Image

അമ്മ (കവിത: ഡോ.എസ്.രമ )

Published on 09 May, 2021
അമ്മ (കവിത: ഡോ.എസ്.രമ )
ജീവരക്തമേകി
ജീവനെ ഹൃത്തോടുചേർത്തു..
കുഞ്ഞിക്കണ്ണു നോക്കി നോക്കി
നോവിനെ മറന്നു..

പിച്ച നടക്കും
പിഞ്ചു പാദങ്ങളിടറാതെ
നടത്തി വെമ്പും
വാക്കുകളെയറിഞ്ഞു..

കഥകൾ ചൊല്ലിയൂട്ടി..
താരാട്ടിൻ താളത്തിലുറക്കി
രുചികളെ കൈപുണ്യമാക്കി..
ഇഷ്ടങ്ങൾ സമ്മാനമാക്കി..
ശാഠ്യങ്ങൾ ശാസനയാക്കി..

ധാന്യമണികൾ
തേടിപ്പോയൊരമ്മക്കിളിയായി.
രോഗശയ്യയിലാധിയുടെ
കാവലാളായി..
ദിനരാത്രങ്ങളിൽ
കാലവും കടന്നു പോയി..
നിഷ്കളങ്കത ഗൗരവമാക്കി..

പിഞ്ചുപാദങ്ങളാത്മവിശ്വാസത്തിന്റെ
ചിറകേറിപ്പറന്നു പോയി..
കൊഴിഞ്ഞ തൂവലുമായമ്മക്കിളിയപ്പോഴും
കൂട്ടിൽ കാത്തിരുന്നു..
കുഞ്ഞിഷ്ടങ്ങളെയോർത്തിരുന്നു..

ഒരമ്മയുടെ ഓർമ്മപുസ്തകത്തിൽ
മറ്റൊന്നുമില്ലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക