Image

കേരളത്തില്‍ കര്‍ഫ്യൂവിനോട് സഹകരിച്ച് ജനം

ജോബിന്‍സ് തോമസ് Published on 10 May, 2021
കേരളത്തില്‍ കര്‍ഫ്യൂവിനോട് സഹകരിച്ച് ജനം
കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരുമ്പോള്‍ ജനങ്ങള്‍ ലോക്ഡൗണുമായി സഹകരിക്കുന്ന കാഴ്ചയാണ് എല്ലായിടങ്ങളിലും കാണുന്നത്. കഴിഞ്ഞ തവണ ചിലയിടങ്ങളില്‍ പോലീസ് ബലപ്രയോഗം നടത്തേണ്ടിവരികയും വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്. സര്‍ക്കാര്‍ നിര്‍ദ്ദശങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുകയാണെന്ന് തോന്നുന്ന പ്രതീതിയാണ് എങ്ങും. 

ആശുപത്രികളില്‍ പോലും വളരെ അത്യാവശ്യമാണെങ്കില്‍ മാത്രമാണ് ജനങ്ങളെത്തുന്നത്. നിരത്തുകള്‍ വിജനമാണെന്നു തന്നെ പറയാം. എല്ലായിടങ്ങളിലും പോലീസ് ചെക്കിംഗും സജീവമാണ്. കഴിഞ്ഞ ലോക്ഡൗണില്‍ ലോക്ഡൗണ്‍ ഇങ്ങനെ നീണ്ടാല്‍ കാര്യങ്ങള്‍ എങ്ങനെ നീങ്ങും എന്ന ചോദ്യമായിരുന്നു ജനങ്ങളുടെ ഭാഗത്തു നിന്നെങ്കില്‍ ഇത്തവണ കൂടുതല്‍ സഹകരിച്ചാല്‍ മഹാമാരിയെ വേഗം തുരത്താം എന്ന നിലപാടിലാണ് ജനം.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നിട്ടുണ്ടെങ്കിലും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമാണ് പ്രവേശിക്കുന്നത്. കടയുടമകള്‍ തന്നെ കസ്റ്റമേഴ്‌സിന് നിശ്ചിത അകലം നിര്‍ണ്ണയിച്ചു നല്‍കിയിരിക്കുന്നു. കസ്റ്റമേഴ്‌സ് ഇത് പാലിക്കുകയും ചെയ്യുന്നുണ്ട്. 

സന്നദ്ധ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളും എന്ത് ആവശ്യത്തിനും വിളിപ്പുറത്തുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങള്‍ക്കൊപ്പം നിന്നാണ് പ്രവര്‍ത്തിക്കുന്നത്. പല തദ്ദേശ സ്ഥാപന പ്രതിനിധികളും 24 മണിക്കൂര്‍ സേവനവുമായി ഓടിനടക്കുകയാണ്. 

ആരും പട്ടിണി കിടക്കേണ്ടിവരില്ല എന്ന സര്‍ക്കാരിന്റെ ഉറപ്പും ജനങ്ങള്‍ക്കാശ്വാസമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും കൈയ്യയച്ചാണ് ആളുകള്‍ പണം നല്‍കുന്നത്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന ഒരു ജനത്തെയാണ് കേരളത്തില്‍ കാണാന്‍ സാധിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക