-->

America

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

Published

on

കണ്ണുതുറന്നപ്പോള്‍ കുഞ്ഞു വിരലുകളാല്‍ അവള്‍ എന്റെ കൈ മുറുകെ പിടിച്ചിരിക്കുന്നു. എപ്പോഴാ ഉറങ്ങിയത് എന്നു ഓര്‍മ്മയില്ല. രാത്രി മുഴുവന്‍ മോളെ ഉറക്കാന്‍ നോക്കുകയായിരുന്നു. എന്തിനാ അവള്‍ കരഞ്ഞത്. പാല് കുടിച്ചു എപ്പോഴോ അവളുറങ്ങി, ഞാനും..ഇപ്പൊ അവള്‍ ഉണര്‍ന്നിരിക്കുന്നു.  പല്ലില്ലാത്ത മോണ കാട്ടി അവള്‍ ചിരിക്കുന്നത് കാണാന്‍ എന്ത് രസമാണ്.ലോകം അവളിലേക്ക് ചുരുങ്ങുന്നു.. അവളെ കുളിപ്പിക്കാന്‍,  പൊട്ടു തൊടീക്കാന്‍, പുണര്‍ന്നു കിടക്കാന്‍.. ഒരു നിമിഷം പോലും പിരിയാന്‍ വയ്യ. കൈയില്‍ വളകളും കാലില്‍ കൊലുസും ആയി അവള്‍ പതുക്കെ നീന്താന്‍ തുടങ്ങുമ്പോഴാണ് മറ്റേര്‍ണിറ്റി ലീവ് കഴിഞ്ഞല്ലോ എന്ന ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടായത്. മഹനഗരത്തിലേക്ക് , ജോലിത്തിരക്കിലേക്ക് വീണ്ടും..

അമ്മയും അച്ഛനും കൂടെ വന്നു.  നിര്‍ബന്ധിച്ചു കൂടെ കൊണ്ടു വന്നു എന്ന് പറയുന്നതാവും ശരി . തറവാട് വിജനമായി. നഗരത്തില്‍ ആണെങ്കിലും , എല്ലാ സൗകരുങ്ങളും ഉണ്ടെങ്കിലും, മോളും കൊച്ചുമോളും ഉണ്ടെങ്കിലും, കുറച്ചു കഴിഞ്ഞപ്പോള്‍  അച്ഛന്റെയും അമ്മയുടെയും മനസ്സ് തറവാട്ടിലെ മരങ്ങളേയും മണ്ണിനെയും തിരഞ്ഞു. എല്ലാം പ്രിയപ്പെട്ടത്...

ബ്രാഞ്ചിനോട് ചേര്‍ന്നു വീട്.. ഉച്ചയ്ക്ക് ഓടി വരാം.. അവള്‍ മാറിടം നുകരുമ്പോള്‍, ഈ ജന്മം സഫലമായത് പൊലെ.. സ്‌നേഹമുള്ള സഹപ്രവര്‍ത്തകര്‍...  വൈകിട്ട് വേഗം ഇറങ്ങാം.
 മൂന്നു മാസം കഴിഞ്ഞപ്പോള്‍, തറവാടിന്റെ ഓര്‍മ്മകള്‍ വിജയിച്ചപ്പോള്‍, തല്‍ക്കാലത്തേക്ക്, അച്ഛനും അമ്മയുംനാട്ടിലേക്കു മടങ്ങി..
ഏട്ടന്‍ ഉള്ളതും ഇല്ലാത്തതും കണക്കാണ്.  രാവിലെ 8 മണിക്ക് ഇറങ്ങിയാല്‍ രാത്രി 9 എങ്കിലും ആവാതെ വീട്ടില്‍ എത്തില്ല. ഇത്ര മാത്രം ജോലി എന്താണോ ഏട്ടന്റെ ബാങ്കില്‍..
മോളെ നോക്കാനും വീട്ടുപണിക്കും ഒക്കെ ആയി ഒരു പെണ്കുട്ടിയെ കിട്ടി - ''ലക്ഷ്മി'', നന്നായി ജീവിക്കണം എന്നു ആഗ്രഹമുള്ള കുട്ടി. അവളുടെ കല്യാണം കഴിഞ്ഞതാണ്.ലവ് മാരിയേജ് ആയിരുന്നു.. ഇപ്പൊ ഒരു അരക്ഷിതാവസ്ഥ ഉണ്ട്.. ഭര്‍ത്താവ് ഉപേക്ഷിക്കുമോ എന്ന പേടി..  എന്തൊക്കെ പേടിയിലാണ് ഈ കുട്ടിയൊക്കെ ജീവിക്കുന്നത്.. ഒരു ജോലി അവള്‍ക്കു നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്...
 മോളെ അവള്‍ സ്വന്തം മോളെ പോലെ നോക്കി.. എന്നാലും ഒറ്റയ്ക്കു വീട്ടില്‍ നിര്‍ത്തി ബാങ്കില്‍ പോകുമ്പോള്‍ നെഞ്ചില്‍ ഒരു ആധി... ഞാന്‍ കൊടുക്കുന്നത് പോലെ ഭക്ഷണം കൊടുക്കുമോ, മോള് കുറുക്കു തുപ്പികളഞ്ഞാല്‍ ദേഷ്യപ്പെടുമോ...
ലഞ്ച് ടൈമില്‍ ഓടുകയാണ് വീട്ടിലേക്കു...കുഞ്ഞികണ്ണുകള്‍ വിടര്‍ത്തി അവള്‍ ചിരിക്കുന്നതു കാണുമ്പോള്‍. ഹോ,  എന്തൊരു സന്തോഷം.
പൊടുന്നനെ ആണ് ട്രൈനിംഗ് വന്നത്.  ഒരാഴ്ച മാറി നില്‍ക്കണം.. മേലധികാരികളോട് അപേക്ഷിച്ചു നോക്കി.. മാറ്റി വയ്ക്കാന്‍ പറ്റില്ലത്രേ.. ആദ്യമായി മോളെ പിരിഞ്ഞു നില്‍ക്കാന്‍ പോകുന്നു.. അവള്‍ ഉറങ്ങുമോ...ഏട്ടന്‍ എങ്ങനെ അവളെ ഉറക്കും...ട്രെയിന്‍ കേറ്റി വിടാന്‍ വന്നപ്പോള്‍ ഏട്ടന്‍ ആശ്വസിപ്പിച്ചു..ഒരു കോഴപ്പോ ഇല്ല, ധൈര്യമായി പോയി വാ... ഇല്ല, രാത്രി  ഏറെ ആയിട്ടും ഉറക്കം വരുന്നില്ല . ഏട്ടനെ മൊബൈലില്‍ വിളിച്ചു... മറ്റു യാത്രക്കാര്‍ , അവരുടെ ഉറക്കം തടസ്സപ്പെടുത്തിയതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നാലും മോള് ഉറങ്ങി എന്നു പറഞ്ഞപ്പോള്‍ സമാധാനമായി.
ട്രെയ്‌നിങ്...ആദ്യദിനം ഉച്ചയായപ്പോഴേക്കും മുലപ്പാല്‍ ചുരന്നു വസ്ത്രം നനഞ്ഞു , നെഞ്ച് വിങ്ങാന്‍ തുടങ്ങി..മുലപ്പാല്‍ നിറഞ്ഞു മാറിടത്തില്‍ നീരു വന്നു. രണ്ട് ദിവസം  കഴിഞ്ഞപ്പോഴേയ്ക്കും  തൊട്ടാല്‍ ജീവന്‍ പോകുന്ന വേദന ആയി.. നിവൃത്തിയില്ലാതെ മരുന്ന് കഴിച്ചു. വേദന വറ്റി, മുലപ്പാലും...
ട്രെയിനിങ് കഴിഞ്ഞു തിരികെ വന്നപ്പോള്‍  മകള്‍ തുള്ളിച്ചാടി, നിലത്തു വയ്ക്കാതെ അവളെ എടുത്തു നടുന്നു...കൊതിയോടെ അവള്‍ മാറിടം നുകര്‍ന്നു..  കണ്ണ് മിഴിച്ചു എന്നെ നോക്കി.. കരഞ്ഞു.. ചുരന്നത് എന്റെ മിഴികള്‍ മാത്രമായിരുന്നു..
തിങ്കളാഴ്ച രാവിലെ ആയപ്പോള്‍ ലക്ഷ്മി മൊബൈലില്‍ വിളിച്ചു.. ""അക്കാ, സുഖമില്ല എനിക്ക് ഒരാഴ്ച അവധി തരണം '
ദൈവമേ, എന്ത് ചെയ്യും..
""എന്ത് പറ്റി ലക്ഷ്മി '
അപ്പുറത്തെ തലക്കല്‍ ഒരു കരച്ചില്‍ മാത്രം..
""ഒരു ദിവസം ലീവ് തരാം, നാളെ എന്തായാലും വരണം എന്ന് പറഞ്ഞു'' അവള്‍ ശരിയെന്നു മൂളി.
ബാങ്കില്‍ വിളിച്ചു ലീവ് പറഞ്ഞു... മാനേജര്‍ കുറച്ചു നീരസം കാണിച്ചെങ്കിലും സമ്മതിച്ചു..
പിറ്റേ ദിവസം ലക്ഷ്മി വന്നത് കയ്യില്‍ ബാന്‍ടേജ് ഒക്കെ ആയിട്ടാണ്... ഭര്‍ത്താവ് തല്ലി..
തല്ലുകയോ, വിശ്വസിക്കാനേ പറ്റുന്നില്ല.. ബാങ്കില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ ന്റെ ഒരു ഒഴിവുണ്ട്. മാനേജര്‍ നോട് പറഞ്ഞു ലക്ഷ്മി യെ സഹായിക്കാന്‍ പറ്റുമോ എന്ന് നോക്കണം.. ഒരു ജോലിയുണ്ടെങ്കില്‍  ഇവന്മാരൊക്കെ സ്ത്രീകളോട് കുറച്ചു കൂടി മര്യാദയോടെ പെരുമാറും.. നിവൃത്തിയില്ലെങ്കില്‍ അയാളോട് പോയി പണി നോക്കാന്‍ പറയാം.. പക്ഷെ, അതിന് ലക്ഷ്മിക്ക് ഒരു സ്ഥിര ജോലി വേണം...
കമിഴ്ന്നു, നീന്തി, ഇരുന്ന്, പിടിച്ചു നടന്നു, ഓടി, മോള്‍ക്ക് രണ്ട് വയസ്സ് കഴിഞ്ഞു. ഒരു ആറു മാസം കൂടി കഴിഞ്ഞതും, ട്രാന്‍സ്ഫര്‍.. പോളിസി ഡിസിഷന്‍ ആണത്രേ, ഒരു ഓഫീസര്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒരു ബ്രാഞ്ചില്‍ വര്‍ക്ക് ചെയ്താല്‍ ആകാശം ഇടിഞ്ഞു വീഴാനോ, ഭൂമി പിളരാനോ സാധ്യതയുണ്ട്. പിന്നെ, ഒരു വലിയ തെറ്റ് കൂടി ചെയ്തു. പ്രൊമോഷന്‍ എടുത്തു.. അപ്പൊ പിന്നെ മാനേജ്‌മെന്റ് ഡിസിഷന്‍ പ്രകാരം വേറെ സ്റ്റേറ്റില്‍ പോകണം.. കാലഹരണപ്പെട്ട നിയമങ്ങള്‍...
 ജോയിന്‍ ചെയ്ത അന്ന് മുതല്‍ സ്വന്തം സ്റ്റേറ്റ് നു പുറത്താണ് സര്‍, കൂടാതെ മകള്‍ വളരെ ചെറുപ്പവും..  ദയവു ചെയ്ത് ാീറശള്യ ചെയ്യണം എന്ന് അപേക്ഷിച്ചു.
അവസാനം മാനേജര്‍ ഒരു വഴി പറഞ്ഞു.. ഹെഡ് ഓഫീസില്‍ നേരിട്ട് പോയി പറഞ്ഞു നോക്കൂ.. കൂടെ മകളെയും കൂട്ടിക്കോ...
അത്രയും ദൂരം മകളെ കൊണ്ടുപോകാന്‍ തോന്നിയില്ല.. ഏട്ടന്റെ കൂടെ പോയി...
മാനവ വിഭവശേഷി വികസന വകുപ്പ് മേധാവിയുടെ സന്ദര്‍ശന ഗാലറിയില്‍ കാത്തിരുന്നു..
 കുറെ കഴിഞ്ഞപ്പോള്‍ അകത്തു വരുവാന്‍ ക്ഷണം കിട്ടി..
ആദ്യ ചോദ്യം..
"" പെര്‍മിഷന്‍ എടുത്തിട്ടാണോ വന്നത്""
ലീവില്‍ ആണ് സാര്‍
""ലീവ് ആണെങ്കിലും വര്‍ക്ക് ചെയ്യുന്ന ഏരിയ വിട്ട് വെളിയില്‍ പോകണമെങ്കില്‍ പെര്‍മിഷന്‍ വേണം എന്ന് അറിയില്ലേ '
അറിയില്ലായിരുന്നു സാര്‍, ഞാന്‍ സത്യം പറഞ്ഞു..
""അറിയേണ്ട കാര്യങ്ങള്‍ ഒന്നും അറിയില്ല.. തോന്നും പോലെ ലീവ്  എടുക്കാന്‍ അറിയാം '. പിന്നെയും കുറെ എന്തൊക്കെയോ പറഞ്ഞു..
സങ്കടം കൊണ്ട് കരയുന്ന അവസ്ഥയായി.
""എന്താ, വന്ന കാര്യം..''
സാര്‍, ട്രാന്‍സ്ഫര്‍ ക്യാന്‍സല്‍ ചെയ്തു തരണം. ചെറിയ കുട്ടിയുണ്ട്..
"" ജോലിക്ക് കേറുമ്പോള്‍ അറിയില്ലായിരുന്നോ,  ട്രാന്‍സ്ഫര്‍ ഉള്ള ജോലി ആണെന്ന് '
അറിയാം സാര്‍, കുട്ടി തീരെ ചെറുതാണ്..
""ജോലി രാജി വെച്ചോളു, മുഴുവന്‍ സമയവും കുട്ടിയുടെ കൂടെ ഇരിക്കാമല്ലോ '
കരഞ്ഞു, ശബ്ദം പുറത്തേക്ക് വരാതായി..
തിരിഞ്ഞു,  നടക്കുമ്പോള്‍ അമര്‍ഷത്തോടെയുള്ള പിറു പിറുക്കല്‍ കേട്ടു..
""ബാങ്കില്‍ ജോലി കിട്ടിയാല്‍  ഉടനെ കല്യാണം.. പിന്നെ പ്രസവം ബാങ്കിന്റെ ചിലവില്‍.. 6 മാസം ശമ്പളത്തോട് കൂടി മറ്റേണ്‍റ്റി ലീവ്.. ഇതുങ്ങളെ ഒന്നും ബാങ്കില്‍ എടുക്കരുത്..''

ഏട്ടന്‍ പുറത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.. എന്റെ വരവ് കണ്ട് എന്ത് പറ്റി മോളെ എന്ന് ചോദിച്ചു അണച്ചു പിടിച്ചു... അയാള്‍ മനുഷ്യനല്ല, എന്ന് പറഞ്ഞു ഞാന്‍ അലറിക്കരയുകയായിരുന്നു...
കുറെ കരഞ്ഞു കഴിയുമ്പോള്‍ നമുക്കൊരു ധൈര്യം വരും. തോറ്റുകൊടുക്കാന്‍ മനസ്സില്ല എന്ന് മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തും..
ആന്ധ്രയിലെ കുഗ്രാമത്തിലേക്കു മാറുന്നതിനു മുന്‍പ് ലക്ഷ്മിയെ ഡെയിലി ംമഴല െനു ബാങ്കില്‍ നിര്‍ത്തി. പാവം, അവള്‍ക്ക് ഇനി വീടുകള്‍ കയറിറങ്ങി ജോലി ചെയ്യണ്ടാലോ..
നല്ല നഴ്‌സറി യോ, സ്കൂളോ, ഹോസ്പിറ്റലോ ഇല്ലാത്ത പക്കാ ഗ്രാമം.. മകളെ നിര്‍ത്തണമെന്ന് ഞാന്‍ വാശി പിടിച്ചു.. എനിക്ക് എന്റേതായി ആരെങ്കിലും വേണ്ടേ.. കൊടും ചൂടാണ്, പ്രാക്ടിക്കല്‍ ആവണം, നമുക്ക് മോളെ വീട്ടില്‍ നിര്‍ത്താം.. ഏട്ടന്‍ പറഞ്ഞു നോക്കി.. അവസാനം എന്റെ വാശി ജയിച്ചു.. എന്റെ മോളെ ഞാന്‍ തന്നെയാണ് നോക്കേണ്ടത്, മോളെ പിരിയുന്നത് ചിന്തിക്കാനെ പറ്റുമായിരുന്നില്ല..
അച്ഛനും അമ്മയും കൂടെ നിന്നു. ഒരു ചേച്ചി വീട്ടു പണി നോക്കാന്‍ കിട്ടി.. പക്ഷേ, ഒരു മാസം കഴിഞ്ഞപ്പോഴേക്കും അസുഖ സംബന്ധമായി അച്ഛനും അമ്മയും നാട്ടിലേക്ക് മടങ്ങി. മോളെ എന്ത് ചെയ്യും. അവിടെ ആകെ ഉള്ള നഴ്‌സറി, ടേബിള്‍ ഉം ചെയര്‍ ഉം ഇല്ലാത്തതാണ്.. കുട്ടികള്‍ ഒക്കെ നിലത്തിരിക്കുന്നു, മണ്ണില്‍ കളിക്കുന്നു.. മോളെ അവിടെ വിടുന്നത് ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല. പക്ഷേ സാഹചര്യങ്ങള്‍ നമ്മുടെ തീരുമാനത്തെ എല്ലാം മാറ്റി മറിയ്ക്കും.
 മോളെ നഴ്‌സറിയില്‍ ആക്കിയിട്ടു   അവള്‍ കരയുന്നത് കാണാന്‍ ശക്തി യില്ലാതെ തിരിഞ്ഞു നോക്കാതെ നടക്കും. അവിടെ മോള്‍ക്ക് സുഖമാണെന്നും, ഭക്ഷണം നന്നായി കഴിക്കുന്നുണ്ടെന്നും സ്വയം മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തും.
 ഭക്ഷണം തീരാന്‍ മോള് തന്നെ  കഴിക്കണം എന്നില്ലല്ലോ.കുട്ടിയെ നോക്കാന്‍ നിര്‍ത്തിയവര്‍ കഴിച്ചാലും മതി. അത് മനസ്സിന്റെ തോന്നലാണ് എന്ന് കരുതി സ്വയം ആശ്വസിക്കും.
എന്താ തിരക്ക് ബാങ്കില്‍.  കമ്പ്യൂട്ടറ് ഒന്നും അറിയില്ലാത്ത പ്രായം ചെന്ന ഒരു മുരടന്‍ മാനേജര്‍. വീട്ടില്‍ പോകണമെങ്കില്‍ മാനേജര്‍ കനിയണം. ഢീൗരവലൃ വെരിഫിക്കേഷന്‍ പെന്റിങ് വയ്ക്കുന്നത് സ്ഥിരം പണിയാണ്. വൈകിട്ട് 6.30  ആകുമ്പോള്‍ ചെന്ന് റിക്വസ്റ്റ് ചെയ്യും. അദ്ദേഹം ഫോണില്‍ ആയിരിക്കും. ഒരു 10 -15 മിനിറ്റ് വെയിറ്റ് ചെയ്യിപ്പിക്കും.. ചിലപ്പോള്‍ അങ്ങേതലക്കല്‍ അദ്ദേഹത്തിന്റെ മകളായിരിക്കും. ഒരു കാരണവശാലും  6 മണിക്കു ശേഷം ജോലി സ്ഥലത്ത് നില്‍ക്കരുത് എന്ന് മകളോട് ഉപദേശിക്കുന്നത് കേള്‍ക്കാം. മണ്ടനാണ് എന്ന് അറിയാതെ ആണല്ലോ  ഈ മീശ വച്ച ജീവികള്‍ ഒക്കെ ഇത്ര വളര്‍ന്നത് എന്നോര്‍ത്തു പോയി.
 ഓടികിതച്ചു വീട്ടില്‍ എത്തുമ്പോഴേക്കും, തളര്‍ന്നിരിക്കുന്ന മോള് തുള്ളിച്ചാടും. മുടിപിടിച്ചു വലിയ്ക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യും. മോള് ഹോര്‍ലിക്സ് മുഴുവന്‍ കുടിച്ചു, എന്ന് നോക്കാന്‍ നിര്‍ത്തിയ സ്ത്രീ പറയുന്നത് നമ്മള്‍ അപ്പടി വിശ്വസിക്കും...
മോള്‍ക്ക് കളിക്കാന്‍ കൂട്ടുകാര്‍ ആരും ഇല്ല. കുറെ കുരങ്ങന്മാര്‍ വരും.. അതിനെ ഓടിക്കാന്‍ ഞാന്‍ വടിയുമായി ഇറങ്ങുമ്പോള്‍, ഒരു കുഞ്ഞു വടിയുമായി അവളും ഇറങ്ങും..
ഒരു ദിവസം വന്നപ്പോള്‍ കാലു കുറച്ചു പൊള്ളിയിരിക്കുന്നു. എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ വളരെ നിസ്സാരമായി  ചൂട് വെള്ളം നിറച്ച പാത്രത്തില്‍ മോളുടെ കാലു തട്ടിയതാണ് എന്ന് ആ സ്ത്രീ പറഞ്ഞു.
 മനസ്സ് അസ്വസ്ഥമാകാന്‍ തുടങ്ങി.. പിറ്റേ ദിവസം മോള്‍ക്ക് നല്ല പനി.. മാനേജര്‍ സാര്‍ ന് വിളിച്ചു ലീവ് വേണം എന്ന് പറഞ്ഞു..
""ലീവ് തരാന്‍ ബുദ്ധിമുട്ട് ആണ്. ബ്രാഞ്ചില്‍ തിരക്കുള്ള ദിവസമാണ് '
മോള്‍ക്ക് നല്ല പനി ആണ് സര്‍
""ചെറിയ കുട്ടികള്‍ ഉള്ളവര്‍ക്ക് എപ്പോഴും ലീവ് എടുക്കാനുള്ള എളുപ്പ മാര്‍ഗം ആണല്ലോ  കുട്ടിക്ക് അസുഖമാണെന്ന് പറയുന്നത് '
ഹൃദയം വിങ്ങി.. ശബ്ദം പുറത്തേക്ക് വരുന്നില്ല.. എങ്കിലും പറഞ്ഞു...
 മക്കള്‍ക്ക് അസുഖം ആണെന്ന് ഒരമ്മയും കള്ളം പറയില്ല സര്‍..
പനി കൂടിക്കൂടി വരുന്നു.  ഏട്ടനെ വിളിച്ചു വരുത്തി. തളര്‍ന്ന് അവള്‍ മടിയില്‍ കിടന്നു.. ഒരാഴ്ച ഏട്ടന്റെ കൂടെ നിന്നു. മോള് പതുക്കെ പഴയ പോലെ ആയി. അപ്പോഴേക്കും ഞാന്‍ ഒരു തീരുമാനമെടുത്തിരുന്നു. ഇനി ഒരു പരീക്ഷണം വേണ്ട. ഏട്ടാ, മോളെ വീട്ടില്‍ നിര്‍ത്താന്‍ എനിക്ക് സമ്മതമാണ്. കണ്ണ് നിറയാതിരിക്കാന്‍, ശബ്ദം ഇടാറാതെ ഇരിക്കാന്‍ ഞാന്‍ പണിപ്പെട്ടു..
അച്ഛനും അമ്മയ്ക്കും സന്തോഷമായി. കൊച്ചു മോളെങ്കിലും വീട്ടിലുണ്ടല്ലോ. തിരിച്ചു ജോലി സ്ഥലത്തേക്ക്... അമ്മ പോയിട്ട് വേഗം വരാട്ടോ എന്നു കള്ളം പറഞ്ഞു, മകള്‍ക്കു മുത്തം കൊടുത്തു ..
 അവള്‍ നിഷ്കളങ്കമായി കൈകള്‍ വീശി, അമ്മ വേഗം വന്നോട്ടോ എന്നു പറഞ്ഞു യാത്രയാക്കി.. ട്രെയിനില്‍ ഇരിക്കുമ്പോള്‍, കണ്ണ് നിറയുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ പാട് പെട്ടു..
എന്തൊരു ശൂന്യത. ജോലി തിരക്ക് ഉള്ളത് കൊണ്ട് രാവിലെ ബാങ്കില്‍ കയറിയാല്‍ രാത്രി ആവുന്നത് അറിയില്ല. തിരിച്ച് വീട്ടിലെത്തുമ്പോള്‍ മടുപ്പിക്കുന്ന ഏകാന്തത... കുഞ്ഞു പാദസരങ്ങള്‍ കിലുങ്ങുന്നത് കേള്‍ക്കാന്‍ കൊതിയാകും. വിശപ്പ് തോന്നുന്നില്ല.. ഒന്നും ഉണ്ടാക്കാനും തോന്നുന്നില്ല.. ഊട്ടാന്‍ ആളില്ലെങ്കില്‍, ഈ പാചകം ഒരു ബോറന്‍ ഏര്‍പ്പാട് ആണ്. ഒരമ്മയും ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അവരുടെ ഇഷ്ടം നോക്കുന്നില്ല. മക്കള്‍ക്ക് എന്താണോ ഇഷ്ടം, അത് അമ്മയുടെയും ഇഷ്ടം..
ദിവസങ്ങള്‍ കഴിയുംതോറും ഏകാന്തത അസഹ്യമായി വന്നു. മകളെ ഓര്‍ത്തു കരഞ്ഞു തലയിണ നനഞ്ഞു കുതിര്‍ന്നു.
മൂന്ന് മാസമായി മോളെ കണ്ടിട്ട്. ലീവ് വേണമെന്ന് പറഞ്ഞു.
രണ്ട് ദിവസം തരാം എന്നു മാനേജര്‍.
 യാത്രയ്ക്ക് മാത്രം രണ്ട് ദിവസം ആവും സര്‍, എന്ന് ഞാന്‍..
കുറെ മാനസപീഡനങ്ങക്ക് ശേഷം ലീവ് അനുവദിച്ചു കിട്ടി..
നാട്ടിലെത്തി.. മോള്  അപ്പോഴേയ്ക്കും എല്ലാത്തിനെയും നിസ്സംഗതയോടെ കാണാന്‍ പഠിച്ചിരുന്നു. സാഹചര്യങ്ങള്‍ വാര്‍ത്തെടുക്കുന്നതാണല്ലോ നമ്മള്‍ നമ്മളുടേതെന്ന് അഭിമാനിക്കുന്ന നമ്മുടെ സ്വഭാവസവിശേഷത.. രണ്ട് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും മോളുടെ ചിരിയെല്ലാം തിരികെ വന്നു. അമ്മ ഇനി എന്നെ വിട്ട് പോകില്ല എന്ന് പാവം വിശ്വസിച്ചു പോയി..
ഒരാഴ്ച തീരാന്‍ പോകുന്നു.. തിരികെ പോകാന്‍ സമയമായി.. ഉള്ളു കൊളുത്തി വലിക്കുന്ന വേദന നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ.. അനുഭവിക്കണമെങ്കില്‍ നിങ്ങള്‍ എന്നെപ്പോലെ അകലെ ജോലി ചെയ്യുന്ന സ്ത്രീ ആവണം. അവള്‍ ഉറ്റവരെ ഒക്കെ വിട്ട് ഒറ്റയ്ക്കു നില്‍ക്കുന്നവളായിരിക്കണം..
പോകാനുള്ള ദിവസം ആയി.. മഴയ്ക്കു മുമ്പുള്ള പൊരിഞ്ഞ വെയില്‍...സാധനങ്ങള്‍ ഒക്കെ അടുക്കി, മോളെ എടുത്ത് ഒക്കത്തു വച്ചു കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മോളെ അമ്മമ്മയെ ഏല്പിച്ചു.. ഇരു കവിളിലും മാറി മാറി മുത്തം കൊടുത്തിട്ട്, അമ്മ പോയിട്ട് വേഗം വരാം എന്നു ആവര്‍ത്തിച്ചു. യന്ത്രികമായി മോള് ടാറ്റാ തന്നു. കുഞ്ഞു മിഴികള്‍ നിറഞ്ഞില്ല. അവളെന്താ കരയാത്തെ. ഞാന്‍ ഇല്ലാതെയും ജീവിക്കാം എന്ന് അവള്‍ക്ക് തോന്നി തുടങ്ങിയോ.. ചിലപ്പോഴൊക്കെ നമ്മുടെ പ്രിയപ്പെട്ടവര്‍ നമുക്ക് വേണ്ടി ഒന്ന് കരഞ്ഞിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിക്കാറില്ലേ. നമ്മുടെ നെഞ്ചിലെ ഭാരം അവരുടെ കണ്ണീരിനാല്‍ അലിഞ്ഞു പോയിരുന്നെങ്കില്‍.....

ട്രെയിന്‍ പതുക്കെ നീങ്ങിത്തുടങ്ങി. മിഴികള്‍ നിറഞ്ഞു കാഴ്ചകള്‍ മങ്ങി. എന്തൊരു ജീവിതമാണ്. പ്രിയപ്പെട്ടവരില്‍ നിന്നകന്ന്... തളര്‍ന്ന് വരുമ്പോള്‍ തലചായ്ക്കാന്‍ ഒരു ചുമല്‍ ഇല്ലാതെ...  മകള്‍ക്ക് പോലും ഞാന്‍ ഇല്ലാതെ ജീവിക്കാം , അങ്ങനെ ആയിത്തീര്‍ന്നു ... മടുത്തു... സീറ്റില്‍ നിന്നു എഴുന്നേറ്റു വാതിലില്‍ പിടിച്ചു പുറത്തേക്കു നോക്കി.. ചാടിയാലോ... ആളുകള്‍ അപകടം ആണെന്നു കരുതിക്കൊള്ളും...ആത്മഹത്യ ചെയ്ത ഭീരു ആണെന്ന് വീട്ടുകാരും നാട്ടുകാരും അറിയില്ല..  വാതിലില്‍ പിടിച്ചു പുറത്തേക്കു നോക്കിയപ്പോള്‍ , റെയില്‍ പാത യ്ക്കു സമീപം ഉയര്‍ന്നു നില്‍ക്കുന്ന കുടിലുകള്‍ കണ്ടു... അര്‍ദ്ധ നഗ്‌നരും, പൂര്‍ണ്ണ നഗ്‌നരുമായ കുറെ കുട്ടികള്‍ സന്തോഷത്തോടെ എന്നെ നോക്കി കൈ വീശി കാണിച്ചു... എന്റെ മകളുടെ പ്രായമുള്ളവര്‍.. കിടക്കാന്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തവര്‍... വയര്‍ നിറച്ചു ഉണ്ണുന്നത് സ്വപ്നം കാണുന്നവര്‍... എങ്കിലും എന്തൊരു പ്രതീക്ഷയാണ് അവരുടെ കണ്ണുകളില്‍... ചിരികളില്‍... തോല്‍ക്കാന്‍ മനസ്സില്ലാത്തവര്‍...  ഞാനോ ... തോറ്റു പിന്മാറാന്‍ തയ്യാറായി നില്‍ക്കുന്നു. അകലെയാണെങ്കിലും എന്റെ പ്രിയപ്പെട്ടവരേ തോല്‍പ്പിക്കാന്‍...
മഴ പെയ്തു തോര്‍ന്നിരുന്നു... ഒരു കാക്ക പാടത്തില്‍ നിന്ന് ചിറകു കുടഞ്ഞു പറന്നു പോയി.. മണ്ണിനടിയില്‍ കിടക്കുന്ന കുറെ വിത്തുകള്‍ ഈ മഴയത്തു മുളച്ചു വരും...... വെയിലൂ കൊള്ളാതെ എങ്ങനെ നമുക്ക് തണലിന്റെ കുളിര്‍മ്മ ആസ്വദിക്കാന്‍ പറ്റും..
തിരികെ ചെന്ന്, സീറ്റില്‍ ഇരുന്നു.. സായാഹ്ന സൂര്യന്റെ രശ്മികള്‍ തീവണ്ടിയുടെ ജനാലക്കമ്പിയിലെ വെള്ളത്തുള്ളിയില്‍ തട്ടി തിളങ്ങി.. ഒരു രശ്മി പല വര്‍ണമായി മുഖത്തു ശോണിമ പടര്‍ത്തി.. എവിടെ നോക്കിയാലും ജീവിക്കാന്‍ ഓരോ നിമിത്തങ്ങള്‍ കാട്ടി തരുന്ന പ്രകൃതി...
ഇല്ല തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല..
അമ്മ പഠിപ്പിച്ച വൈലോപ്പിള്ളി കവിത മനസ്സില്‍ തികട്ടി വന്നു.. അറിയാതെ മൂളി..
 ""മാവുകള്‍ പൂക്കും, മാനത്തമ്പിളി വികസിക്കും..
മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കും വിഹരിക്കും..
ഉയിരിന്‍ കൊലക്കുടുക്കാം കയറിനെയുഴിഞ്ഞാലക്കി തീര്‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം '
....കൊലക്കുടുക്കാം കയറിനെ ഊഞ്ഞാല്‍ ആക്കി  തീര്‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം...

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോൺ വിളികൾ (കഥ: രമണി അമ്മാൾ)

കാ‍ന്താരി (കവിത: മുയ്യം രാജൻ)

സ്നേഹച്ചൂട് (കവിത: ഡോ. വീനസ്)

ചിലങ്ക മുത്തുകൾ (കഥ: നജാ ഹുസൈൻ)

യാത്ര(കവിത: ദീപ ബി.നായര്‍(അമ്മു))

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -13 കാരൂര്‍ സോമന്‍)

കറുപ്പ് മാത്രം (കവിത: സുജാത പിള്ള)

വൈറസ് കാലം (കവിത: ഫൈസൽ മാറഞ്ചേരി)

മരണം (കവിത: ലെച്ചൂസ്)

പോത്ത് (വിഷ്ണു മോഹൻ)

വർണ്ണപ്രപഞ്ചം (കവിത: ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി)

മമിഴന്‍ (കഥ: ഹാഷിം വേങ്ങര)

ഇടവപ്പാതി (കവിത: ബീന തമ്പാൻ)

പാത (കവിത: ബീന ബിനിൽ, തൃശൂർ)

നീർക്കുമിള (കവിത: സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 49 )

മഴമേഘങ്ങൾ (കഥ: ഉമ സജി)

മരം: കവിത, മിനി സുരേഷ്

പ്രകൃതി(കവിത: ദീപ ബി.നായര്‍(അമ്മു))

പ്രപഞ്ചത്തോട് ഭൂമിക്ക് പറയാനുള്ളത് (അനില്‍ മിത്രാനന്ദപുരം)

ചിരിതേടുന്ന ആശുപത്രികൾ ( കവിത: ഗഫൂർ എരഞ്ഞിക്കാട്ട്)

ചെമ്പകമേ..നീ ! ( കഥ : ജി.രമണി അമ്മാൾ)

സിന്‍ഡ്രല്ലയും ഞാനും (കവിത: രമ പ്രസന്ന പിഷാരടി)

ഇത്തിരിവെട്ടത്തിന്റെ ജന്മി (കവിത: ആറ്റുമാലി)

ഒറ്റക്കരിമ്പന (കഥ: വി. കെ റീന)

ചാക്കോ കള്ളനല്ല ( കഥ: ശങ്കരനാരായണൻ ശംഭു)

സാക്ഷി (കവിത: രാജു കാഞ്ഞിരങ്ങാട്)

തുമ്പ് (മിനിക്കഥ: സുധീര്‍ പണിക്കവീട്ടില്‍)

പ്രവേശനോത്സവഗാനം (ജിഷ വേണുഗോപാൽ)

ഭ്രാന്തന്‍(കവിത: ദീപ ബി.നായര്‍(അമ്മു)

View More