Image

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

Published on 09 May, 2021
സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)
ആംഗലേയ ശബ്ദകോശത്തിലും സാങ്കേതിക ശബ്ദതാരാവലിയിലും അടുത്തകാലത്ത് കടന്നുകയറിയ വാക്കാണ് സെല്‍ഫി. കൊച്ചുകുട്ടികള്‍ക്കുവരെ പരിചിതമായ ഈ സ്വയം പകര്‍ത്തലിനു വിധേയമായ കേരള ബി. ജെ. പിയുടെ തെരെഞ്ഞെടുപ്പ് അനന്തര വിശേഷങ്ങളാണ് ഇവിടെ പങ്കുവക്കുന്നത്.

ഹിന്ദുത്വം വിഭാവനം ചെയ്യുന്ന സമഗ്ര മാനവികത ലക്ഷ്യമിട്ടു 1951 ല്‍ രൂപംകൊണ്ട ഭാരതീയ ജനസംഘത്തിന്റെ പുനഃരവതാരമയി 1980 ല്‍ അടല്‍ബിഹാരി വാജ്‌പേയിയും എല്‍. കെ. അദ്വാനിയും നേതൃത്വമെടുത്തു സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ഭാരതീയ ജനതാ പാര്‍ട്ടി. നാല് പതിറ്റാണ്ടു പിന്നിട്ട പാര്‍ട്ടി ഇന്ന് ലോകത്തിലെ ഏറ്റവുംവലിയ അംഗസംഖ്യയുള്ള (180 മില്യണ്‍) രാഷ്ട്രീയ പാര്‍ട്ടിയും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഇന്ത്യ മഹാരാജ്യവും 18 സംസ്ഥാനങ്ങളില്‍ ഭരണ നിര്‍വ്വഹണവുമുള്ള നിലയില്‍ വളര്‍ന്നിരിക്കുന്നു.

പാര്‍ട്ടി രൂപീകരണത്തോടൊപ്പം തന്നെ കേരളത്തിലും സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കിലും ആദ്യത്തെ  രണ്ടു ദശകങ്ങളില്‍ കാര്യമായ  സാന്നിധ്യമൊന്നും പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ തമ്മില്‍ നയപരമായി വലിയ വ്യത്യാസമില്ലാതെ അഴിമതിയിലും അധികാര ദുര്‍വിനിയോഗത്തിലും പരസ്പരം ഒത്തുതീര്‍പ്പിന്റെ വഴി സ്വീകരിച്ചപ്പോള്‍ ജനങ്ങള്‍ ഒരു മൂന്നാം സാധ്യതയെക്കുറിച്ചു ആലോചിച്ചുവെങ്കിലും അവരുടെ പ്രതീക്ഷക്കനുസരിച്ചു പ്രകടനം നടത്താനോ ഒരു ബദല്‍ രാഷ്ട്രീയ മുന്നണി കെട്ടിപ്പടുക്കാനോ ബി. ജെ. പിക്ക് കഴിഞ്ഞില്ല.

സ്വാതന്ത്ര്യ സമരകാലം മുതല്‍ തന്നെ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ മലയാളികള്‍ കൈകൊണ്ടിരുന്നു. സാക്ഷരതയിലും രാഷ്ട്രീയ ബോധത്തിലും വേറിട്ട വഴികളിലൂടെ പല മേഖലകളിലും ഇന്ത്യക്കുതന്നെ മാതൃകയായ മലയാളി കമ്മ്യൂണിസത്തെയും ക്രിസ്ത്യാനിറ്റിയെയും ഇസ്ലാം മതത്തെയും വളരെ മുന്നേ തന്നെ സര്‍വാത്മനാ സ്വീകരിച്ചിരുന്നു. വിവിധ സംസ്കാരങ്ങളും വിശ്വാസങ്ങളും സങ്കീര്‍ണ്ണമാക്കിയ കേരളത്തിന്റെ യഥാര്‍ത്ഥ ജനസംഖ്യ ശാസ്ത്രമോ ജനകീയ പ്രശ്‌നങ്ങളോ തിരിച്ചറിയുന്നതില്‍ ബി. ജെ. പി വിജയിക്കുന്നതായി കാണുന്നില്ല.

ഹിന്ദു മതത്തില്‍ നിലനിന്ന ജാതി ചിന്തയുടെ ക്രൂരമായ വിവേചനങ്ങള്‍ക്കെതിരെ മതത്തിനുള്ളില്‍ നിന്നുതന്നെയുണ്ടായ നവോഥാന മുന്നേറ്റങ്ങളും അതില്‍ ആവേശം കൊണ്ട ഉത്പതിഷ്ണുക്കള്‍ ചേര്‍ന്ന് പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റ് ആശയങ്ങളും ചേര്‍ന്ന് കേരളത്തെ ഒരു മതേതര സമൂഹമായി പരിവര്‍ത്തനം ചെയ്തു. തൊട്ടുകൂടായ്മയുടെയും തീണ്ടലിന്റെയും തീഷ്ണത നേരിട്ടനുഭവിച്ച ഹിന്ദുക്കളിലെ ഒരു വലിയ വിഭാഗം മതവിശ്വാസം മാറ്റിവച്ചു കമ്മ്യൂണിസ്റ്റ് ആയപ്പോള്‍ വിദേശത്തു നിന്നെത്തിയ മതങ്ങള്‍ അവശേഷിച്ചവരെ പ്രചാരണങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും പരിവര്‍ത്തനം നടത്തി കൂടെക്കൂട്ടി. അങ്ങനെ അന്നുണ്ടായിരുന്ന മലയാളികള്‍ മതേതരര്‍, മതമില്ലാത്തവര്‍, മതവാദികള്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടു. ഇതാണ് കേരളത്തിന്റെ ജനസംഖ്യ ശാസ്ത്രം.

ഭൂരിപക്ഷം മതേതരരോ മതമില്ലാത്തവരോ ആയിരിക്കുകയും മതമുള്ളവരില്‍ ഭൂരിപക്ഷവും മതപരമായ രാഷ്ട്രീയത്തില്‍ ബന്ധിതമായിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഹിന്ദുത്വം മാത്രം പറഞ്ഞുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് കാലുറപ്പിക്കാന്‍ എളുപ്പമല്ല. ലക്ഷ്യത്തേക്കാളേറെ മാര്‍ഗത്തിനു പ്രാധാന്യമുണ്ടെന്ന തിരിച്ചറിവിലാണ് വര്‍ഗ സമരത്തെയും വിപ്ലവത്തെയുമൊക്കെ വഴിയില്‍ ഉപേക്ഷിച്ചു ജനക്ഷേമ പരിപാടികളിലൂടെ മേല്പറഞ്ഞ മൂന്നുവിഭാഗങ്ങളേയും തരാതരം പോലെ കൂടെ നിര്‍ത്തി കമ്മ്യൂണിസ്റ്റുകാര്‍ ഇക്കുറി വിജയം ഉറപ്പിച്ചത്.

കേന്ദ്രത്തിലെ എന്‍. ഡി. എ. സര്‍ക്കാരിന് പിന്തുണ നല്കാന്‍ കേരളത്തില്‍ നിന്നും ഒരു പ്രതിനിധി പോലും ഇല്ലാതിരിക്കെ സംസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുവേണ്ടി ആദ്യം അല്‍ഫോന്‍സ് കണ്ണന്താനത്തെയും ഇപ്പോള്‍ യുവാവായ വി. മുരളീധരനെയും കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ തകര്‍ന്ന വ്യാവസായിക പിന്നോക്കാവസ്ഥക്കോ തൊഴിലിലായ്മക്കോ പരിഹാരമാകുന്ന ഏതെങ്കിലുമൊരു പദ്ധതി കേരളത്തില്‍ കൊണ്ടുവരുന്നതിന് യാതൊരു ശ്രമവും നടത്താന്‍ കഴിയാതിരുന്ന കേന്ദ്രമന്ത്രി കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ റോളില്‍ നിരന്തരം രാഷ്ട്രീയം പറഞ്ഞു കാലം കളയുകയല്ലേ ചെയ്യുന്നത്. സാധാരണക്കാരന്റെ നിത്യ ജീവിതത്തെ ബാധിക്കുന്ന ഇന്ധന വിലക്കയറ്റവും പാചകവാതക വില വര്‍ധനയും തുടങ്ങിയ വിഷയങ്ങളില്‍ നടത്തുന്ന അനവസര ന്യായീകരണങ്ങളും ശബരിമല എയര്‍പോര്‍ട്ട് നിര്‍മാണാനുമതി വിഷയത്തിലെ മൗനവുമൊക്കെ അര്ഥഗര്ഭമല്ലേ. ഭരണഘടനാ സ്ഥാപനമായ സി ആന്‍ഡ് എ. ജി, ദേശിയ അന്വേഷണ ഏജന്‍സി, കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോ, കസ്റ്റംസ് വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളെ കേവലം രാഷ്ട്രീയ ലക്ഷ്യത്തോടെ ജനങ്ങളുടെ മുന്നിലും കോടതികളിലും അപഹാസ്യമാക്കിയതില്‍ എന്ത് സമാധാനമാണ് ജനങ്ങളോട് പറയാന്‍ കഴിയുക.

ഒ. രാജഗോപാല്‍    കേന്ദ്രമന്ത്രി ആയിരിക്കെ കേരളത്തിനുവേണ്ടി ചെയ്ത പ്രത്യേക പ്രവര്‍ത്തനങ്ങളുടെ ആദരം കൂടിയായിരുന്നു അദ്ദേഹത്തിന്റെ 2016 ലെ തെരഞ്ഞെടുപ്പ് വിജയം.
> മഹാമാരിയുടെ പിടിയിലകപ്പെട്ടു കേരളം വലയുമ്പോള്‍ കേരളത്തോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ നില്‍ക്കുമ്പോളും സംസ്ഥാനത്തിന്റെ വീഴ്ചകള്‍ പര്‍വ്വതീകരിചു പത്രസമ്മേളനം നടത്താന്‍ സമയം കണ്ടെത്തുന്ന കേന്ദ്രമന്ത്രി കേരളമനസ്സറിയാന്‍ പരാജയപ്പെടുകയായിരുന്നില്ലേ.

അടിമുടി വിഭാഗീയത പിടിമുറുക്കിയിരിക്കുന്ന കേരള പാര്‍ട്ടിയില്‍ കെ. സുരേന്ദ്രനെ പ്രസിഡന്റാക്കി തന്റെ ഗ്രൂപ് താത്പര്യങ്ങള്‍ക്കുവേണ്ടി അദ്ദേഹത്തെ ചട്ടുകമാക്കുകയല്ലേ ചെയ്യുന്നത്. തികഞ്ഞ സംഘടക പാടവവും നേതൃ ഗുണവുമുള്ള സുരേന്ദ്രന്‍ ഒരു പരാജയമായതിനു കാരണം കേന്ദ്ര മന്ത്രിയുടെ നിയന്ത്രണമായിരുന്നുവെന്നു വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ തന്നെ പറയാതെ പറഞ്ഞിട്ടുണ്ട്.

പിണറായി വിജയനോടൊപ്പം നവോഥാനമുണ്ടാക്കാന്‍ നാടുനിരങ്ങിയ വെള്ളാപ്പള്ളിയുടെ അഴിമതികള്‍ക്കു സംരക്ഷണം നല്‍കാന്‍ അദ്ദേഹത്തിന്റെ മകനെ ബി. ജെ. പി. പക്ഷത്തുനിര്‍ത്തി നടത്തുന്ന മുന്നണി നാടകം കഴക്കൂട്ടത്തു കടകംപ്പള്ളിക്കു ഗുണം ചെയ്യുകയും കുട്ടനാട്ടില്‍ വോട്ട് വിഹിതം അമ്പതു ശതമാനം മറിച്ചു ഇടതിനെ വിജയിപ്പിക്കുകയുമല്ലേ ചെയ്തത്.

മെട്രോ ശ്രീധരനെപ്പോലെ ഒരു ടെക്‌നോക്രറ്റും ടി .പി. സെന്‍കുമാര്‍, ഡോ: കെ. രാധാകൃഷ്ണന്‍, സി. വി. ആനന്ദ ബോസ് തുടങ്ങി അനേകം പ്രഗത്ഭരായ അംഗങ്ങളും ഉള്ള പാര്‍ട്ടി കേരളത്തിന്റെ അടുത്ത അഞ്ചു വര്‍ഷത്തെ ഒരു വികസന മാതൃക അവതരിപ്പിച്ചു ജനവിധി തേടിയിരുന്നുവെങ്കില്‍ ബി. ജെ. പിയുടെ മുഖം തന്നെ മാറിയേനെ. അതിനുപകരം പ്രധാനമന്ത്രിയെയും ധന മന്ത്രിയെയും കൊണ്ടുവന്നു ശരണം വിളിപ്പിച്ചു മാത്രം വോട്ട് നേടാമെന്ന് കരുതിയത് ആരുടെ ബുദ്ധിയായിരുന്നു. ജനശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടനവധി പദ്ധതികള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രഖ്യാപിച്ചും നടപ്പിലാക്കിയതും അവിടങ്ങളില്‍ ഭരണം പിടിച്ചത് നാം കണ്ടതല്ലേ.

ാരതത്തിലെ നഗര പ്രദേശങ്ങളിലെ രണ്ടു കോടി ഭവനരഹിതര്‍ക്കു വീട് വച്ചുനല്‍കുന്ന പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി, വളരെ ചെറിയ തുകകൊണ്ട് സാധാരണക്കാര്‍ക്കും, ബി പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും ചേരാവുന്നതും  5 ലക്ഷം രൂപാവരെ ചികിത്സാ സഹായം കിട്ടുന്നതുമായ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത്, പതിനൊന്നു സംസ്ഥാനങ്ങളിലായി 95.1 ലക്ഷം വീട്ടമ്മമാര്‍ക്ക് സൗജന്യമായി പാചക വാതക കണക്ഷന്‍ നല്‍കി കഴിഞ്ഞ ഉജ്വല പദ്ധതി, തുടങ്ങി നിരവധി ക്ഷേമ പരിപാടികള്‍ ഇതര സംസ്ഥാനങ്ങള്‍ വോട്ടാക്കി മാറ്റിയപ്പോള്‍ കേരളത്തില്‍ പലതും പേരുമാറ്റി സംസ്ഥാന പദ്ധതിയാകുകയോ സംസ്ഥാനം സ്വയം കണ്ടില്ലയെന്നു നടിക്കുകയോ ചെയ്തിട്ടുണ്ട്.
                        
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ചിലെ 22 ബില്യണ്‍ ഡോളറിന്റെയും മെയ് മാസത്തിലെ 260 ബില്യണ്‍ ഡോളറിന്റെയും നവംബര്‍ മാസത്തെ 2.65 ലക്ഷം കോടിയുടെ സഹായ പദ്ധതികളെയും പറ്റി വിവരങ്ങള്‍ ജനങ്ങളോട് പറയാന്‍ ബി ജെ പി നേതാക്കള്‍ എത്ര സമയം ചെലവാക്കി എന്നതും സ്വയം ആലോചിക്കണം.
                             
മഹാമാരിയില്‍ വിശക്കുന്നവനു ആഹാരം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന അന്ത്യോദയ അന്നയോജന പദ്ധതി പരിഷ്കരിച്ചു പട്ടിണിക്കാരാണ് 35 കിലോ അരി സൗജന്യമായും സാധാരണക്കാര്‍ക്കെല്ലാം 5 കിലോ അരിയും ഒരു കിലോ പയറും, കൂടാതെ കുറഞ്ഞ വിലക്ക് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ അരിയുടെ ലഭ്യതയും ഉറപ്പുവരുത്തിയതും സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മൂടിവച്ചു. ഇത്തരം പ്രചാരണങ്ങള്‍ക്ക് പകരം ശബരിമലയില്‍ നടന്ന അതിക്രമങ്ങള്‍ മാത്രം പറഞ്ഞു തെരഞ്ഞെടുപ്പ് വേദികളില്‍ നിറഞ്ഞതു ജനങ്ങള്‍ അവഗണിച്ചു.
                        
ഒന്നും പ്രതീക്ഷിക്കാതെ വര്ഷങ്ങളായി ബി. ജെ . പിക്കായി പ്രവര്‍ത്തിക്കുന്ന സാധാരണ പ്രവര്‍ത്തകനെ എന്നും ആവേശത്തോടെ നിലനിര്‍ത്തിയിരുന്നത് ഓരോ തെരഞ്ഞെടുപ്പിലും വര്‍ധിച്ചു വന്ന ബി ജെ പിയുടെ വോട്ട് വിഹിതമായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത് 16 ശതമാനമായി വളര്‍ന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാര്യമായി കൂടിയില്ലെങ്കിലും അത് 15 ല്‍ നിര്‍ത്താന്‍ കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ അവിടെനിന്നും കുറഞ്ഞ വോട്ടു വിഹിതം 11.35 ശതമാനമായി. ഈ കുറവ് പ്രവര്‍ത്തകരില്‍ വലിയ നിരാശയാണ് ജനിപ്പിച്ചിരിക്കുന്നത്. കുറവിന്റെ കാരണം അന്വേഷിച്ചപ്പോള്‍ പലതും ഒഴിവാക്കാമായിരുന്നു എന്നാണ് കാണുന്നത്.
                                    
അപക്വമായ രാഷ്ട്രീയ ബോധം നിമിത്തം 140 അംഗ നിയമസഭയില്‍ 35 സീറ്റു കിട്ടിയാല്‍ ഭുരിപക്ഷമാകുമെന്നു രാജ്യ തലസ്ഥാനത്തു പോയി പത്രസമ്മേളനം നടത്തിയതും പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് വിജയം ലഭിച്ച നേമം കേരളത്തിലെ ഗുജറാത്താണെന്നു പ്രഖ്യാപിച്ചതും പ്രതിഭാ ദാരിദ്ര്യം കൊണ്ടയിരുന്നൊ. ചാനല്‍ ചര്‍ച്ചകളില്‍ യാഥാര്‍ഥ്യ ബോധമില്ലാതെ നേതാക്കള്‍ കാണിച്ച അമിതമായ ആത്മവിശ്വാസം ആപത്തായെന്നും അണികള്‍ കരുതുന്നു. കളഞ്ഞുകുളിച്ച മണ്ഡലങ്ങളില്‍ പ്രഥമ സ്ഥാനം മഞ്ചേശ്വരത്തിനു തന്നെയാണ്. 2016 ല്‍ വെറും 89 വോട്ടിനു പരാജയപ്പെട്ട സ്ഥാനാര്‍ഥി അടുത്തുവന്ന ഉപ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കില്‍ അനായാസം വിജയിക്കുമായിരുന്നു എന്നിരിക്കെ മണ്ഡലം കൈവിട്ടു മാറിനിന്നു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ടെന്നു തെളിയിച്ച ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു പൊതു തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സംസ്ഥാന പ്രസിഡന്റിന്റെ പ്രൗഢിയോടെ അദ്ദേഹം എത്തിയതാകട്ടെ ഒരു പാര്‍ട്ടൈം സ്ഥാനാര്‍ഥിയായിട്ടായിരുന്നു. 2016 ല്‍ സര്‍വാത്മനാ പിന്തുണച്ച മഞ്ചേശ്വരത്തെ വോട്ടര്‍മാരെ പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കാതെ  കേരത്തിലാദ്യമായി ഹെലോകോപ്റ്ററില്‍ കയറി കോന്നിയിലും ജനവിധി തേടി. അതൊരു അതിമോഹമായിരുന്നുവെന്നു ആരെങ്കിലും  പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ല. ദീര്‍ഘകാല രാഷ്ട്രീയ പരിചയമുള്ള പിണായിയും ബി ജെ പിയുടെ സ്ഥിരം പ്രതിയോഗിയായ കോണ്‍ഗ്രസ്സും ചേര്‍ന്ന് മഞ്ചേശ്വരത്തു ഒരുക്കാവുന്ന ആപത്തു തിരിച്ചറിയാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെ സുരേന്ദ്രന്‍ ജയിക്കാവുന്ന മഞ്ചേശ്വരത്തു 89 ല്‍ നിന്നും 745 വോട്ടിന്റെ പരാജയത്തിലേക്കും കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
                 
 നേരത്തെ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂര്‍ക്കാവും കഴക്കൂട്ടവും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ജനസമ്മതരായ സ്ഥാനാര്‍ത്ഥികളെ യഥാ സമയം കണ്ടെത്തി പ്രഖ്യാപിച്ചിരുന്നെങ്കില്‍ പലതിലും ജയിക്കാന്‍ കഴിയുമായിരുന്നു. ജനസമ്മതയായ ശോഭ സുരേന്ദ്രനെ പോലും പ്രഖ്യാപിക്കുന്നതു കടകംപള്ളിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമായിരുന്നു.
രഷ്ട്രീയത്തിനപ്പുറമുള്ള സ്വീകാര്യത കൊണ്ട് വോട്ടു വിഹിതം വര്‍ധിപ്പിച്ച ശ്രീധരനും സുരേഷ് ഗോപിയും സന്ദീപ് വാര്യരുമൊഴിച്ചു മറ്റാര്‍ക്കും കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
               
നേമത്തു 2016 ല്‍ ലഭിച്ചതിനേക്കാള്‍ 15925 വോട്ടു ബി ജെ പിക്ക് കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് 22664 വോട്ടു കൂടുകയും സി പി എമ്മിന് 3305 വോട്ട് കുറയുകയും ചെയ്തു. സി പി എം വിജയിക്കുകയും ബി ജെ പി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തപ്പോള്‍ കഴിഞ്ഞ തവണ ഓ രാജഗോപാല്‍ ജയിച്ചത് പാര്‍ട്ടി വോട്ടു കൊണ്ട് മാത്രമലായിരുന്നു എന്ന് വ്യക്തമാകുന്നു. അത് മനസ്സിലാക്കാതെ ഗുജറാത്താണ് നേമം എന്ന് വീമ്പിളക്കി അമിത വിശ്വാസത്തില്‍ ഇരിക്കുകയാണ് ബി ജെ പി ചെയ്തത്.
                                  
2016 ല്‍ 7622 വോട്ടിനു പരാജയപ്പെട്ട വട്ടിയൂര്‍ക്കാവില്‍ ഇപ്രാവശ്യം കഴിഞ്ഞ തവണ കോണ്‍ഗ്രസിന് വോട്ടുചെയ്ത 15867 പേരും ബി ജെ പിക്ക് വോട്ടു ചെയ്ത 4104 പേരും സി പി എം സ്ഥാനാര്‍ഥിക്കു മാറി വോട്ട് ചെയ്തു. സി പി എം സ്ഥാനാര്‍ഥി വോട്ടുവിഹിതം നാല്‍പതിനയിരതില്‍ നിന്നും 61000 ആയി ഉയര്‍ത്തി 20267 വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പിച്ചു. സ്ഥാനാര്‍ത്ഥിയുടെ മികവും ജനസമ്മതിയും മാത്രമായിരുന്നു ഇവിടെ പരിഗണിക്കപ്പെട്ടത്. പാര്‍ട്ടി വോട്ടുകളേക്കാള്‍ പലപ്പോളും തലസ്ഥാന നഗരിയില്‍ വിജയം നിര്‍ണ്ണയിക്കുന്നത് നിഷ്പക്ഷ വോട്ടര്‍മാരാണ്. ആ  വിഭാഗത്തിന്റെ ബി ജെ പിയിലുള്ള പ്രതീക്ഷക്കു താത്കാലികമായെങ്കിലും കോട്ടം സംഭവിച്ചിട്ടുണ്ട്.

മതമില്ലാത്തവരും മതേതരരും മാത്രമല്ല മാര്‍ക്‌സിസ്റ്റു മുന്നണിക്ക് വോട്ട് ചെയ്തത്. കേരളത്തില്‍ മുസ്ലിം വോട്ടര്‍മാര്‍ നിര്‍ണ്ണായകമായ 66 മണ്ഡലങ്ങളില്‍ മുസ്ലിംലീഗ് ഉള്‍പ്പെടുന്ന യൂ ഡി എഫ് 21 സ്ഥലങ്ങളില്‍ മാത്രം ജയിച്ചപ്പോള്‍ എല്‍ ഡി എഫിനെ പിന്തുണച്ചത് 45 മണ്ഡലങ്ങളിലായിരുന്നു.
യാക്കോബായ സമുദായത്തിന്റെ പിന്തുണ ഉറപ്പിച്ചു കളത്തിലിറങ്ങിയ പിണറായി ജോസ് കെ മാണിയിലുടെ മധ്യ തിരുവിതാംകൂറിലും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.
                   
രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ സൃഷ്ടിപരമായ സംവാദങ്ങള്‍ക്ക് പകരം സമരോല്‍സുകമായ നിലപാടുകള്‍ സ്വീകരിക്കുന്നത് സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും മാത്രമേ സൃഷ്ടിക്കുകയുള്ളു. എല്ലാ മനുഷ്യര്‍ക്കും സ്വീകാര്യമാകുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുക.ധാര്‍മ്മികവും ബൗദ്ധികവുമായ പ്രേരണകളിലൂടെ ജനമനസ്സുകളില്‍ മാറ്റമുണ്ടാക്കുക.

വിദ്വേഷം വമിക്കുന്ന നിരന്തര വിമര്‍ശനങ്ങള്‍ ഒഴിവാക്കി നേതൃപരവും നയപരവും ആയ മാതൃകകള്‍ ഉയര്‍ത്തി ജനപക്ഷത്തു നിലയുറപ്പിക്കുക. അതാണ് ദീനദയാല്‍ കാണിച്ചുതന്ന ഹിന്ദുത്വ സമഗ്ര മാനവീകത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക