Image

തൽസമയങ്ങളുടെ ഇരകൾ : ആൻസി സാജൻ

Published on 09 May, 2021
തൽസമയങ്ങളുടെ ഇരകൾ : ആൻസി സാജൻ
കോവിഡിന്റെ മരണനൃത്തം ചടുലമായി തുടരുകയാണ്. വിലപ്പെട്ട എത്രയെത്ര ജീവനാളങ്ങളാണ് ഈ താണ്ഡവക്കാറ്റിൽ അണഞ്ഞു പോകുന്നത്. അരോഗദൃഢഗാത്രരായ ചെറുപ്പക്കാരുടെ പോലും മരണവാർത്തകളെത്തുമ്പോൾ നാം കൂടുതൽ ഭയചകിതരാകുന്നു. എന്നു തീരും ഈ ദുരിതകാലം. എപ്പോൾ നാമിത് കടന്നുപോകും..?
ഇന്നത്തെ വേദനയുണർത്തുന്ന മുഖം മാതൃഭൂമി ന്യൂസിന്റെ സീനിയർ റിപ്പോർട്ടർ വിപിൻ ചന്ദിന്റേതാണ്. കോവിഡ് ഭേദമായെങ്കിലും വിടാതെകൂടിയ ന്യൂമോണിയയും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചത്. അങ്ങനെ എത്രയെത്ര പേർ..!
സാധാരണ ജനങ്ങളെല്ലാം വീടുകൾക്കുള്ളിലിരിക്കുമ്പോഴും പുറത്തിറങ്ങി ജോലിയെടുക്കുന്നവരാണ് ആരോഗ്യ രംഗത്തുള്ളവരും പോലീസും മാധ്യമ പ്രവർത്തകരും. സന്നദ്ധ പ്രവർത്തകരെയും നന്ദിയോടെ സ്മരിക്കുന്നു. ഇവർക്കൊന്നും ഇതൊന്നും ബാധകമേയല്ല എന്ന സമീപനമാണ് ആളുകൾക്ക്. വാക്സിനേഷന് ചെന്നാലും മറ്റിടങ്ങളിലായാലും തങ്ങളുടെ കാര്യം നടത്തി എത്രയും പെട്ടെന്ന് മടങ്ങുവാനാണ് ഓരോരുത്തർക്കും തിടുക്കം. എന്നാൽ കടലിനു നടുവിലെന്നപോലെ ഈ രോഗാവസ്ഥകളുമായി ഇടകലർന്ന് മുഴുവൻ സമയവും വർത്തിക്കുന്നവരെയും അവരുടെ ജീവനെയും പറ്റി നമുക്ക് ഒരു ആകുലതയുമില്ലെന്നതാണ് സത്യം. അവരുടെയൊന്നും മുഖം പോലും നാം ശ്രദ്ധിക്കുന്നില്ല.
മാധ്യമ പ്രവർത്തനം, പ്രത്യേകിച്ച് ചാനലുകളിലെ ജോലി ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം അപകടകരമാണെന്ന് പറയാതെ വയ്യ. കൈയിൽ പിടിച്ചിരിക്കുന്ന മൈക്കാണ് ഏറ്റം ഭീകരൻ. രോഗിയിൽനിന്നുമേൽക്കുന്ന ഉമിനീരും മറ്റ് സ്രവ കണികകളുമാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണമെന്നിരിക്കെ ഓഫീസിനു പുറത്തുള്ള മാധ്യമജോലികൾ ആപത്ത് ക്ഷണിച്ചു വരുത്തുന്നു. സാമൂഹിക പ്രതിബദ്ധതയും അതിൻമേലുള്ള ഉൽസാഹങ്ങളുമില്ലാത്ത ഒരാൾക്ക് മാധ്യമ പ്രവൃത്തിയിലേക്ക് കടന്നുവരാൻ കഴിയുകയേയില്ല. ഇത്തരമൊരവസ്ഥയിൽ തന്റെ കർമ്മവും ധർമ്മവും നിർവഹിക്കുന്നതിൽ നിന്നും മാറി നിൽക്കാൻ അവർക്ക് പറ്റില്ല .  എന്നാൽ ബഹളമയമായ ഈ തൽസമയപരിപാടികൾ കുറച്ചൊന്നു നിയന്ത്രിക്കുന്നത് നന്നാവില്ലേ എന്നു തോന്നുകയാണ്. സമഗ്രതയും ആധികാരികതയും നഷ്ടപ്പെടുന്ന ഈ ശൈലിക്ക് ഒരു ചെറിയ മാറ്റമെങ്കിലും ആതുരമായ ഈ കാലഘട്ടം പ്രതീക്ഷിക്കുന്നു.
തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ടി.വിയിൽ നടന്ന കോലാഹലങ്ങൾ എത്രയായിരുന്നു. അതിരാവിലെ 5 ന് തുടങ്ങി വൈകിട്ട് 5 ന് അവസാനിക്കുന്ന തൽസമയങ്ങളിൽ പങ്കെടുത്ത അവതാരകരെ സമ്മതിച്ചു കൊടുക്കണം. പ്രഗൽഭരാണെങ്കിലും എന്തൊക്കെയാണവർ പറഞ്ഞു വെക്കുന്നത്. ഒരു സ്ഥാനാർത്ഥി 5 വോട്ടിന് ലീഡ് ചെയ്താലുടനെ അയാളെപ്പറ്റി തള്ളിമറിക്കണം. അടുത്ത മിനിട്ടിൽ എതിരാളി 2 വോട്ട് കൂടുതൽ നേടിയാൽ പിന്നെ  അയാളുടെ ചെയ്തികളുടെ തള്ളൽ. വീടുകൾക്കുള്ളിൽ എന്തൊക്കെയോ മലകൾ മറിഞ്ഞു വീഴുന്ന പോലെ. അന്ന് ഈ ബഹളത്തിനിടയിൽ ടി.വി ഓഫ് ചെയ്ത് എഴുന്നേറ്റ് പോയവർ കുറെയെങ്കിലും ഉണ്ടാവില്ലേ ? 
ചാനൽ മൽസരങ്ങൾക്കിടയിൽ നഷ്ടപ്പെടുന്ന കൃത്യതയും സമഗ്രതയും വെറുതെ ഓർത്തു പോകുന്നു. ഓരോ ആൾക്കൂട്ടത്തിലും നിന്ന് റിപ്പോർട്ടുകൾ കൊടുത്ത മാധ്യമ പ്രവർത്തകരെയും ഓർക്കാം. 
തന്മാത്രയിൽ മോഹൻലാലിന്റെ കഥാപാത്രം മകന്റെ സിവിൽ സർവീസ് പഠനത്തിനായി കാലങ്ങളായി കാത്തുവെച്ച പത്രക്കട്ടിങ്ങുകൾ ഓർമ്മയില്ലേ.. പ്രധാന വാർത്തകളും വിജ്ഞാനപ്രദമായ ലേഖനങ്ങളും സൂക്ഷിച്ചുവെച്ച് റഫറൻസിനെടുക്കുന്നത് ഒരു ശീലമായിരുന്നു. ഇന്നിപ്പോൾ ഇന്റർനെറ്റ് മതി ..അതുകൊണ്ട് പ്രത്രങ്ങളും ചാനലുകളും അത്രയ്ക്കൊക്കെ മതി എന്നാവും.
കൊറോണ വൈറസിന് മനുഷ്യ ശരീരത്തിൽ 7-10 ദിവസം വരെയാണ് നിലനിൽക്കാൻ കഴിയുന്നതെന്ന് പറയുന്നു. അത്രയും നാളിനുള്ളിൽ മറ്റൊരു ശരീരത്തിൽ കടക്കാനായില്ലെങ്കിൽ വൈറസ് നശിച്ചു പോകും. അങ്ങനെ രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് ഇക്കാലയളവ് സമ്പൂർണ്ണ ലോക്‌ഡൗണിലാക്കി ജനത്തെ വീട്ടിലിരുത്തുന്നത്. യഥാർത്ഥത്തിൽ രോഗികൾ അകന്നിരുന്നാൽ മതി. എന്നാൽ ആരാണ് രോഗി എന്ന്  അറിയാനാവാത്ത സ്ഥിതിയാണിപ്പോൾ. അതുകൊണ്ട് നാമെല്ലാം പുറത്തിറങ്ങാതെ വീട്ടിലിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ ഒരു അറിവിലേക്കുള്ള ബോധവൽക്കരണമല്ലേ വേണ്ടപ്പെട്ടവർ നടത്തേണ്ടത് ? 
പുറത്തിറങ്ങുന്നവരെ ഓടിച്ചിട്ട് പിടിക്കുകയും അവരുടെ  ദൃശ്യങ്ങൾ ചേർത്ത് വീഡിയോപ്രദർശനത്തിനൊരുങ്ങുകയും ചെയ്യുന്ന പോലീസ്, രോഗവ്യാപനത്തിന്റെ കാരണങ്ങളും അതിൽ പുലർത്തേണ്ട ജാഗ്രതയുമല്ലേ പ്രചരിപ്പിക്കേണ്ടത് ?
അതുപോലെ പോലീസിനെ കബളിപ്പിക്കുന്ന സത്യവാങ്മൂലങ്ങൾ തയാറാക്കിയും മാസ്കണിയാതെയുമൊക്കെ പുറത്തിറങ്ങി മിടുക്ക് കാണിക്കുന്നവരും കാര്യങ്ങൾ മനസ്സിലാക്കിയാൽ നന്ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക