും പൂമരങ്ങളും ഇപ്പോഴും ഉണ്ട്. ഈ കോളജിലെ കുട്ടികളെ പോലെ പൂക്കള്‍ മാത്രമല്ല ഓരോ വര്‍ഷവും മാറി മാറി വിരിഞ്ഞു കൊഴിഞ്ഞു പോകുന്നു. ഇന്നു വിരിഞ്ഞു നില്‍ക്കുന്ന പൂവുകളെല്ലാം എനിക്ക് അപരിചിതര്‍. അന്നു വിടര്‍ന്നു നിന്ന പൂവുകളെല്ലാം ഇന്നീ മണ്ണില്‍ വളം. ചിലപ്പോള്‍ അവ വീണ്ടും വിരിഞ്ഞിട്ടുണ്ടാകാം. പുനര്‍ജന്‍മംപോലെ! കണ്ണുകള്‍ അവിടവിടെ ഉഴറിനടന്നു.

മനസ്സ് പഴയ പാവാടക്കാരിയായി മാറി .

എല്ലാവരും നമ്മുടെ പഴയ ക്ലാസ്മുറിയിലുണ്ട് .

'ഇങ്ങോട്ടു വരൂ ...'കൂട്ടുകാരി വിളിച്ചപ്പോള്‍ സ്റ്റെപ്പുകളൊക്കെ കയറി എങ്ങനെ മുകളില്‍ എത്തി എന്നറിയില്ല. എത്രയോ പേര്‍ ദിവസവും ഇറങ്ങുകയും കയറുകയും ചെയ്യുന്ന പടികളിലെവിടയോ അടിയിലായി എന്റെ കാലടിപ്പാടുകളു പതിഞ്ഞിരിക്കുന്നുണ്ട്.

എല്ലാവരുടേയും മുന്നിലേക്ക് എങ്ങനെ കയറിചെല്ലും? അവരൊക്കെ സ്വന്തം ജോലിയും നല്ല വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍ . ഞാന്‍ മാത്രം അടുക്കളയിലെ പുകയും കരിയും കൊണ്ട് കറുത്തു മെലിഞ്ഞ്...

എന്നെക്കാള്‍ പഠിപ്പ് കുറഞ്ഞവരായിരുന്നു പലരും എന്നിട്ടും ഞാന്‍ അടുക്കളയിലെ പെയിന്റടിക്കാത്ത ചുമരുപോലെ നിറം കെട്ട സാരിയും സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍പോലും ഉപയോഗിക്കാനറിയാതെ ജീവിക്കുന്നു.

അവള്‍ ക്ലാസ്സ് മുറിയില്‍ കാലെടുത്തുവച്ചതും 'ഹൈമ ഹൈമ' എന്ന കൂട്ട മുദ്രാവാക്യവും ഒന്നിച്ചായിരുന്നു. ആരെ നോക്കണം , ആരോടു മിണ്ടണം ഒന്നും മനസ്സിലാകാതെ നിന്നു. ഓരോരുത്തരായി വന്നു പരിചയം പുതുക്കി. പെണ്‍കുട്ടികളെ മനസ്സിലാകുന്നുണ്ട്, ആണ്‍കുട്ടികളെ പലരേയും ഓര്‍മ്മപോലുമില്ല. ഓര്‍മ്മയുള്ള പലരെയും കഷണ്ടിയൊക്കെ ആയിട്ട് മനസ്സിലാകുന്നില്ല. ചിലര്‍ക്ക് ഒരുമാറ്റവുമില്ല. എങ്കിലും, എല്ലാവര്‍ക്കും വലിയ സ്‌നേഹം. ചിലര്‍ വലിയ പൈസക്കാര്‍. ഇല്ലാത്തവരെ സഹായിക്കാന്‍ തയ്യാറാണെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും, ജീവിതത്തില്‍ പരാജയപ്പെട്ടു പോയ പലരും വരാന്‍ മടിച്ച് നില്‍ക്കുന്നു. അടുത്തടുത്ത സീറ്റില്‍ ഇരുന്ന് കൂട്ടുകാരായിരുന്നവരില്‍ ചിലര്‍ മാത്രം എങ്ങുമെത്താതെ ഉള്‍വലിയുന്നു. സത്യം പറഞ്ഞാല്‍ ഞാനും ഉള്‍വലിയേണ്ടവളാണ് പക്ഷെ എല്ലാവരേയും കാണാനുള്ള ആഗ്രഹം അത്ര വലുതാണ്. മാത്രവുമല്ല, എനിക്കെന്റെ ഈ സാഹചര്യങ്ങളില്‍ നിന്ന് ഒരു മാറ്റവും വേണം. അതു നിര്‍ബന്ധമാണ്.

വിശേഷങ്ങളെല്ലാം പങ്കുവച്ചപ്പോള്‍ ഒരു കാര്യത്തില്‍ മാത്രമാണ് ഞാന്‍ മുന്നിലെന്ന് അവള്‍ക്കു തോന്നി. അതു കുട്ടികളുടെ കാര്യത്തിലാണ്. എന്റെ കുട്ടികള്‍ കോളജിലെത്തിയിരിക്കുന്നു. അവരുടെ എല്ലാവരുടേയും കുട്ടികള്‍ സ്‌ക്കൂളിലാണ് പഠിക്കുന്നത്, ചുരുക്കം ചിലര്‍ എന്നെപോലെ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ തന്നെ വിവാഹം കഴിഞ്ഞവരാണ്. അവര്‍ക്കും വലിയ കുട്ടികളാണ്.

ഭക്ഷണശേഷം അടുത്ത കൂട്ടുകാരിയും നാട്ടുകാരിയുമായ രമയുമായി അല്‍പം കുടുംബകാര്യം സ്വകാര്യമായി സംസാരിച്ചു. അമ്മയ്ക്കും അച്ഛനും തുടര്‍ന്നു പഠിപ്പിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. അതുകൊണ്ട് ഇന്നു ഞാനിങ്ങനെയായി. ഞങ്ങള്‍ രണ്ടു പെണ്‍മക്കള്‍ക്കും ഇന്ന് അച്ഛനേയും അമ്മയേയും സംരക്ഷിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ ഔദാര്യം വേണം എന്ന സ്ഥിതിയാണ്. പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കണം.

എന്റെ അച്ഛനും അമ്മയും ചെയ്തതു പോലെ ഞാന്‍ ചെയ്യില്ല. എനിക്കെന്റെ കുട്ടികളെ സ്വതന്ത്രരായി വളര്‍ത്തണം. അവരുമായി ഞാന്‍ സകലകാര്യങ്ങളും സംസാരിക്കും. അവരാണ് ഇന്നെന്റെ ശക്തി. ജോലിചെയ്യുകയും പണമുണ്ടാക്കുകയും മാത്രമാണ് ജീവിതം എന്നു ചിന്തിച്ചിരുന്ന അച്ഛനെ അവര്‍ തിരുത്തി, അമ്മ ഒരു വ്യക്തിയാണെന്നും അമ്മയ്ക്ക് സ്വാതന്ത്ര്യം കൊടുക്കണം, ഫോണ്‍ വാങ്ങി കൊടുക്കണം നിങ്ങള്‍ രണ്ടുപേരും പലസ്ഥലത്തും ടൂര്‍ പോകണം അവര്‍ നിര്‍ബന്ധിച്ചു. മാതാപിതാക്കള്‍ ജീവിക്കാതെ പണം കൂട്ടിവച്ചാല്‍ മക്കള്‍ മടിയന്മാരാകുമെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തി. അവരുടെ വാശിയില്‍ അച്ഛന്റെ സ്വഭാവം മാറി വന്നു. ഇന്നും കോളജിലേക്ക് വരുന്നതിന് ആദ്യം സമ്മതിച്ചിരുന്നില്ല, എന്തുകൊണ്ടൊ കുട്ടികള്‍ വളര്‍ന്നുകഴിഞ്ഞാല്‍ അമ്മമാര്‍ക്ക് ഒരു ധൈര്യം തോന്നും.

ഞാനെന്റെ ഹസ്സിനോട് ഇന്നലെ ചൂടായിട്ടിങ്ങനെയൊക്കെ പറയേണ്ടിവന്നു. 'ഇത്രയും കാലം നിങ്ങളുടെ വീട്ടുകാരെ മുഴുവനും ശുംശൂഷിച്ചില്ലേ? എന്തെല്ലാം കാര്യങ്ങള്‍... വിവാഹം കഴിഞ്ഞ അന്നുമുതല്‍ തുടങ്ങിയതല്ലേ , എന്റെ അച്ഛനമ്മമാര്‍ക്കുവേണ്ടി ഞാനെന്താണു ചെയ്തത്, അവര്‍ ഇങ്ങോട്ടു ചെയ്തതല്ലാതെ. നിങ്ങള്‍ ആറു മക്കള്‍ ഉണ്ടായിട്ടും അച്ഛനെയും അമ്മയേയും, മലവും മൂത്രവും എടുത്ത് ശുശ്രൂഷിക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മകന്റെ ഭാര്യ ആയ എനിക്ക് മാത്രമാണെന്ന് ഏതു പുസ്തകത്തിലാണു പറഞ്ഞിരിക്കുന്നത്? എന്റെ അച്ഛനേയും അമ്മയേയും സംരക്ഷിക്കാന്‍ പറ്റില്ലെന്നു നിങ്ങള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഞാനാദ്യമായി നിങ്ങളോട് ദേഷ്യപ്പെട്ടതും ഇങ്ങനെ ചോദിക്കേണ്ടി വന്നതും. നിങ്ങള്‍ അന്ന് അതിശയത്തോടെ എന്റെ മുഖത്തേക്കു നോക്കി, രണ്ടുമൂന്നു വര്‍ഷം അവരെ നോക്കിയിട്ടും നോക്കിയതിനു പ്രതിഫലമായി പോകും എന്നു വിചാരിച്ച്, അമ്മയുടെ സ്വര്‍ണ്ണത്തില്‍ നിന്ന് ഒരുമോതിരം പോലും വാങ്ങാതിരുന്ന ഇവള്‍ ഇപ്പോള്‍ പ്രതിഫലം ചോദിക്കുന്നു. എന്റെ അമ്മയോട് നിങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെങ്കില്‍ എനിക്കെന്താണതിന്റെ ആവശ്യം. ആണ്‍മക്കളില്ലാത്ത അച്ഛനമ്മമാര്‍ക്കു വേണ്ടി പെണ്‍മക്കള്‍ ജോലിചെയ്യണം, അതിനും വിടില്ല. സ്വന്തമായി ജോലിയും ശമ്പളവും ഉണ്ടെങ്കില്‍ ആരുടെ മുന്നിലും മുട്ടുമടക്കേണ്ടിവരില്ല.'

ഇത്രയൊക്കെ കൂട്ടുകാരിയോടു പറഞ്ഞപ്പോള്‍ ഹൈമയുടെ കണ്ണുനിറഞ്ഞു. അടച്ചുറപ്പില്ലാത്ത വീട്ടില്‍ നിന്നും സ്വന്തം മക്കളെ സുരക്ഷിതമായ കൈകളിലേല്‍പ്പിക്കാന്‍ വേണ്ടി സ്വയം മണ്ണില്‍ പുതഞ്ഞവര്‍. വയലില്‍ പൊരിഞ്ഞവര്‍. എന്നിട്ടിപ്പോള്‍ നോക്കാന്‍ ആളില്ലാതെ...

ഭക്ഷണ ശേഷം എല്ലാവരും പിരിഞ്ഞു പോകുമ്പോഴും മനസ്സ് എന്തോ തിരയുന്നുണ്ടായിരുന്നു. ഇവിടുത്തെ ഇളം കാറ്റിനും ആ വാകമരത്തിനും കാറ്റാടിക്കും എല്ലാം എന്നോടെന്തൊ പറയാനുണ്ട്.

ഗെയ്റ്റിനടുത്തെത്തിയപ്പോഴും അവളുടെ കണ്ണുകള്‍ മുകള്‍ നിലയിലെ അവന്റെ ക്ലാസ്മുറിയുടെ ജനാലയിലേക്ക് അറിയാതെ നോക്കി.

അവസാന നിമിഷം എന്തിനായിരുന്നു, അതുവരേയും എന്നെ ശ്രദ്ധിച്ചിരുന്നില്ല, എന്നിട്ടും ക്ലാസ് തീരാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ എന്നെ തന്നെ നോക്കിനിന്നത്, പിറകെ നടന്നത്, അവസാന ദിവസം എന്റെ ബസ്സു വരുന്നതുവരെ കാത്തിരുന്ന് തിങ്ങി നിറഞ്ഞ ബസ്സിനുള്ളില്‍ വലിഞ്ഞ് കയറി ഞാന്‍ മറയും വരെ നോക്കിനിന്നത്... അവസാനം ആ മുഖത്ത് കണ്ട സങ്കടം ഒരിക്കലും മറക്കാന്‍ പറ്റില്ല. എങ്കിലും ഞാന്‍ ഡിഗ്രിക്ക് ഈ കോളേജില്‍ തന്നെ വരുമെന്നു വിചാരിച്ചു നീ കാത്തിരുന്നിട്ടുണ്ടാകും. ഞാന്‍ പിന്നീട് നിന്നെ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു, ഇപ്പോള്‍ വീണ്ടും ആഗ്രഹിക്കുകയാണ് വെറുതെ ഒന്നു കണ്ടിരുന്നെങ്കില്‍...

വീട്ടിലെത്തി കുട്ടികളോട് കോളജിലെ വിശേഷങ്ങളെല്ലാം പറഞ്ഞ് ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് അടുക്കള ജോലികള്‍ തീര്‍ക്കുന്ന ഹൈമയോട് അല്‍പം ദേഷ്യത്തോടെ ഭര്‍ത്താവ് ചോദിച്ചു.

'എന്താണൊരിളക്കം പഴയ കാമുകന്‍മാരേയൊക്കെ കണ്ടൊം'

'കണ്ടു എല്ലാവരേയും കണ്ടു.'

അയാള്‍ക്ക് കുറച്ചു നാളായിട്ടുള്ള അവളുടെ ഈ സ്വഭാവം തീരെ പിടിക്കുന്നില്ല, മക്കളുടെ സപ്പോര്‍ട്ടാണിതിനു കാരണം. 'ഇങ്ങനെ ഇപ്പോള്‍ കുറേയെണ്ണം ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ചിങ്ങനെ കാമുകന്‍മാരുടെ കൂടെ പോകുന്നുണ്ട്.'

'അതേ, ഈ മക്കളേയൊക്കെ ഉപേക്ഷിച്ചു പോകുന്നവരുണ്ടല്ലൊ ജീവിതത്തില്‍ ആദ്യമായിട്ട് പ്രണയമറിഞ്ഞവരായിരിക്കും. ചെറുപ്പം തൊട്ട് കുഞ്ഞു കുഞ്ഞു പ്രണയം അറിഞ്ഞും അവ ഹൃദയം കൊണ്ട് സ്വീകരിക്കുകയോ അല്ലെങ്കില്‍ സ്‌നേഹപൂര്‍വ്വം മെല്ലെ തട്ടിമാറ്റിക്കൊണ്ട് മുന്നേറുകയൊ ചെയ്ത ഒരാളും സ്ത്രീ ആയാലും പുരുഷനായാലും അങ്ങനെ ചെയ്യില്ല. കാരണം, അവര്‍ക്കറിയാം ഹൃദയത്തിനുള്ളിലെ ഒരു ജ്വലിക്കുന്ന നക്ഷത്രമാണതെന്ന്.'

അയാള്‍ അത്ഭുതത്തോടെ അവളെ നോക്കി.

'ഇത്രയും നിന്റെ ഉള്ളിലുണ്ടൊ? '

'നിശ്ശബ്ദയാക്കപ്പെട്ടവളല്ലെ ഞാന്‍. നിങ്ങള്‍ എന്നെ സംസാരിപ്പിച്ചില്ല, പണിയെടുപ്പിച്ചു. പിന്നെങ്ങനെ അറിയും എന്റെയുള്ളം. സംശയിക്കണ്ട എനിക്ക് പ്രണയം എന്നത് വെറും ഭാവനയും സങ്കല്‍പവും മാത്രമാണ്. അല്ലെങ്കില്‍ സകലതിനോടുമുള്ള പ്രണയം'

'അമ്മയെന്താ അച്ഛനെ പ്രണയം പഠിപ്പിക്കുന്നൊ?'

'അത് നിന്റെ അച്ഛന്‍ പറയുകയാ കോളജില്‍ പോയി വഴിതെറ്റിപോകും എന്ന്'.

ഇത്രയും കേട്ടപ്പോള്‍ തന്നെ അച്ഛന്‍ സ്ഥലം വിട്ടു. അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ' തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ പോട്ടെ എന്നുവെക്കുക അല്ലാതെ പിന്നെ.'

'അമ്മേ എനിക്ക് ആശുപത്രിയില്‍ പോകണം.'

'എന്തുപറ്റി? '

'എന്റെ ഫ്രണ്ട് വിഷം കഴിച്ചു ഐസിയുവില്‍ ആയിരുന്നു, ഇന്നു വാര്‍ഡിലേക്ക് മാറ്റും. ഞങ്ങള്‍ ഫ്രണ്‍സെല്ലാം കൂടി പോകുന്നുണ്ട്, അവനെയിട്ടു പൊരിക്കണം മണ്ടന്‍.'

'അതുവേണ്ട. ഇപ്പോഴേ അവനെ വിഷമിപ്പിക്കരുത്. എന്താ കാരണം?

'അത് അവന്‍ പ്രണയിച്ച പെണ്ണിന്റെ വിവാഹമായിരുന്നു.'

'എങ്കില്‍ അവനെ വേദനിപ്പിക്കരുത്. അവന്‍ ഹൃദയം മുറിഞ്ഞവനാണ്. നിങ്ങള്‍ അവനോടിങ്ങനെ പറയണം- പ്രണയം എന്നത് നമ്മുടെ മനസ്സില്‍ ഉള്ളതാണ്, മറിച്ച് ആ പെണ്‍കുട്ടിയാണെന്നു ചിന്തിക്കുന്നതാണ് തെറ്റ്. പ്രണയം നമ്മുടെ മനസ്സില്‍ പൂത്തു നില്‍ക്കുന്ന മുല്ലവള്ളിയാണ്. അതു സുഗന്ധം പരത്തിക്കൊണ്ടിരിക്കും. നമ്മുടെ മനസ്സ് ഒരു പൂക്കാലമായിരിക്കും. അതില്‍ നിന്നും ഒരു ചെറുവള്ളി മാത്രമാണ് അവളിലേക്കു പടര്‍ന്നത്. ബാക്കിയുള്ളവ അവന്റെ മനസ്സിലുണ്ട്. ഇനിയും അതില്‍നിന്നു വള്ളികള്‍ പടര്‍ന്നുകയറാനായ് ഒരുവള്‍ വരും കാത്തിരിക്കാന്‍ പറയുക.

വിരഹവും വേദനയും പ്രണയിച്ചവര്‍ക്കെല്ലാം ഉണ്ടാകും എന്നും കുറച്ചു ദിവസം കഴിഞ്ഞാല്‍ അത് ശരിയാകും എന്നും. ഇപ്പോള്‍ ചിന്തകളെ മറ്റു വഴികളിലേക്കു തിരിച്ചു വിടുക എന്നും പറയുക, കുറച്ചു നാള്‍ കഴിയുമ്പോള്‍ അവളില്‍ അവശേഷിച്ചിരുന്ന വള്ളി, പുതുതായി കിട്ടിയ അവള്‍ക്കവകാശപ്പെട്ട വള്ളികള്‍ ഉണക്കികളയുകയൊ, ഇല്ലെങ്കില്‍ കാലങ്ങളോളം ഉണങ്ങാതെ കിടക്കുകയൊ ചെയ്യും.'

'അമ്മയൊരു കവിയോ? എനിക്കുവയ്യ ഈ വള്ളിക്കഥ പറയാന്‍. അമ്മതന്നെ ഒരുദിവസം നേരിട്ട് കണ്ടു പറയൂ...'

'നോക്കാം , എനിക്ക് സ്‌ക്കൂളില്‍ നിന്ന് കഥാരചനക്ക് സമ്മാനം കിട്ടിയിട്ടുണ്ട്. '

'ങേ! ഇതൊക്കെ പുതിയ അറിവാണല്ലൊ, പാവം അമ്മ ഇനി എഴുതണം.'

'നോക്കാം മക്കളേ... ഇപ്പോള്‍ അമ്മയ്ക്കൊരു ജോലിവേണം.'

'അതെന്തിനാ? '

'അത് എനിക്കോ നിങ്ങള്‍ക്കൊ വേണ്ടിയല്ല. അപ്പൂപ്പനും അമ്മൂമ്മക്കും വേണ്ടിയാണ്, നിങ്ങള്‍ അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കണം.'

'ശരിയമ്മേ പറയാം.'

അവളുടെ ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ട്.

'ഹലോ'

അമ്മയായിരുന്നു , അമ്മ കരച്ചിലടക്കിയാണ് സംസാരിച്ചത്. അച്ഛന്‍ മൂത്രമൊഴിക്കുമ്പോള്‍ ബ്ലഡ് പോകുന്നു.
അമ്മയുടെ സംസാരം തുടരുമ്പോള്‍, ഇന്നത്തെ ദിവസത്തെ എല്ലാ സന്തോഷവും ഹൈമയുടെ മനസ്സില്‍ നിന്നു പോയി. അവള്‍ക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല, അച്ഛന് സീരിയസ്സായ എന്തോ രോഗമാണ്, കുറേ നാളായി ആരോടും പറയാതെ വേദന സഹിക്കുന്നു. തീരെ വയ്യാതായപ്പോഴാണ് ഇപ്പോള്‍ തുറന്നു പറഞ്ഞത്.
എന്തു ചെയ്യണം ?
അവള്‍ ജോലി നല്‍കിയ ഫ്രണ്ടിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു.
'സാരമില്ല ഹൈമ... നീ ഹോസ്പിറ്റലില്‍ പോകൂ.'

അന്നു രാത്രി  ബെഡ്‌റുമില്‍ വച്ച് ഹൈമ ഭര്‍ത്താവിനെ ഓര്‍മ്മിപ്പിച്ചു. അമ്മ വിളിച്ചിരുന്നു അച്ഛനു മൂത്രം  ശരിക്കു പോകുന്നില്ല, ബ്ലഡ് പോകുന്നു എന്ന് പറഞ്ഞു. അതുകൊണ്ട് ഡോക്ടറുടെ അടുത്ത് പോകണം. അച്ഛന്‍ ആരോടു പറയും? വേദന സഹിച്ചു കഴിയുകയാണ് പാവം.

'അസുഖമുണ്ടെങ്കില്‍ പറയണ്ടേ?  പറയാതെ എങ്ങനെ അറിയാന്‍ പറ്റും?' അയാള്‍ ദേഷ്യപ്പെട്ടു.

'നിങ്ങള്‍ക്ക് ലീവ് കിട്ടുമോ?'

'ഇല്ല. എനിക്ക് ഇപ്പോള്‍ ലീവ് കിട്ടുമെന്നുതോന്നുന്നില്ല. നീ മോനെ കൂട്ടി പോകൂ '.

അവള്‍ രാവിലെ വീട്ടുജോലിയെല്ലാം തീര്‍ത്ത് മോനേയും കൂട്ടി വീട്ടിലേക്കുപോയി, അവിടെനിന്നും വയ്യാത്ത അച്ഛനേയും കൂട്ടി ഒരു ഓട്ടോയില്‍ കയറി ആശുപത്രിയിലേക്ക് പോകുമ്പോള്‍, അവള്‍ ആലോചിക്കുകയായിരുന്നു. കയ്യില്‍ പൈസ കുറവാണ്, അച്ഛന്റെ കയ്യില്‍ ഉണ്ടാകുമോ? എങ്ങനെ ചോദിക്കും; എങ്കിലും അവള്‍ ചോദിച്ചു.

'അച്ഛന്റെ കയ്യില്‍ പൈസ വല്ലതും?'

'ങാ... കുറച്ചുണ്ട്'.

അവള്‍ക്ക് സമാധാനമായി.

ഇല്ലെങ്കില്‍ മോതിരം അവള്‍ കയ്യില്‍ കരുതിയിരുന്നു.

വയസ്സായവര്‍ അങ്ങനെയാണ്. പട്ടിണി കിടന്നാലും പൈസ മിച്ചം വെക്കും.

അടുത്ത ദിവസം അവള്‍ ജോലിക്കു പോകാന്‍ തീരുമാനിച്ച വിവരം ഭര്‍ത്താവിനോട് പറഞ്ഞു.

'ഞാന്‍ നിങ്ങളെ കുറ്റം പറയില്ല. എനിക്കറിയാം നിങ്ങളുടെ വരുമാനം കൊണ്ട് എല്ലാം പറ്റില്ല. അമ്മയ്ക്ക് എപ്പോഴും ശ്വാസം മുട്ടലാണ്, വാര്‍ദ്ധക്യ പെന്‍ഷന്‍ കൊണ്ടെന്താകാനാ? അതുകൊണ്ട് ഞാന്‍ നാളെ ജോലിക്കു പോകാന്‍ തന്നെ തീരുമാനിച്ചു. '

'ങും' അയാള്‍ മൂളി.

അടുത്ത ദിവസം അവള്‍ ജോലിക്കു പോയിതുടങ്ങി.

അസുഖവും ആശുപത്രി വാസവും കീമോയും മരുന്നും ഇതിനൊപ്പം സഹിക്കാന്‍ പറ്റാത്ത വേദനയും എല്ലാറ്റിനോടും യുദ്ധം ചെയ്ത് അച്ഛന്‍ പോയി.

പാവം എത്ര വേദന ആരേയും അറിയിക്കാതെ സ്വയം സഹിച്ചു. എല്ലാം അറിഞ്ഞ് ഹോസ്പിറ്റലില്‍ എത്തിക്കുമ്പോഴേക്കും ഒരുപാടു വൈകിയിരുന്നു.കുറച്ചു മുന്‍പേ ചികിത്സ തേടിയിരുന്നെങ്കില്‍ എന്റെ അച്ഛനിപ്പോഴും ഉണ്ടാകുമായിരുന്നു. (എങ്കിലും, കയ്യില്‍ കിട്ടുന്ന ശമ്പളം കൊണ്ട് കുറച്ചെങ്കിലും അച്ഛനെ സഹായിക്കാന്‍ കഴിഞ്ഞു.)

പന്ത്രണ്ടു ദിവസം കഴിഞ്ഞ് ബന്ധുക്കളും എല്ലാവരും പോയി, വീട് ശൂന്യമായപോലെ.

അച്ഛനില്ലാത്ത വീട്, കാതലില്ലാത്ത മരം പോലെ ഇളകി.

അവള്‍ അച്ഛന്റെ മുറിയിലേക്കു പോയി. അച്ഛനു മാത്രമുള്ള ആ മണം അവിടം നിറഞ്ഞു.

അവള്‍ കിടക്ക വെയിലത്തിടാന്‍ എടുത്തു. അപ്പോഴും ട്യൂബില്‍ നിന്നും തെറിച്ച കൊഴുത്ത പഴുപ്പ് നിറഞ്ഞ മൂത്രത്തിന്റെ ദുര്‍ഗന്ധം ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ മൂക്കില്‍ തുളച്ചുകയറി.

കിടക്കയുടെ അടിയിലായി ഒരു നിധി പോലെ അവശേഷിച്ഛ അവസാനത്തെ സമ്പാദ്യം ,ഒരു പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ചിരുന്നു- ഒരു നൂറു രൂപ നോട്ടും, രണ്ടു ദിനേശ് ബീഡിയും അച്ഛനു മാത്രമറിയാവുന്ന ഏതൊ കണക്കെഴുതിയ കടലാസും.

ആര്‍ക്കോ കൊടുക്കാനുള്ളതായിരിക്കും. അമ്മയോട് ചോദിച്ച് അതാര്‍ക്കാണെന്നു വച്ചാല്‍ കൊടുക്കണം. അത് അദ്ദേഹത്തിന് സമൂഹത്തിലുള്ള വിലയാണ്, അന്തസ്സാണ്.

ആ വില കളയരുത്, വേദനയുമായി മല്ലിടുമ്പോള്‍ മറന്നതായിരിക്കാം.

ഞങ്ങള്‍ മക്കളുടെ വിവാഹത്തിനോ മറ്റോ ആയിരിക്കും.

പെയിന്റടിച്ച ചുമരില്‍ അവ്യക്തമായി അച്ഛന്റെ കയ്യക്ഷരം  അപരിചിത ഭാവത്തില്‍ എന്നെ തുറിച്ചു നോക്കുന്നുണ്ട്.

പാവപ്പെട്ടവന്റെ ലോക്കല്‍ കണക്കുകളില്‍ നിന്നും മനഃപാഠമാക്കിയ ഗുണനപ്പട്ടികയില്‍ നിന്നും അപരിചിതമായ ബാങ്ക് ലോണിന്റെ ലക്ഷങ്ങളുടെ കണക്കിലേക്ക് ശതമാനത്തിന്റെ ഏണി വച്ചു കൊടുക്കുന്ന സ്ത്രീധനത്തുകയുടെ തവണകളുടെ കണക്കായിരിക്കാം. ആ കണക്കിന് എന്നെയോ, എനിക്ക് ആ കണക്കിനേയൊ പരിചയമില്ല. വളഞ്ഞ അച്ഛന്റെ നടുവ് മാത്രമേ കണ്ടു പരിചയമുള്ളു.

പോകാനൊരുങ്ങി ഭര്‍ത്താവ് എത്തി ' വന്ന് വേഗം റെഡിയാകൂ പോകാം' എന്ന് ഹൈമയോടു പറഞ്ഞു.

'അമ്മയെ എന്തു ചെയ്യും? ഒറ്റയ്ക്കല്ലെ... നമ്മുടെ വീട്ടിലേക്കു കൂട്ടാം.'

അയാള്‍ ഒന്നും മിണ്ടിയില്ല.

വീണ്ടും അവള്‍ ദേഷ്യത്തോടെ പറഞ്ഞു.

'നീ മാത്രം അല്ലല്ലോ മകളായിട്ടുള്ളത് '

'അവരെക്കാള്‍ നമ്മുടെ വീട്ടിലാണ് സൗകര്യം. അല്ലെങ്കിലും ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടുന്നതു കൊണ്ടാണ് പല അമ്മമാരും വൃദ്ധസദനത്തിലെത്തുന്നത്. എന്തായാലും ഞാന്‍ ജീവനോടെയുള്ളപ്പോള്‍ അതു നടക്കില്ല, ഞാനിവിടെ നിന്നോളാം. '

എല്ലാം കേട്ടുകൊണ്ടിരുന്ന അമ്മ പറഞ്ഞു:' നീ വേഗം പോകൂ. ഞാന്‍ എങ്ങും വരുന്നില്ല, എനിക്കിവിടെ അച്ഛന്‍ കൂട്ടിനുണ്ട്. എന്നെ ഒറ്റയ്ക്കാക്കി എങ്ങും പോവില്ല. രാവിലെ അമ്പലത്തില്‍ പോകണം, എന്നും സീരിയലു കാണണം. അതൊന്നും മറ്റെവിടേയും പറ്റില്ലല്ലോ .പോരാത്തതിനു എപ്പോഴും ചുമയും... നിങ്ങള്‍ ഇടക്കു വന്നിവിടെ നിന്നാല്‍ മതി .'

മക്കളും കൊച്ചു മക്കളും കരഞ്ഞു കൊണ്ടു പടിയിറങ്ങി. ഇത്രയും കാലം അമ്മയോടൊപ്പം അച്ഛനും മക്കള്‍ കണ്ണില്‍ നിന്ന് മറയും വരെ നോക്കിയിരിക്കുമായിരുന്നു സ്‌നേഹത്തിന്റെ നിറകുടം. എന്നിട്ടും ശരിക്കു നോക്കാന്‍ പറ്റിയില്ല എന്ന കുറ്റബോധം മനസ്സില്‍ ബാക്കിയുണ്ട്. ഇനി ഞാന്‍ എന്റെ അച്ഛനു വേണ്ടി എന്തു ചെയ്യാന്‍.... ഒന്നുമില്ല. അമ്മയെ ഒറ്റയ്ക്കാക്കി ഞാനീ സങ്കടം എങ്ങനെ സഹിക്കും...

മക്കള്‍ കണ്ണില്‍ നിന്നു മറിയുന്നതുവരെ അമ്മ അവരെ തന്നെ നോക്കി നിന്നു. അവര്‍ കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍, കണ്ണു തുടച്ചുകൊണ്ട് അകത്തേക്കു പോയി.

രാംതി ഉറങ്ങാന്‍ കിടന്നപ്പോഴും ഹൈമയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മരിച്ച വീടാണ്, വെറും സാധാരണ ചിന്തകളുള്ള, ആത്മാവില്‍ വിശ്വാസമുള്ള സാധാരണ സ്ത്രീയാണ് അമ്മ. രാത്രി  ഒറ്റയ്ക്ക് എങ്ങനെ... രോഗമായാല്‍ ആരു കാണാന്‍.

ഒരു മാസം കഴിഞ്ഞാല്‍ മഴക്കാലമാണ് , ജീര്‍ണ്ണിച്ച് ഏതു സമയത്തും നിലമ്പൊത്താറായ വീടാണ്. ഒരു മഴപെയ്താല്‍ എന്തു സംഭവിക്കും എന്നറിയില്ല .

'മോളേ ഞാനില്ലാതായാല്‍ നീ അമ്മയെ ഒറ്റയ്ക്ക് ആക്കരുത്, നിന്റെ കൂടെ കൂട്ടണം. നീ ജോലിക്കു പോകുമ്പോള്‍ നിനക്ക് ഒരു സഹായവുമാകും'. (ഞാന്‍ ഒരു ജോലിക്കു പോകുന്നത് അച്ഛന് ആശ്വാസമായിരുന്നു എന്ന് എനിക്കു തോന്നിയിരുന്നു, അതിനു കാരണം അമ്മയെ ഞാന്‍ നോക്കും എന്ന ധൈര്യം ആയിരുന്നു എന്നു മനസ്സിലായി) അച്ഛന്റെ വാക്ക് അവളുടെ ചെവിയില്‍ ചീവീടായ് മുരളുന്നു, എന്തു ചെയ്യും?

അമ്മ പറഞ്ഞത് ഈ കഴുത്തിലുള്ള കുഞ്ഞുമാലയും കമ്മലും വിറ്റ് വീട് ശരിയാക്കി കൊടുക്കാനാണ്. പക്ഷെ അതുവേണ്ട, അമ്മ അണിയുന്നില്ലെങ്കിലും അതെടുക്കേണ്ട. എന്തെങ്കിലും അസുഖം വന്നു കിടപ്പിലായി പോയെങ്കില്‍ എന്തു ചെയ്യും? ഭര്‍ത്താവ് അറിയാതെ കുടുംബംശ്രീയില്‍ നിന്നു ലോണ്‍ എടുക്കാം. കുറേശ്ശെയായി വീട്ടാം. എന്നിട്ട് വീടിന്റെ പൊട്ടിയ പട്ടികയും ചിതലു തിന്ന വാതിലും എല്ലാം മാറ്റണം.

മുന്‍പ് ആണെങ്കില്‍ ഒന്നും ചിന്തിക്കേണ്ട. മഴക്കാലം ആകുമ്പോഴേക്കും അച്ഛന്‍ പല കഷണങ്ങളൊക്കെ കൂട്ടി കെട്ടി ഉറപ്പിച്ചുവെക്കും. വീടും മുറ്റവും മാത്രം  ബാക്കി വച്ച് ശേഷമുള്ള സ്ഥലം തുല്യമായി വീതിച്ചാണ് രണ്ടുപേര്‍ക്കും സ്ത്രീധനം തന്നത്. ആ സ്ഥലം വിറ്റാണ് രണ്ടുപേരും വീടുവച്ചത്. എന്നിട്ടും അമ്മയ്ക്ക് അവിടെ സ്ഥാനമില്ല. നമ്മുടെ ആചാരങ്ങള്‍ എത്ര  വിചിത്രമാണെന്നു നോക്കൂ. പണ്ടുകാലത്ത് എന്തു കൊണ്ടായിരിക്കാം വിവാഹം സ്ത്രീകളുടെ വീട്ടുകാരുടെ മാത്രം  ആവശ്യമായത്?

അന്ന് പുരുഷന്മാരുടെ എണ്ണം കുറവായിരുന്നോ? അല്ലെങ്കില്‍ അവര്‍ക്ക് ആസക്തി കുറവായിരുന്നോ പിന്നെന്താണ് പുരുഷന്മാരെ വിലകൊടുത്തു വാങ്ങുകയും എന്നിട്ട് അതിന്റെ അധികാരിയാകാതെ അടിമയാകുന്ന വിചിത്രമായ ആചാരം. എന്റെ കാര്യം പിന്നെയും സഹിക്കാം, അനുജത്തിയുടെ കാര്യമാണ് വലിയ കഷ്ടം

കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ. മദ്യപിക്കുമ്പോള്‍ അയാളിലെ കൊടുംക്രൂരന്‍ പുറത്തു വന്ന് അടിയും തൊഴിയും ആണ്. പലപ്പോഴും പേടിച്ചൊരക്ഷരം മിണ്ടാതെ അവള്‍ കഴിയുന്നു , എന്തു ചെയ്യും?  അവളുടെ കണ്ണീരിനു മുന്നില്‍ അച്ഛന്റെ നിസ്സഹായതയും, കുറ്റബോധവും ഒരു നെടുവീര്‍പ്പിനൊപ്പം പുറത്തു വരും.

ങാ എന്തു ചെയ്യും ചക്കയാണെങ്കില്‍ ചൂഴ്ന്നു നോക്കാമായിരുന്നു ഇതിപ്പോള്‍... നിശ്വാസത്തോടെ പൂര്‍ത്തിയാക്കാതെ നിര്‍ത്തും

ഞാന്‍ പലപ്പോഴും പറഞ്ഞു 'വലിച്ചെറിഞ്ഞു വരാന്‍... അന്തസ്സായി അധ്വാനിച്ചു ജീവിക്കാന്‍'.

അവള്‍ക്ക് ഭയമാണ് അവനെ.

'വരണമെന്നുണ്ട് ചേച്ചി. പക്ഷെ അയാള്‍ നമ്മളെ കൊല്ലാനും മടിക്കില്ല'.

എത്ര  കാലമാണിങ്ങനെ പേടിച്ചു കഴിയുക. അറിയില്ല, എങ്ങനെ ഉറങ്ങാനാണ്. എങ്ങോട്ടു തിരിഞ്ഞാലും വിഷമങ്ങള്‍ മാത്രം, പൊളിഞ്ഞു വീഴാറായ വാതിലാണ്. ആരെങ്കിലും ഊക്കോടെ ഒന്നു തള്ളിയാല്‍ മതി. അതോര്‍ത്തപ്പോള്‍ ഹൈമ ആകെ ഒന്നു വിറച്ചു പോയി ,സ്വര്‍ണ്ണം അംത്രയേയുള്ളു എങ്കിലും പത്തെഴുപതു വയസ്സായെങ്കിലും അമ്മ ഇപ്പോഴും കാണാന്‍ തെറ്റില്ല, കൊച്ചു കുഞ്ഞെന്നൊ വൃദ്ധയെന്നൊ ഇല്ലാത്ത കാമഭ്രാന്തന്മാരെ കള്ളന്‍മാരേക്കാള്‍ ഭയക്കണം.

എന്തായാലും എല്ലാം പെട്ടെന്നു ചെയ്യണം അവള്‍ അടുത്ത ദിവസം പി. ഡി. സി ഗ്രൂപ്പിലെ ചില അടുത്ത സുഹൃത്തുക്കളെ തന്റെ വിഷമങ്ങള്‍ അറിയിച്ചു. അവര്‍ സഹായിക്കാമെന്ന് പറഞ്ഞെങ്കിലും, തല്‍ക്കാലം പണം കൊണ്ടുള്ള സഹായം വേണ്ട; ആവശ്യമുണ്ടെങ്കില്‍ ചോദിക്കാം എന്നവള്‍ പറഞ്ഞു.

സഹായം സ്വീകരിക്കാന്‍ അഭിമാനം അവളെ അനുവദിച്ചില്ല ,അധ്വാനിച്ച് ഓരോ കടമകളും ചെയ്തു തീര്‍ക്കുന്ന സംതൃപ്തി മറ്റെവിടേയും കിട്ടില്ല. എങ്കിലും എന്റെ കൂട്ടുകാര്‍ എനിക്കെന്റെ വിഷമങ്ങള്‍ പറയാനും ആത്മ ധൈര്യം തരാനും എല്ലാറ്റിനും കൂടെയുണ്ട്. അതൊരു സമാധാനമാണ്.

'ഇനി എല്ലാ ശനിയും ഞായറും ഞാനെന്റെ അമ്മയോടൊപ്പമായിരിക്കും. ഇതുറപ്പ്...' അവള്‍ തീരുമാനിച്ചു. 'അതിന് എനിക്ക് ആരുടേയും അനുവാദം വേണ്ട. അവളോടും പറയണം കുട്ടികളേയും കൂട്ടി ഇടയ്ക്കിടെ വന്ന് താമസിക്കാന്‍. ഒരു കണക്കിന് അമ്മയ്ക്കും അതാണ് നല്ലത്. മറ്റുള്ളവരുടെ കുത്തുവാക്ക് കേട്ട് അടിമപണിയും ചെയ്തു നില്‍ക്കേണ്ടല്ലൊ... സ്വന്തം കുടിലായാലും സമാധാനം തന്നെയല്ലെ വലിയ കാര്യം!

Facebook Comments

Comments

 1. RAJU THOMAS

  2021-05-12 19:48:21

  മൈ ഡിയർ മൊല്ലാക്ക, നിങ്ങൾ എന്നെയും പിടിച്ചു! നിങ്ങൾക്ക്‌ വിവരമുണ്ടല്ലൊ; നാമിവിടെ വായിക്കുന്ന തെറ്റൊന്നും എനിക്കു സഹിക്കാൻ പറ്റുന്നില്ല, അതുകൊണ്ട് എഴുതുന്നതാണ്--കിം ഫലം ? ആരു കേൾക്കാൻ? അങ്ങെഴുതിവിടുകയാണ്, തെറ്റുണ്ടെന്നോ തെറ്റു തിരുത്തി മെച്ചപ്പെടണമെന്നോ ചിന്തയില്ലാതെ.

 2. American Mollakka

  2021-05-12 13:24:12

  ജനാബ് രാജു തോമസ് ഇങ്ങള് ഇ മലയാളി എയ്തുകാരുടെ തെറ്റുകളും ശരിയും കണ്ടുപിടിച്ച് പഠിപ്പിക്കുന്ന ഒരു മുസലിയാർ ആയതിൽ ഞമ്മക്ക് സന്തോസമുണ്ട്. ഞമ്മടെ ഭാസ ഇങ്ങനെയാണ്. അതൊന്നും മാറ്റാൻ പറ്റില്ല. മുസലിയാർ ബഡിയുമായി നടക്കുമ്പോൾ മദ്രസ്സയിലെ പിള്ളേരൊക്കെ മര്യാദ പഠിക്കും . ഇ മലയാളിയിൽ അങ്ങനെ ശുദ്ധമായ ഭാസ കാണട്ടെ. ഞമ്മളെ ബിട്ടേര് സാഹിബേ .. അപ്പൊ അസ്സലാമു അലൈക്കും.

 3. RAJU THOMAS

  2021-05-12 11:03:22

  മിക്കവരും 'കോളേജ്' എന്നെഴുതുമ്പോൾ 'കോളജ്' എന്ന് ശരിയായി എഴുതിയിരിക്കുന്നു! കഥയാണെങ്കിൽ, വല്ലാതങ്ങു ബോധിച്ചു. ഇതാ, ഒരു സ്ത്രീകൂടി സ്വാതന്ത്രയാകുന്നു!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

View More