Image

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയി കൂട്ടബലാത്സംഗത്തിനിരയായ 26കാരി കോവിഡ് ബാധിച്ച്‌ മരിച്ചു

Published on 10 May, 2021
കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയി  കൂട്ടബലാത്സംഗത്തിനിരയായ  26കാരി  കോവിഡ് ബാധിച്ച്‌ മരിച്ചു
ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ നിന്നുള്ള യുവതിയെ ദില്ലിയിലെ തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമര സ്ഥലത്ത് എത്തിച്ച്‌ ബലാത്സംഗം ചെയ്തു. യുവതിക്ക് സമരസ്ഥലത്തു വച്ചു കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ആശുപത്രിയില്‍ വച്ച്‌ മരിക്കുകയും ചെയ്തു. അതിനു മുന്‍പ് ഫോണ്‍ വഴിയാണ് യുവതി എല്ലാ കാര്യങ്ങളും പിതാവിനോട് വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും സംയുക്ത് കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ച്‌ പശ്ചിമ ബംഗാളിലേക്ക് പോയവരുമായി അനില്‍ മാലിക്, അനുപ് സിംഗ് ചൗന ത്, അങ്കുര്‍ സാങ്വാന്‍, കോവിറ്റ ആര്യ, ജഗദീഷ് ബ്രാര്‍, യോഗിത സുഹാഗ് എന്നീ ആറ് പേര്‍ക്കെതിരേ 120 ബി, 342, 354, 365, 376 ഡി, 506 എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഏപ്രില്‍ 10 നാണ് യുവതി പശ്ചിമ ബംഗാളില്‍ നിന്ന് തിക്രി അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്ത് ഒരു സംഘവുമായി കര്‍ഷകരുടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. ഏപ്രില്‍ 26 ന് കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ജജ്ജര്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 30 നാണ് അവര്‍ മരിച്ചത് എന്ന് ബഹദൂര്‍ഗഡ് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ വിജയ് കുമാര്‍ പറഞ്ഞു.

 
പിതാവിന്റെ പരാതി പ്രകാരം, അനിലും അനൂപും തന്നോട് അപമര്യാദയായി പെരുമാറിയെന്ന് മകള്‍ ഫോണിലൂടെ പറഞ്ഞു. അവര്‍ക്കൊപ്പം ട്രെയ്‌നില്‍ യാത്രചെയ്ത സമയത്ത് എല്ലാവരും ഉറങ്ങിയ ശേഷം അനില്‍ അടുത്ത് വന്ന് അവളെ നിര്‍ബന്ധിച്ച്‌ ചുംബിക്കാന്‍ ശ്രമിച്ചു. അതു താന്‍ തടഞ്ഞു. പിന്നീട് അനിലും അനുപും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയും സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അവര്‍ പിതാവിനോട് പറഞ്ഞു. പിന്നീട് സമരസ്ഥലത്തെ കൂടാരത്തില്‍ എത്തിച്ച്‌ ബലാത്സംഗം ചെയ്തു. മറ്റു പ്രതികളാണ് വേണ്ടസഹായങ്ങള്‍ ചെയ്തു നല്‍കിയത്.

ഒടുവില്‍, പീഡനം സഹിക്കാതെ ഏപ്രില്‍ 16 ന് അവര്‍ സമരസ്ഥലത്ത് ഉണ്ടായിരുന്ന സുഹൃത്തുക്കളായ യോഗിതയോടും ജഗദീഷിനോടും സംഭവത്തെക്കുറിച്ച്‌ പറഞ്ഞു. അവര്‍ യുവതിയുടെ അവസ്ഥ ഷൂട്ട് ചെയ്തു പിതാവിന് അയച്ചു. ഏപ്രില്‍ 17 ന് യുവതിയുടെ മൂത്രത്തില്‍ രക്തം കണ്ടെത്തി. തുടര്‍ന്ന് ഏപ്രില്‍ 18 ന് അവളെ സ്ത്രീകളുമൊത്തുള്ള ഒരു കൂടാരത്തിലേക്ക് മാറ്റി. ഏപ്രില്‍ 21 ന് നേരിയ പനി ഉള്‍പ്പെടെയുള്ള കോവിഡിന്റെ ലക്ഷണങ്ങള്‍ യുവതി കാണിക്കാന്‍ തുടങ്ങി. ഏപ്രില്‍ 24 ന് അവള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങി. ഏപ്രില്‍ 26 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അധികം വൈകാതെ മരണത്തിന് കീഴടങ്ങി.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക