Image

അമ്മ നിലാവ് (രേഖ ഷാജി)

Published on 09 May, 2021
അമ്മ നിലാവ് (രേഖ ഷാജി)
അലിവിന്നമൃത
വർഷിണി പോൽ
മനസ്സിൽ നിറയുന്ന
ചേതോഹര
മുഖമാണമ്മ.

സാന്ത്വനമാ
താരാട്ടിൻ
ഈണം പകരുന്ന
ശ്രുതി ചേർന്ന
വീണ യാണമ്മ

കദനം നിറഞ്ഞൻ
കണ്ണ് നിറയുമ്പോൾ
ആശ്വാസമേകുന്നൊരു
തൂവൽ സ്പർശമാണമ്മ.

തണലേകും
തരുപോലെ കുളിരേകി
തുണയേകി
തളരാതെ
നോക്കുന്നതെൻ
അമ്മ

എന്നു മെൻ
മനസ്സിൽ ഒഴുകുന്ന
തെളിമതൻ
സ്നേഹ
പ്രവാഹമാണമ്മ.

അഴൽ നിറയും
മനസ്സിനെ
ആനന്ദ മാക്കുന്ന
ആരതി ദീപമാണമ്മ.

ജന്മദൗത്യത്തിൻ
കഠിനമാം നോവിനെ
മൃദു മന്ദഹാസത്താൽ
അലിയിച്ചിടുന്ന
ആർദ്രഭാവമാണമ്മ.

കുഞ്ഞിളം ചുണ്ടിൽ
വിരിയുന്ന ആദ്യത്തെ
ശബ്ദമാ ണമ്മ.

കുറ്റങ്ങൾ ഏറ്റു
പറഞ്ഞു നാം
ചെല്ലുമ്പോൾ
ക്ഷമയാകും
കാരുണ്യതീരമാണമ്മ.

നിസ്വാർത്ഥ സ്നേഹത്തിൻ
ഊർജ്ജ പ്രവാഹമാണമ്മ.

വിശ്വ നിലനിൽപ്പിൻ
ആധാരശീലയാണമ്മ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക