Image

കാപ്പന്റെ സ്മാഷ് ലക്ഷ്യം കണ്ടില്ലേ ?

ജോബിന്‍സ് തോമസ് Published on 09 May, 2021
കാപ്പന്റെ സ്മാഷ് ലക്ഷ്യം കണ്ടില്ലേ ?

സിനിമയും വോളിബോളുമൊക്കെ വഴങ്ങുന്ന രാഷ്ടീയ നേതാവാണ് മാണി സി. കാപ്പന്‍. വോളിബോളില്‍ ഒരു സ്മാഷ് അടിക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട് അത് എതിരാളി തടഞ്ഞ് തിരിച്ചടിച്ചാല്‍ ബ്ലോക്ക് ചെയ്യണം. അടിക്കുന്ന സ്മാഷ് കളത്തിന് പുറത്തേയ്ക്ക് നേരെ പോകരുത്. കളത്തില്‍ കൃത്യമായി വീഴണം. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇങ്ങനെ പല കാര്യങ്ങള്‍ കണക്ക് കൂട്ടി കാപ്പനടിച്ച സ്മാഷ് ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയോ എന്നതാണ് ചോദ്യം. 
പാലാ സീറ്റില്‍ അത് ഇടതില്‍ നിന്നിട്ടായാലും വലതില്‍ നിന്നിട്ടായാലും വിജയിക്കുക എന്നത് കാപ്പന്റെ ലക്ഷ്യമായിരുന്നു അത് വിജയം കണ്ടു. 

എന്നാല്‍ അടുത്തതൊരു മന്ത്രി സ്ഥാനമായിരുന്നു ലക്ഷ്യം. അത് ഇടത് ജയിച്ചാലും വലത് ജയിച്ചാലും. അത് മുന്നില്‍ കണ്ട് തന്നെയാണ് പൂതിയ പാര്‍ട്ടി രൂപീകരിച്ച് തന്നെ മത്സരിച്ചത്. കാരണം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഘടക കക്ഷിയായ എന്‍സികെയ്ക്ക് ഒരു മന്ത്രി സ്ഥാനം കിട്ടും. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് പറഞ്ഞപ്പോഴും തനിക്കൊപ്പം നിന്നു മത്സരിക്കാന്‍ പിജെ ജോസഫ് പറഞ്ഞപ്പോളും കാപ്പന്‍ അത് തള്ളി. 

ഇതിന് പിന്നിലെ ലക്ഷ്യം ഇടതുപക്ഷം അധികാരത്തിലെത്തിയാലും എന്‍സിപിയില്‍ തിരിച്ചെത്താനുള്ള വാതില്‍ അടയ്ക്കാതിരിക്കുക എന്നതായിരുന്നു. വിജയിച്ച ഉടനെ കാപ്പന്‍ ഇതിനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്‍സിപി സംസ്ഥാന പ്രസിഡന്റിന് ഇക്കാര്യത്തില്‍ താത്പര്യവുമുണ്ടായിരുന്നു. മുംബൈയ്ക്ക് പോയ മാണി സി. കാപ്പന്‍ എന്‍സിപിയുടെ ദേശീയ നേതൃത്വത്തിലെ പല പ്രമുഖരേയും കണ്ടു. എന്നാല്‍ കേരളത്തിലെ ഇടതുമുന്നണി കാപ്പന്റെ നീക്കത്തെ ശക്തമായി എതിര്‍ത്തു. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം അതിശക്തമായി എതിര്‍ക്കുകയും ചെയ്തു. ഇതാണ് പാലായില്‍ ജയിച്ച് ഏത് മുന്നണി അധികാരത്തിലെത്തിയാലും മന്ത്രിയാവുക എന്ന കാപ്പന്റെ ലക്ഷ്യം നടക്കാതെ 
പോവാന്‍ കാരണം.

പാലായില്‍ തന്നെ മത്സരിക്കുക എന്ന വാശി കാപ്പന്‍ ഉപേക്ഷിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഇടത് മന്ത്രിസഭയില്‍ കാപ്പനുമുണ്ടാകുമായിരുന്നു. പക്ഷെ പാലാ ചങ്കായപ്പോള്‍ മന്ത്രി സ്ഥാനമെന്ന ചങ്കിലെ സ്വപ്‌നം തല്ക്കാലത്തേയ്ക്ക് പൊലിഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക