തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ ജി. കൃഷ്ണകുമാര്‍. മണ്ഡലത്തിലെ പാര്‍ട്ടി വോട്ടുകള്‍ പോലും തനിക്ക് ലഭിച്ചില്ലെന്നും തനിക്കു വേണ്ടി പാര്‍ട്ടി നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തിയ മണ്ഡലമായ തിരുവനന്തപുരത്ത് വിജയിക്കാനുള്ള സാധ്യത നേതൃത്വം ഉപയോഗിച്ചില്ല. കേന്ദ്ര നേതാക്കളെയാരും മണ്ഡലത്തില്‍ പ്രചാരണത്തിന് കൊണ്ടുവരാത്തത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലങ്ങളില്‍ വിമാനമിറങ്ങിയ നേതാക്കളാരും തനിക്ക് വേണ്ടി റോഡ് ഷോ നടത്തിയില്ലെന്ന് പറഞ്ഞ കൃഷ്ണകുമാര്‍ തുടര്‍ന്നും ബിജെപിയില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും വ്യക്തമാക്കി.
ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് മുന്‍മന്ത്രി വി.എസ്.ശിവകുമാറിനെ തോല്‍പ്പിച്ച് എല്‍ഡിഎഫിലെ ആന്റണി രാജു വിജയം നേടുകയായിരുന്നു.